Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വാഹനാപകടം ഉണ്ടായത് ഏപ്രിൽ 23ന്; ഒരു മാസത്തെ ചികിൽസയ്ക്ക് ശേഷം പേരൂർക്കട ആശുപത്രിയിൽ എത്തി; മെയ്‌ 23ന് പനിയുണ്ടായി; മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടും സ്രവ പരിശോധന നടത്താതെ തിരികെ ജില്ലാ ആശുപത്രിയിലേക്ക്; ശ്വാസ തടസ്സം നേരിട്ടപ്പോൾ വീണ്ടും മെഡിക്കലിലേക്ക്; സ്രവ പരിശോധന നടത്തിയത് ന്യുമോണിയ തിരിച്ചറിഞ്ഞ ശേഷം; ഫാ കെജി വർഗ്ഗീസിന്റെ മരണത്തിൽ നിറയുന്നത് ഗുരുതര വീഴ്ചകൾ; ലംഘിക്കപ്പെട്ടത് കോവിഡ് പ്രോട്ടോക്കോൾ

വാഹനാപകടം ഉണ്ടായത് ഏപ്രിൽ 23ന്; ഒരു മാസത്തെ ചികിൽസയ്ക്ക് ശേഷം പേരൂർക്കട ആശുപത്രിയിൽ എത്തി; മെയ്‌ 23ന് പനിയുണ്ടായി; മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടും സ്രവ പരിശോധന നടത്താതെ തിരികെ ജില്ലാ ആശുപത്രിയിലേക്ക്; ശ്വാസ തടസ്സം നേരിട്ടപ്പോൾ വീണ്ടും മെഡിക്കലിലേക്ക്; സ്രവ പരിശോധന നടത്തിയത് ന്യുമോണിയ തിരിച്ചറിഞ്ഞ ശേഷം; ഫാ കെജി വർഗ്ഗീസിന്റെ മരണത്തിൽ നിറയുന്നത് ഗുരുതര വീഴ്ചകൾ; ലംഘിക്കപ്പെട്ടത് കോവിഡ് പ്രോട്ടോക്കോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡിന്റെ രോഗ ലക്ഷണമാണ് കടുത്ത പനി. പനിയുണ്ടെങ്കിൽ കോവിഡ് പരിശോധന നിർബന്ധമാണ്. എന്നിട്ടും അത് വരുത്തുന്നതിൽ കേരളം വീഴ്ച വരുത്തി. വാഹനാപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് , പേരൂർക്കട ആശുപത്രികളിൽ ഒന്നര മാസം ചികിത്സയിൽ കഴിഞ്ഞ് കോവിഡ് ബാധിച്ച് മരിച്ച ഫാ. കെ.ജി. വർഗീസിന് ചികിത്സാ കാലത്ത് കടുത്ത പനി ബാധിച്ചിട്ടും കോവിഡ് പരിശോധന നടത്തിയില്ലെന്ന് ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. ഇതുകൊണ്ടാണ് വർഗീസിന് എവിടെ നിന്നാണ് കോവിഡ് എത്തിയെന്ന് പോലും ഇനിയും സ്ഥിരീകരിക്കാൻ കഴിയാത്തത്. ഒടുവിൽ വൈകി നടത്തിയ പരിശോധനയുടെ ഫലം വന്നത് രോഗിയുടെ മരണശേഷവും. ഇത് വലിയ വീഴ്ചയാണ്.

ആരോഗ്യ വകുപ്പ് പുറത്തിറക്കിയ രോഗിയുടെ റൂട്ട് മാപ്പിലാണ് ആശുപത്രികളുടെ ഗുരുതര വീഴ്ച വ്യക്തമായത്. പനി ലക്ഷണങ്ങളുണ്ടായാൽ സ്രവ പരിശോധന നടത്തണമെന്നാണു കോവിഡ് പ്രോട്ടോക്കോൾ. ഇതാണ് ലംഘിക്കപ്പെട്ടത്. വാഹനാപകട കേസായി പരിഗണിച്ചതിനാലാണു വൈദികന് കോവിഡ് പരിശോധന നടത്താഞ്ഞതെന്നാണു വിശദീകരണം. എന്നാൽ ഇത് വലിയ വീഴ്ചയാണ് ന്യുമോണിയ ബാധയുണ്ടായെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സ്രവ പരിശോധന നടത്തിയതും കോവിഡ് സ്ഥിരീകരിച്ചതും. ഈ റിസൾട്ട് വന്നത് മരണത്തിന് ശേഷവും. ഇത് മൂലം പേരൂർക്കട ആശുപത്രിയിലെ ഡോക്ടർമാരടക്കം ക്വാറന്റീനിൽ പോകേണ്ടിയും വന്നു.

ഇതിനിട ആശങ്ക അകറ്റി വൈദികനെ ചികിത്സിച്ച പേരൂർക്കട ആശുപത്രിയിലെ ജീവനക്കാരുടെ ഫലം നെഗറ്റീവ് എന്ന് തെളിഞ്ഞു കഴിഞ്ഞു. 14 ഡോക്ടർമാരുടേയും 35 ജീവനക്കാരുടേയും പരിശോധാഫലമാണ് പുറത്ത് വന്നത്. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് തിരുവനന്തപുരത്തെ ഫാ. കെ ജി വർഗീസ് കോവിഡ് ബാധിച്ച് മരിച്ചത്. ഏപ്രിൽ 20നാണ് വാഹനാപകടമുണ്ടായത്. ഒരുമാസത്തിന് ശേഷം പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന് 23ന് പനിയുണ്ടായി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അന്ന് തന്നെ തിരികെ പേരൂർക്കട ആശുപത്രിയിലേക്ക് വിട്ടു.

പിന്നീട് ശ്വാസതടസ്സം നേരിട്ടതോടെയാണ് പേരൂർക്കട ആശുപത്രിയിൽ നിന്നും അഞ്ച് ദിവസത്തിന് ശേഷം വീണ്ടും അദ്ദേഹത്തെ മെഡിക്കൽ കോളേജിലെത്തിച്ചത്. പിറ്റേ ദിവസം സ്രവമെടുത്തെങ്കിലും അതിന് പിറ്റേന്ന് അദ്ദേഹം മരിച്ചു. മരണശേഷം പരിശോധനഫലം ലഭിച്ചപ്പോഴാണ് കോവിഡ് ബാധിതനെന്ന് വ്യക്തമായത്. ഇദ്ദേഹത്തിന് രോഗം എവിടെ നിന്ന് കിട്ടിയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് വലിയ വീഴ്ചയായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.

വൈദികന്റെ മൃതദേഹം അനിശ്ചിതത്വത്തിനൊടുവിൽ വ്യാഴാഴ്ച സംസ്‌കരിച്ചിരുന്നു. നെട്ടയം മണലയത്തെ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ പകൽ മൂന്നിനായിരുന്നു ഫാ. കെ ജി വർഗീസിന്റെ സംസ്‌കാരം. മതപരമായ ചടങ്ങുകൾ നേരത്തെ പൂർത്തിയാക്കിയ ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്. മലമുകളിൽ തർക്കം നിലനിന്നിരുന്ന ഭൂമിയിൽ ബുധനാഴ്ച നടത്താനിരുന്ന സംസ്‌കാരം നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് മാറ്റുകയായിരുന്നു. കനത്ത പൊലീസ് സന്നാഹത്തോടെയും ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യത്തിലുമായിരുന്നു സംസ്‌കാരം.

കുഴി ഒരുക്കുന്നതിനിടെ പ്രദേശവാസികളായ ഏതാനും സ്ത്രീകൾ വ്യാഴാഴ്ച രാവിലെയും പ്രതിഷേധവുമായി എത്തിയെങ്കിലും അധികൃതർ ഇടപെട്ടു. മേയർ കെ ശ്രീകുമാർ, തഹസിൽദാർ ഹരിശ്ചന്ദ്രൻ നായർ, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ഐ പി ബിനു, ഓർത്തഡോക്‌സ് സഭാ ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രോപൊലീത്ത എന്നിവർ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP