Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്നലെ ബ്രിട്ടനിൽ ആകെ റെക്കോർഡ് ചെയ്തത് വെറും 77 മരണങ്ങൾ മാത്രം; സ്‌കോട്ട്ലൻഡിലും നോർത്തേൺ അയർലണ്ടിലും മരണമില്ല; സൗത്ത് വെസ്റ്റ് സാധാരണ നിലയിലേക്ക്; ലണ്ടൻ ഇപ്പോഴും ലോക്ക്ഡൗൺ അലസതയിൽ

ഇന്നലെ ബ്രിട്ടനിൽ ആകെ റെക്കോർഡ് ചെയ്തത് വെറും 77 മരണങ്ങൾ മാത്രം; സ്‌കോട്ട്ലൻഡിലും നോർത്തേൺ അയർലണ്ടിലും മരണമില്ല; സൗത്ത് വെസ്റ്റ് സാധാരണ നിലയിലേക്ക്; ലണ്ടൻ ഇപ്പോഴും ലോക്ക്ഡൗൺ അലസതയിൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അങ്ങനെ കാത്ത് കാത്തിരുന്ന് ബ്രിട്ടനിലെ പ്രതിദിന കൊറോണ മരണസംഖ്യ അവസാനം രണ്ടക്ക സംഖ്യയിലെത്തി. ഇത് പ്രകാരം ഇന്നലത്തെ കൊറോണ മരണങ്ങൾ വെറും 77ൽ ഒതുങ്ങിയെന്നാണ് റിപ്പോർട്ട്. സ്‌കോട്ട്ലൻഡിലും നോർത്തേൺ അയർലണ്ടിലും ഇന്നലെ ആരും കൊറോണ പിടിച്ച് മരിച്ചിട്ടില്ല. കൊറോണപ്പേടിയിൽ നിന്നും മുക്തമായി സൗത്ത് വെസ്റ്റ് സാധാരണ നിലയിലേക്ക് പോകാൻ തുടങ്ങിയെങ്കിലും ലണ്ടൻ ഇപ്പോഴും ലോക്ക്ഡൗൺ അലസതയിൽ തന്നെയാണെന്നാണ് റിപ്പോർട്ട്.ഇന്നലത്തെ മരണത്തോടെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം കൊറോണ മരണങ്ങൾ 40,542 ആയാണ് കുതിച്ചുയർന്നിരിക്കുന്നത്.

മാർച്ച് 23ന് വെറും 74 പേർ മരിച്ചതിന് ശേഷം ഏറ്റവും കുറവ് പ്രതിദിന കൊറോണ മരണങ്ങൾ രേഖപ്പെടുത്തിയ ദിവസമായിരുന്നു ഇന്നലെ.മാർച്ച് 20ന് ശേഷം സ്‌കോട്ട്ലൻഡിൽ തീരെ കൊറോണ മരണങ്ങങ്ങൾ രേഖപ്പെടുത്താത്ത ദിവസമായിരുന്നു ഇന്നലെയെന്ന പ്രത്യേകതയുമുണ്ട്. ഇതു പോലെ തന്നെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒന്നോ രണ്ടോ മരണങ്ങൾ മാത്രം രേഖപ്പെടുത്തിയിരുന്ന നോർത്തേൺ അയർലണ്ടിൽ ഇന്നലെ തീരെ മരണമുണ്ടായിട്ടില്ലെന്നതും ആശ്വാസപ്രദമാണ്. എൻഎച്ച്എസ് ഇംഗ്ലണ്ട് ഇന്നലെ 72 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകളിൽ കൊറോണ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നവരുടെ മരണസംഖ്യയാണിത്. വെയിൽസിൽ എല്ലാ സെറ്റിങ്സുകളിലും കൂടി ഇന്നലെ അഞ്ച് പേരാണ് മരിച്ചത്.

രാജ്യത്ത് രോഗം പിടിവിട്ട് പടരാൻ തുടങ്ങിയതിന്റെ തുടക്കത്തിൽ തന്നെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നുവെങ്കിൽ മരണസംഖ്യ ഇനിയും കുറയ്ക്കാൻ സാധിക്കുമായിരുന്നുവെന്നാണ് ഗവൺമെന്റിന്റെ സയന്റിഫിക് അഡൈ്വസർ അഭിപ്രായപ്പെടുന്നത്. കൊറോണ യുദ്ധത്തിൽ യുകെ വിജയിച്ച് കൊണ്ടിരിക്കുകയാണെന്നാണ് ഇന്നലെ ഡൗണിങ് സ്ട്രീററിൽ പതിവ് കൊറോണ ബ്രീഫിംഗിനിടെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പ്രതികരിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഇംഗ്ലണ്ടിൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

എന്നാലും യുകെയിൽ ഓരോ ദിവസവവും ചുരുങ്ങിയത് 5500 പേർ കൊറോണ ബാധിതരാവുന്നുണ്ടെന്നാണ് ഗവൺമെന്റ് ഡാറ്റ വെളിപ്പെടുത്തുന്നത്. എന്നാൽ രാജ്യത്തെ സമ്പദ് വ്യവസ്ഥ എത്രയും വേഗം തുറക്കാനും കഴിയുന്നതും വേഗം ഏവരെയും അവരുടെ തൊഴിലുകളിലേക്ക് തിരിച്ച് കൊണ്ടു വരാനുമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തിടുക്കം കൂട്ടുന്നത്. മാർച്ച് 24 ന് ശേഷം ഇതാദ്യമായിട്ടാണ് യുകെയിലെ പ്രതിദിന കൊറോണ മരണസംഖ്യ രണ്ടക്കത്തിലേക്ക് ചുരുങ്ങിയിരിക്കുന്നതെന്നത് കടുത്ത ആശ്വാസമാണ് പകരുന്നത്. കൊറോണ കടുത്ത ആഘാതമേൽപ്പിച്ച മറ്റ് മൂന്ന് യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ നിലവിൽ പ്രതിദിന മരണനിരക്ക് നൂറിൽ താഴെയാണ്.

ലോക്ക്ഡൗൺ ആരംഭിച്ചതിന് ശേഷം സ്‌കോട്ട്ലൻഡിൽ തീര കൊറോണ മരണം രേഖപ്പെടുത്താത്ത ദിവസമായിരുന്നു ഇന്നലെയെന്ന പ്രത്യേകതയുമുണ്ട്. സ്‌കോട്ട്ലൻഡിൽ മൊത്തം 2415 കൊറോണ മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരത്തെ കണക്കുകൾപ്രകാരം സ്‌കോട്ട്ലൻഡിൽ മൊത്തം 646 പേരാണ് കൊറോണ ബാധിച്ച് ആശുപത്രിയിലുള്ളത്. മാർച്ച് 25ന് ശേഷം നോർത്തേൺ അയർലണ്ടിൽ തീരെ കൊറോണ മരണം രേഖപ്പെടുത്താത്ത ദിവസമായിരുന്നു ഇന്നലെ.

യുകെയിലെ മറ്റിടങ്ങളേക്കാൾ വേഗത്തിലാണ് സൗത്ത് വെസ്റ്റ് റീജിയൻ ലോക്ക്ഡൗണിൽ നിന്നും മുക്തമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുന്നതെന്ന് ഏറ്റവും പുതിയ പ്രവണതകൾ വെളിപ്പെടുത്തുന്നു. എന്നാൽ ലണ്ടനിലുള്ളവർ ഇപ്പോഴും ലോക്ക്ഡൗണിന്റെ ഹാംഗ് ഓവറിൽ വീട്ടിൽ തന്നെ ചടഞ്ഞ് കൂടിയിരിക്കാനുള്ള പ്രവണതയാണ് കാണിക്കുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ആളുകളുടെ ചലനത്തെ അവരുടെ മൊബൈൽ ഫോൺ ഡാറ്റകളുടെ അടിസ്ഥാനത്തിൽ കണക്കാക്കിയാണിക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം ജൂൺ ആറ് വരെയുള്ളഒരാഴ്ചക്കിടെ സൗത്ത് വെസ്റ്റിലെ ജനങ്ങളുടെ സഞ്ചാരങ്ങൾ ശരാശരി 37 ശതമാനമായിത്തീർന്നിട്ടുണ്ട്. എന്നാൽ ലണ്ടനിൽ ഇത് വെറും 23 ശതമാനമാണ്.

സ്‌കോട്ട്ലൻഡിലാകട്ടെ ഇത് 27.6 ശതമാനമാണ്. ജൂൺ ഒന്ന് മുതൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലോക്ക്ഡൗണിൽ വീണ്ടും ഇളവുകൾ നടപ്പിലാക്കിയെങ്കിലും ബ്രിട്ടീഷുകാർ ലോക്ക്ഡൗൺ ഹാംഗ് ഓവറിൽ നിന്നും പെട്ടെന്ന് മുക്തമാവുന്നില്ലെന്നും നല്ലൊരു ശതമാനം പേർ ഇപ്പോഴും വീടുകളിൽ തന്നെ കഴിയാനാണ് ഇഷ്ടപ്പെടുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗൺ ഇളവുകൾ പരമാവധി ഉപയോഗിച്ച് മെയ്‌ 31നും ജൂൺ ആറിനും ഇടയിൽ സാധാരണ ജീവിത്തതിലേക്ക് കൂടുതലായി മടങ്ങിയത് സൗത്ത് വെസ്റ്റിലുള്ളവരാണെന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് 19 ഇംപാക്ട് മോണിറ്റർ എടുത്ത് കാട്ടുന്നത്. ഡേവനിൽ ജനങ്ങളുടെ സഞ്ചാരങ്ങൾ 45 ശതമാനം സാധാരണ നിലയിലെത്തിയെന്നും സ്വിൻഡനിൽ ഇത് 48 ശതമാനമാണെന്നും ഡോർസെറ്റിൽ 41 ശതമാനമാണെന്നും കോവിഡ് ഇംപാക്ട് മോണിറ്റർ എടുത്ത് കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP