Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജി.എസ്.ടി. ഉൾപ്പെടെ മുഖ്യനികുതി ഉറവിടങ്ങളിൽ നിന്ന് ലഭിച്ചത് വെറും 182.31 കോടി രൂപ മാത്രം; 2001 ൽ വെറും 25,754 കോടി രൂപയായിരുന്ന പൊതുകടം ഈ വർഷാവസാനം 2,92,087 കോടി രൂപയിലെത്തുമെന്നും വിലയിരുത്തൽ; കോവിഡ് 19 ഉണ്ടാക്കിയ മൊത്തം നഷ്ടം 80,000 കോടി രൂപവരുമെന്നും വിദ​ഗ്ധർ; കരകയറാനാവാത്ത കടത്തിൽ നട്ടംതിരിഞ്ഞ് കേരളം

ജി.എസ്.ടി. ഉൾപ്പെടെ മുഖ്യനികുതി ഉറവിടങ്ങളിൽ നിന്ന് ലഭിച്ചത് വെറും 182.31 കോടി രൂപ മാത്രം; 2001 ൽ വെറും 25,754 കോടി രൂപയായിരുന്ന പൊതുകടം ഈ വർഷാവസാനം 2,92,087 കോടി രൂപയിലെത്തുമെന്നും വിലയിരുത്തൽ; കോവിഡ് 19 ഉണ്ടാക്കിയ മൊത്തം നഷ്ടം 80,000 കോടി രൂപവരുമെന്നും വിദ​ഗ്ധർ; കരകയറാനാവാത്ത കടത്തിൽ നട്ടംതിരിഞ്ഞ് കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക് ഡൗൺ ഇളവുകളെ തുടർന്ന് കേരളം പതിയെ സജീവമാകുമ്പോഴും തകർന്നടിഞ്ഞ സാമ്പത്തിക മേഖലയെ എങ്ങനെ കരകയറ്റും എന്നറിയാതെ സർക്കാർ. വാണിജ്യ-വ്യാവസായിക മേഖലകളിൽ കഴിഞ്ഞ രണ്ട് മാസത്തിൽ അധികമായി നിലനിൽക്കുന്ന സ്തംഭനാവസ്ഥ ഖജനാവിനും കാര്യമായ ക്ഷീണമാണ് വരുത്തിയത്. ഇതിനിടയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മറ്റ് ക്ഷേമപ്രവർത്തനങ്ങൾത്തുമായി പണം കണ്ടെത്തേണ്ടി വരുന്നതും സർക്കാരിന് വെല്ലുവിളിയാകുന്നു. സാമ്പത്തികമായി മെല്ലെപോക്കിലായിരുന്ന സംസ്ഥാന സമ്പദ്ഘടനയെ ലോക് ‍ഡൗൺ യഥാർത്ഥ സാമ്പത്തികമാന്ദ്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

മാർച്ച് 24-നാണ് കേരളം സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസംതന്നെ പ്രധാനമന്ത്രിയുടെ 21 ദിവസത്തെ രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപനവും വന്നു. തുടർച്ചയായി രണ്ടുപ്രളയകെടുതികളെ നേരിട്ട സംസ്ഥാനത്തിന് കോവിഡ് 19നെ തുടർന്നുണ്ടായ അടച്ചുപൂട്ടലുകൾ താങ്ങാവുന്നതിനുമപ്പുറമാണ്. ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് പതിയെ കരകയറാണാണ് സർക്കാർ‌ ലക്ഷ്യമിടുന്നതെങ്കിലും അത് അത്ര എളുപ്പമാകില്ലെന്ന് സാമ്പത്തിക രം​ഗത്തെ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വരുമാനവും ചെലവുംതമ്മിൽ പൊരുത്തപ്പെടാത്തതാണ് കേരളം നേരിടുന്ന വെല്ലുവിളി. കേരളം ഭരിച്ചവരെല്ലാം ഈപ്രതിസന്ധിക്ക് തുല്യകാരണക്കാരാണ്.

മാറിമാറി വന്ന സർക്കാരുകളുടെ കെടുകാര്യസ്ഥത സമ്പദ്ഘടയുടെ താളംതെറ്റിച്ചു. കോവിഡ് 19നു മുമ്പുതന്നെ കേരളത്തിന്റെ സാമ്പത്തികസ്ഥിതി വളരെ മോശമായിരുന്നു. ട്രഷറികൾ ഭാഗികമായേ പ്രവർത്തിച്ചിരുന്നുള്ളൂ. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ധനമന്ത്രി പാടുപെടുകയായിരുന്നു. 2020-21 സാമ്പത്തിക വർഷത്തെ ബജറ്റ് കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം വരുമാനം 1,44,211.83 കോടി രൂപയും മൊത്തം ചെലവ് 1,44,265.30 കോടിരൂപയുമാണ്. സംസ്ഥാനത്തിന്റെ തനതുവരുമാനം 82007.01 കോടിരൂപയും മൊത്തം റവന്യൂ വരുമാനം 114,635.90 കോടിരൂപയുമാണ്. സംസ്ഥാനത്തിന്റെ റവന്യൂ ചെലവാകട്ടെ 1,29,837.37 കോടി രൂപയും. ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ റവന്യൂകമ്മി 15201.47 കോടിരൂപയും ധനക്കമ്മി 29295.39 കോടിരൂപയും പ്രാഥമിക കമ്മി 9445.39 കോടി രൂപയുമാണ്. ഈ കമ്മികൾ യഥാക്രമം സംസ്ഥാന ജി.ഡി.പി.യുടെ 1.55 ശതമാനവും 3 ശതമാനവും 0.97 ശതമാനവും വരും. ധനഉത്തരവാദിത്വ ബജറ്റ് മാനേജ്മെന്റ് നിയമം പാലിക്കാൻ സർക്കാരിന് കഴിയില്ലെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ പ്രധാന റവന്യൂ ചെലവിനങ്ങൾ ശമ്പളം, പെൻഷൻ, പലിശ എന്നിവയാണ്. ഇതിൽ ശമ്പളത്തിനായി 32931.40 കോടിരൂപയും പെൻഷൻ നൽകുന്നതിനായി 20970.40 കോടിരൂപയും പലിശ നൽകുന്നതിനായി 19850 കോടിരൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ തനതുവരുമാനത്തിന്റെ 65.7 ശതമാനവും മൊത്തം റവന്യൂ വരുമാനത്തിന്റെ 47 ശതമാനവും ചെലവഴിക്കുന്നത് ശമ്പളവും പെൻഷനും നൽകുന്നതിനാണ്. വരുമാനത്തിന്റെ 24.2 ശതമാനവും മൊത്തം റവന്യൂ ചെലവിന്റെ 15.3 ശതമാനവും പലിശ നൽകുന്നതിനായിരിക്കും ഉപയോഗിക്കുക. മൊത്ത ആഭ്യന്തരോല്പാദനത്തിന്റെ (എസ്.ജി.ഡി.പി.) 5.5 ശതമാനം ശമ്പളവും പെൻഷനും നൽകാൻ ഉപയോഗിക്കുമ്പോൾ സംസ്ഥാന ജി.ഡി.പി.യുടെ രണ്ടു ശതമാനമാണ് പലിശ നൽകുന്നതിനായി വിനിയോഗിക്കുന്നത്.

ഒരുരാജ്യത്തിന്റെ അല്ലെങ്കിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനം മൂലധനചെലവിനെ ആശ്രയിച്ചാണിരിക്കുന്നത്. കേരളം മൂലധനച്ചെലവുകൾക്കായി നടപ്പുവർഷം ചെലവഴിക്കാൻ പോകുന്നത് 12913.22 കോടി രൂപയാണ്. ഇത് സംസ്ഥാന ജി.ഡി.പി. യുടെ 1.32 ശതമാനം മാത്രമാണ്. സംസ്ഥാനത്തിന്റെ പൊതുകടം ഓരോവർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. നടപ്പുസാമ്പത്തികവർഷം അവസാനിക്കുമ്പോൾ മൊത്തം കടം 2,92,086.90 കോടിയായിരിക്കുമെന്നാണ് ബജറ്റ് രേഖകളിൽ കാണുന്നത്. ഇത് സംസ്ഥാന ജി.ഡി.പി.യുടെ 29.86 ശതമാനമായിരിക്കും. നിലവിലെ 3 ശതമാനത്തിൽനിന്ന് 5 ശതമാനം കടമെടുക്കാൻ കേന്ദ്രം കോവിഡ് 19 പാക്കേജുമായി ബന്ധപ്പെട്ട് അനുവദിച്ചത് പൊതുകടം വീണ്ടും ഉയരുന്നതിന് ഇടവരുത്തും. ഇന്നത്തെ സാഹചര്യത്തിൽ കൂടുതലായി 18087 കോടി രൂപ കടമെടുക്കാൻ കഴിയുന്നത് സംസ്ഥാനത്തിന് സഹായകമായിരിക്കും. 2001 ൽ വെറും 25754 കോടി രൂപയായിരുന്ന പൊതുകടമാണ് ഈ വർഷാവസാനം 2,92,087 കോടി രൂപയിലെത്തുന്നത്. 1034 ശതമാനത്തിന്റെ വർധനവാണിത് കാണിക്കുന്നത്.

ഏപ്രിൽ മാസത്തെ വരുമാനം

നടപ്പുസാമ്പത്തികവർഷം സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനമായി ബജറ്റിൽ കാണിച്ചത് 67420 കോടി രൂപയാണ്. ജി.എസ്.ടി. വഴി 32383 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കോവിഡ് 19 മൂലമുണ്ടായ അടച്ചുപൂട്ടൽ നികുതി വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് കരുതുന്നത്. വിദേശത്തുനിന്ന് തൊഴിൽ നഷ്ടപ്പെട്ടുള്ള മലയാളികളുടെ തിരിച്ചുവരവ് സാധനങ്ങളുടെയും സേവനങ്ങളുടെയും ചോദനത്തിൽ ഗണ്യമായ ഇടിവുണ്ടാക്കും. സംസ്ഥാനത്തിന്റെ മുഖ്യനികുതി ഉറവിടങ്ങളായ രജിസ്റ്റ്രേഷൻ, എക്സൈസ്, മോട്ടോർ വാഹനം, വില്പന/വാറ്റ് എന്നിവയിൽ മുമ്പില്ലാത്തവിധം കുറവ് പ്രതീക്ഷിക്കാം. 2020 ഏപ്രിൽ മാസത്തെ സ്ഥിതി വളരെപരിതാപകരമാണ്.

2019 ഏപ്രിൽ മാസത്തിൽ ജി.എസ്.ടി. ഉൾപ്പെടെ മുഖ്യനികുതി ഉറവിടങ്ങളിൽ നിന്ന് 2361.86 കോടി രൂപ ലഭിച്ചിരുന്നുവെങ്കിൽ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ജി.എസ്.ടി. ഉൾപ്പെടെ മുഖ്യനികുതി ഉറവിടങ്ങളിൽ നിന്ന് ലഭിച്ചത് 182.31 കോടി രൂപ മാത്രം. കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തികസ്ഥിതി വളരെ മോശമായതിനാൽ അവിടെനിന്ന് കിട്ടാനുള്ള പണവും യഥാസമയം ലഭിക്കണമെന്നില്ല. സംസ്ഥാന ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം അഞ്ചുമാസം മാറ്റിവെക്കുകവഴി സർക്കാരിന് ആറുമാസം കൊണ്ട് 2500 കോടി രൂപയാണ് ലഭിക്കുക. ഇത് തിരിച്ചുനൽകുകയുംവേണം. ഈ വർഷം ആദ്യത്തെ രണ്ടുമാസം കൊണ്ടുതന്നെ പതിനായിരത്തിലധികം രൂപ കടമെടുത്തു കഴിഞ്ഞു.

2018ലെ പ്രളയം 31000 കോടി രൂപയുടെയും 2019ലെ പ്രളയം 12000 കോടി രൂപയുടെയും നഷ്ടമുണ്ടാക്കിയിട്ടുണ്ട്. കോവിഡ് 19 ഉണ്ടാക്കിയ മൊത്തം നഷ്ടം 80,000 കോടി രൂപവരുമെന്നാണ് ഗവൺമെന്റ് നിയോഗിച്ച കമ്മിറ്റിയുടെ വിലയിരുത്തൽ. കോവിഡിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബി., കെ.എസ്.ആർ.ടി.സി. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾ എന്നിവ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതിന് സർക്കാരിന്റെ സാമ്പത്തിക സഹായം തേടിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പ്രത്യേകിച്ച് അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും ക്രയശേഷി കൂട്ടേണ്ടതുണ്ട്. എന്നാൽ ഇന്നത്തെ ചുറ്റുപാടിൽ ഇതിനൊക്കെ പണം കണ്ടെത്തുക ദുഷ്‌കരമാണ്. നടപ്പു സാമ്പത്തിക വർഷം ലക്ഷ്യമിട്ട നികുതി-നികുതിയേതര വരുമാനങ്ങൾ കൈവരിക്കാൻ കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

വിദേശപ്പണത്തിന്റെ ഒഴുക്കും നിലയ്ക്കുന്നു

വിദേശ മലയാളികൾ ഒരുവർഷം കേരളത്തിലേക്ക് അയക്കുന്നത് ഏതാണ്ട് 1.05 ലക്ഷം കോടിരൂപയാണ്. സംസ്ഥാന സർക്കാരിന്റെ ഒരു വർഷത്തെ തനതു വരുമാനത്തേക്കാൾ വളരെകൂടുതലാണിത്. യഥാർത്ഥത്തിൽ കേരള സമ്പദ്ഘടന താങ്ങി നിർത്തുന്നത് വിദേശമലയാളികളുടെ സാമ്പത്തിക വിഹിതമാണ്. ഇതിൽ നല്ലൊരുഭാഗം നഷ്ടപ്പെടാൻ പോവുകയാണ്. രണ്ടു മുതൽ മൂന്നു ലക്ഷം വരെ പ്രവാസികൾ സമീപ മാസങ്ങളിൽ കേരളത്തിലേക്കു തിരിച്ചു വരും എന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്നവരിൽ എത്ര പേർ തിരിച്ചുപോകും എന്നത് അവർ തൊഴിലെടുത്തു ജീവിക്കുന്ന രാജ്യങ്ങൾ ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും എന്നതുമായിക്കൂടി ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോൾ നമുക്കൊന്നും പ്രവചിക്കാൻ കഴിയില്ല. തിരിച്ചുപോയാൽത്തന്നെ 10 ശതമാനത്തിലേറെപ്പേർ പോകില്ല എന്നാണ് കണക്കാക്കുന്നത്. ഇങ്ങനെ തിരിച്ചുവന്ന് ഇവിടെ തുടരുന്നവരും അവരുടെ കുടുംബങ്ങളും ചേർന്നു 10 ലക്ഷത്തോളമാളുകളെ ഈ തിരിച്ചുവരവിന്റെ പ്രതിസന്ധി നേരിട്ടു ബാധിക്കും.

ലോക്ഡൗണിൽ ഇളവുകൾ വരികയും വാഹന ഗതാഗതം കൂടുകയും ചെയ്തതോടെ ഇന്ധന നികുതിയായി കഴിഞ്ഞ മാസം 150 കോടി രൂപ ലഭിച്ചു. ഏപ്രിലിൽ 26 കോടി രൂപ മാത്രം ലഭിച്ചിടത്താണ് ഇൗ വർധന. കോവിഡ് കാലത്തിനു മുൻപു പ്രതിമാസം ലഭിക്കാറുള്ള 600 കോടിയിലേക്ക് വൈകാതെ ഉയരുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. ജിഎസ്ടിയും ഐജിഎസ്ടിയും ചേർത്തു കഴിഞ്ഞ മാസം 690 കോടി കിട്ടി. ഏപ്രിലിൽ ഇതു 188 കോടി മാത്രമായിരുന്നു.

കോവിഡിനൊപ്പം ജീവിക്കാൻ തീരുമാനം

സമ്പദ് വ്യവസ്ഥ പാടെ തകർന്നടിയും എന്നും അത് കോവിഡിനെക്കാൾ ഭയാനകമായ അവസ്ഥ സൃഷ്ടിക്കും എന്നും മനസ്സിലായതോടെയാണ് ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് കേരളം മുന്നോട്ട് പോകുന്നത്. 12 കോടിയാണ് ഏപ്രിലിൽ രജിസ്റ്റ്രേഷൻ ഫീസ്, സ്റ്റാംപ് ഡ്യൂട്ടി ഇനത്തിൽ ലഭിച്ചത്. മേയിൽ ഇത് 144 കോടിയായി. മുടങ്ങിക്കിടന്ന ഇടപാടുകൾ ഒറ്റയടിക്കു വന്നതും ഭൂമിയുടെ ന്യായവില കൂടിയതും വർധനയ്ക്കു കാരണമായി. എന്നാൽ 2019 മേയിൽ കിട്ടിയത് 271 കോടിയാണ്. എല്ലാ ജില്ലകളിലും ഭൂമി വില കുത്തനെ താഴേക്കാണ്. 2019 മേയിൽ 74,500 ആധാരം രജിസ്റ്റർ ചെയ്തെങ്കിൽ കഴിഞ്ഞ മാസം നടന്നത് 29,832 ഇടപാടുകൾ മാത്രം. മേയിലെ മദ്യവരുമാനം പൂജ്യമാണ്. നികുതി കൂട്ടിയതും വിൽപന പുനരാരംഭിച്ചതും കാരണം ഈ മാസം വരുമാനം റെക്കോർ‌ഡിൽ എത്തുമെന്നുറപ്പാണ്. ഹോട്ടലുകൾ കൂടി തുറന്നാൽ ജിഎസ്ടി വരുമാനം കൂടുതൽ മെച്ചപ്പെടും.

റിസർവ് ബാങ്ക് വഴി 1,000 കോടി കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 8 വർഷത്തേക്ക് 700 കോടിയും 5 വർഷത്തേക്ക് 300 കോടിയുമാണു ചൊവ്വാഴ്ച നടക്കുന്ന ലേലത്തിൽ കേരളം ആവശ്യപ്പെടുക. ഇതോടെ ഇൗ സാമ്പത്തിക വർഷത്തെ ആകെ കടമെടുപ്പ് 11,430 കോടിയാകും. ഇൗ വർഷം 45,217 കോടി രൂപ കടമെടുക്കാൻ സംസ്ഥാനത്തിനു കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.

ജിഎസ്ടി നഷ്ടപരിഹാരമായി 2,048 കോടി രൂപ സംസ്ഥാനത്തിനു വെള്ളിയാഴ്ച ലഭിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി വരെ 3 മാസത്തെ നഷ്ടപരിഹാരമാണിത്. 2800 കോടിയോളം സംസ്ഥാനത്തിനു പ്രതിമാസം ജിഎസ്ടി-ഐജിഎസ്ടി ഇനത്തിൽ കിട്ടിയില്ലെങ്കിൽ ബാക്കി കേന്ദ്രം നഷ്ടപരിഹാരമായി നൽകുമെന്നാണു വ്യവസ്ഥ. മാർച്ച്, ഏപ്രിൽ, മെയ്‌ മാസങ്ങളിൽ ജിഎസ്ടി വരുമാനം കുത്തനെ ഇടിഞ്ഞതിനാൽ നഷ്ടപരിഹാരമായി ഇപ്പോൾ തരുന്നതിന്റെ നാലിരട്ടിയെങ്കിലും കേന്ദ്രം തരേണ്ടി വരും. 12 ചേരുന്ന ജിഎസ്ടി കൗൺസിലിൽ സംസ്ഥാനങ്ങൾ ഈ ആവശ്യം ഉന്നയിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP