Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാരകോറം പാതയും ഷക്സ്ഗാം താഴ്‌വരയ്ക്കും ഇടയിലുള്ള ഭാഗവും ചൈന കൈയേറാൻ സാധ്യതയെന്ന വിലയിരുത്തൽ ശക്തം; അതിർത്തിയോടു ചേർന്നു വ്യോമാഭ്യാസ പ്രകടനം നടത്തി ചൈന നൽകുന്നതും പ്രകോപനത്തിന്റെ സൂചനകൾ; അതിർത്തി തർക്കം പരിഹരിക്കാൻ പ്രതീക്ഷയോടെ ഇന്ത്യ ചർച്ചയ്ക്കും; യഥാർഥ നിയന്ത്രണ രേഖ ഉടനടി കൃത്യമായി നിശ്ചയിച്ചില്ലെങ്കിൽ പാക്കിസ്ഥാൻ അതിർത്തിയിലെ സംഘർഷങ്ങൾ ചൈനീസ് അതിർത്തിയിലും ഉണ്ടാകുമെന്നും മുന്നറിയിപ്പ്

കാരകോറം പാതയും ഷക്സ്ഗാം താഴ്‌വരയ്ക്കും ഇടയിലുള്ള ഭാഗവും ചൈന കൈയേറാൻ സാധ്യതയെന്ന വിലയിരുത്തൽ ശക്തം; അതിർത്തിയോടു ചേർന്നു വ്യോമാഭ്യാസ പ്രകടനം നടത്തി ചൈന നൽകുന്നതും പ്രകോപനത്തിന്റെ സൂചനകൾ; അതിർത്തി തർക്കം പരിഹരിക്കാൻ പ്രതീക്ഷയോടെ ഇന്ത്യ ചർച്ചയ്ക്കും; യഥാർഥ നിയന്ത്രണ രേഖ ഉടനടി കൃത്യമായി നിശ്ചയിച്ചില്ലെങ്കിൽ പാക്കിസ്ഥാൻ അതിർത്തിയിലെ സംഘർഷങ്ങൾ ചൈനീസ് അതിർത്തിയിലും ഉണ്ടാകുമെന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചൈനയുമായുള്ള യഥാർഥ നിയന്ത്രണ രേഖ ഉടനടി കൃത്യമായി നിശ്ചയിച്ചില്ലെങ്കിൽ പാക്കിസ്ഥാൻ അതിർത്തിയിലെ സംഘർഷങ്ങൾ അവിടേയും തുടങ്ങുമെന്ന വിലയിരുത്തൽ സജീവമാകുന്നു. കാരകോറം പാതയും ഷക്സ്ഗാം താഴ്‌വരയ്ക്കും ഇടയിലുള്ള ഭാഗവും കൈയേറാൻ സാധ്യതയുണ്ടെന്നാണ് അഭിപ്രായം ഉയരുന്നത്. 30 വർഷത്തോളം വിവിധ തലത്തിൽ ചർച്ചകൾ നടത്തിയിട്ടും നിയന്ത്രണരേഖ നിശ്ചിക്കുന്നതിൽ ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. അതിർത്തി കൃത്യമായി രേഖപ്പെടുത്താത്തിടത്തോളം കാലം സംഘർഷം തുടരുക തന്നെ ചെയ്യും.

ഇന്ത്യയുമായി സംഘർഷം നിലനിൽക്കുന്ന അതിർത്തിയോടു ചേർന്നു വ്യോമാഭ്യാസ പ്രകടനം നടത്തി ചൈന പ്രകോപനത്തിന്റെ കൂടുതൽ സൂചനകൾ നൽകുന്നുണ്ട്. അതിർത്തിത്തർക്കം പരിഹരിക്കാൻ ഇരുരാജ്യങ്ങളുടെയും സേനകൾ ഇന്ന് ഉന്നതതല ചർച്ച നടത്താനിരിക്കെയാണു ചൈനയുടെ പ്രകോപനം. അക്‌സായ് ചിൻ മേഖലയിലൂടെയുള്ള വിമാനങ്ങളുടെ അഭ്യാസപ്പറക്കൽ മുൻനിശ്ചയപ്രകാരമുള്ളതെന്നാണ് അവരുടെ വാദം. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്ടറിൽ ഇന്നു രാവിലെ എട്ടിനു നടക്കുന്ന ചർച്ചയിൽ ലഫ്. ജനറൽ ഹരീന്ദർ സിങ് ഇന്ത്യയെ പ്രതിനിധീകരിക്കും. കശ്മീരിലെ ലേ ആസ്ഥാനമായ14 കോർ (ഫയർ ആൻഡ് ഫ്യൂറി കോർ) മേധാവിയാണു ഹരീന്ദർ. കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ സേനയെ നയിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഒക്ടോബറിലാണു 14 കോറിന്റെ നേതൃത്വം ഏറ്റെടുത്തത്. മിലിറ്ററി ഇന്റലിജൻസ്, മിലിറ്ററി ഓപ്പറേഷൻസ് എന്നിവയുടെ ഡയറക്ടർ ജനറൽ ആയിരുന്നു. ഇരു സൈനിക മേധാവിമാരുടെയും നേതൃത്വത്തിൽ ചർച്ച നടക്കാനിരിക്കെ ശുഭ സൂചനകളാണ് പുറത്തുവരുന്നത്. ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ 14 സൈനികരാണ് ചൈനയുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നത്. ഷുഷുൽ മോൾഡോ അതിർത്തിയിലെ ബോർഡർ പോയിന്റിൽ വച്ചാണ് ചർച്ച നടത്തുക.

മെയ്‌ ഒന്നാംവാരം സംഘർഷം ആരംഭിച്ചശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും ഉന്നത സേനാ കമാൻഡർമാർ കൂടിക്കാഴ്ച നടത്തുന്നത്. ബ്രിഗേഡിയർ, മേജർ ജനറൽ തലങ്ങളിൽ മുൻപു ചർച്ച നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അതിർത്തിപ്രശ്‌നം പൂർണമായും ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.അതിനിടെ ഇന്ത്യയുമായുള്ള 3488 കിലോമീറ്റർ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള പടിഞ്ഞാറൻ കമാൻഡിന്റെ പുതിയ മേധാവിയായി ലഫ്. ജനറൽ ക്‌സു കിലിങ്ങിനെ നിയമിച്ചതായി ചൈന അറിയിച്ചു. ഇതിനിടെയിലും കഴിഞ്ഞ കുറേ ദിവസങ്ങളായി അതിർത്തിയിൽ നിലനിൽക്കുന്ന ഇന്ത്യ-ചൈന തർക്കങ്ങൾ അയയുന്നതായി റിപ്പോർട്ട് പുറത്തു വരുന്നുണ്ട്.

സമാധാനപരമായി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ വിദേശകാര്യ ജോയിന്റ് സെക്രട്ടറിയും ചൈനയുടെ വിദേശകാര്യ ഡയറക്ടർ ജനറലും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. അതിർത്തിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഇരുരാജ്യങ്ങളും അവലോകനം ചെയ്തു. ഇന്ത്യയും ചൈനയും തമ്മിൽ നിരവധി കാര്യങ്ങളിൽ വലിയ രീതിയിലുള്ള വ്യത്യാസമുണ്ടെങ്കിലും ഇവയെല്ലാം തന്നെ പരസ്പരം ചർച്ച ചെയ്ത് പരിഹരിക്കാനുമാണ് നിലവിൽ തീരുമാനമായിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം ലോകത്തിന് ആകമാനം ഗുണകരമാകുമെന്നും പ്രതിനിധികൾ വിലയിരുത്തി.

ഇത്തരം നീക്കങ്ങൾക്കിടെയാണ് മുൻ ചീഫ് ഓഫ് ആർമി സ്റ്റാഫ് റിട്ട. ജനറൽ വി.പി. മാലികിനെ പോലുള്ളവർ സംശയങ്ങളും ആശങ്കയും പങ്കുവയ്ക്കുന്നത്. കേന്ദ്രസർക്കാർ ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി ജമ്മു, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചപ്പോൾ അത് അംഗീകരിക്കില്ലെന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. വടക്കൻ അതിർത്തിയിൽ പിത്തോറഗഡിൽനിന്നു ലിപുലേഖ് പാസിലേക്കുള്ള റോഡ് ഉൾപ്പെടെ അടിസ്ഥാനസൗകര്യ വികസനം ഇന്ത്യ നടപ്പാക്കുമ്പോൾ, തങ്ങളുടെ അതിർത്തി സുരക്ഷിതമാക്കാനുള്ള ഉറച്ച തീരുമാനത്തിന്റെ ഭാഗമാണിതെന്ന സൂചനയാണു നൽകുന്നത്. ഇതാണ് ചൈനീസ് അതിർത്തിയിലെ സംഘർഷത്തിന് പ്രധാന കാരണം. എത്രയും വേഗം അതിർത്തി പ്രശ്‌നം പരിഹരിക്കണമെന്നാണ് വി.പി. മാലിക് ആവശ്യപ്പെടുന്നത്.

ഗാൽവൻ താഴ്‌വരയിലും പാൻഗോങ് തടാകത്തിനു സമീപത്തും ഇന്ത്യൻ പോസ്റ്റുകൾ തമ്മിൽ ഏറെ ദൂരമുണ്ട്. ഈ സാഹചര്യത്തിൽ 24 മണിക്കൂർ നിരീക്ഷണം അസാധ്യമാണ്. അതു മുതലെടുത്താണു ചൈന കടന്നുകയറുന്നത്. ഫിംഗർ 4-നും എട്ടിനും ഇടയിലുള്ള ഭാഗത്താണ് ചൈനീസ് സൈന്യം കടന്നുകയറ്റം നടത്തിയിരിക്കുന്നത്. ഗാൽവൻ താഴ്‌വരയിൽ ഷയോക് നദിയിൽനിന്ന് യഥാർഥ നിയന്ത്രണ രേഖ വരെയുള്ള ഭാഗത്തും കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്. അക്സായ് ചിൻ മേഖലയുടെ സുരക്ഷിതത്വം ഉറപ്പിക്കാനായും സിയാചിൻ മഞ്ഞുമലകൾ നോട്ടമിട്ടും കാരകോറം പാതയുടെ നിയന്ത്രണം ഏറ്റെടുക്കാനും ചൈന ശ്രമിക്കുമെന്ന് വി.പി മാലിക് പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് ഇന്ത്യയും ചൈനയും ചർച്ചയ്ക്ക് തയ്യാറെടുക്കുകയാണ്. ഇതിനിടെയാണ് വിപി മാലിക്ക് തന്റെ നിലപാടുകൾ തുറന്നു പറയുന്നത്.

പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ഇപ്പോൾ സംഭവിക്കുന്നതു പോലെ ഇന്ത്യയും ചൈനയും കൂടുതൽ സൈനികരെ ഈ മേഖലയിൽ വിന്യസിക്കേണ്ടിവരുമെന്നു വി.പി. മാലിക് പറയുന്നു.1999-ൽ കാർഗിലിൽ കടന്നുകയറ്റിയ പാക്ക് സൈനികരെ തുരത്തിയ വേളയിൽ ഇന്ത്യൻ സേനയെ നയിച്ചിരുന്നത് വി.പി. മാലിക് ആയിരുന്നു. ആക്രമണ സ്വഭാവത്തോടെ പ്രതികരിക്കുന്ന ചൈന ലഡാക്കിനു പുറമേ കാരകോറം പാതയും ഷക്സ്ഗാം താഴ്‌വരയ്ക്കും ഇടയിലുള്ള ഭാഗവും കൈയേറാൻ സാധ്യതയുണ്ടെന്നും മാലിക് വിശദീകരിച്ചു. അതിർത്തിക്കടുത്തുള്ള ഇന്ത്യയുടെ ഇപ്പോഴത്തെ നിർമ്മാണ പ്രവർത്തനങ്ങളാവാം നിലവിലുള്ള നീരസത്തിന്റെ കാരണങ്ങളിൽ ഒന്ന്. കോവിഡിനു പിന്നാലെ ഷി ചിൻപിങ്ങിന്റെ വിശ്വാസ്യത ചൈനയിലും പുറത്തും നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് നീക്കങ്ങളെന്നും വിലയിരുത്തുന്നു.

ഇപ്പോഴത്തെ റിപ്പോർട്ടുകൾ പ്രകാരം ഇരുസൈന്യങ്ങളും തമ്മിൽ നടത്തുന്ന ചർച്ചയിൽ മഞ്ഞുരുകുമെന്നു പ്രതീക്ഷിക്കാമെന്ന പ്രതീക്ഷയും വിപി മാലിക് പങ്കുവയ്ക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP