Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

2018ലെ പ്രളയത്തിൽ പമ്പ ത്രിവേണി ഭാഗത്ത് അടിഞ്ഞൂകൂടിയത് 75,000 ഘനമീറ്റർ മണൽ; 5 ഘനമീറ്റർ അളവിലുള്ള സാധാരണ ടിപ്പറിൽ ദേവസ്വം ബോർഡ് മാറ്റിയത് 450ൽ ഏറെ ലോഡും; കച്ചവട സാധ്യത തിരിച്ചറിഞ്ഞ് മണലിനെ മാറ്റി ചെളിയും മാലിന്യവും നീക്കലാക്കിയത് തന്ത്രങ്ങളുടെ ഭാഗം; കേരള ക്ലേയ്‌സ് ആൻഡ് സെറാമിക്‌സ് ലിമിറ്റഡ് മുമ്പോട്ട് വന്നത് സൗജന്യ സേവനമെന്ന പേരിൽ; പമ്പയിലെ ദുരന്ത നിവാരണത്തിലെ അഴിമതിയെ പൊളിച്ചത് മന്ത്രി രാജു തന്നെ; ത്രിവേണിയിലെ വിലമതിപ്പുള്ള 'മാലിന്യം' വിവാദമാകുമ്പോൾ

2018ലെ പ്രളയത്തിൽ പമ്പ ത്രിവേണി ഭാഗത്ത് അടിഞ്ഞൂകൂടിയത് 75,000 ഘനമീറ്റർ മണൽ; 5 ഘനമീറ്റർ അളവിലുള്ള സാധാരണ ടിപ്പറിൽ ദേവസ്വം ബോർഡ് മാറ്റിയത് 450ൽ ഏറെ ലോഡും; കച്ചവട സാധ്യത തിരിച്ചറിഞ്ഞ് മണലിനെ മാറ്റി ചെളിയും മാലിന്യവും നീക്കലാക്കിയത് തന്ത്രങ്ങളുടെ ഭാഗം; കേരള ക്ലേയ്‌സ് ആൻഡ് സെറാമിക്‌സ് ലിമിറ്റഡ് മുമ്പോട്ട് വന്നത് സൗജന്യ സേവനമെന്ന പേരിൽ; പമ്പയിലെ ദുരന്ത നിവാരണത്തിലെ അഴിമതിയെ പൊളിച്ചത് മന്ത്രി രാജു തന്നെ; ത്രിവേണിയിലെ വിലമതിപ്പുള്ള 'മാലിന്യം' വിവാദമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പമ്പയിലെ ചെളിവാരൽ ഉത്തരവിൽ നിറയുന്നത് കോടികളുടെ കച്ചവടത്തിനുള്ള ആസൂത്രിത നീക്കം തന്നെ. മണലിനെ പൂർണ്ണമായും മറച്ചായിരുന്നു കച്ചവടം. ഒടുവിൽ മണൽ കൊണ്ടു പോകാനായില്ലെങ്കിൽ കരാറുമായി മുമ്പോട്ട് പോകാനില്ലെന്നു പറയുന്ന ചില സഖാക്കളേയും കണ്ടു. പമ്പയിലെ മാലിന്യം നീക്കാൻ സൗജന്യ സേവനാണ് കേരള ക്ലേയ്‌സ് ആൻഡ് സെറാമിക്‌സ് ലിമിറ്റഡ് മുമ്പോട്ട് വച്ചയത്. എന്നിട്ടും വനം വകുപ്പ് മണൽ കൊണ്ടു പോകാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ അതിനെ ഈ കമ്പനി വിർശിച്ചത് എന്തിനെന്ന് ആർക്കും അറിയില്ല.

രേഖകളിലൊന്നിലും മണൽ ഇല്ലാത്ത പമ്പാ ശുചീകരണമാണ് പ്ലാൻ ചെയ്തത്. അതുകൊണ്ട് തന്നെ നല്ല മണൽ ആർക്ക് വേണമെങ്കിലും തട്ടിയെടുക്കാനും കഴിയുമായിരുന്നു. വലിയ അഴിമതി തന്നെയായിരുന്നു പ്ലാൻ ചെയ്തത്. പ്രളയകാലത്ത് പമ്പയിൽ അടിഞ്ഞ നല്ല മണൽ മാലിന്യമാക്കി കടത്താനുള്ള നീക്കം. ഇതിനിടെയിലും ഉറച്ച നിലപാടിലാണ് വനം വകുപ്പ്. പമ്പ ത്രിവേണിയിലെ മണലെടുപ്പ് സംബന്ധിച്ച് വിവാദം ശക്തമാകുന്നതിനിടെ നിലപാട് അറിയിച്ച് വനംമന്ത്രി കെ രാജു വീണ്ടും രംഗത്ത് വന്നു.

ദുരന്തനിവാരണ നിയമപ്രകാരം പമ്പയിലെ മണൽ നീക്കുന്നതിൽ തടസമില്ലെന്ന് മന്ത്രി വ്യക്തമാക്കി. മണൽ പുറത്തേക്ക് കൊണ്ടു പോകാൻ കഴിയില്ല. വനംവകുപ്പ് പറയുന്ന സ്ഥലത്ത് നിക്ഷേപിക്കണമെന്നും മന്ത്രി പറഞ്ഞു. വിവാദങ്ങൾക്ക് പിന്നാലെ നിർത്തിവച്ച മണലെടുപ്പ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. എന്നാൽ നീക്കുന്ന മണൽ എന്ത് ചെയ്യണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇതിനിടെയാണ് വനം മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇതോടെ അഴിമതി മോഹം പൊളിയുകയാണ്. കേന്ദ്ര സർക്കാരിന്റെ അനുമതിയുണ്ടെങ്കിലേ മണൽ കൊണ്ടു പോകാൻ കഴിയൂവെന്നതാണ് വനംമന്ത്രിയുടെ പക്ഷം. ഇത് അഴിമതിക്കാർക്ക് തിരിച്ചടിയാണ്.

2018ലെ പ്രളയത്തിൽ പമ്പ ത്രിവേണി ഭാഗത്ത് അടിഞ്ഞൂകൂടിയത് 75,000 ഘനമീറ്റർ മണൽ ആണെന്ന് സബ് കലക്ടർ തലവനായ വിദഗ്ധസമിതി കണ്ടെത്തിയിരുന്നു (5 ഘനമീറ്റർ ആണ് സാധാരണ ടിപ്പറിൽ ലോഡ്). 20,000 ഘനമീറ്റർ മണൽ ദേവസ്വം ബോർഡിന്റെ ആവശ്യങ്ങൾക്കു നൽകാൻ ദുരന്തനിവാരണ അഥോറിറ്റി ചെയർമാനായ കലക്ടർ നിർദേശിച്ചിരുന്നു. 4000 ലോഡ് എന്നതായിരുന്നു ബോർഡിന്റെ കണക്ക്. ഇതിൽനിന്ന് 2287 ഘനമീറ്റർ (450ൽ ഏറെ ലോഡ്) മണൽ വാരാനേ ബോർഡിനു കഴിഞ്ഞുള്ളു.

ഇതിന്റെ സാധ്യത തിരിച്ചറിഞ്ഞതോടെ റിപ്പോർട്ടുകളിൽ മണൽ എന്ന വാക്ക് ഒഴിവാക്കി ചെളിയും മാലിന്യവും തീർത്ഥാടകർ ഉപേക്ഷിച്ച തുണിയുമെന്നും മാറ്റി. തുടർന്നാണ് പമ്പയിലേക്ക് കേരള ക്ലേയ്‌സ് ആൻഡ് സെറാമിക്‌സ് ലിമിറ്റഡിന്റെ വരവ്. മെയ്‌ 5ന് ആണ് സർക്കാരിന് ഇവരുടെ കത്തു ലഭിക്കുന്നത്. ത്രിവേണിയിൽ അടിഞ്ഞ മണ്ണ്, ചെളി, പ്ലാസ്റ്റിക്, തീർത്ഥാടകർ ഉപേക്ഷിച്ച തുണിമാലിന്യങ്ങൾ എന്നിവ സൗജന്യമായി മാറ്റാം എന്നതായിരുന്നു കത്ത്.

വിദഗ്ധസമിതി കണ്ടെത്തിയ 75,000 ഘനമീറ്റർ മണലും ദേവസ്വം ബോർഡിനു നൽകിയ 20,000 ഘനമീറ്ററുമൊക്കെ റിപ്പോർട്ടുകളിൽ 75,000 ഘനമീറ്റർ മണ്ണും മാലിന്യവുമായി മാറി. നദിയിൽ നിന്ന് എടുക്കുന്ന സാധനങ്ങൾ എന്തായാലും എത്ര അളവിലായാലും ഉടമസ്ഥാവകാശം ക്ലേയ്‌സ് ആൻഡ് സെറാമിക്‌സ് ലിമിറ്റഡിനു മാത്രമായിരിക്കുമെന്നും റിപ്പോർട്ടിൽ എഴുതി. ഇതിനു ശേഷം ത്രിവേണിയെന്നത് വിശാലമാക്കി പമ്പ, കക്കി നദികളുടെ 2290 മീറ്റർ ദൂരത്തിൽ അടിഞ്ഞുകൂടിയ 128193 ഘന അടി മണ്ണും മാലിന്യവും നീക്കണമെന്നും കലക്ടർ റിപ്പോർട്ട് തയാറാക്കി.

എന്നാൽ ജില്ലാ ഭരണ കൂടം ചെറിയൊരു പാരയും ഇട്ടു. ക്ലേയ്‌സ് ആൻഡ് സെറാമിക്‌സ് ലിമിറ്റഡിന് അനുമതി നൽകാൻ ജില്ലാ ഭരണകൂടം മെയ് 29ന് ചീഫ് സെക്രട്ടറിക്ക് അയച്ച റിപ്പോർട്ടിൽ, നീക്കം ചെയ്യുന്നതിൽ മണലും ഉണ്ടെന്ന് ഉൾപ്പെടുത്തി. എന്നാൽ ചീഫ് സെക്രട്ടറിയും സംഘവും പമ്പ സന്ദർശിച്ച ശേഷം 30ന് കലക്ടർ പുറത്തിറക്കിയ ഉത്തരവിൽ വാരി മാറ്റുന്നതിൽ മണൽ ഒഴിവാക്കുകയും ചെയ്തു. അങ്ങനെ തന്ത്രപരമായി നദിയുടെ ക്ലീനിങ്ങായി. ഫലത്തിൽ മണലായിരുന്നു കടത്താൻ ഉദ്ദേശിച്ചത്.

പമ്പ ത്രിവേണിയിൽ നിന്ന് വാരിയ മണൽ എന്തുചെയ്യണമെന്ന കാര്യത്തിൽ ഇനിയും നടപടി ആയില്ല. മണൽ വാരലിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്തി. വിവാദങ്ങൾക്കിടയിലും പമ്പയിൽ മണൽവാരൽ പുരോഗമിക്കുകയാണ്. വാരിയ മണൽ പമ്പ കെ.എസ് ആർടി.സിക്കു സമീപമുള്ള സ്ഥലത്താണ് നിക്ഷേപിക്കുന്നത്. മണൽ വനമേഖലയ്ക്കു പുറത്തുകൊണ്ടുപോകരുതെന്ന വനംവകുപ്പിന്റെ ഉത്തരവ് നിലനിൽക്കുകയാണ്.

മണൽ എവിടെ നിക്ഷേപിക്കണമെന്ന് വനംവകുപ്പ് നിർദേശിക്കുമെന്ന് മന്ത്രി രാജു പറഞ്ഞു. വിവാദങ്ങൾക്കിടയിലും പമ്പയിൽ മണൽ വാരൽ പുരോഗമിക്കുകയാണ്. ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് മണൽ നീക്കം ചെയ്യുന്നതിനുള്ള ചെലവ് കണ്ടെത്തുന്നത്. ശേഖരിക്കുന്ന മണലിന്റെ കണക്ക് വനപാലകർ തയാറാക്കുന്നുണ്ട്.

സിപിഐ രണ്ടും കൽപ്പിച്ച്

പമ്പ ത്രിവേണി മണലെടുപ്പ് വിവാദത്തിൽ പത്തനംതിട്ട ജില്ല കലക്ടർക്കെതിരെ സിപിഐ. മണൽ പുറത്തേക്കു കൊണ്ടു പോകാൻ കലക്ടർ നൽകിയ ഉത്തരവ് തെറ്റാണെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ എന്ന നിലയിൽ കലക്ടർക്ക് മണൽ നീക്കം ചെയ്യാൻ അധികാരമുണ്ട്. എന്നാൽ വന സംരക്ഷണ നിയമപ്രകാരം മണൽ വനഭൂമിക്ക് പുറത്തേക്ക് കൊണ്ടു പോകാനാകില്ല. ഈ സാഹചര്യത്തിൽ എങ്ങനെ ഇത്തരമൊരു ഉത്തരവിറക്കിയെന്ന് കലക്ടർ വ്യക്തമാക്കണം.

വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസിന്റെ നിർദ്ദേശപ്രകാരമാണ് ഉത്തരവ് ഇറക്കിയതെങ്കിൽ അത് കലക്ടർ പറയണം. മണ്ണ് പുറത്തേക്കു കൊണ്ടു പോകരുതെന്ന് നിർദ്ദേശിച്ച വനം മന്ത്രിയുടെ നടപടി ശരിയാണ്. മണൽ നീക്കം ചെയ്യുന്ന കാര്യത്തിൽ സിപിഐക്ക് പരാതിയില്ല. വീണ്ടും വെള്ളപ്പൊക്കമുണ്ടാകുമെന്ന പശ്ചാത്തലത്തിൽ മണൽ നീക്കേണ്ടത് അനിവാര്യമാണ്. മണൽ പുറത്തേക്ക് കൊണ്ടു പോകരുതെന്ന വനം അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവോടെ പത്തനംതിട്ട കലക്ടറുടെ ഉത്തരവ് അസാധുവായി. മണലെടുക്കുന്നത് സംബന്ധിച്ച് വനംവകുപ്പുമായി വേണ്ടത്ര കൂടിയാലോചന നടന്നില്ലെന്ന അഭിപ്രായം സിപിഐക്കില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP