Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേവിക കുറിപ്പിൽ എഴുതിയിരുന്നത് ഞാൻ പോകുന്നു എന്ന് മാത്രം; ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് ക്യത്യമായി അറിയണം; മറ്റ് ഏതെങ്കിലും കുറിപ്പുകൾ കണ്ടുകിട്ടാനുണ്ടോ? വിദ്യാർത്ഥിനി ജീവനൊടുക്കിയത് ഓൺലൈൻ ക്ലാസ് മുടങ്ങിയതിലെ മനോവിഷമം മൂലമെന്ന വിമർശനം രൂക്ഷമായതോടെ വളാഞ്ചേരി സംഭവം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിട്ടു

ദേവിക കുറിപ്പിൽ എഴുതിയിരുന്നത് ഞാൻ പോകുന്നു എന്ന് മാത്രം; ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് ക്യത്യമായി അറിയണം; മറ്റ് ഏതെങ്കിലും കുറിപ്പുകൾ കണ്ടുകിട്ടാനുണ്ടോ? വിദ്യാർത്ഥിനി ജീവനൊടുക്കിയത് ഓൺലൈൻ ക്ലാസ് മുടങ്ങിയതിലെ മനോവിഷമം മൂലമെന്ന വിമർശനം രൂക്ഷമായതോടെ വളാഞ്ചേരി സംഭവം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിട്ടു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലപ്പുറം വളാഞ്ചേരിയിൽ ദേവിക എന്ന പെൺകുട്ടി തീ കൊളുത്തി മരിച്ച നിലയിൽ കാണപ്പെട്ട സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചതാണിത്.

മലപ്പുറം ക്രൈം ബ്രാഞ്ച് എസ്‌പി കെ.വി സന്തോഷിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. പതിനൊന്നംഗ അന്വേഷണ സംഘമാണ് ഇപ്പോൾ അന്വേഷിക്കുന്നത്. തിരൂർ ഡിവൈഎസ്‌പി കെ സുരേഷ്ബാബുവിനായിരുന്നു അന്വേഷണച്ചുമതല. രണ്ട് വനിതാ പൊലീസുകാരും സംഘത്തിലുണ്ട്.

വിദ്യാർത്ഥിനിയുടെ ബുക്കിൽ നിന്ന് ഞാൻ പോകുന്നു എന്ന് മാത്രം എഴുതിയിരുന്ന ഒരു ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ഇത് വിദ്യാർത്ഥിനി തന്നെ എഴുതിയതാണ് എന്നാണ് പൊലീസ് കരുതുന്നത്. അത്തരത്തിൽ മറ്റ് ഏതെങ്കിലും ആത്മഹത്യാ കുറിപ്പുകൾ ഉണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങൾ അറിയാൻ കൂടിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ പത്താംക്ലാസ് വിദ്യാർത്ഥിനി ദേവികയാണ് തീകൊളുത്തി മരിച്ചത്.

ദേവികയുടെ മരണത്തിൽ മലപ്പുറം ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കോ സ്‌ക്കൂളിലെ അദ്ധ്യാപകർക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ക്ലാസ് അദ്ധ്യാപകൻ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് വിദ്യാർത്ഥിനിയായ ദേവികയെ വിളിച്ച് അന്വേഷിച്ചിരുന്നു. അഞ്ചാം തിയ്യതിക്കകം സ്‌കൂളിൽ സൗകര്യമുണ്ടാക്കാമെന്ന് വിദ്യാർത്ഥിനിയെ അറിയിച്ചിരുന്നെന്നും ഡിഡിഇയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

വളാഞ്ചേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന ദേവിക തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലാണെന്നും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തതിന്റെ വിഷമം മകൾ പങ്കുവെച്ചിരുന്നതായും രക്ഷിതാക്കൾ വ്യക്തമാക്കിയിരുന്നു. പണം ഇല്ലാത്തതിനാൽ കേടായ ടിവി നന്നാക്കാൻ കഴിയാഞ്ഞതും സ്മാർട്ട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നതായും മാതാപിതാക്കൾ പറയുന്നു. ദേവികയുടെ മരണം ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആന്തരിക പരിക്കുകൾ കണ്ടെത്തിയിട്ടില്ല. ബല പ്രയോഗത്തിന്റെ ലക്ഷണങ്ങളുമില്ല.

മരണ കാരണം കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്ത് എന്ന് അറിയാൻ സർക്കാരിനും താത്പര്യമുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിശദമായി അന്വേഷിക്കാൻ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ഡിജിപി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി കൊണ്ട് ഉത്തരവിറക്കിയത്. വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാനാണ് സർക്കാർ ഓൺലൈൻ ക്ലാസ് താത്കാലികമായി ആരംഭിച്ചത്. ഇതിന്റെ തുടക്കത്തിൽ തന്നെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിലുള്ള മനോവിഷമം കൊണ്ട് ഒരു വിദ്യാർത്ഥിനി ജീവനൊടുക്കിയത് വിവിധ തലങ്ങളിൽ നിന്ന് സർക്കാരിനെതിരെ വിമർശനം ഉയരാൻ കാരണമായി. ഈ പശ്ചാത്തലത്തിലാണ് മരണ കാരണം കൃത്യമായി അറിയാൻ സർക്കാർ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP