Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നഴ്‌സുമാരുടെ അവകാശപോരാട്ടത്തിന്റെ മുന്നണി പോരാളികൾക്ക് ഇത് ചരിത്ര നിമിഷം! മലയാളി നഴ്സുമാർക്കായി യുഎൻഎ ഒരുക്കിയ ചാർട്ടഡ് വിമാനം സൗദി റിയാദ് വിമാനത്താവളത്തിൽ നിന്നും ഏഴര മണിയോടെ പറന്നുയരും; ഗർഭിണികളായ 50 പേർ അടക്കം 177 നഴ്‌സുമാരുമായി സ്‌പൈസ് ജെറ്റ് വിമാനം നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്യുക രാത്രി 12 മണിയോടെ; കോവിഡ് കാലത്ത് രക്ഷതേടിയുള്ള നഴ്സുമാരുടെ യാത്രക്ക് അവസരം ഒരുക്കുന്ന ദൗത്യത്തിൽ പങ്കാളികളികളായ മറുനാടൻ കുടുംബത്തിലെ ആവാസ് ചാരിറ്റിക്കും ഇത് അഭിമാന നിമിഷം

നഴ്‌സുമാരുടെ അവകാശപോരാട്ടത്തിന്റെ മുന്നണി പോരാളികൾക്ക് ഇത് ചരിത്ര നിമിഷം! മലയാളി നഴ്സുമാർക്കായി യുഎൻഎ ഒരുക്കിയ ചാർട്ടഡ് വിമാനം സൗദി റിയാദ് വിമാനത്താവളത്തിൽ നിന്നും ഏഴര മണിയോടെ പറന്നുയരും; ഗർഭിണികളായ 50 പേർ അടക്കം 177 നഴ്‌സുമാരുമായി സ്‌പൈസ് ജെറ്റ് വിമാനം നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്യുക രാത്രി 12 മണിയോടെ; കോവിഡ് കാലത്ത് രക്ഷതേടിയുള്ള നഴ്സുമാരുടെ യാത്രക്ക് അവസരം ഒരുക്കുന്ന ദൗത്യത്തിൽ പങ്കാളികളികളായ മറുനാടൻ കുടുംബത്തിലെ ആവാസ് ചാരിറ്റിക്കും ഇത് അഭിമാന നിമിഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളി നഴ്‌സുമാരുടെ അവകാശപോരാട്ടത്തിൽ പങ്കാളികളാകാൻ വേണ്ടി അണിനിരന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ എന്ന സംഘടനക്കൊപ്പം നിലകൊണ്ട് മറുനാടൻ മലയാളി കുടുംബത്തിന് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. കോവിഡ് രക്ഷാദൗത്യത്തിൽ പങ്കാളികളാകാൻ യുഎൻഎക്കൊപ്പം സഹായങ്ങൾ ഒരുക്കാൻ കഴിഞ്ഞെന്ന സന്തോഷം. കാരണം, സൗദി അറേബ്യയിൽ കുടുങ്ങിയ മലയാളി നഴ്‌സുമാർക്ക് യുഎൻഎ ചാർട്ടു ചെയ്ത വിമാനത്തിൽ ഇന്ന് നാട്ടിലെത്തും. യുഎൻഎയുടെ ചാർട്ടഡ് വിമാനം ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം ഏഴര മണിയോടെ റിയാദ് വിമാനത്താവളത്തിൽ നിന്നും പറന്നുയരുമ്പോൾ അവർക്ക് പിന്തുണയുമായി ഒപ്പം നിന്നത് മറുനാടൻ കുടുംബത്തിലെ ആവാസ് ചാരിറ്റിയാണ്. ഗർഭിണികളായ 50 നഴ്‌സുമാരും അടക്കം 177 നഴ്‌സുമാർ അടങ്ങുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് ഇന്ന് രാത്രി 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പറന്നിറങ്ങുക.

യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ ഉള്ളവർ ഒരുമാസത്തോളം നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ഇന്ന് ചാർട്ടഡ് വിമാനം കൊച്ചിയിലേക്ക് പുറപ്പെടുന്നത്. ഇവർക്ക് വേണ്ട സഹായങ്ങളുമായാണ് ഷാജൻ സ്‌കറിയ ചെയർമാനായ ആവാസ് ചാരിറ്റി ഒപ്പം നിന്നത്. യാത്രക്കുള്ള സജ്ജീകരണങ്ങളെല്ലാം തയ്യാറായിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങേണ്ട യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. ഇത്തരമൊരു സൗകര്യം ഒരുക്കിയ യുഎൻഎക്കും ജാസ്മിൻ ഷായ്ക്കും നഴ്‌സുമാർ നന്ദി അറിയിച്ചു. എംബസിയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേയായെങ്കിലും തങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചിരുന്നില്ല. അതിന് അവസരം ഒരുക്കിയ യുഎൻഎക്ക് നന്ദി പറയുന്നതായും യാത്രക്കാർ പ്രതികരിച്ചു.

ഗർഭിണികളും ജോലി നഷ്ടമായവരും മറ്റു സഹായങ്ങൾ ലഭിക്കാത്തവരുമായ മലയാളി നഴ്സുമാർക്ക് നാട്ടിലേക്ക് മടങ്ങാൻ വേണ്ടി ചാർട്ടഡ് വിമാനം ഒരുക്കാൻ സന്നദ്ധമായാണ് യുഎൻഎ എത്തിയത്. കോവിഡ് ഭീതിയിൽ സൗദിയിൽ കഴിയുന്നവർക്ക് നാട്ടിലെത്താൻ വിമാനങ്ങൾ ലഭിക്കാതെ വന്നതോടെയാണ് ചാർട്ടഡ് വിമാനത്തെ കുറിച്ചു ചിന്തിച്ചതും ഇതിന് വേണ്ട നടപടികൾക്കായി മറുനാടൻ നേതൃത്വം കൊടുക്കുന്ന ആവാസ് ചാരിറ്റി സംഘടന വഴി സഹായങ്ങൾ ഒരുക്കിയതും. ചാർട്ടഡ് വിമാനം പറന്നുയരാൻ വേണ്ട അനുമതികളെല്ലാം നേടിയിയിരുന്നു.

177 യാത്രക്കാരിൽ 50 പേർ ഗർഭിണികളായ നഴ്സുമാരാണ്. ഇത് കൂടാതെ 13 കുട്ടികളും ഉണ്ട്. മൂന്ന് മാസം വരെ പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങളും വിമാനത്തിലുണ്ട്. മറുനാടൻ പിന്തുണയ്ക്കുന്ന ആവാസ് സംഘടനയ്ക്കും ഈ ചരിത്ര ദൗത്യത്തിൽ ഭാഗഭാക്കാകാൻ കഴിയുന്നതിൽ ചാരിതാർത്ഥ്യമുണ്ട്. കോവിഡ് ഭീതിയിൽ ഏതുവിധേയയും നാട്ടിൽ എത്തിയാൽ മതിയെന്ന ആഗ്രഹത്തിൽ കഴിയുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസമായിരുന്നു വന്ദേ ഭാരത് മിഷന് പുറമേ ചാർട്ടഡ് വിമാന സർവീസുകൾക്ക് അനുമതി നൽകിത്. സൗദിയിൽ എഴുപതിനായിരത്തോളം പേരാണ് നാട്ടിലേക്ക് മടങ്ങാൻ വേണ്ടി നോർക്ക വഴി ബുക്ക് ചെയ്തിരുന്നത്. ഇതോടെ മലയാളി നഴ്സുമാർ അടക്കമുള്ളവർക്ക് എളുപ്പത്തിൽ നാട്ടിലെത്താൻ വഴിയില്ലാതെയാണ്. തുടർന്നാണ് ചാർട്ടഡ് വിമാനം ഏർപ്പാടാക്കിയതും. യുഎൻഎ അധ്യക്ഷൻ ജാസ്മിൻഷായാണ് ഈ ദൗത്യത്തിൽ മുന്നിൽ നിന്നത്.

ഇക്കാര്യത്തിൽ പ്രവാസികളുടെ പ്രതിഷേധം ശക്തമായതോടെ ചാർട്ടഡ് വിമാനങ്ങൾക്ക് സർക്കാർ അനുമതി നൽകിയത്. ഇതോടെ സൗദിയിൽ ദുരിതം അനുഭവിക്കുന്ന മലയാളികൾക്ക് നാട്ടിലെത്താൻ വേണ്ടി സഹായം ഒരുക്കുക എന്ന ലക്ഷ്യത്തോടെ യുണൈറ്റഡ് നഴ്സസ് അസോസിയേഷനും രംഗത്തിറങ്ങി. മെയ് 14നാണ് സൗദിയിലെ നഴ്സുമാരുടെ വിഷയത്തിൽ യുഎൻഎ ഇടപെടൽ ശ്രദ്ധയിൽ വന്നത്. ഗർഭിണികളായ നഴ്സുമാർക്ക് നാട്ടിലെത്താൻ സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജികൾ സമർപ്പിക്കപ്പെട്ടു. വിദേശത്തു കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിൽ ആദ്യപരിഗണന ഗർഭിണികൾക്കായിരിക്കണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടായിരുന്നു യുഎൻഎ ഹർജി നൽകിയത്. ഇതോടെ ഗർഭിണികൾക്ക് പ്രഥമ പരിഗണന നൽകുമെന്ന് കേന്ദ്രസർക്കാറും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വ്യക്തമാക്കി.

ഇങ്ങനെ അനുകൂല വിധിയുണ്ടായതിന് ശേഷമാണ് ചാർട്ടഡ് വിമാനത്തെ കുറിച്ച് യുഎൻഎ ആലോചിച്ചത്. ഇതിന് മറുനാടൻ പിന്തുണയുള്ള ആവാസ് ചാരിറ്റിയുടെ സഹായമാണ് യുഎൻഎയും ജാസ്മിൻഷായും തേടിയത്. മെയ് മാസം 22നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്നതിനാൽ അത് നേടാനുള്ള ശ്രമങ്ങൾ നടത്തി തുടങ്ങിത്. 62 ലക്ഷത്തി അമ്പതിനായിരം രൂപയാണ് ചാർട്ടഡ് ഫ്ളൈറ്റിന് വേണ്ടിയിരുന്നത്. സ്പൈസ് ജെറ്റ് അധികൃതരുമായി സംസാരിച്ചു ഇക്കാര്യത്തിൽ ധാരണ ഉണ്ടാക്കി. ഇതിനായി തുടക്കത്തിൽ സഹായവുമായി മുന്നിൽ നിന്നത് അഞ്ച് പ്രവാസി നഴ്സുമാരാണ്. സംഗീത് സുകുമാരൻ, വിനു കൈപ്പള്ളി നാരായണൻ, ചാൾസ് ജോർജ്ജ്, സനൽ, കർണാടക യുഎൻഎ അധ്യക്ഷൻ എന്നിവരാണ് ഇതിനായി സഹായിച്ചതെന്നാണ് ജാസ്മിൻഷാ വ്യക്തമാക്കി.

സ്പൈസ് ജെറ്റ് ബുക്ക് ചെയ്ത ശേഷം കേന്ദ്രഅനുമതി എളുപ്പത്തിൽ കിട്ടാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ തുടങ്ങി. മലയാളി മന്ത്രി എന്ന നിലയിൽ ഇതിന് വേണ്ട എല്ലാ സഹായവും ഒരുക്കിയത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയും തേടി. കേരളത്തിലേക്കുള്ള യുഎൻ എ വിമാനത്തിന് അനുമതി നൽകുന്നതിന് തടസ്സമില്ലെന്ന് കേരള സർക്കാറും അറിയിച്ച. പിന്നീട് റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു.

 

ആവാസ് ചാരിറ്റി സംഘടനയിൽ അംഗമായ മിനി മോഹനാണ് മറ്റു കാര്യങ്ങൾക്കെല്ലാം മുന്നിൽ നിന്നു സഹായിച്ചത്. ഫയൽവർക്കിലെ അടക്കം പ്രശ്നങ്ങൾ പരഹിരിച്ചു കൊണ്ട് മുന്നോട്ടു പോകാൻ സാധിച്ചു. സൗദിയിലെ ഇന്ത്യൻ എംബസിയുമായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് യുഎൻഎ സൗദി കോഡിനേറ്റർ സലിം ആയിരുന്നു. നിയമ വശങ്ങളെ കുറിച്ച് അഭിഭാഷകരായ അഡ്വ. ശ്രീരാമും അഡ്വ. സുഭാഷ് ചന്ദ്രനും ഇടപെടൽ നടത്തി.

നഴ്സുമാരിൽ തന്നെ മുൻഗണനാ ക്രമം നിശ്ചയിച്ചിരുന്നു. ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ മറ്റു രോഗികൾ തുടങ്ങിയവർക്ക് ആദ്യ വിമാനത്തിൽ തന്നെ അനുമതി ലഭിത്. കുട്ടികൾ അടക്കമുള്ളവരാണ് ഏറെ ആശ്വാസത്തോടെ വിമാനത്താവളത്തിൽഎത്തിയിരിക്കുന്നത്. യുഎൻഎ എന്ന സംഘടനയുടെ കരുതലിനെ കുറിച്ചാണ് നഴ്‌സുമാർക്ക് പറയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP