Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുരപ്പുറത്തിരുന്ന് പഠിക്കുന്ന പെൺകുട്ടിക്ക് ഇനി മഴയും ഇടിമിന്നലുമൊന്നും പേടിക്കാതെ ഓൺലൈൻ പഠനം ഉഷാറാകാം; വീട്ടിൽ മൊബൈൽ നെറ്റ് വർക്ക് പ്രശ്‌നം വന്നതോടെ ഓട്ടിൻപുറത്തിരുന്ന് പഠിക്കുന്ന നമിതയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ റേഞ്ചുമായി കമ്പനികൾ; കോട്ടയ്ക്കൽ സ്വദേശിനിയുടെ പടം തേടിപ്പിടിച്ച കഥ പറഞ്ഞ് ഫോട്ടോഗ്രാഫർ സക്കീർ ഹുസൈനും

പുരപ്പുറത്തിരുന്ന് പഠിക്കുന്ന പെൺകുട്ടിക്ക് ഇനി മഴയും ഇടിമിന്നലുമൊന്നും പേടിക്കാതെ ഓൺലൈൻ പഠനം ഉഷാറാകാം; വീട്ടിൽ മൊബൈൽ നെറ്റ് വർക്ക് പ്രശ്‌നം വന്നതോടെ ഓട്ടിൻപുറത്തിരുന്ന് പഠിക്കുന്ന നമിതയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ റേഞ്ചുമായി കമ്പനികൾ; കോട്ടയ്ക്കൽ സ്വദേശിനിയുടെ പടം തേടിപ്പിടിച്ച കഥ പറഞ്ഞ് ഫോട്ടോഗ്രാഫർ സക്കീർ ഹുസൈനും

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: ഓൺലൈൻ പഠനം പല കുട്ടികൾക്കും വെല്ലുവിളിയാണ്. സ്വന്തമായി മൊബൈലോ, ലാപ്‌ടോപ്പോ ഒക്കെ വേണമല്ലോ. കൃത്യമായി വൈദ്യുതി വേണം. മൊബൈൽ നെറ്റ് വർക്ക് ഉണ്ടാകണം. 4 ജി ഇല്ലെങ്കിൽ ഒച്ചിഴയുന്ന പോലെ ഇഴയുകയും ചെയ്യും. ഇങ്ങനെ വർക്ക് ഫ്രം ഹോം ഫോലെ സ്റ്റഡി ഫ്രം ഹോമിനും പ്രായോഗികപ്രശ്‌നങ്ങൾ ഏറെയാണ്. നെറ്റ് വർക്ക് സിഗ്നൽ കിട്ടാതെ പുരപ്പുറത്തിരുന്ന് പഠിക്കുന്ന പെൺകുട്ടിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ദി ഹിന്ദു പത്രമാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. ഏതായാലും വാർത്ത വന്നതുകൊണ്ട് കോട്ടയ്ക്കൽ സ്വദേശി നമിത് നാരായണന് കോളായി. വീട്ടിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതിന്റെ പേരിൽ ദേവിക എന്ന കുട്ടി ജീവനൊടുക്കിയ നാട്ടിൽ നമിതയുടെ പഠനോത്സാഹവും പുറപ്പുറത്തിരുന്ന് ആണെങ്കിലും പഠിക്കും എന്ന നിശ്ചയദാർഢ്യവും ഉന്മേഷം നൽകുമെന്ന കാര്യത്തിൽ സംശയമില്ല.

വീടിനുള്ളിൽ നെറ്റ്‌വർക്ക് കുറവായതാണ് നമിത പുരപ്പുറത്ത് കയറ്റിയത്. കുറ്റിപ്പുറം കെഎംസിടി ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ബിഎ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് നമിത. ജൂൺ ഒന്നിന് തന്നെ കോളജിലെ ക്ലാസുകൾ ഓൺലൈനായി തുടങ്ങിയിരുന്നു. എന്നാൽ മോശം നെറ്റ്‌വർക്ക് മൂലം ക്ലാസിൽ പങ്കെടുക്കാൻ സാധിച്ചില്ല. ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാനാണ് പുരപ്പുറത്തേക്ക് കയറിയത്. നമിതയുടെ അച്ഛന്റെ നിർദ്ദേശപ്രകാരം സ്ഥിരമായി മാങ്ങാ പറിക്കാനും വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാനും കയറുന്ന ഓട്ടിൻ പുറത്തു ഒന്ന് കയറി നോക്കാൻ പറഞ്ഞു . എന്നാൽ പഠിക്കാനായി ഇതാദ്യമാണ് കയറുന്നത്. താൻ പുരപ്പുറത്തിരുന്ന് പഠിക്കുന്ന ചിത്രം സഹോദരി നയനയാണ് വാട്‌സാപ്പിൽ സ്റ്റാറ്റസായി ഇട്ടത്. ഇതാണ് വൈറലായത്. പിന്നീട് ഇത് ഹിന്ദുപത്രം വാർത്ത ആകുകയായിരുന്നു. പത്രത്തിന്റെ ഫോട്ടോഗ്രാഫർ സക്കീർ ഹുസൈൻ ചിത്രം പോസ്റ്റ് ചെയ്തതോടെ ഫോൺ വിളികളുടെ പൂരമായി.

മലപ്പുറം കോട്ടക്കലാണ് സ്ഥലം. കുറച്ചു താഴ്ന്ന പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ നെറ്റ്‌വർക്ക് പ്രശ്‌നങ്ങളുണ്ട്. വാർത്ത കണ്ട് പല ഇന്റർനെറ്റ് സേവനദാതാക്കളും വിളിച്ചിരുന്നു. ജിയോ ആണ് ആദ്യം സമീപിച്ചത്. മൂന്ന് മാസത്തെ സൗജന്യ അതിവേഗ കണക്ഷൻ അനുവദിച്ചു. ടെക്‌നീഷ്യന്മാരെത്തി എന്റെ ഫോണിൽ ഫുൾ റേഞ്ചുള്ള കണക്ഷൻ ലഭ്യമാക്കി. ഇത് ഉപയോഗിച്ച് ഇപ്പോൾ പഠനം തുടങ്ങിയിരിക്കുകയാണ്. ഇത് എന്റെ മാത്രം പ്രശ്‌നമല്ല, സമീപത്തുള്ള നിരവധി വിദ്യാർത്ഥികളുടെ സ്ഥിതിയും ഇതു തന്നെയാണെന്ന് നമിത പറയുന്നു.മഴ വന്നാൽ കുഴപ്പമില്ല... ഇടിമിന്നലുണ്ടെങ്കിലാണ് പ്രശ്‌നമെന്നും നമിത പറയുന്നു. പഠിക്കാൻ വളരെ താൽപര്യമുണ്ട്. പഠിച്ച് സിവിൽ സർവീസ് നേടുക എന്നതാണ് നമിതയുടെ സ്വപ്‌നം.

നമിതയുടെ അച്ഛൻ കെ സി നാരായണൻ കുട്ടി കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിലെ ജീവനക്കാരനാണ്. മലപ്പുറം ജിഎംഎൽപി സ്‌കൂളിലെ അദ്ധ്യാപികയാണ് അമ്മ ജലജ. ഇരുമ്പ് ഏണി ഉപയോഗിച്ചാണ് നമിത മുകളിൽ കയറിയത്. കോട്ടയ്ക്കൽ പി എസ് വാരിയർ ആയുർവേദ കോളജിലെ നാലാം വർഷ ബിഎഎംഎസ് വിദ്യാർത്ഥിയാണ് ചേച്ചി നയന.

ഒറ്റയ്ക്ക് പുരപ്പുറത്തിരുന്ന് പഠിക്കുന്ന പെൺകുട്ടിയുടെ ചിത്രം താൻ എങ്ങനെ തേടിപ്പിടിച്ചുവെന്ന സക്കീർ ഹുസൈൻ തന്നെ ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.

പുരപ്പുറത്തൊരു പെൺകുട്ടി...
നെറ്റി ചുളിഞ്ഞു പോയിട്ടുണ്ട് ഈ ചിത്രം കണ്ടവർക്ക് ഇ ചിത്രത്തിനു പിന്നിൽ സംഭവിച്ചത് ഇതാണ്...

ഒരു കേടായ ടീവീ കാരണം ഇനി എനിക്ക് പഠിക്കാൻ കഴിയില്ല എന്ന് വിശ്വസിച്ചു സ്വയം ഇല്ലാതായ വിദ്യാർത്ഥിനി ഉള്ള അതെ നാട്ടിൽ തനിക്കു പഠിക്കാൻ സാധിക്കുന്ന ഏറ്റവും ചെറിയ സാധ്യത ഓട്ടിൻ പുറത്താണെങ്കിൽ ഞാൻ അവിടിരുന്നും പഠിക്കും എന്ന് തെളീച്ച നമിതയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥ പറയുന്ന ചിത്രമാണിത് കോറോണ സാഹചര്യത്തിൽ ജൂൺ 1 മുതൽ ആരംഭിച്ച ഓൺലൈൻ പഠനത്തിൽ നമിതയുടെ ഏറ്റവും വലിയ വെല്ലുവിളി മൊബൈൽ റേഞ്ച് ആയിരുന്നു താഴ്ന്ന പ്രദേശത്താണ് വീട് അതുകൊണ്ട് വീട്ടിലും പറമ്പിലും 2G ആണ് ഉള്ളത് വിവിധ കമ്പനികളുടെ സിമ്മുകൾ ഉണ്ടെങ്കിലും എല്ലാം ഇതാണ് അവസ്ഥ ഒടുക്കം നമിതയുടെ അച്ഛന്റെ നിർദ്ദേശപ്രകാരം സ്ഥിരമായി മാങ്ങാ പറിക്കാനും വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാനും കയറുന്ന ഓട്ടിൻ പുറത്തു ഒന്ന് കയറി നോക്കാൻ പറഞ്ഞു നമിത അപ്രകാരം ഓട്ടിൻ പുറത്തെത്തി Airtel സിമ്മിന് 4G റേഞ്ച് കിട്ടുന്നുണ്ട് അങ്ങനെ ഒന്നാം ദിവസം പഠനം ഓട്ടിൻപുറത്തു തുടങ്ങി ജൂൺ 2 കോട്ടക്കൽ ഭാഗത്ത് നല്ല മഴയായിരുന്നു അന്നും നമിത പുരപ്പുറത്തു കുടയും ചൂടി മഴയത്തിരുന്നു പഠിച്ചു നമിതയുടെ ചേച്ചിയും എന്റെ സുഹൃത്തും കോട്ടക്കൽ ആയുർവേദ കോളേജിൽ BAMS വിദ്യാർത്ഥിയും ആയ Nayana Narayan ഓട്ടിൻ പുറത്തിരുന്നു പഠിക്കുന്ന അനിയത്തിയുടെ ചിത്രം തന്റെ വാട്‌സപ്പ് സ്റ്റാറ്റസ് ആക്കി വെക്കുന്നു.

ജൂൺ 2നു ഞാൻ ഈ സ്റ്റാറ്റസ് കാണുന്നു അപ്പോൾ തന്നെ നയനക്കു മെസ്സേജ് അയച്ചു 'യാരിവാൾ' എന്ന് സ്വന്തം അനിയത്തി എന്ന് റീപ്ലെ കിട്ടി ഉടനെ തന്നെ ആ സ്റ്റാറ്റസ് ഞാൻ സ്‌ക്രീൻ ഷോട്ട് എടുത്തു വെച്ചു., ഉടനെ നയനയെ ഫോൺ ചെയ്തു ആ വാട്‌സാപ്പ് സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു എനിക്കതു വാർത്ത ചെയ്യണം എന്ന് കാര്യവും പറഞ്ഞു കൊടുത്തു തലേദിവസം നടന്ന വളാഞ്ചേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഓട്ടിൻ പുറത്തിരുന്നു പഠിക്കുന്ന നമിതക്കോ വീട്ടുകാർക്കോ അതു സമ്മതമല്ല നയനയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി അനിയത്തി നയനയുടെ പഠിക്കാനുള്ള ആത്മാർത്ഥ പുറം ലോകം അറിയണം കേരളം വിദ്യാഭ്യാസത്തിൽ രാജ്യത്തു ഒന്നാം സ്ഥാനത്തു എത്താൻ കാരണം ഇതുപോലുള്ള നമിതമാർ ഓട്ടിൻ പുറത്തിരുന്നും പഠിക്കാൻ തയ്യാറായതുകൊണ്ടാണ് എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്തു അവസാനം വാർത്ത കൊടുക്കാൻ സമ്മതം കിട്ടി ചിത്രമെടുക്കാൻ വീട്ടിലേക്കു വരാനുള്ള വഴിയും മറ്റും പറഞ്ഞു തന്നു രാവിലെ 8:30am മുതൽ ഉച്ചക്ക് 12:30 വരെ നമിത ഓൺലൈൻ പഠനവുമായി ഓട്ടിൻപുറത്തുണ്ടാവും ഞാനും റിപ്പോർട്ടർ Latheef Nahaസാറും കൂടി കോട്ടക്കൽ പുതുപ്പറമ്പ് ചെട്ടിയാർപടിയിൽ ഉള്ള നമിതയുടെ വീട്ടിലെത്തി അവിടെ അച്ഛൻ കോട്ടക്കൽ ആര്യവദ്യശാല ഉദ്യോഗസ്ഥനുമായ K C Narayan സാറുമായും ഈ പോസിറ്റീവ് വാർത്തയെ കുറിച്ചു ഒന്നുകൂടി പറഞ്ഞു ബോധ്യപ്പെടുത്തി ഞാൻ വീടിന്റെ ഓപ്പോസിറ്റായുള്ള കുന്നിൻ ചെരുവിൽ പോയി എന്റെ കയ്യിലെ 80-200ED ടെലി ലെൻസ് ഉപയോഗിച്ച് ഓട്ടിൻ പുറത്തു പഠിച്ചു കൊണ്ടിരിക്കുന്ന നമിതയുടെ ചിത്രങ്ങൾ പകർത്തുന്നു.

ആ വീട്ടുകാർ സ്‌നേഹത്തോടെ തന്ന മംഗോ ജ്യൂസും കഴിച്ചു തിരികെ ഓഫീസിൽ എത്രയും വേഗം ഡെസ്‌കിലേക്ക് ചിത്രങ്ങൾ അയച്ച് കൊടുക്കുന്നു പോസിറ്റീവ് റെസ്‌പോൺസ് അവിടെ നിന്നും നഹ സാറിന് ലഭിക്കുന്നു ജൂൺ 4 പുലർച്ചെ 12am വരെ ഹിന്ദു ഓൺലൈൻ അപ്ഡേഷന് കാത്തിരിക്കുന്നു ലിങ്ക് നഹസാർ അയച്ചു തന്നു അതിൽ വാർത്തയും ചിത്രവും പ്രസിദ്ദികരിച്ചിട്ടുണ്ട് അതു വായിച്ചു കിടന്നുറങ്ങി രാവിലെ #TheHindu ഒന്നാം പേജിൽ വാർത്ത റിപ്പോര്ട്ട് ചെയ്തിരിക്കുന്നു തുടരെയുള്ള ഫോൺ വിളികൾ പോസിറ്റീവും നെഗറ്റീവും ആയ റെസ്‌പോൺസുകൾ പലർക്കും ഇതെങ്ങനെ അറിഞ്ഞു ഓട്ടിൻ പുറത്തിരിക്കുന്ന നേരം നിങ്ങൾ എങ്ങനെ അവിടെത്തി അങ്ങനെ ഒരുപാട് സംശയങ്ങൾ തെറ്റിദ്ധാരണ മൂലം സോഷ്യൽ മീഡിയയിൽ പലതരം പോസ്റ്റുകൾ വരുന്നു ചിലർ രാഷ്ട്രീയമാക്കുന്നു ട്വിസ്റ്റ് വരുന്നത് പിന്നെയാണ് #jioMobailnetwork കമ്പനിയുടെ കൊച്ചിയിൽ നിന്നും നഹസറിനെ വിളിച്ച് നമിതയുടെ അഡ്രസ്സും ഫോൺ നമ്പറും ചോദിക്കുന്നു 10 മണിക്ക് jio കമ്പനി സ്റ്റാഫ് നമിതയുടെ വീട്ടിൽ എത്തി റേഞ്ച് എത്തിക്കാനുള്ള നടപടികൾ എടുത്തു തുടങ്ങി അങ്ങനെ ആ വലിയ വീട്ടിലെ എല്ലാ സ്ഥലത്തും 4G സിഗ്നൽ എത്തി jio നമിതക്കു Sim കൈമാറുന്നു അവൾ സുരക്ഷിതമായി വീടിനുള്ളിലെ തന്റെ റൂമിൽ ഇരുന്നു ഓൺലൈനിൽ പഠനവും ആരംഭിച്ചു അപ്പോൾ ഞാനും നഹസാറും മറ്റൊരു വാർത്തക്ക് വേണ്ടി നിലമ്പൂര് മുണ്ടേരി കാടിനകത്തു ഓൺലൈൻ എന്ന് പോലും കേൾക്കാത്ത ആദിവാസി കോളനി ലക്ഷ്യം വെച്ചുള്ള യാത്രയിൽ ആയിരുന്നു പിറ്റേ ദിവസം ജൂൺ 5നു നമിത സ്വന്തം വീടിനകത്ത് സുരക്ഷിതമായിരുന്നു ഓൺലൈനിൽ പഠിക്കുന്ന ചിത്രവും വാർത്തയും നൽകുകയും ചെയ്തു വാർത്തയുടെ ലിങ്കുകളും മറ്റു പത്ര കട്ടിങ്ങുകളും ഇതോടൊപ്പം ചേർക്കുന്നുണ്ട്

വീണ്ടും പറയുന്നു 'ആയിരം പേർക്കൊപ്പം പോയി നിൽക്കുന്നതിൽ അല്ല കാര്യം ഒറ്റയ്ക്കയവരെ ചേർത്തു നിർത്തുന്നതിലാണ് മഹത്വം'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP