Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മുഹമ്മദ് ബിലാലിനെ തൂക്കിക്കൊന്നാലും പിന്നാലെ പോകില്ലെന്ന് പിതാവ്; മകന് ചിലനേരം ക്രൂര സ്വഭാവമാണെന്നും നിസാം ഹമീദ്; താഴത്തങ്ങാടി കൊലക്കേസിലെ പ്രതി ചെറുപ്രായത്തിലെ കുറ്റകൃത്യങ്ങളുടെ തോഴൻ; ഇതിനു മുൻപു പല കേസിലും പിറകേ പോയി ഒത്തിരി കാശ് പോയെന്നും വെളിപ്പെടുത്തൽ

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മുഹമ്മദ് ബിലാലിനെ തൂക്കിക്കൊന്നാലും പിന്നാലെ പോകില്ലെന്ന് പിതാവ്; മകന് ചിലനേരം ക്രൂര സ്വഭാവമാണെന്നും നിസാം ഹമീദ്; താഴത്തങ്ങാടി കൊലക്കേസിലെ പ്രതി ചെറുപ്രായത്തിലെ കുറ്റകൃത്യങ്ങളുടെ തോഴൻ; ഇതിനു മുൻപു പല കേസിലും പിറകേ പോയി ഒത്തിരി കാശ് പോയെന്നും വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തൂക്കിക്കൊന്നാലും പിന്നാലെ പോകില്ലെന്ന് താഴത്തങ്ങാടി കൊലക്കേസിലെ പ്രതി മുഹമ്മദ് ബിലാലിന്റെ പിതാവ് നിസാം ഹമീദ്. ഇതിന് മുമ്പ് പല കേസുകളിലും അവന് വേണ്ടി പിറകേ പോയി കുറേ കാശ് കളഞ്ഞെന്നും ഇനിയത് ഉണ്ടാകില്ലെന്നും നിസാം പറയുന്നു. ‘‘അവനാണതു ചെയ്തതെങ്കിൽ തൂക്കിക്കൊന്നാലും ഞാൻ പിറകേ പോകില്ല. അവനു വേണ്ടി ഇതിനു മുൻപു പല കേസിലും പിറകേ പോയി ഒത്തിരി കാശ് പോയി. അവനു ചില നേരം ക്രൂരസ്വഭാവമാണ്. നന്നാക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല.’’ നിസാം പറയുന്നു:

വീട്ടമ്മയുടെ കൊലപാതകത്തിൽ അറസ്റ്റിലായ മുഹമ്മദ് ബിലാൽ മാനസികാരോഗ്യ വിദഗ്ധരുടെ ചികിത്സ തേടിയിരുന്നുവെന്നിം പിതാവ് നിസാം പറയുന്നു. മകനെ ക്രിമിനൽ വാസനകളിൽ നിന്ന് രക്ഷിച്ചെടുക്കാനായിരുന്നു. ഇതും ഫലം കണ്ടില്ല. അങ്ങനെ മനസ്സിൽ ക്രൂരതയുള്ള ക്രിമിനലയാണ് താഴത്തങ്ങാടിയിലെ കൊലപാതകത്തിന് പിന്നിൽ. ഇടയ്ക്കിടെ വീടു വിട്ടുപോകുന്ന ബിലാലിനെ ഞായറാഴ്ച രാത്രിയും കാണാതായി. തുടർന്ന് ബിലാലിനെ കാണാനില്ലെന്നറിയിച്ച് വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ അച്ഛൻ പരാതി നൽകി. ബിലാലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ മറ്റു സുഹൃത്തുക്കളെക്കൊണ്ട് വിളിപ്പിച്ചപ്പോൾ ഫോൺ എടുത്തു. അപ്പോഴാണ് കൊച്ചിയിൽ ഉണ്ടെന്ന് മനസിലാക്കുന്നത്. ഇതിനിടെ കൊലപാതകത്തിലെ ദുരൂഹത നീങ്ങി ബിലാലിന്റെ കൈയിൽ വിലങ്ങ് വീണു.

താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മൻസിൽ വീട്ടിൽ മുഹമ്മദ് സാലിയുടെ ഭാര്യ ഷീബയാണ് (55) കൊല്ലപ്പെട്ടത്. ഭർത്താവ് എം.എ.അബ്ദുൽ സാലി മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. പ്രതിയുമായി പൊലീസ് എറണാകുളത്തു തെളിവെടുപ്പ് നടത്തിയിരുന്നു. എറണാകുളത്തെ വീട്ടിൽനിന്നു 28 പവൻ കണ്ടെത്തി. 55 പവനോളമാണ് മോഷ്ടിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സിസിടിവിയിൽ നിന്നാണു പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്. ബിലാൽ ചെറുപ്രായത്തിലും കുറ്റകൃത്യങ്ങൾ ചെയ്തിരുന്നതായി കണ്ടെത്തി.

ആലപ്പുഴ സക്കറിയ ബസാറിലുള്ള ബന്ധുവീട്ടിലായിരുന്നു ബിലാലിന്റെ കുട്ടിക്കാലം. അഞ്ചു വർഷം മുമ്പുവരെ ഇയാൾ നഗരത്തിൽ തട്ടുകടകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്തിരുന്നു. മോഷണവും അക്രമവും പതിവാക്കിയതോടെ എല്ലായിടത്തുനിന്നും പുറത്താക്കി. ബിലാൽ ചെയ്ത കുറ്റകൃത്യങ്ങൾ ഇവിടെയുള്ളവർക്കും അറിയാം. കൊലപാതകത്തിന് ശേഷം കാറുമായി രക്ഷപ്പെട്ട ഇയാൾ കാർ ഉപേക്ഷിക്കാനുള്ള സ്ഥലം മനസിൽകണ്ടിരുന്നു. ചെറുപ്പത്തിൽ പഠിച്ച മുഹമ്മദിയൻ സ്‌കൂളിനു സമീപത്തെ വിജനമായ റോഡരികിൽ ഉപേക്ഷിച്ചു. തുടർന്ന് ബസിലും ലോറിയിലുമൊക്കെയായി എറണാകുളത്തേക്കു കടന്നു.

കാർ ഉപേക്ഷിച്ചതും, കൈയിൽ കരുതിയ സ്വർണവുമായി എറണാകുളത്തേക്കു പോയതുമെല്ലാം ചോദ്യം ചെയ്യലിൽ ബിലാൽ സമ്മതിച്ചു. തുടക്കത്തിൽ അധികം സംസാരിച്ചില്ലെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെ ബിലാൽ എല്ലാം തുറന്നുപറഞ്ഞെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

അടുത്ത കൂട്ടുകാരില്ല. വീട്ടുകാരുമായി നിരന്തരം കലഹം. ചെറുപ്പത്തിലേ മോഷണക്കേസ്. പ്രത്യേക സ്വഭാവക്കാരനായിരുന്നു ബിലാൽ. പുലർച്ചെ വരെ ഫോണിൽ പബ്ജി ഗെയിം കളിയാണ് പ്രധാന വിനോദം. താഴത്തങ്ങാടി ചിന്മയ വിദ്യാലയത്തോട് ചേർന്നുള്ള സ്ഥലത്ത് വീട് വയ്ക്കുന്നതിന്റെ ഭാഗമായാണ് കൊല്ലപ്പെട്ട ഷീബയുടെ വീടിനടുത്ത് ബിലാലിന്റെ കുടുംബം വാടകയ്ക്ക് താമസിക്കാനെത്തുന്നത്. ഒരു മതിലകലം മാത്രമുള്ള വീട്ടിലെ പയ്യനുമായി ഷീബയുടെ കുടുംബം പെട്ടെന്ന് അടുത്തു. വിദേശത്ത് ജോലി ചെയ്യുന്ന ഒറ്റമകൾ മാത്രമുള്ള ഷീബ-സാലി ദമ്പതികൾക്ക് വലിയ സഹായമായിരുന്നു ബിലാൽ.

അയൽവാസികളുമായിപ്പോലും യാതൊരു അടുപ്പവും കാട്ടാത്ത ദമ്പതികൾ ബിലാലിനെ സ്വന്തക്കാരനെ പോലെ കണ്ടു. സാമ്പത്തികമായി സഹായിച്ചു, പലപ്പോഴും ആഹാരം നൽകി. പ്രളയത്തിൽ വെള്ളംകയറിയപ്പോൾ സാധനങ്ങൾ മാറ്റാനും മറ്റും ഇവരെ സഹായിച്ചത് ബിലാലായിരുന്നു. വീട് മാറിപ്പോയിട്ടും ഏത് സമയത്തും കയറിച്ചെല്ലാവുന്ന സ്വാതന്ത്ര്യം ബിലാലിന് ഈ വീട്ടിലുണ്ടായിരുന്നു. ഈ സ്വാതന്ത്ര്യമാണ് ബിലാൽ ദുരുപയോഗം ചെയ്തത്. സഹായിച്ചവരെ തന്നെ ഇല്ലായ്മ ചെയ്യുന്ന ക്രൂരത ബിലാൽ കാട്ടി.

പത്താം ക്‌ളാസിന് ശേഷം ഹോട്ടലുടമയായ പിതാവ് നിസാമിനെ സഹായിക്കാൻ കൂടി. ഹോട്ടലിൽ പൊറാട്ട സ്‌പെഷ്യലിസ്റ്റായിരുന്നു ബിലാൽ. ഇതിനിടെ വാഹനങ്ങളുടെ ബാറ്ററി ഊരി വിറ്റതിന് പ്രായപൂർത്തിയാകുന്നതിന് മുൻപേ പൊലീസിന്റെ പിടിയിലായി. പിന്നീടും മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് വീട് വിട്ടുപോകും. രണ്ട് ദിവസം കഴിഞ്ഞ് വീട്ടുകാർ കൂട്ടിക്കൊണ്ടുവരും. വീട് വിട്ടുപോകുമ്പോൾ ഗ്യാസ് സിലിണ്ടറിന്റെ കഷ്ണം, ഇലക്ട്രിക് കേബിളുകൾ എന്നിവയും കൊണ്ടുപോകും.

സ്റ്റൗ നന്നാക്കുന്നതിലും ഇലക്ട്രിക്കൽ ജോലികളിലും മിടുക്കനാണ്. ഗൾഫിൽ നിന്ന് എത്തിയ പിതാവുമായും നിരന്തരം കലഹിച്ചിരുന്നു. മകന്റെ നിർബന്ധ പ്രകാരം വിലകൂടിയ ഫോണും ബ്രാൻഡഡ് വസ്ത്രങ്ങളും പിതാവ് വാങ്ങി നൽകിയിരുന്നു. പുലർച്ചെവരെ പബ്ജി കളിക്കുന്നതിന് കൊലപാതകത്തിന് മുമ്പ് വീട് വിട്ടു പോകുന്നതിന് തലേന്നും വഴക്ക് പറഞ്ഞിരുന്നു.

കൊലപാതകം നടന്നതിന് തലേന്നാണ് ബിലാൽ വീട്ടിൽ നിന്ന് പോയത്. താഴത്തങ്ങാടിയിലെ ദമ്പതികൾ പൊതുവിൽ ആരുമായും അടുപ്പം കാണിച്ചിരുന്നില്ല. വീട്ടിൽ ലൈറ്റ് പോലും ഇടാതെ, ടിവിയുടെ വെളിച്ചത്തിലാണ് ഇവർ രാത്രി കഴിച്ചു കൂട്ടിയിരുന്നത്. ഇത്തരം ആളുകൾ മറ്റാർക്കെങ്കിലും ഭക്ഷണം ഉണ്ടാക്കുമെങ്കിൽ അത് ഏറ്റവും അടുപ്പമുള്ളവർക്കാവും. സംഭവ ദിവസം വീട്ടിലെ ഗ്യാസ് അടുപ്പിൽ മൂന്നു മുട്ടകൾ പുഴുങ്ങാൻ വച്ചിരുന്നു. ഇത് ആർക്കാണെന്ന അന്വേഷണമാണ് മുഹമ്മദ് ബിലാലിലേക്ക് എത്തിയത്.

പ്രതിയുടെ സൂചനകൾ ലഭിച്ചപ്പോൾ തന്നെ പൊലീസ് ഇയാളുടെ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. കാർ ഓടിക്കാൻ എടുത്തപ്പോഴെല്ലാം അപകടമുണ്ടാക്കിയ ആളാണ് ബിലാലെന്ന് പൊലീസ് കണ്ടെത്തി. അന്വേഷണത്തിൽ ചെങ്ങളം ഭാഗത്തെ പെട്രോൾ പമ്പിൽ അപകടം ഉണ്ടായതായി മനസിലായി. ഇതോടെ കാർ ഓടിച്ചിരുന്നത് ബിലാൽ തന്നെയാണ് ഉറപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP