Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സന്തോഷ് മാധവന്റെ കമ്പനിക്ക് ദാനം നൽകിയത് നൂറിലധികം ഏക്കർ സർക്കാർ ഭൂമി; യുഡിഎഫ് കാലത്ത് തീരുമാനം വന്നത് മന്ത്രിസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്താതെ; വിവാദമായപ്പോൾ തടിയൂരി; കുഞ്ഞാലിക്കുട്ടിക്കും അടൂർ പ്രകാശിനും സന്തോഷ് മാധവനും എതിരെ എഫ്‌ഐആർ ഇട്ട് കേസ് എടുക്കാൻ നിർദ്ദേശം നൽകിയത് മൂവാറ്റുപുഴ വിജിലൻസ് കോടതി; നാല് വർഷമായിട്ടും കുറ്റപത്രം നൽകാതെ പിണറായി സർക്കാറിന്റെ കള്ളക്കളിയും; സന്തോഷ് മാധവന്റെ ഭൂമിദാന കേസിന്റെ തലവര ഇങ്ങനെ

സന്തോഷ് മാധവന്റെ കമ്പനിക്ക് ദാനം നൽകിയത് നൂറിലധികം ഏക്കർ സർക്കാർ ഭൂമി; യുഡിഎഫ് കാലത്ത് തീരുമാനം വന്നത് മന്ത്രിസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്താതെ; വിവാദമായപ്പോൾ തടിയൂരി; കുഞ്ഞാലിക്കുട്ടിക്കും അടൂർ പ്രകാശിനും സന്തോഷ് മാധവനും എതിരെ എഫ്‌ഐആർ ഇട്ട് കേസ് എടുക്കാൻ നിർദ്ദേശം നൽകിയത് മൂവാറ്റുപുഴ വിജിലൻസ് കോടതി; നാല് വർഷമായിട്ടും കുറ്റപത്രം നൽകാതെ പിണറായി സർക്കാറിന്റെ കള്ളക്കളിയും; സന്തോഷ് മാധവന്റെ ഭൂമിദാന കേസിന്റെ തലവര ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: വിവാദ സ്വാമി സന്തോഷ് മാധവന്റെ കമ്പനിക്ക് 128 ഏക്കർ സർക്കാർ ഭൂമി പതിച്ച് നൽകിയ കേസിൽ കുറ്റപത്രം സമർപ്പിക്കാതെ വിജിലൻസിന്റെ കള്ളക്കളി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന വിവാദ ഭൂമിദാനകേസിൽ നാല് വർഷമായിട്ടും വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല. 2016ന് ജൂണിലാണ് ഇതിനു പിന്നിലുള്ള അഴിമതി അന്വേഷിക്കണം എന്നുള്ള മൂവാറ്റുപുഴ വിജിലൻസ് കോടതി വിധി വന്നത്. മുൻ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും അടൂർ പ്രകാശും പ്രതി ചേർക്കപ്പെട്ടതിനാൽ എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് വിജിലൻസ് കോടതി നിർദ്ദേശിച്ചത്. വിജിലൻസ് കോടതി പറഞ്ഞ എത്രയും വേഗത്തിനു ഇപ്പോൾ നാല് വർഷം കഴിഞ്ഞിട്ടും ഒരനക്കവുമില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്കും റവന്യൂ മന്ത്രിയായിരുന്ന അടൂർ പ്രകാശിനും എതിരെ വന്ന കേസിലാണ് കുറ്റപത്രം നൽകാതെ വിജിലൻസ് കള്ളക്കളി നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനെതിരെ ഇടതുമുന്നണി ഉന്നയിച്ച പ്രധാന അഴിമതികേസുകളിൽ ഒന്നായിരുന്നു ഈ ഭൂമിദാന കേസ്. ഇടതു മുന്നണി ഉയർത്തിയ വലിയ അഴിമതിക്കേസിനാണ് ഇടത് സർക്കാരിന്റെ കാലത്തും ഈ ദുർവിധി നേരിടുന്നത്. ഭൂമി പതിച്ച് നൽകിയ കേസിൽ നടക്കുന്ന ഇടത്-വലത് ഒത്തുകളിയുടെ സാക്ഷ്യപത്രമായി മാറുകയാണ് ഈ വിജിലൻസ് കേസ്.

വിവാദ സ്വാമി സന്തോഷ് മാധവന് എറണാകുളം ജില്ലയിലെ പുത്തൻ വേലിക്കരയിൽ 128ഏക്കർ സർക്കാർ ഭൂമി ദാനം ചെയ്ത നടപടിയാണ് വിവാദമായത്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലും എറണാകുളം വടക്കൻ പറവൂർ പുത്തൻവേലിക്കരയിലും ഐടി കമ്പനിയുടെ മറവിൽ സന്തോഷ് മാധവന്റെ ബിനാമി കമ്പനിക്ക് 128 ഏക്കർ തണ്ണീർത്തടം പതിച്ചുനൽകിയെന്നാണ് കേസ്. സംഭവത്തിൽ എഫ്‌ഐആർ ഇട്ട് കേസ് എടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. കോടതി നിർദ്ദേശപ്രകാരം എഫ്‌ഐആർ ഇട്ടുവെങ്കിലും നാല് വർഷമായിട്ടും ഇതുവരെ വിജിലൻസ് കുറ്റപത്രം കോടതിയിൽ ഫയൽ ചെയ്തിട്ടില്ല. പൊതു പ്രവർത്തകനായ ഗിരീഷ് ബാബു മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിലാണ് കുഞ്ഞാലികുട്ടിക്കും അടൂർ പ്രകാശിനും എതിരെ എഫ്‌ഐആർ ഇട്ട് കേസ് എടുക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടത്.

മന്ത്രിമാരെ വെള്ളപൂശി കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കോടതിയിൽ വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും ഇത് കോടതി തള്ളിക്കളഞ്ഞിരുന്നു. സന്തോഷ് മാധവന്റെ കമ്പനിക്ക് ഭൂമി അനുവദിച്ച നടപടി പിൻവലിച്ചത് ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് റിപ്പോർട്ട് നൽകിയത്. ഭൂമി നൽകിയ ഉത്തരവ് പിൻവലിച്ചാലും നിയമവിരുദ്ധമായി ചെയ്ത കുറ്റം ഇല്ലാതാകുന്നില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാരെ പ്രതിചേർത്ത് കേസ് എടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്. ഇങ്ങനെ ഉത്തരവിട്ടു നാല് വർഷം കഴിഞ്ഞെങ്കിലും ഇതേവരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കേസിൽ ഒഴിഞ്ഞുമാറുന്ന സമീപനമാണ് വിജിലൻസ് പയറ്റുന്നത്. കുഞ്ഞാലിക്കുട്ടിയും സിപിഎമ്മും തമ്മിലുള്ള രഹസ്യധാരണ തന്നെയാണ് ഈ കേസിന്റെയും തലവിധി തീരുമാനിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

വിജിലൻസ് കോടതി നിർദ്ദേശ പ്രകാരം കേസിൽ എഫ്‌ഐആർ ഇട്ട് അന്വേഷണം ത്വരിത ഗതിയിൽ നടന്നിരുന്നു. അജിത്ത് എന്ന വിജിലൻസ് ഡിവൈഎസ്‌പിയാണ് കേസ് അന്വേഷിച്ചത്. വ്യവസായമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് ചോദ്യം ചെയ്യൽ നോട്ടീസ് നൽകിയതോടെ അജിത്ത് തെറിച്ചു. പിന്നീട് വേറെ വിജിലൻസ് ഡിവൈഎസ്‌പിമാർക്കാണ് കേസിന്റെ ചുമതല വന്നത്. അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ് ചെയ്തത്. കുറ്റപത്രവും ഇതുവരെ സമർപ്പിച്ചിട്ടില്ല. ഭൂമിയിടപാടിൽ സർക്കാരിന് നഷ്ടം വന്നിട്ടില്ല. അതിനാൽ നടപടി വേണ്ട എന്നായിരുന്നു യുഡിഎഫ് സർക്കാരിന്റെ നിലപാട്. ഇത് തന്നെയാണ് വിജിലൻസും ഏറ്റു പറഞ്ഞത്. പക്ഷെ മൂവാറ്റുപുഴ വിജിലൻസ് കോടതി അത് തള്ളിയതോടെയാണ് കേസിൽ എഫ്‌ഐആർ വന്നത് എഫ്‌ഐആർ ഇട്ടു അന്വേഷിക്കാനാണ് കോടതി വിധി വന്നത്. ഇപ്പോൾ ഇടത് സർക്കാർ പോകുന്നതിനു തൊട്ടു മുൻപ് കണ്ണിൽപ്പൊടിയിടുന്ന വിധം റിപ്പോർട്ട് നൽകാനാണ് നീക്കം.

കുഞ്ഞാലിക്കുട്ടിയേയും അടൂർ പ്രകാശിനെയും രക്ഷിക്കാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. അതിനാലാണ് അന്വേഷണം ഇഴഞ്ഞു നീക്കുന്നത്. കുറ്റപത്രം നൽകാനുള്ള ഒരു നീക്കവും വിജിലൻസ് തലത്തിൽ നടക്കുന്നുമില്ല. ഭൂമി ദാന കേസിലെ കള്ളക്കളികൾ വളരെ വ്യക്തവുമാണ്. ''കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വജ്രായുധങ്ങളിൽ ഒന്നായിരുന്നു ഈ കേസ്. എന്നിട്ടും ഈ ഭൂമി ദാന കേസിന്റെ വിധി എന്താണ് എന്ന് നോക്കൂ- കേസിൽ വിജിലൻസ് കോടതിയെ സമീപിച്ച് പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മറുനാടനോടു പറഞ്ഞു. പ്രമുഖ അഴിമതികേസുകളിൽ ഒന്നായ ഈ അഴിമതിക്കേസ് കുഴിച്ചുമൂടാൻ ഇടത് സർക്കാർ തന്നെ ശ്രമിക്കുന്ന വൃത്തികെട്ട കാഴ്ചയാണ് കേസിൽ ദൃശ്യമാകുന്നത്. ഈ രാഷ്ട്രീയ ഒത്തുതീർപ്പ് കേരളം ചർച്ച ചെയ്യേണ്ട കാര്യമാണ്-ഗിരീഷ് ബാബു പറയുന്നു.

കേരളത്തിലെ രാഷ്ട്രീയ വിവാദമായി മാറിയ ഭൂമിദാന കേസ് ഇങ്ങനെ:

തട്ടിപ്പ് സ്വാമി സന്തോഷ് മാധവന് പങ്കാളിത്തമുള്ള സ്വകാര്യ കമ്പനിക്കാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 128 ഏക്കർ സർക്കാർ ഭൂമി പതിച്ച് നൽകിയത്. സംഭവം വിവാദമായപ്പോൾ അടൂർ പ്രകാശ്, കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ നാലുപേർക്ക് എതിരെ കേസ് എടുക്കാനാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്. മുൻ മന്ത്രിമാർക്ക് പുറമേ സന്തോഷ് മാധവൻ, ഭൂമി നൽകിയ ആർഎം ഇസഡ് ഇക്കോവേൾഡ് ഇൻഫ്രാസ്ട്രക്ചർ എംഡി എം ജയശങ്കറുമാണ് കേസിലെ മറ്റു പ്രതികൾ. തട്ടിപ്പ് സ്വാമിക്ക് വേണ്ടി സർക്കാർ ഭൂമി പതിച്ച് നൽകാൻ മുൻ വ്യവസായ റവന്യൂ മന്ത്രിമാർ ആലോചന നടത്തി തീരുമാനം കൈക്കൊണ്ടു എന്നാണ് വിജിലൻസ് കോടതി കണ്ടെത്തിയത്. ഇത് പ്രകാരമാണ് മന്ത്രിമാരെ പ്രതിചേർത്ത് എഫ്‌ഐആർ ഇട്ട് അന്വേഷിക്കാൻ കോടതി ഉത്തരവ് നൽകിയത്. ഭൂമി നൽകിയ ഉത്തരവ് പിൻവലിച്ചാലും നിയമവിരുദ്ധമായി ചെയ്ത കുറ്റം ഇല്ലാതാകുന്നില്ലെന്നാണ് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്. തൃശൂർ എറണാകുളംജില്ലകളിലായി ഐടി കമ്പനിയുടെ മറവിൽ സന്തോഷ് മാധവന്റെ ബിനാമി കമ്പനിക്ക് 128 ഏക്കർ തണ്ണീർത്തടം പതിച്ചുനൽകിയെന്നാണ് കേസ്. മന്തിസഭാ യോഗം അജണ്ടയിൽ ഇല്ലാതെയാണ് ഭൂമി ദാനത്തിനു അനുമതി നൽകിയത്. വടക്കൻ പറവൂരിൽ 95.44 ഏക്കറും കൊടുങ്ങല്ലൂർ 32.41 ഏക്കറുമാണ് വിട്ടു നൽകിയത്.

വൻ അഴിമതിയാണ് ഇതിനു പിന്നിലുള്ളത് എന്ന് അന്ന് തന്നെ ആരോപണം വന്നിരുന്നു. ഇതിനെ തുടർന്നാണ് അഴിമതി ചൂണ്ടിക്കാട്ടി ഗിരീഷ് ബാബു മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ പരാതി നൽകുന്നത്. തുടർന്ന് വിജിലൻസ് കോടതി ത്വരിത പരിശോധനാ റിപ്പോർട്ട് ആവശ്യപ്പെട്ടു. മന്ത്രി അടൂർ പ്രകാശിനും റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കാനാണ് കോടതി നിർദ്ദേശം നൽകിയത്. എന്നാൽ തീരുമാനം പിൻവലിച്ചു എന്നും സർക്കാരിനു നഷ്ടം വന്നിലെന്നുമാണ് വിജിലൻസ് ഡയറക്ടർ ചൂണ്ടിക്കാട്ടിയത്. ഈ റിപ്പോർട്ട് കോടതിതള്ളുകയായിരുന്നു. മന്ത്രിസഭാ യോഗത്തിൽ അജണ്ടയിൽ ഇല്ലാതെ ഭൂമി ദാനം ചെയ്യാനുള്ള നിർദ്ദേശം കൊണ്ടുവന്നത് കുഞ്ഞാലിക്കുട്ടിയാണെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

സ്വന്തം വകുപ്പിലുള്ള വിഷയമായിട്ടും ഒരു എതിർപ്പുമില്ലാതെ അടൂർ പ്രകാശ് ഈ നിർദ്ദേശത്തിനു അനുവാദം നൽകി. കമ്പനിയുടെ അപേക്ഷ റവന്യൂവകുപ്പിൽ കെട്ടിക്കിടക്കുന്നതിനാലാണ് തടസം മറികടക്കാൻ ഇത്തരം നിർദ്ദേശം മന്ത്രിസഭയിൽ കൊണ്ടുവന്നത്. ഇത് മന്ത്രിമാർക്ക് അറിയില്ലെന്ന് വിശ്വസിക്കാനാകില്ല. വിജിലൻസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. റവന്യൂ-ഐടി സെക്രട്ടറിമാർ ഫയൽ കാണാത്തതിനാൽ കേസിൽ നിന്നും ഒഴിവാക്കപ്പെട്ടു. തുടർന്നാണ് കുഞ്ഞാലിക്കുട്ടിയും അടൂർ പ്രകാശും ഉൾപ്പെടെയുള്ളവർക്ക് എതിരെ എഫ്‌ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് കോടതി നിർദ്ദേശിച്ചത്. എഫ്‌ഐആർ വന്നെങ്കിലും കേസിൽ കുറ്റപത്രം നൽകാതെ വിജിലൻസ് നടത്തുന്ന കള്ളക്കളി തുടരുകയാണ്. എഫ്‌ഐആർ വന്നിട്ട് നാല് വർഷമായെങ്കിലും കുറ്റപത്രം ഇതേ വരെ നൽകിയിട്ടുമില്ല. അഴിമതിയുടെ കാര്യത്തിൽ കൈകോർത്ത് ഇടത്-വലത് മുന്നണികൾ കളിക്കുന്ന രാഷ്ട്രീയ കളിയുടെ ദൃഷ്ടാന്തമായി മാറുകയാണ് ഈ ഭൂമി ദാനക്കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP