Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആയിരം രൂപയ്ക്ക് വേണ്ടി ഭാര്യയെ കൂട്ടുകാർക്ക് എറിഞ്ഞു കൊടുത്ത ഭർത്താവ്; കഠിനംകുളത്ത് ഭാര്യയെ എത്തിച്ച ശേഷം പീഡകരെ എല്ലാം വിളിച്ചു വരുത്തിയത് ഭർത്താവെന്നതിന് തെളിവു കിട്ടി; പിടിയിലായ മുഖ്യപ്രതിയും പങ്കുവയ്ക്കുന്നത് ഭർത്താവിന്റെ പണത്തോടുള്ള മോഹം; തീരദേശത്ത് നിന്ന് നൗഫലിനെ പൊലീസ് പൊക്കിയത് ശക്തമായ തെരച്ചിലിന് ഒടുവിൽ; കേരളത്തെ ഞെട്ടിച്ച പീഡനത്തിൽ ഗൂഢാലോചനയ്ക്ക് പിന്നിലുള്ളത് ഭാര്യയോടുള്ള പക

ആയിരം രൂപയ്ക്ക് വേണ്ടി ഭാര്യയെ കൂട്ടുകാർക്ക് എറിഞ്ഞു കൊടുത്ത ഭർത്താവ്; കഠിനംകുളത്ത് ഭാര്യയെ എത്തിച്ച ശേഷം പീഡകരെ എല്ലാം വിളിച്ചു വരുത്തിയത് ഭർത്താവെന്നതിന് തെളിവു കിട്ടി; പിടിയിലായ മുഖ്യപ്രതിയും പങ്കുവയ്ക്കുന്നത് ഭർത്താവിന്റെ പണത്തോടുള്ള മോഹം; തീരദേശത്ത് നിന്ന് നൗഫലിനെ പൊലീസ് പൊക്കിയത് ശക്തമായ തെരച്ചിലിന് ഒടുവിൽ; കേരളത്തെ ഞെട്ടിച്ച പീഡനത്തിൽ ഗൂഢാലോചനയ്ക്ക് പിന്നിലുള്ളത് ഭാര്യയോടുള്ള പക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗക്കേസിലെ മുഖ്യ പ്രതി പിടിയിലാകുമ്പോൾ പൊലീസിന് ലഭിക്കുന്നത് ഗൂഢാലോചനയുടെ നിർണ്ണായക വിവരങ്ങൾ. യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയ നൗഫലാണ് പിടിയിലായത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പൊലീസിന്റെ പിടിയിലായിരിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് നൗഫലിനെ കസ്റ്റഡിയിലെടുത്തത്. പീഡനം നടന്ന തീരപ്രദേശത്ത് നിന്നു തന്നെയാണ് നൗഫലിനെ കസ്റ്റഡിയിലെടുത്തത്. മത്സ്യത്തൊഴിലാളി കേന്ദ്ര മേഖലയിൽ ഇയാൾ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ആയിരം രൂപയ്ക്കു വേണ്ടിയാണ് ഭാര്യയെ സുഹൃത്തുക്കൾക്കു ബലാത്സംഗം ചെയ്യാൻ ഭർത്താവ് അവസരമൊരുക്കിയതെന്നു പൊലീസ്. മുമ്പ് സുഹൃത്തുക്കളെ കാണിക്കാനായി ഭാര്യയെ ഇയാൾ രണ്ടു തവണ പുതുക്കുറിച്ചി ബീച്ചിലെത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ആലോചിച്ചുറപ്പിച്ചാണ് സംഭവദിവസം യുവതിയെ സൃഹൃത്തിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയതെന്നു വ്യക്തം.
ഭാര്യയെ ഇയാൾ സുഹൃത്തിന്റെ വീട്ടിലേക്കു കൊണ്ടുപോയതും മദ്യം കുടിപ്പിച്ചതിനു ശേഷം മുങ്ങിയതുമെല്ലാം ഗൂഢാലോചന അനുസരിച്ചായിരുന്നു. പിന്നീട് മറ്റുള്ളവർ ഓട്ടോയിലെത്തി പത്തേക്കറിലെ വിജനതയിലേക്കു കൊണ്ടുപോയതുമെല്ലാം മുൻകൂട്ടി നിശ്ചയിച്ചായിരുന്നെന്നു പൊലീസ് വിശദീകരിക്കുന്നു. കൂട്ടുകാരെ ഭർത്താവ് തന്നെയാണ് വിളിച്ചു വരുത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഭാര്യയും ഭർത്താവും നല്ല സ്വരചേർച്ചയിൽ ആയിരുന്നില്ല. ഇതുകൊണ്ടാണ് ഭാര്യയെ കൂട്ടുകാർക്ക് പണത്തിനായി കാഴ്ച വച്ചതെന്നാണ് സൂചന.

ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയാണ് നൗഫൽ. യുവതിയുടെ മൊഴി പ്രകാരം യുവതിയെ ഏറ്റവും ക്രൂരമായി അക്രമിച്ചത് നൗഫലാണ്. യുവതിയെ ആദ്യം ആക്രമിച്ചതും ഇയാളാണ്. കേസിലെ മറ്റൊരു പ്രതി രാജന്റെ വീട്ടിൽ നിന്ന് യുവതിയെ കുറ്റിക്കാട്ടിലേക്ക് ഓട്ടോയിലേക്ക് തട്ടിക്കൊണ്ടുപോയത് നൗഫലിന്റെ നേതൃത്വത്തിലാണ്. മറ്റു പ്രതികളെല്ലാം തന്നെ നൗഫലിനെതിരെ മൊഴി നൽകുകയും ചെയ്തിരുന്നു. യുവതിയുടെ മുഖത്ത് നിരവധി മുറിവുകളുണ്ട്. ഇതിൽ കടിച്ച പാടുകളുണ്ട്, നഖം കൊണ്ടുണ്ടായ മുറിവുകളുണ്ട്.കണ്ണ് അടികൊണ്ട് കലങ്ങിയിരുന്നു. ഇതെല്ലാം ചെയ്തത് നൗഫലാണ് എന്നായിരുന്നു യുവതിയുടെ മൊഴി.

സംഭവത്തിൽ ഗൂഢാലോചനയുള്ളതു കൊണ്ട് യുവതിയുടെ ഭർത്താവാണ് ഒന്നാം പ്രതിയാവുക. അതുകൊണ്ടുതന്നെ നൗഫൽ രണ്ടാം പ്രതിയാകും. പ്രതികളുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസിന്റെ അടുത്ത നടപടി. നേരത്തെ അറസ്റ്റിലായ ആറ് പ്രതികളെയും ഇന്നലെ ആറ്റിങ്ങൽ ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ കാരക്കോണം മെഡിക്കൽ കോളേജിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതികൾക്ക് കൊറോണ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ആറ്റിങ്ങൽ സബ്ജയിലിലേക്ക് മാറ്റും.

ഭർത്താവ് ഉൾപ്പെടെ ചില പ്രതികളും അവരുടെ ബന്ധുക്കളും ഭീഷണിപ്പെടുത്തിയെന്ന് രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേട്ടിനോട് യുവതി പറഞ്ഞതിനാൽ ഇവരെയും 4 വയസ്സുള്ള മകനെയും നെട്ടയത്തുള്ള മഹിളാ മന്ദിരത്തിലേക്ക് കോടതിയുടെ തീരുമാനപ്രകാരം മാറ്റി. ഭർത്താവ് വ്യാഴാഴ്ച ഭാര്യയെ രണ്ടു മക്കൾക്കൊപ്പം സ്‌കൂട്ടറിൽ സുഹൃത്തായ വെട്ടുതുറ സ്വദേശി രാജന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു. ഭാര്യയെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചു. ഭർത്താവിന്റെ സുഹൃത്തുക്കൾ ചാന്നാങ്കരയിലെ പത്തേക്കറിലെ ഔട്ട് ഹൗസിലാണ് മകൻ നോക്കിനിൽക്കെ പീഡിപ്പിച്ചത്.

യുവതിയെ കയറ്റിക്കൊണ്ടുപോയ ഓട്ടോയും ഭർത്താവ് ഓടിച്ച സ്‌കൂട്ടറും കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെയും തന്നെയും ബലമായി ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയതു മുതൽ ഉപദ്രവിച്ച കാര്യം വരെ പറഞ്ഞ് നാലുവയസ്സുകാരൻ നൽകിയ മൊഴിയാണ് കേസിൽ പ്രതികൾക്കെതിരായ ബലമായ കുരുക്കായതെന്നു പൊലീസ് പറഞ്ഞു. അമ്മയെ ഉപദ്രവിക്കുന്നതു തടഞ്ഞപ്പോൾ നെഞ്ചത്ത് പിടിച്ച് തള്ളി. നിലത്തു കിടന്നു കരഞ്ഞു ബഹളം വച്ചപ്പോൾ മുഖത്ത് അടിച്ചതായും കുട്ടി പൊലീസിനോടു പറഞ്ഞു. കേസിൽ മകനെ മുഖ്യ സാക്ഷിയാക്കുമെന്നാണ് സൂചന.

രണ്ടുദിവസംമുമ്പ്, പ്രതികളിലൊരാളായ രാജൻ വീട്ടിലെത്തി ഭർത്താവിന് പണം നൽകിയതായി യുവതി മൊഴി നൽകിയിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ബീച്ചിലേക്ക് കൊണ്ടുപോകാമെന്നുപറഞ്ഞ് ഭർത്താവ് യുവതിയെയും രണ്ടുമക്കളെയും കഠിനംകുളത്തെ പരിചയക്കാരന്റെ വീട്ടിലെത്തിച്ച് പീഡനത്തിന് അരങ്ങൊരുക്കിയത്. യുവതിയുടെ കൈയിലുണ്ടായിരുന്ന ആയിരം രൂപയും രണ്ട് മൊബൈൽ ഫോണും പ്രതികൾ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. അതിനാൽ മോഷണക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.

ഭർത്താവുമായി നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നു. പിണങ്ങിപ്പോയതിനു ശേഷം, പള്ളിയിൽ പരാതി നൽകിയതോടെയാണു ഭർത്താവ് ഒരു മാസം മുമ്പ് തിരിച്ചുവിളിച്ചത്. രണ്ടു ദിവസമായി ഭർത്താവ് ബീച്ചിൽ കൊണ്ടുപോകാറുണ്ടായിരുന്നു. ഇത് മറ്റുള്ളവർക്കു കാട്ടിക്കൊടുക്കാനായിരുന്നെന്നു കരുതുന്നു. സംഭവദിവസവും ബീച്ചിലേക്കെന്നു പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്. ഒരു അപ്പൂപ്പനും അമ്മൂമ്മയും മാത്രമുള്ള വീട്ടിലേക്കാണു കൊണ്ടുപോയത്. അവിടെവച്ച് ഭർത്താവ് മദ്യപിച്ചതിനൊപ്പം തന്നെയും കുടിപ്പിച്ചു. തുടർന്ന് ഭർത്താവ് കൂട്ടുകാരുടെ കൂടെ പുറത്തുപോയി. ഇളയ കുട്ടിയെയും കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് അവരിൽ ചിലർ അകത്തേക്കുവന്ന് തന്റെ തോളിൽ പിടിച്ചെന്നു യുവതിയുടെ മൊഴിയിൽ പറയുന്നു. രക്ഷപ്പെട്ടോളാൻ ആ വീട്ടിലെ അമ്മൂമ്മ പറഞ്ഞു. മകനെയെടുത്ത് പുറത്തിറങ്ങിയപ്പോഴാണ് സുഹൃത്തുക്കൾ വന്ന് ഭർത്താവ് അവിടെ അടിയുണ്ടാക്കുകയാണെന്നും ചേച്ചി ഒപ്പം വരണമെന്നും പറഞ്ഞത്.

അവർ വന്ന ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി. കാട്ടിലേക്കു കൊണ്ടുപോയി അടിക്കുകയും കടിക്കുകയുമൊക്കെ ചെയ്തു. സിഗരറ്റ് കുറ്റികൊണ്ട് ശരീരത്തു പൊള്ളിച്ചു. പിന്നെ ബോധം വന്നപ്പോൾ ചുരിദാറിന്റെ പാന്റ്സ് കാണാനുണ്ടായിരുന്നില്ല. മോനെയും അവർ അടിച്ചു. അതോടെ അവനെ വീട്ടിലെത്തിക്കണമെന്നും അതുകഴിഞ്ഞ് കൂടെവരാമെന്നും അവരോടു പറഞ്ഞു. റോഡിലെത്തിയപ്പോൾ ഓട്ടോയിൽ കയറാൻ പറഞ്ഞു. അപ്പോൾ മകനെ എടുത്തുകൊണ്ട് ഓടി, ഒരു ബൈക്ക് കണ്ടപ്പോൾ കൈ കാണിച്ചു. ബൈക്കിലുണ്ടായിരുന്നയാളാണു വീട്ടിലെത്തിച്ചത്. പിന്നീട് ആശുപത്രിയിലാക്കി. കുറച്ചുകഴിഞ്ഞ് ഭർത്താവെത്തി. കേസ് കൊടുക്കരുതെന്നു പറഞ്ഞു. രക്ഷിച്ച് വീട്ടിലെത്തിയവർ പൊലീസിനെ വിവരമറിയിച്ചിരുന്നു. പൊലീസെത്തി ഭർത്താവിനെ കൊണ്ടുപോയി. തന്നെ ഉപദ്രവിച്ചവരെ കണ്ടാൽ തിരിച്ചറിയുമെന്ന് യുവതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP