Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തെ കോവിഡ് വ്യാപനം സെപ്റ്റംബർ മധ്യത്തോടെ അവസാനിക്കുമെന്ന് വിദഗ്ധരുടെ അഭിപ്രായം പ്രതീക്ഷയാകുന്നു; സ്വകാര്യ ആശുപത്രികൾക്കെതിരെ അതിശക്തമായ നടപടിക്ക് ഡൽഹി; ഉത്തർപ്രദേശിൽ ചികിൽസ കിട്ടാതെ ഗർഭിണി പോലും മരിക്കുന്ന അവസ്ഥ; പുതുച്ചേരിയിൽ മൃതദേഹത്തോടും അനാദരവ്; രോഗ വ്യാപനം കൂടുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ച് ഇന്ത്യ; കൊറോണ രാഗികളുടെ എണ്ണം മൂന്ന് ലക്ഷം ക്ലബ്ബിലേക്ക് കുതിക്കുമ്പോൾ

രാജ്യത്തെ കോവിഡ് വ്യാപനം സെപ്റ്റംബർ മധ്യത്തോടെ അവസാനിക്കുമെന്ന് വിദഗ്ധരുടെ അഭിപ്രായം പ്രതീക്ഷയാകുന്നു; സ്വകാര്യ ആശുപത്രികൾക്കെതിരെ അതിശക്തമായ നടപടിക്ക് ഡൽഹി; ഉത്തർപ്രദേശിൽ ചികിൽസ കിട്ടാതെ ഗർഭിണി പോലും മരിക്കുന്ന അവസ്ഥ; പുതുച്ചേരിയിൽ മൃതദേഹത്തോടും അനാദരവ്; രോഗ വ്യാപനം കൂടുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ച് ഇന്ത്യ; കൊറോണ രാഗികളുടെ എണ്ണം മൂന്ന് ലക്ഷം ക്ലബ്ബിലേക്ക് കുതിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ്-19 രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ലോകത്തിൽ ആറാം സ്ഥാനത്തേക്ക്. ഇറ്റലിയെ പിന്നിലാക്കിയാണ് ഇന്ത്യ ഈ സ്ഥാനത്തെത്തിയത്. മെയ്‌ 31-നാണ് ഇന്ത്യ ഫ്രാൻസിനെ പിന്തള്ളി ഏഴാം സ്ഥാനത്ത് പ്രവേശിച്ചത്. ഇന്ത്യയിൽ പ്രതിദിന രോഗബാധയുടെ തോത് ഒൻപതിനായിരത്തിനു മുകളിലായി. ഇതേ രീതിയിൽ പോയാൽ രോഗബാധിതരുടെ എണ്ണം അടുത്തയാഴ്ച മൂന്നുലക്ഷം കടക്കും.

ഇന്നലെ 10,521 പേർക്കാണ് രോഗം ബാധിച്ചത്. മരിച്ചവരുടെ എണ്ണം 297ഉം. രണ്ടും സർവ്വകാല റിക്കോർഡാണ്. 120968 ആക്ടീവ് കേസുകളാണുള്ളത്. 118695 പേർക്ക് രോഗമുക്തിയുണ്ടായി. ആകെ രോഗികൾ 2,46,622ഉം. മരണം 6940ഉം. ഇങ്ങനെ പോയാൽ ദിവസങ്ങൾക്കുള്ളിൽ ബ്രിട്ടനേയും സ്‌പെയിനിനേയും രോഗ കണക്കിൽ ഇന്ത്യ പിന്നിടും. അമേരിക്കയിൽ 20 ലക്ഷത്തിന് അടുത്ത് രോഗ ബാധിതരുണ്ട്. ബ്രസീലിൽ ഏഴ് ലക്ഷത്തോളം പേർക്കും റഷ്യയിൽ നാലരലക്ഷത്തിലും അധികം രോഗികളുണ്ട്.

ഇന്ത്യയിലെ കോവിഡ് രോഗവ്യാപനം സെപ്റ്റംബർ മധ്യത്തോടെ അവസാനിക്കുമെന്ന് വിദഗ്ധരുടെ അഭിപ്രായം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അനിൽ കുമാർ, ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടർ ജനറൽ രൂപാലി റോയ് എന്നിവർ എപ്പിഡമോളജി ഇന്റർനാഷണൽ ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എത്രപേർ വൈറസ് ബാധിതരാകുന്നു അതിൽ എത്രപേർക്ക് രോഗമുക്തിയോ മരണമോ സംഭവിക്കുന്നു എന്നതനുസരിച്ചാണ് ഇതു കണക്കാക്കുന്നത്. മെയ്‌ 19-ന് ഇത് 42 ശതമാനമായിരുന്നു. സെപ്റ്റംബർ പകുതിയാകുന്‌പോൾ ഇത് നൂറുശതമാനമാകുമെന്ന് ഡോ. അനിൽ കുമാർ, വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു

ലോകത്തുകൊറോണ വൈറസ് കൂടുതൽ ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് പിന്നിട്ട നാലു ദിവസങ്ങളിൽ റെക്കോർഡ് കുതിപ്പാണ് രോഗബാധിതരുടെ കണക്കിൽ രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ ഇന്ത്യയിൽ 9,887 പേർക്കാണു പുതുതായി രോഗം ബാധിച്ചതെന്നാണ് ശനിയാഴ്ച രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. രോഗികളുടെ എണ്ണത്തിൽ ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ വർധനയാണിത്. അതേസമയം രോഗം ഭേദപ്പെടുന്നവരുടെ ശതമാനത്തിൽ ശനിയാഴ്ച നേരിയ കുറവുണ്ടായി. വെള്ളിയാഴ്ച 48.27 ശതമാനം ആയിരുന്നത് ഇപ്പോൾ 48.20 ശതമാനമാണ്. 24 മണിക്കൂറിനിടെ 294 പേരാണ് രാജ്യത്ത് രോഗം ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 6,642 ആയി. തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് രോഗികളുടെ എണ്ണം 9,000 ത്തിലേറെ രേഖപ്പെടുത്തുന്നത്.

രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം നാലക്കമോ, അതിൽ അധികമോ ആണ്. രോഗം ബാധിച്ചവർ, ചികിൽസയിലുള്ളവർ, ഭേദപ്പെട്ടവർ, മരണ സംഖ്യ എന്നിവയിലെല്ലാം മഹാരാഷ്ട്രയാണു മുന്നിൽ. ശനിയാഴ്ച മാത്രം 2739 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച 120 പേർ കൂടി മരിച്ചതോടെ മഹാരാഷ്ട്രയിൽ മാത്രം മരിച്ചവരുടെ എണ്ണം 2,849 ആയി. ഇതിനൊപ്പം തമിഴ്‌നാടും ഡൽഹിയും ഗുജറാത്തും അതിതീവ്ര മേഖലകളാണ്. ഉത്തർപ്രദേശിലും ഭീതി കൂടുകയാണ്. കേരളത്തിലും രോഗികളുടെ എണ്ണം പെരുകുന്നു. അതിനിടെ കോവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.

ചില ആശുപത്രികളിൽ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആശുപത്രി കിടക്കകൾ കൊണ്ട് കരിഞ്ചന്ത നടത്തുന്ന അത്തരം ആശുപത്രികൾക്ക് താക്കീത് നൽകുകയാണ്. അവരിൽ ചിലർക്ക് രാഷ്ട്രീയ സംരക്ഷണമുണ്ട്. പക്ഷേ, അതിനെയെല്ലാം മറികടന്ന് അത്തരം ആശുപത്രികൾക്ക് എതിരേ കർശന നടപടിയെടുക്കുമെന്നും കേജരിവാൾ മുന്നറിയിപ്പു നൽകി. കോവിഡ് രോഗികൾക്ക് കിടക്ക ഉറപ്പു വരുത്തുന്നതിനും കൃത്യമായ വിവരം ലഭ്യമാക്കുന്നതിനും സ്വകാര്യ ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും കേജരിവാൾ പറഞ്ഞു.

വിഷയം പരിഹരിക്കാൻ കുറച്ചു ദിവസങ്ങൾ കൂടി സർക്കാരിന് ആവശ്യമാണ്. കിടക്കകൾ ഉണ്ടായിട്ടും കോവിഡ് ബാധിതർക്ക് ചില ആശുപത്രികളിൽ പ്രവേശനം നിഷേധിക്കുന്ന സംഭവം സർക്കാർ അങ്ങേയറ്റം ഗൗരവമായി കാണുന്നുവെന്നും കേജരിവാൾ പറഞ്ഞു.

യുപിയിൽ ഗർഭിണി ചികിൽ കിട്ടാതെ മരിച്ചു

ഉത്തർപ്രദേശിൽ ആശുപത്രികൾ ചികിൽസ നിഷേധിച്ചതിനെത്തുടർന്ന് 13 മണിക്കൂർ അലഞ്ഞ ഗർഭിണിക്ക് ഒടുവിൽ ആംബുലൻസിൽ ദാരുണാന്ത്യം. ഗൗതം ബുദ്ധ് നഗർ ജില്ലയിൽ ശനിയാഴ്ചയാണു സംഭവം. 30-കാരിയായ നീലം, ഭർത്താവ് വിജേന്ദർ സിങ് എന്നിവർ പന്ത്രണ്ടോളം ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും ചികിൽസ നിഷേധിക്കുകയായിരുന്നു.

ശിവാലിക് എന്ന സ്വകാര്യ ആശുപത്രിയിലായിരുന്നു എട്ടുമാസം ഗർഭിണിയായിരുന്ന നീലം ചികിൽസ തേടിയിരുന്നത്. വെള്ളിയാഴ്ച ആശുപത്രിയിലെത്തിയെങ്കിലും വേറെ ഏതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ നിർബന്ധിക്കുകയായിരുന്നു. തുടർന്ന് നിരവധി ആശുപത്രികൾ കയറി ഇറങ്ങിയെങ്കിലും കട്ടിലുകൾ ഒഴിവില്ല എന്നറിയിച്ച് എല്ലായിടത്തും ചികിൽസ നിഷേധിച്ചു.

ഒടുവിൽ ജിഐഎംഎസ് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിൽ കിടത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് എൽ.വൈ.സുഹാസ് ഉത്തരവിട്ടു. മെയ്‌ 25നും യുപിയിൽ സമാന സംഭവം ഉണ്ടായിരുന്നു. നവജാത ശിശുവും ഇത്തരത്തിൽ ചികിത്സ ലഭിക്കാതെ മരിച്ചു. കുട്ടിയുമായി പിതാവ് ഗ്രേറ്റർ നോയ്ഡയ്ക്കും നോയ്ഡയ്ക്കും ഇടയിൽ പല ആശുപത്രികളും കയറി ഇറങ്ങിയെങ്കിലും ചികിൽസ ലഭിച്ചില്ലെന്നായിരുന്നു പരാതി.

പുതുചേരിയിൽ സംസ്‌കാര വിവാദം

പുതുചേരിയിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സ്‌ട്രെച്ചറിൽ നിന്നു ശവക്കുഴിയിലേക്കു വലിച്ചെറിഞ്ഞത് വിവാദത്തിൽ. ഒടിഞ്ഞു മടങ്ങിയ രീതിയിൽ കുഴിയിലേക്കു വീണ മൃതദേഹം അതേപടി മണ്ണിട്ടുമൂട്ടി. കോവിഡ് പേടിയുടെ പേരിൽ, മൃതദേഹത്തോടു പോലും ക്രൂരത അരങ്ങേറിയതു പുതുച്ചേരിയിൽ. ചെന്നൈ സ്വദേശിയായ ജ്യോതി മുത്തുവിനാണ് (45) മാന്യമായ സംസ്‌കാരം നിഷേധിക്കപ്പെട്ടത്. പുതുച്ചേരി ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

ചെന്നൈ തൗസൻഡ് ലൈറ്റ്സിൽ താമസിക്കുന്ന മുത്തുവിന്റെ ഭാര്യ പുതുച്ചേരി സ്വദേശിയാണ്. ലോക്ഡൗണിനു മുൻപ് വീട്ടിൽ പോയ അവർ അവിടെ കുടുങ്ങിയതോടെ, 2 ദിവസം മുൻപ് മുത്തു കാറിൽ ഇവിടെ എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ തളർന്നു വീണു. ഹൃദയാഘാതമായിരുന്നു മരണ കാരണമെങ്കിലും പിന്നീട് കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവ്. കോവിഡ് ചട്ടം പാലിച്ചാണു ശ്മശാനത്തിലേക്കു മൃതദേഹം എത്തിച്ചത്. കുടുംബാംഗങ്ങളാരും ചടങ്ങിൽ പങ്കെടുത്തില്ല. എന്നാൽ, അവിടെയെത്തിയ ശേഷം മൃതദേഹം 15 അടി താഴ്ചയിലെടുത്ത കുഴിയിലേക്കു വലിച്ചെറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരിലാരോ പകർത്തിയ വിഡിയോയിലൂടെയാണു സംഭവം പുറത്തറിഞ്ഞത്.

സംസ്ഥാനത്തെ ആദ്യ കോവിഡ് മരണമായതിനാൽ എല്ലാവരും ഭയത്തിലായിരുന്നുവെന്നും അതുകൊണ്ടു സംഭവിച്ച വീഴ്ചയാണെന്നും പുതുച്ചേരി ആരോഗ്യ സെക്രട്ടറി മോഹൻ കുമാർ പറഞ്ഞു. കർശന നടപടി സ്വീകരിച്ചതായും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP