Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇനി ഭക്തർക്ക് ദർശന കാലം; ശബരിമല നട 14ന് തുറക്കം; ഗുരുവായൂരിൽ ചൊവ്വാഴ്ച മുതൽ ഭക്തർക്ക് പ്രവേശനം; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ചൊവ്വാഴ്ച മുതൽ 600 പേർക്ക് ദർശനം

ഇനി ഭക്തർക്ക് ദർശന കാലം; ശബരിമല നട 14ന് തുറക്കം; ഗുരുവായൂരിൽ ചൊവ്വാഴ്ച മുതൽ ഭക്തർക്ക് പ്രവേശനം; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ചൊവ്വാഴ്ച മുതൽ 600 പേർക്ക് ദർശനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇനി ഭക്തർക്ക് ദർശന കാലം. ഗുരുവായൂർ ക്ഷേത്രത്തിലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും ചൊവ്വാഴ്ച മുതൽ ഭക്തർക്ക് പ്രവേശനം. കർശന നിയന്ത്രണങ്ങളോടെയാവും ഭക്തർക്ക് പ്രവേശനം അനുവദിക്കുക. ശബരിമല നട ജൂൺ 14 മുതൽ 28 വരെ മാസപൂജയ്ക്കും ഉത്സവത്തിനുമായി തുറക്കും. 28നാണ് ആറാട്ട്. ശബരിമലദർശനത്തിന് വെർച്വൽക്യൂ നിർബന്ധമാക്കി. മറ്റുമാർഗങ്ങളിലൂടെ ഭക്തരെ കടത്തിവിടില്ല. വി.ഐ.പി. ദർശനവും അനുവദിക്കില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പാസിന് അപേക്ഷിക്കുമ്പോൾ കോവിഡ് ബാധ ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിഡ് ജാഗ്രത പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.

കേന്ദ്രസർക്കാർ അംഗീകരിച്ച ലാബുകളിൽനിന്നുള്ള പരിശോധനഫലം മാത്രമേ സ്വീകരിക്കൂ. രേഖകളുടെ സാധുത പരിശോധിച്ച് വാഹനപാസ് അനുവദിക്കും. ഒരുദിവസം 2500 പേർക്ക് ദർശനസൗകര്യം ഉണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. വെർച്വൽ ക്യൂ വഴി മണിക്കൂറിൽ 200 പേരെ പ്രവേശിപ്പിക്കും. രാവിലെ 4 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയും വൈകിട്ട് 4 മുതൽ രാത്രി 11 വരെയും ദർശനം അനുവദിക്കും. ആകെ 16 മണിക്കൂറിൽ 3200 പേർക്കു ദർശനം ലഭിക്കും. ക്ഷേത്രമുറ്റത്ത് ഒരേ സമയം 50 പേർ മാത്രം. ബാക്കിയുള്ളവർ അടുത്ത ക്യൂവിൽ അകലം പാലിച്ചു നിൽക്കണം. ഇവർക്കായി വൃത്തം വരച്ച് ക്രമീകരണം ഏർപ്പെടുത്തും. 10 നു താഴെയും 65 നു മുകളിലും പ്രായമുള്ളവർക്ക് രജിസ്‌ട്രേഷൻ നൽകില്ല. പമ്പാ സ്‌നാനം അനുവദിക്കില്ല. ഭക്തർക്ക് താമസ സൗകര്യവും ഉണ്ടാകില്ല.

ഒരു മണിക്കൂറിൽ 200 പേർക്ക് രജിസ്ട്രേഷൻ ലഭിക്കും. രാവിലെ നാലുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയും വൈകീട്ട് നാലുമുതൽ രാത്രി 11 വരെയുമാണ് ദർശന സമയം. 50 പേരെ വീതം സന്നിധാനത്തേക്ക് കടത്തിവിടും. സാമൂഹികാകലം പാലിച്ച് വരിനിൽക്കാനുള്ള സ്ഥലം രേഖപ്പെടുത്തും. സന്നിധാനത്ത് താമസസൗകര്യമുണ്ടാകില്ല. രാത്രി നട അടയ്ക്കുന്നതോടെ ഭക്തരെ പമ്പയിലേക്ക് അയക്കും. കച്ചവടസ്ഥാപനങ്ങളും ഹോട്ടലുകളും ഉണ്ടാകില്ല. അന്നദാനം അനുവദിക്കില്ല. ദേവസ്വം ബോർഡ് വക ചൂടുകഞ്ഞി വിതരണം ഉണ്ടാകും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 600 പേർക്ക് ദർശനം
ദിവസേന 20,000ത്തോളം പേർ ദർശനത്തിനെത്തിയിരുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ചൊവ്വാഴ്ച മുതൽ മുൻകൂട്ടി ബുക്ക് ചെയ്ത 600 പേർക്കു മാത്രം ദർശനം അനുവദിക്കും. ക്ഷേത്രത്തിൽ പൂജയ്ക്കും ദർശനത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ദർശനത്തിന് ഓൺലൈൻ വഴിയോ, ക്ഷേത്രത്തിലെ ബുക്കിങ് കൗണ്ടർ വഴിയോ മുൻകൂട്ടി ബുക്ക് ചെയ്യണം. ദർശനത്തിനെത്തുന്നവർ ടോക്കണും ആധാർ കാർഡും സൂക്ഷിക്കണം. രാവിലെ 8.30 മുതൽ 11.15 വരെയും വൈകീട്ട് 4.30 മുതൽ 6.15 വരെയുമാണ് ദർശനസമയം. വടക്കേനട വഴി പ്രവേശിക്കുന്ന ഭക്തർ നരസിംഹമൂർത്തി, ശ്രീപത്മനാഭസ്വാമി, തിരുവാമ്പാടി എന്നിവിടങ്ങളിൽ തൊഴുതതിനു ശേഷം പടിഞ്ഞാറെനട വഴി പുറത്തിറങ്ങണം.

നേരത്തെ ഒറ്റക്കൽമണ്ഡപത്തിൽ കയറി ശയനമൂർത്തിയെ വണങ്ങാൻ സൗകര്യമുണ്ടായിരുന്നു. ഇപ്പോൾ മണ്ഡപത്തിനു താഴെനിന്നാണ് തൊഴേണ്ടത്. ശീവേലിപ്പുരയിലൂടെയുള്ള പ്രദക്ഷിണവും തടഞ്ഞിട്ടുണ്ട്. ഉള്ളിൽ അധികനേരം തങ്ങാൻ അനുവദിക്കുകയില്ല. പ്രസാദവിതരണവും താത്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ക്ഷേത്രപരിസരം നേരത്തെ അണുവിമുക്തമാക്കിയിരുന്നു. തിങ്കളാഴ്ച രണ്ടാംഘട്ട വൃത്തിയാക്കലിനും ശ്രമം നടക്കുന്നുണ്ട്.

ഗുരുവായൂരിലും 600 പേർക്ക് ദർശനം; 60 വിവാഹം
ഗുരുവായൂർ ദർശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ സജ്ജീകരിക്കും. അപേക്ഷിക്കുന്നവർക്ക് ദർശനത്തിനുള്ള സമയം അനുവദിക്കും. ഒരു ദിവസം 600 പേർക്കാണ് ദർശനം. മണിക്കൂറിൽ 150 പേരെ ക്ഷേത്രത്തിലേക്ക് കടത്തിവിടും. 50 പേരടങ്ങുന്ന സംഘമായിട്ടാകും പ്രവേശനം. ഒരോ സംഘവും മടങ്ങിയശേഷം ഇടനാഴികളും കമ്പിയഴികളും അണുവിമുക്തമാക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ദർശനം. പ്രസാദം, നിവേദ്യം നൽകില്ല.

ഒരുദിവസം 60 വിവാഹങ്ങൾ നടത്താം. രാവിലെ അഞ്ചുമുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് സമയം. രജിസ്ട്രേഷൻ മുൻഗണനക്രമം അനുസരിച്ച് സമയം അനുവദിക്കും. 10 മിനിറ്റാണ് ഒരു വിവാഹത്തിന് ലഭിക്കുക. വധൂവരന്മാരടക്കം പത്തുപേർക്ക് പ്രവേശിക്കാം. വിവാഹത്തിന് അനുവദിച്ചസമയത്തിന് അരമണിക്കൂർമുമ്പ് എത്തണം. വിവാഹങ്ങൾക്ക് വരുന്നവർക്ക് മേൽപ്പത്തൂർ ഭട്ടതിരി ഓഡിറ്റോറിയത്തിൽ സൗകര്യം ഒരുക്കും. വൈദ്യപരിശോധനാ സംഘവുമുണ്ടാകും. ചൊവ്വാഴ്ച മുതലാണ് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP