Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആനവണ്ടിക്കുള്ളത് 6213 ബസുകൾ; യൂണിയൻ നേതാക്കൾക്ക് വിശ്രമം നൽകാൻ ഒരു വർഷം നിരത്തിലിറക്കിയത് 3600 വണ്ടിയും; ബസ് ഓടിക്കാതെ നഷ്ടം കുറയ്ക്കുന്ന അതിബുദ്ധിയിൽ കുറഞ്ഞത് വരുമാന കണക്കിലെ കോടികൾ; എല്ലാ മാസവവും മുടങ്ങാതെ ശമ്പളം കൊടുത്തത് സർക്കാരിന്റെ കാരുണ്യത്തിൽ; കെ എസ് ആർ ടി സിക്ക് വേണ്ടി ഖജനാവിൽ നിന്ന് ഒഴുകുന്നത് പ്രതിമാസം 70 കോടിയോളം രൂപ; ഇനി മുമ്പോട്ട് പോകാൻ എല്ലാ മാസവും 100 കോടി അനിവാര്യത; ആനവണ്ടിയുടെ യാത്ര മലയാളിയുടെ നെഞ്ചത്തു കൂടിയാകുമ്പോൾ

ആനവണ്ടിക്കുള്ളത് 6213 ബസുകൾ; യൂണിയൻ നേതാക്കൾക്ക് വിശ്രമം നൽകാൻ ഒരു വർഷം നിരത്തിലിറക്കിയത് 3600 വണ്ടിയും; ബസ് ഓടിക്കാതെ നഷ്ടം കുറയ്ക്കുന്ന അതിബുദ്ധിയിൽ കുറഞ്ഞത് വരുമാന കണക്കിലെ കോടികൾ; എല്ലാ മാസവവും മുടങ്ങാതെ ശമ്പളം കൊടുത്തത് സർക്കാരിന്റെ കാരുണ്യത്തിൽ; കെ എസ് ആർ ടി സിക്ക് വേണ്ടി ഖജനാവിൽ നിന്ന് ഒഴുകുന്നത് പ്രതിമാസം 70 കോടിയോളം രൂപ; ഇനി മുമ്പോട്ട് പോകാൻ എല്ലാ മാസവും 100 കോടി അനിവാര്യത; ആനവണ്ടിയുടെ യാത്ര മലയാളിയുടെ നെഞ്ചത്തു കൂടിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനുമായി കലഹിച്ച് എംഡി സ്ഥാനത്തു നിന്നും എം പി ദിനേശ് എന്ന ഐപിഎസുകാരൻ സ്ഥാനമൊഴിയുന്നത് കെ എസ് ആർ ടി സിയെ വമ്പൻ പ്രതിസന്ധിയിലാക്കി. ടോമിൻ തച്ചങ്കരി നൽകിയ ജീവശ്വാസം പൂർണ്ണമായും അനവണ്ടിയെ വിട്ടകന്നു. സർക്കാർ പണം നൽകിയാൽ മാത്രം ശമ്പളം നൽകുന്ന അവസ്ഥയിലാണ് ഇന്ന് കെ എസ് ആർ ടി സി. കെടുകാര്യസ്ഥതയും യുണിയൻ നേതാക്കളുടെ ഭരണവുമാണ് കഴിഞ്ഞ ഒരു വർഷത്തിന് പുറത്ത് ദിനേശിന്റെ ഭരണ കാലത്തുണ്ടായത്. ഒപ്പം നഷ്ടം കുറയ്ക്കാനെന്ന പേരിൽ കാട്ടിയ അതിബുദ്ധിയും മണ്ടത്തരമാകും. ആനവണ്ടിയുടെ വരുമാനത്തിൽ വലിയ കുറവാണ് ഇതുണ്ടാക്കിയത്. ഇതോടെ പൂർണ്ണമായും കെ എസ് ആർ ടി സി മുങ്ങി താഴുന്ന വണ്ടിയായി.

കെ എസ് ആർ ടി സിക്ക് 6213 ബസുകളാണുള്ളത്. എംപി ദിനേശ് എംഡിയായ ശേഷം ഇതിൽ 3600 ഓളം ബസുകളാണ് ഓടിച്ചത്. തച്ചങ്കരിയുടെ കാലത്ത് പരമാവധി ബസുകൾ നിരത്തിലിറക്കി വരുമാനം കുറച്ചാണ് കെ എസ് ആർ ടി സിയെ പതിയെ സ്വന്തം കാലിൽ നിൽക്കാനുള്ള അവസരമുണ്ടാക്കിയത്. സർക്കാരിന്റെ പരിമിത സഹായത്തോടെ ശമ്പളം മുടങ്ങാതെ കുറയ്ക്കുകയും ചെയ്തു. സർവ്വീസുകൾ കൂടിയതോടെ യൂണിയൻകാർക്ക് അടക്കം തച്ചങ്കരിയുടെ കാലത്ത് ബസിൽ ജോലി എടുക്കേണ്ടി വന്നു. ഇതോടെ മടിയന്മാരെല്ലാം ഒരുമിച്ചു. അങ്ങനെ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയാണ് തച്ചങ്കരിയെ കെ എസ് ആർ ടി സിയിൽ നിന്ന് ഓടിച്ചത്. പകരമെത്തി എംപി ദിനേശും പൊലീസിലെ സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ അദ്ദേഹത്തിന് കെ എസ് ആർ ടി സിയുടെ തലപ്പത്ത് യൂണിയൻകാർ പറയുന്നത് മാത്രം അനുസരിക്കേണ്ടി വന്നു. ഇതോടെ സർവ്വീസുകൾ കുറഞ്ഞു. വരുമാനം ഇല്ലാതായപ്പോൾ കടവും ബാധ്യതയും കൂടി. ഇതിനിടെയാണ് ഗതാഗതമന്ത്രിയുമായി ഉരസേണ്ടി വന്നത്.

നിലവിലെ സാഹചര്യത്തിൽ ആരാകും കെ എസ് ആർ ടി സിയെ നയിക്കാൻ ഇനിയെത്തുന്നതെന്ന ചോദ്യവും പ്രസക്തമാണ്. ടോമിൻ തച്ചങ്കരിയെ തന്നെ ഏൽപ്പിക്കണമെന്ന അഭിപ്രായം ജീവനക്കാർക്കിടയിൽ അതിശക്തമാണ്. എന്നാൽ യൂണിയൻ നേതാക്കൾ ഇതിനെ എതിർക്കുന്നു. പണിയെടുക്കാൻ താൽപ്പര്യമില്ലാത്തവരാണ് ഇതിന് പിന്നിൽ. ഖജനാവിനെ മുടുപ്പിച്ചാണ് കെ എസ് ആർ ടി സിയെന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ഓട്ടം. ഇത് എത്രനാൾ ഇങ്ങനെ തുടരനാകുമെന്ന ചോദ്യമാണ് എംപി ദിനേശിന്റെ സ്ഥാനം ഒഴിയലോടെ ഉണ്ടാകുന്നത്. യൂണിയനുകളുടെ പ്രവർത്തനത്തിന് തടയിടാതെ ആർക്കും കെ എസ് ആർ ടി സിയെ രക്ഷിക്കാനാകില്ലെന്നതാണ് വസ്തുത.

ലോക് ഡൗണിന് മുമ്പത്തെ മാസം കിട്ടിയത് 70 കോടിയുടെ സർക്കാർ സഹായം

കെ എസ് ആർ ടി സിയിൽ ശമ്പളവും പെൻഷനും കൊടുക്കാൻ വേണ്ടത് 93 കോടി രൂപയാണ്. ഇതിൽ 30 കോടി മാത്രമാണ് ലോക്ഡൗണിന് മുമ്പുള്ള മാസം കെ എസ് ആർ ടി സിക്കുണ്ടായിരുന്നത്. ആ മാസം 70 കോടിയാണ് സർക്കാർ നൽകിയത്. അതുകൊണ്ട് മാത്രം ശമ്പളവും പെൻഷനും മുടങ്ങിയില്ല. പിന്നീടുള്ള എല്ലാ മാസവും ശമ്പളവും പെൻഷനും മുടങ്ങാതിരുന്നത് സർക്കാരിന്റെ കാരുണ്യം കൊണ്ടാണ്. ലോക് ഡൗണിൽ വണ്ടികൾ കട്ടപ്പുറത്ത് കിടന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ഇത്. ലോക് ഡൗണിന് ശേഷം സർവ്വീസുകൾ പൂർണ്ണമായും നഷ്ടത്തിലാണ്. അതുകൊണ്ട് തന്നെ സർക്കാർ സഹായം അനിവാര്യതയാണ്. അതായത് വെറും മുങ്ങുന്ന കപ്പലായി കെ എസ് ആർ ടി സി മാറുകയാണ്.

ബജറ്റിൽ കെ എസ് ആർ ടി സിക്ക് വേണ്ടി സർക്കാർ തുക നീക്കി വച്ചിട്ടുണ്ട്. എന്നാൽ തച്ചങ്കരി എംഡിയായിരിക്കുമ്പോൾ ഈ തുക പല സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഗതാഗത വകുപ്പ് മുടക്കി. കർശന നിലപാടുകൾ എടുത്താണ് എല്ലാ മാസവും തുടക്കത്തിൽ ജീവനക്കാർക്ക് തച്ചങ്കരി ശമ്പളം കൊടുത്തത്. യൂണിയൻകാരുടെ എതിർപ്പിൽ തച്ചങ്കരിക്ക് സ്ഥാനം നഷ്ടമായപ്പോഴാണ് കൊച്ചിയിൽ പൊലീസ് കമ്മീഷണറായിരുന്ന ദിനേശ് തലപ്പത്തേക്ക് എത്തിയത്. എല്ലാ സഹായവും സർക്കാർ വാഗ്ദാനം ചെയ്യുകയും ചെയ്തു. അതുകൊണ്ട് തന്നെ സർവ്വീസുകൾ ചുരുക്കി വരുമാനം കുറഞ്ഞപ്പോഴും സർക്കാരിൽ നിന്ന് തടസ്സം കൂടാതെ ഫണ്ട് കെ എസ് ആർ ടി സിക്ക് കിട്ടി. അതുകൊണ്ട് മാത്രമാണ് പ്രശ്‌നമില്ലാതെ തുടരാൻ ദിനേശിനായത്.

കൊറോണ ലോക്ഡൗണിൽ വരുമാനം പൂർണ്ണമായും കുറയുമ്പോൾ പ്രതിസന്ധി ഭീമമാകും. ഇത് കൂടി മനസ്സിലാക്കിയാണ് ദിനേശ് പതിയെ സ്ഥാനം ഒഴിയുന്നത്. ഇരുന്നിട്ടും ഇരിപ്പുറയ്ക്കാതെ കെ.എസ്.ആർ.ടി.സി മേധാവിയുടെ കസേര. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കോർപറേഷനെ കരകറ്റാൻ സർക്കാർ നിയോഗിച്ച നാലാമത്തെ മേധാവിയാണ് കഴിഞ്ഞദിവസം രാജിവെച്ചിരിക്കുന്നത്.പുതിയ നിയമനം നടക്കുന്നതുവരെ സ്ഥാനത്ത് തുടരാൻ എംപി. ദിനേശിനോട് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്., എ. ഹേമചന്ദ്രൻ, ടോമിൻ തച്ചങ്കരി എന്നിവരാണ് ഈ സർക്കാരിന്റെ കാലത്ത് കെ.എസ്.ആർ.ടി.സി.യുടെ ചുമതലയിൽ നിയോഗിക്കപ്പെട്ടവർ. തൊഴിലാളി സംഘടനകളുമായുള്ള തർക്കങ്ങളെത്തുടർന്ന് ഇവരെല്ലാം സ്ഥാനമൊഴിഞ്ഞത്.

കെ.എസ്.ആർ.ടി.സി എംഡി സ്ഥാനത്തേക്ക് സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. എൽഡിഎഫിൽ ചർച്ചചെയ്തശേഷം അടുത്ത മന്ത്രിസഭ യോഗമായിരിക്കും അന്തിമ തീരുമാനമെടുക്കുക . സർവ്വീസിൽ നിന്ന് വിരമിച്ച എ.ഹേമചന്ദ്രന്റ പേരും തൊഴിലാളി യൂണിയനുകൾ നിർദ്ദേശിച്ചിട്ടുണ്ട്. ടോമിൻ തച്ചങ്കരിയെ എംഡി സ്ഥാനത്ത് നിന്ന് നീക്കിയപ്പോൾ മുതൽ ഉയർന്ന് കേൾക്കുന്ന പേരാണ് ബിജു പ്രഭാകറിന്റേത്. നിലവിലെ എംഡി എംപി ദിനേശ് കഴിഞ്ഞ വർഷം സർവീസിൽ നിന്ന് വിരമിച്ച പ്പോഴും യൂണിയനുകൾ മുന്നോട്ടുവച്ച പേര് ബിജു പ്രഭാകറിന്റേതായിരുന്നു. ഗതാഗത മന്ത്രിക്കും ഇതിനോട് അനുകൂല നിലപാടായിരുന്നു.

കാലാവധി നീട്ടിക്കിട്ടിയ എം പി ദിനേശ് കഴിഞ്ഞ ദിവസം സ്വയം സ്ഥാനം ഒഴിയാൻ തയാറായതോടെയാണ് വീണ്ടും ബിജു പ്രഭാകറിന്റ പേര് ഉയർന്ന് കേൾക്കുന്നത്. എംഡിയായി ഇരുന്ന പരിചയമാണ് എ ഹേമചന്ദ്രന്റ പേരിന് പിന്നിൽ. എംഡിയായിരിക്കെ തൊഴിലാളി യൂണിയനുകളുമായി നല്ല ബന്ധം പുലർത്തിയിരുന്ന ഹേമചന്ദ്രന് നേതാക്കളുടേയും പിന്തുണയുണ്ട്. സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹം സ്ഥാനം ഏറ്റെടുക്കാൻ തയാറാകുമോയെന്നതാണ് സംശയം. ഇടതുമുന്നണിയുടെ അഭിപ്രായം തേടിയിട്ടേ സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP