Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന ചരിഞ്ഞ സംഭവത്തെ മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണത്തിന് ഉപയോ​ഗിച്ച മനേക ​ഗാന്ധിക്ക് എട്ടിന്റെ പണി കൊടുത്ത് കേരള സൈബർ വാരിയേഴ്‌സ്; ഹാക്ക് ചെയ്തത് പീപ്പിൾ ഫോർ അനിമൽസ് ഇന്ത്യയുടെ വെബ്‌സൈറ്റും ബ്ലോഗും; അമ്പലപ്പാറയുടെ ഭൂപടം പോസ്റ്റ് ചെയ്തും പരിഹാസം

ആന ചരിഞ്ഞ സംഭവത്തെ മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണത്തിന് ഉപയോ​ഗിച്ച മനേക ​ഗാന്ധിക്ക് എട്ടിന്റെ പണി കൊടുത്ത് കേരള സൈബർ വാരിയേഴ്‌സ്; ഹാക്ക് ചെയ്തത് പീപ്പിൾ ഫോർ അനിമൽസ് ഇന്ത്യയുടെ വെബ്‌സൈറ്റും ബ്ലോഗും; അമ്പലപ്പാറയുടെ ഭൂപടം പോസ്റ്റ് ചെയ്തും പരിഹാസം

മറുനാടൻ ഡെസ്‌ക്‌

പാലക്കാട് ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയ മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ വെബ്‌സൈറ്റും ബ്ലോഗും ഹാക്ക് ചെയ്യപ്പെട്ടു. മലയാളികളടങ്ങിയ കേരള സൈബർ വാരിയേഴ്‌സാണ് മനേകയുടെ പീപ്പിൾ ഫോർ അനിമൽസ് ഇന്ത്യയുടെ വെബ്‌സൈറ്റും ബ്ലോഗും ഹാക്ക് ചെയ്തത്. 1992ലാണ് മൃഗ സംരക്ഷണത്തിനായി മനേക ഗാന്ധി പീപ്പിൾ ഫോർ അനിമൽസ് എന്ന സംഘടന ആരംഭിച്ചത്. മനേക ഗാന്ധിയാണ് ഇപ്പോഴും സംഘടനയുടെ ചെയർപേഴ്സൺ.

ഗർഭിണിയായ ആനയുടെ ദുഃഖകരമായ മരണത്തെ മനേക ഗാന്ധി വൃത്തികെട്ട രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചുവെന്ന് സൈബർ വാരിയേഴസ് ഹാക്ക് ചെയ്ത ശേഷം വെബ്‌സൈറ്റിൽ കുറിച്ചു. മുസ്ലിങ്ങളെ ലക്ഷ്യമാക്കിയാണ് മലപ്പുറത്തെ ഈ വിവാദത്തിലേക്ക് മാനേക ഗാന്ധി വലിച്ചിഴച്ചതെന്നുമുള്ള ഹാക്കർമാരുടെ കുറിപ്പാണ് സൈറ്റ് തുറക്കുമ്പോൾ ഇപ്പോൾ കാണാൻ ആവുക. ഭൂമി ശാസ്ത്രം അറിയാത്ത നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ഗൂഗിൾ മാപ്പ് അവതരിപ്പിക്കുന്നു എന്ന് പറഞ്ഞ് സംഭവം നടന്ന അമ്പലപ്പാറയുടെ ഭൂപടവും ഹാക്കർമാർ സൈറ്റിൽ നൽകിയിട്ടുണ്ട്.

ആന ചരിഞ്ഞ വിഷയത്തിൽ കേരളത്തിനും പ്രത്യേകിച്ച് മലപ്പുറം ജില്ലയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ആന ചരിഞ്ഞത് പാലക്കാടാണെങ്കിലും തൊട്ടടുത്ത ജില്ലയായ മലപ്പുറത്താണെന്ന് പ്രചരിപ്പിച്ചു കൊണ്ടാണ് ആക്രമണം നടക്കുന്നത്. മനേക ഗാന്ധി രണ്ട് ദിവസം മുമ്പ് മലപ്പുറത്തെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചു കൊണ്ട് ട്വീറ്റിട്ടിരുന്നു. ഇതിനെതിരെ കേരളത്തിൽ നിന്നും രൂക്ഷമായ പ്രതിരോധമാണ് നടക്കുന്നത്. സംഭവം മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആന കൊല്ലപ്പെട്ട സംഭവം ഗൗരവമുള്ളതാണെന്നും സ്ഥലം പ്രസക്തമല്ലെന്നുമാണ് പ്രതികരിച്ചത്. കേരളത്തിൽ ആനകളോടുള്ള അക്രമം വ്യാപകമായി നടക്കുന്നുണ്ടെന്നും മനേക പറഞ്ഞു. മലപ്പുറത്ത് നടന്നെന്ന് പറഞ്ഞത് വനംവകുപ്പ് നൽകിയ വിവരംവച്ചാണ്. വനംവകുപ്പ് ഇതുവരെ തിരുത്തി അറിയിച്ചിട്ടില്ല. ആനകൾക്കെതിരായ അക്രമം തടയാൻ ദൗത്യസംഘം രൂപീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

നേരത്തെ പാലക്കാട് ജില്ലയിൽ നടന്ന സംഭവത്തെ മലപ്പുറത്ത് നടന്നു എന്ന് പറഞ്ഞ് മനേക ഗാന്ധി വർഗീയമായി ചിത്രീകരിച്ചിരുന്നു. മൃഗങ്ങൾക്കെതിരെ അക്രമം നടത്തുന്നവരിൽ ഒരാൾക്കെതിരെ പോലും ഒരു നടപടിയും ഇന്നേവരെ സംസ്ഥാനം സ്വീകരിച്ചിട്ടില്ല എന്നും കേരളത്തിലെ ക്ഷേത്രങ്ങളിൽ 600 ലേറെ ആനകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് മനേക ഗാന്ധി തന്റെ കുറിപ്പിൽ ആരോപിച്ചത്.

മനേക ഗാന്ധിയുടെ ട്വീറ്റിന് പിന്നാലെ സംഘപരിവാർ സൈബർ സെല്ലുകളിൽ നിന്ന് കേരളത്തിന് നേരെ വലിയ രീതിയിലുള്ള വിദ്വേഷ പ്രചരണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. മുസ്‌ലിങ്ങൾ ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയിൽ കേരളത്തിലെ കമ്യൂണിസ്റ്റുകളുടെ സഹായത്തോടെ ഹിന്ദുക്കളുടെ ഗണേശ ദൈവമായ ആനയെ ക്രൂരമായി കൊന്നൊടുക്കുകയാണ് എന്ന തരത്തിൽ അങ്ങേയറ്റം വിദ്വേഷപരമായ പരാമർശങ്ങളാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP