Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ വെടി വച്ചയാൾക്ക് പാർട്ടിയിലേക്ക് പരവതാനി വിരിച്ച് കെപിസിസി ജനറൽ സെക്രട്ടറി; കണ്ണിന് താഴെ തറച്ച പെല്ലറ്റുമായി വേദന സഹിച്ചു ജീവിക്കുന്ന മനു തയ്യിലിനെ വധിക്കാൻ ശ്രമിച്ചയാൾക്ക് പാർട്ടി അംഗത്വം നൽകിയത് പഴകുളം മധു

കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ വെടി വച്ചയാൾക്ക് പാർട്ടിയിലേക്ക് പരവതാനി വിരിച്ച് കെപിസിസി ജനറൽ സെക്രട്ടറി; കണ്ണിന് താഴെ തറച്ച പെല്ലറ്റുമായി വേദന സഹിച്ചു ജീവിക്കുന്ന മനു തയ്യിലിനെ വധിക്കാൻ ശ്രമിച്ചയാൾക്ക് പാർട്ടി അംഗത്വം നൽകിയത് പഴകുളം മധു

ശ്രീലാൽ വാസുദേവൻ

അടൂർ: കോൺഗ്രസിന്റെ ബ്ലോക്ക് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് പാർട്ടി അംഗത്വം നൽകി കെപിസിസി ജനറൽ സെക്രട്ടറി. അടൂരിലെ കോൺഗ്രസ് ഗ്രൂപ്പ് പോരിന്റെ ഭാഗമായിട്ടാണ് നടപടി. ബ്ലോക്ക് സെക്രട്ടറി മനു തയ്യിലിനെ വെടിവച്ച കേസിൽ രണ്ടാം പ്രതിയായ റോബിൻ കല്ലുവിളയിലിനാണ് ഇന്നലെ ചൂരക്കോട് നടന്ന പരിസ്ഥിതി ദിനാചരണ ചടങ്ങിൽ വച്ച് കെപിസിസി സെക്രട്ടറി പഴകുളം മധു പാർട്ടിയിലേക്ക് സ്വാഗതം അരുളിയത്.

2012 ഒക്ടോബർ 17 ന് രാത്രിയിലാണ് റോബിനും അജയകുമാർ എന്നയാളും ചേർന്ന് മനുവിന്റെ വീടാക്രമിച്ചത്. അന്ന് യൂത്ത് കോൺഗ്രസിന്റെ നേതാവായിരുന്നു മനു. തെരുവു വിളക്ക് എറിഞ്ഞു പൊട്ടിക്കുന്നത് ചോദ്യം ചെയ്തതിനാണ് മനുവിന്റെ വീടാക്രമിച്ചത്. ജനാലകളും ബൾബുകളുമെല്ലാം അക്രമി സംഘം അടിച്ചു തകർത്തു. ഭയന്ന് വീട്ടിനുള്ളിൽ കയറിയ മനുവും അച്ഛനും പുറത്ത് എന്താണ് നടക്കുന്നത് എന്ന് നോക്കാൻ വേണ്ടി ജനൽ തുറന്നപ്പോഴാണ് പുറത്തു നിന്ന് രണ്ടു പേർ എയർഗൺ ഉപയോഗിച്ച് ആക്രമണം അഴിച്ചു വിടുന്നത് ശ്രദ്ധയിൽപ്പെട്ടത്.

എയർഗണ്ണിൽ നിന്നുള്ള ഒരു പെല്ലറ്റ് തുളച്ചു കയറിയത് മനുവിന്റെ ഇടതു കണ്ണിന്റെ താഴെയുള്ള ഞരമ്പിലേക്കാണ്. കണ്ണിന്റെ കാഴ്ച ലഭ്യമാക്കുന്ന ഞരമ്പിലേക്ക് തുളച്ചു കയറിയ പെല്ലറ്റ് അപകടാവസ്ഥയിലാണുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ പെല്ലറ്റ് നീക്കുന്നത് സങ്കീർണമാണെന്ന് വ്യക്തമായി. താടിയെല്ല് നീക്കി വേണം ശസ്ത്രക്രിയ നടത്താൻ. ഇതിന് സൗകര്യം വെല്ലൂരിൽ മാത്രമാണുള്ളത്. അതിന് ഒരു പാട് പണം വേണം.

ഇപ്പോൾ എല്ലാ മാസവും മെഡിക്കൽ കോളജിൽ പോയി ചികിൽസ തേടിയാണ് മനു വേദന ഇല്ലാതെ കഴിയുന്നത്. പ്രതികളെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തു. തുടർ നടപടി ഒന്നും ഉണ്ടായില്ല. മറ്റൊരു പ്രതിയായ അജയകുമാർ പിന്നീട് മരണമടഞ്ഞു. പരിസ്ഥിതി ദിനത്തിൽ ചൂരക്കോട്ട് വച്ചു നടന്ന ചടങ്ങിലാണ് മറ്റു നിരവധി കേസുകളിലും പ്രതിയായ റോബിനെ ഹാരം അണിയിച്ച് പാർട്ടിയിലേക്ക് പഴകുളം മധു സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP