Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇതെല്ലാം മന്ത്രി കെ.കെ.ശൈലജ അറിഞ്ഞുതന്നെയോ? തലസ്ഥാനത്ത് ജനറൽ ആശുപത്രിയെ കൊറോണ ആശുപത്രി എന്ന ലേബലിൽ നിന്ന് മാറ്റാൻ ആസൂത്രിത നീക്കം; ജനറൽ ആശുപത്രിയെ വെട്ടി പേരൂർക്കട ആശുപത്രിയെ കൊറോണ ആശുപത്രിയാക്കാൻ തീരുമാനം; കൊറോണ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ജില്ലാ പ്ലാൻ മാറ്റുന്നത് ദിവസം രോഗികളുടെ അക്കം മൂന്നക്കത്തിലേക്ക് കടന്നതിനിടെ; കെജിഎംഒയുടെ ഇടപടലിൽ തിരഞ്ഞെടുത്തത് ഒരു ഐസിയു പോലുമില്ലാത്ത പേരൂർക്കട ആശുപത്രിയെ; വീണ്ടും വിവാദം

ഇതെല്ലാം മന്ത്രി കെ.കെ.ശൈലജ അറിഞ്ഞുതന്നെയോ? തലസ്ഥാനത്ത് ജനറൽ ആശുപത്രിയെ കൊറോണ ആശുപത്രി എന്ന ലേബലിൽ നിന്ന് മാറ്റാൻ ആസൂത്രിത നീക്കം; ജനറൽ ആശുപത്രിയെ വെട്ടി പേരൂർക്കട ആശുപത്രിയെ കൊറോണ ആശുപത്രിയാക്കാൻ തീരുമാനം; കൊറോണ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ജില്ലാ പ്ലാൻ മാറ്റുന്നത് ദിവസം രോഗികളുടെ അക്കം മൂന്നക്കത്തിലേക്ക് കടന്നതിനിടെ; കെജിഎംഒയുടെ ഇടപടലിൽ തിരഞ്ഞെടുത്തത് ഒരു ഐസിയു പോലുമില്ലാത്ത പേരൂർക്കട ആശുപത്രിയെ; വീണ്ടും വിവാദം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയെ കൊറോണ ആശുപത്രി എന്ന ലേബലിൽ നിന്നും മാറ്റാൻ ആസൂത്രിത നീക്കം. കൊറോണ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ജില്ലാ പ്ലാൻ മാറ്റാൻ ആസൂത്രിത നീക്കം നടക്കുന്നത് സർക്കാർ തലത്തിൽ തന്നെ എന്ന വിവരമാണ് ലഭിക്കുന്നത്. ഇതോടെ തിരുവനന്തപുരം ജില്ലയിൽ മികച്ച രീതിയിൽ നടന്നുവരുന്ന കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിയാനുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്. ജില്ലാ പ്ലാനിൽ കൊറോണ ഡ്യൂട്ടിയുമായി ബന്ധപ്പെട്ടു രണ്ടു ആശുപത്രികൾ മാത്രമാണ് ഉള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജും ജനറൽ ആശുപത്രിയും. ഇതിൽ ജനറൽ ആശുപത്രിയെ വെട്ടി പേരൂർക്കട ആശുപത്രിയാക്കാനാണ് നീക്കം നടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 108 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഒരു ദിവസം ഒരു കൊറോണ രോഗിപോലും ഇല്ലാത്ത അവസ്ഥയിൽ നിന്നും ദിനം പ്രതി കൊറോണ രോഗികളുടെ എണ്ണം നൂറു കവിയുകയും മരണം പതിനാലിലേക്ക് ഉയരുകയും ചെയ്യുമ്പോൾ തന്നെയാണ് കൊറോണ പ്ലാൻ അട്ടിമറിക്കാൻ സർക്കാർ തലത്തിൽ നീക്കം നടക്കുന്നത് എന്നാണ് ശ്രദ്ധേയമായ കാര്യം.

കൊറോണ രോഗികളുടെ കാര്യത്തിൽ സംസ്ഥാനം ആശങ്കാകുലമായ അവസ്ഥയിലൂടെ കടന്നു പോവുകയാണ്. സമൂഹ വ്യാപനം ഇല്ലാ എന്ന് മുഖ്യമന്ത്രി തന്നെ മുൻപ് ഉറപ്പിച്ചു പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ഈ രീതിയിലുള്ള ഒരുറപ്പ് മുഖ്യമന്ത്രി പോലും നൽകുന്നില്ല. കൊറോണ കാര്യത്തിൽ സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രതിസന്ധി വ്യക്തമാക്കുന്ന അവസ്ഥയാണ് വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ കൊറോണ ലൈവ് വാർത്താസമ്മേളനത്തിൽ ദൃശ്യമാകുന്നത്. ഇതിന്റെ അസ്വസ്ഥത മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിൽ പ്രതിഫലിക്കുമ്പോൾ തന്നെയാണ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാക്കാൻ വേണ്ടി ആസൂത്രണം ചെയ്ത ജില്ലാ പ്ലാൻ അട്ടിമറിക്കാൻ കളക്ടറുടെ മീറ്റിംഗിൽ തന്നെ തീരുമാനം വരുന്നത്.

കൊറോണ രോഗിയെ ചികിത്സിക്കാനുള്ള ഒരടിസ്ഥാന സൗകര്യവുമില്ലാത്ത ആശുപത്രിയെയാണ് കൊറോണ ആശുപത്രിയാക്കാൻ സർക്കാർ തലത്തിൽ തന്നെ ശ്രമം നടക്കുന്നത്. തിരുവനന്തപുരം ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇന്നു നടന്ന പ്രധാന മീറ്റിംഗിൽ പേരൂർക്കട ആശുപത്രിയെ കൊറോണ പ്രകാരമുള്ള ആശുപത്രിയാക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഡിഎംഒയെ നിശബ്ദ സാക്ഷിയാക്കിയാണ് ഈ നീക്കവും മീറ്റിംഗും തീരുമാനവും ഒക്കെ വന്നിട്ടുള്ളത്. കെജിഎംഒഎ ഭാരവാഹികളുടെ നേരിട്ടിടപെടലിനെ തുടർന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്ലാനിൽ മാറ്റം വരുത്താനുള്ള നീക്കം സർക്കാർ തലത്തിൽ നിന്നും വന്നത് എന്നാണ് അറിയുന്നത്.

കെജിഎംഒയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയും ഇതേ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഇവരുടെ ഇടപെടൽ ഈ കാര്യത്തിൽ വന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഈ സമ്മർദ്ദത്തിനു മുന്നിലാണ് സർക്കാർ മുട്ടുമടക്കിയിരിക്കുന്നത്. ഒരു ഐസിയുപോലുമില്ലാത്ത ആശുപത്രിയാണ് പേരൂർക്കട ആശുപത്രി. സെൻട്രലൈസ്ഡ് ഓക്‌സിജൻ കൊടുക്കാനുള്ള സംവിധാനവുമില്ല. ഈ ആശുപത്രിയെയാണ് ജില്ലാ പ്ലാനിൽ മാറ്റം വരുത്തി കൊറോണ ആശുപത്രിയാക്കാൻ ശ്രമിക്കുന്നത്. നല്ല രീതിയിൽ പോകുന്ന കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ തലകുത്തനെയാക്കാനുള്ള തീരുമാനം എന്നാണ് ആരോഗ്യവിദഗ്ദ്ധർ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്.

ജനറൽ ആശുപത്രിയെ അപേക്ഷിച്ച് സൗകര്യങ്ങൾ വളരെ കുറവുള്ള ആശുപത്രിയാണ് പേരൂർക്കട ജനറൽ ആശുപത്രി. ജില്ലാ പ്ലാനിൽ നിന്ന് ജനറൽ ആശുപത്രിയെ മാറ്റി പേരൂർക്കട ആശുപത്രിയാക്കിയാൽ കൊറോണ രോഗികളെ മരണത്തിനു വിട്ടു കൊടുക്കുന്ന അവസ്ഥയിലേക്ക് തിരുവനന്തപുരം ജില്ല നീങ്ങുമെന്നാണ് ഡോക്ടർമാർ തന്നെ ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യമന്ത്രി അറിഞ്ഞു തന്നെയാണോ എന്നാണ് ഈ നീക്കം എന്നാണ് ആരോഗ്യരംഗത്തുള്ളവർ ചോദ്യമുതിർക്കുന്നത്. പേരൂർക്കട ആശുപത്രിയെ കൊറോണ ആശുപത്രിയാക്കി മാറ്റുമ്പോൾ അവിടെ നടക്കുന്ന പ്രസവങ്ങൾ എന്ത് ചെയ്യും എന്ന ചോദ്യവും ഒപ്പം ഉയരുന്നുണ്ട്.

സാധാരണക്കാർ പ്രസവത്തിനായി ആശ്രയിക്കുന്ന ആശുപത്രിയാണ് ഇത്. സൗകര്യങ്ങൾ വളരെ കുറവുള്ള ആശുപത്രി. 60 ഓളം പ്രസവങ്ങളാണ് പേരൂർക്കട ആശുപത്രിയിൽ നടക്കുന്നത്. ഇതെല്ലാം പേരൂർക്കട ആശുപത്രിയിൽ നിന്നും മാറ്റേണ്ടി വരും. ജനറൽ ആശുപത്രിയിൽ ഐസിയുവുണ്ട്. ഓക്‌സിജൻ സൗകര്യങ്ങളുണ്ട്. ഇത് നിലനിൽക്കുമ്പോൾ തന്നെയാണ് ജനറൽ ആശുപത്രിയെ ജില്ലാ പ്ലാനിൽ നിന്നും മാറ്റാനുള്ള തീരുമാനം വരുന്നത്. പാവപ്പെട്ട കൊറോണ രോഗികൾ മരണത്തിനു കീഴടങ്ങേണ്ടി വരും എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ നേരിട്ടിടപെടൽ ഈ കാര്യത്തിൽ വരണമെന്നാണ് ആരോഗ്യരംഗത്ത് നിന്നും ആവശ്യം ഉയരുന്നത്.

കൊറോണ രോഗികളുടെ എണ്ണം കേരളത്തിൽ ദിനം പ്രതി ഉയരുകയാണ്. സംസ്ഥാനത്ത് ഇന്നു 108 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പർക്കത്തിലൂടെ 10 പേർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേർക്കും മലപ്പുറം ജില്ലയിലെ 2 പേർക്കും തൃശൂർ ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. കൊറോണ ബാധിതരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. യുഎഇ- 28, കുവൈറ്റ്-14, താജിക്കിസ്ഥാൻ-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാൻ-1, അയർലന്റ്-1 എന്നിങ്ങനെയാണ് ഈ കണക്കുകൾ. 34 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മഹാരാഷ്ട്ര-15, ഡൽഹി-8, തമിഴ്‌നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രപ്രദേശ് -1 എന്നിങ്ങനെ വന്നതാണ്.

രോഗം സ്ഥിരീകരിച്ച് മലപ്പുറം ജില്ലയിൽ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ഹംസകോയ (61) ഇന്ന് രാവിലെ മരണമടയുകയും ചെയ്തിട്ടുണ്ട്. എന്ന് പുതുതായി പത്ത് ഹോട്ട് സ്‌പോട്ടുകൾ പ്രഖ്യാപിക്കപ്പെട്ടിട്ടുമുണ്ട്. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്‌സ്പോട്ടുകൾ. ഇതോടെ നിലവിൽ സംസ്ഥാനത്ത് ആകെ 138 ഹോട് സ്പോട്ടുകൾ നിലവിൽ വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP