Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നലെ 204 മരണങ്ങൾ; മൊത്തം മരണം 40,000 കടന്നിട്ടും ഇനി എല്ലാം ശരിയാവുമെന്ന ആത്മവിശ്വാസം മാറുന്നില്ല; എല്ലാം ഉടൻ ശരിയാവുമെന്ന് ഒരു വിഭാഗം പറയുമ്പോൾ രണ്ടാം വരവ് ഉറപ്പെന്ന് കുറച്ച് പേർ; ബ്രിട്ടൺ കൊറോണ ഭീതിയിൽ തന്നെ

ഇന്നലെ 204 മരണങ്ങൾ; മൊത്തം മരണം 40,000 കടന്നിട്ടും ഇനി എല്ലാം ശരിയാവുമെന്ന ആത്മവിശ്വാസം മാറുന്നില്ല; എല്ലാം ഉടൻ ശരിയാവുമെന്ന് ഒരു വിഭാഗം പറയുമ്പോൾ രണ്ടാം വരവ് ഉറപ്പെന്ന് കുറച്ച് പേർ; ബ്രിട്ടൺ കൊറോണ ഭീതിയിൽ തന്നെ

സ്വന്തം ലേഖകൻ

ബ്രിട്ടനിൽ ഇന്നലെ കൊറോണക്ക് കവരാനായത് വെറും 204 കോവിഡ് മരണങ്ങളാണെന്ന ആശ്വാസകരമായ റിപ്പോർട്ട് പുറത്ത് വന്നു. രാജ്യത്തെ മൊത്തം കൊറോണ മരണം 40,353ലെത്തിയിട്ടും ഇനി എല്ലാം ശരിയാവുമെന്ന ആത്മവിശ്വാസം ഇല്ലാതാവുന്നില്ല. കൊറോണ പാടെ ഇല്ലാതായി രാജ്യത്ത് എല്ലാം ശരിയാവുമെന്ന് ഒരു വിഭാഗം പറയുമ്പോൾ കൊറോണയുടെ രണ്ടാം വരവ് യുകെയിൽ ഉറപ്പാണെന്ന മുന്നറിയിപ്പേകി മറ്റൊരു വിഭാഗം പേർ രംഗത്തെത്തിയിട്ടുമുണ്ട്.

എന്നാൽ രാജ്യത്ത് ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷം ഏറ്റവും കുറവ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത് ശനിയാഴ്ചയാണ് ഇന്നലെയെന്നത് രാജ്യത്തിന്റെ അതിജീവന പ്രതീക്ഷകൾക്ക് കരുത്തേകുന്നുണ്ട്. പക്ഷേ യുകെയിൽ കോവിഡ് പടർന്ന് പിടിച്ച് 11 ആഴ്ചകൾക്ക് ശേഷവും മരണസംഖ്യ മൂന്നക്കം കുറയാത്തതും കൊറോണയുടെ റീപ്രൊഡക്ഷൻ ആർ റേറ്റ് അഥവാ ഒരാളിൽ നിന്നും എത്ര പേരിലേക്ക് വൈറസ് പടരുന്നുവെന്ന നിരക്ക് ചിലയിടങ്ങളിൽ ഒന്നിൽ കൂടുതൽ നിലനിൽക്കുന്നതും നല്ല പ്രവണതയല്ലെന്നാണ് ചില ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പേകുന്നത്.

ഏപ്രിൽ 18 ശനിയാഴ്ച രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ സമയത്ത് മൂർധന്യത്തിലെത്തിയ 1115 പേരുടെ ജീവൻ കൊറോണ കവർന്ന സ്ഥാനത്താണ് ഇന്നലത്തെ ശനിയാഴ്ച മരണം 204 ആയി ഇടിഞ്ഞിരിക്കുന്നതെന്നത് വൻ അതിജീവന പ്രതീക്ഷയാണേകുന്നത്. യുകെയിൽ ഇക്കഴിഞ്ഞ ആഴ്ചകളിലുണ്ടായ കൊറണ മരണങ്ങൾ അവിരാമം ഇടിയുന്നുവെന്നും കണക്കുകൾ വെളിപ്പെടുത്തുന്നു. അതായത് കഴിഞ്ഞ ശനിയാഴ്ച 215 പേർക്കും മെയ്‌ 16 ശനിയാഴ്ച 468 പേർക്കും കൊറോണ ബാധിച്ച് ജീവൻ നഷ്ടപ്പെട്ട സ്ഥാനത്താണ് ഇന്നലെ മരണം 204 ആയി ഇടിഞ്ഞിരിക്കുന്നത്.

രണ്ടാഴ്ച മുമ്പത്തെ ശനിയാഴ്ച മരിച്ചിരുന്നത് 282 പേരായിരുന്നു. യുകെയിൽ അടച്ച് പൂട്ടൽ ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പത്തെ ശനിയാഴ്ച വെറും 56 പേർ മരിച്ച ദിവസത്തിന് ശേഷം ഏറ്റവും കുറവ് കൊറോണ മരണം രേഖപ്പെടുത്തിയ ശനിയാഴ്ചയാണ് ഇന്നലെ കടന്ന് പോയിരിക്കുന്നത്. ഗവൺമെന്റ് പുറത്ത് വിട്ട കണക്കുകളനുസരിച്ച് യുകെയിൽ ആകെ 2,85,000 പേർക്കാണ് കോവിഡ് പിടിപെട്ടിരിക്കുന്നത്. പക്ഷേ യഥാർത്ഥത്തിൽ മില്യൺ കണക്കിന് പേരെ കോവിഡ് പിടികൂടിയെന്നാണ് ഗവൺമെന്റ് സയന്റിസ്റ്റുമാർ പോലും സമ്മതിക്കുന്നത്. രോഗത്തിന്റെ ആരംഭത്തിൽ രാജ്യത്ത് വ്യാപകമായ കോവിഡ് 19 ടെസ്റ്റുകൾ നിഷേധിച്ചതിനാലാണീ ദുരവസ്ഥ സംജാതമായിരിക്കുന്നത്. ഇതിന് മമ്പ് കോവിഡ് അതിരൂക്ഷമായ ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ പ്രതിദിന മരണനിരക്ക് 100ന് താഴെ ആയി ഇടിഞ്ഞിട്ടും യുകെയിൽ അത് താഴാത്തതും ഭീതി ഉയർത്തുന്നുണ്ടെന്ന് ഒരു വിഭാഗം സയന്റിസ്റ്റുകൾ എടുത്ത് കാട്ടുന്നു.

അതിനിടെ കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ബ്രിട്ടീഷ് ഗവൺമെന്റിനുണ്ടായ പാളിച്ചകളെ പറ്റി അന്വേഷണം നടത്തണമെന്ന ആവശ്യപ്പെട്ട് ഏതാണ്ട് 27 മുൻനിര സയന്റിസ്റ്റുമാർ മുന്നോട്ട് വന്നത് സർക്കാരിന് കടുത്ത തിരിച്ചടിയേകിയിട്ടുണ്ട്. ഈ വിന്ററിൽ കൊറോണയുടെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കാൻ സാധ്യതയേറിയതിനാൽ ഇനിയുമേറെ പേർക്ക് ജീവൻ നഷ്ടപ്പെടുമെന്നും ഈ ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പേകുന്നു. ഈ അപകടസാധ്യത മിനിസ്റ്റർമാർ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കിൽ രണ്ടാം വരവിൽ കൂടുതൽ പേർ മരിക്കുമെന്നും ഈ സയന്റിസ്റ്റുകൾ മുന്നറിയിപ്പേകുന്നു.

ഇത് സംബന്ധിച്ച മുന്നറിയിപ്പേകി ഇവർ പ്രധാനമന്ത്രി ബോറിസ് ജോൺസന് കത്തയച്ചിട്ടുമുണ്ട്. കൊറോണ വിഷയത്തിൽ മിനിസ്റ്റർമാരും സയന്റിസ്റ്റുകളും തമ്മിൽ വളരുന്ന അഭിപ്രായ വ്യത്യാസമാണ് ഇതിലൂടെ മറനീക്കി പുറത്ത് വന്നിരിക്കുന്നത്.സാജ് മെമ്പർമാരാരുമില്ലാതെ ഇന്നലെ ഡൗണിങ് സ്ട്രീറ്റിൽ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് കൊറോണ പ്രസ് കോൺഫറൻസിൽ കാര്യങ്ങൾ വെളിപ്പെടുത്തിയതും സർക്കാരും സയന്റിസ്റ്റുമാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെയാണ് എടുത്ത് കാട്ടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP