Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സിപിഎം എന്നാൽ കോടതിയും പൊലീസുമാണ്; പാർട്ടിക്ക് സ്വന്തമായി കോടതിയുണ്ട്; പാർട്ടി അന്വേഷിക്കേണ്ട എന്നു പറഞ്ഞാൽ അക്കാര്യം വനിതാ കമ്മീഷൻ അന്വേഷിക്കേണ്ടതില്ല; സ്ത്രീപീഡന പരാതികളിൽ ഏറ്റവും കർശന നടപടിയെടുക്കുന്നത് സിപിഎമ്മാണ്; സിപിഎം നേതാക്കൾ പ്രതികളാകുന്ന പീഡന കേസിൽ ഇടപെടുന്നില്ലല്ലോ എന്ന ചോദ്യത്തോട് വനിതാ കമ്മീഷൻ അധ്യക്ഷയുടെ വിവാദ പ്രതികരണം ഇങ്ങനെ; പി കെ ശശിക്കെതിരെ കേസെടുത്തെങ്കിലും പാർട്ടി അന്വേഷണം മതിയെന്ന് പരാതിക്കാരിയുടെ കുടുംബം പറഞ്ഞെന്നും എം സി ജോസഫൈൻ

'സിപിഎം എന്നാൽ കോടതിയും പൊലീസുമാണ്; പാർട്ടിക്ക് സ്വന്തമായി കോടതിയുണ്ട്; പാർട്ടി അന്വേഷിക്കേണ്ട എന്നു പറഞ്ഞാൽ അക്കാര്യം വനിതാ കമ്മീഷൻ അന്വേഷിക്കേണ്ടതില്ല; സ്ത്രീപീഡന പരാതികളിൽ ഏറ്റവും കർശന നടപടിയെടുക്കുന്നത് സിപിഎമ്മാണ്; സിപിഎം നേതാക്കൾ പ്രതികളാകുന്ന പീഡന കേസിൽ ഇടപെടുന്നില്ലല്ലോ എന്ന ചോദ്യത്തോട് വനിതാ കമ്മീഷൻ അധ്യക്ഷയുടെ വിവാദ പ്രതികരണം ഇങ്ങനെ; പി കെ ശശിക്കെതിരെ കേസെടുത്തെങ്കിലും പാർട്ടി അന്വേഷണം മതിയെന്ന് പരാതിക്കാരിയുടെ കുടുംബം പറഞ്ഞെന്നും എം സി ജോസഫൈൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിന് പാർട്ടി കോടതിയും വിധി നടപ്പിലാക്കാൻ സംവിധാനവും ഉണ്ടെന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നതാണ്. കണ്ണൂർ ജില്ലയിൽ അടക്കം ഇത്തരത്തിൽ പാർട്ടി കോടതി വിചാരണ ചെയ്ത് വിധി നടപ്പിലാക്കിയ സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. സിപിഎം നേതാക്കളെ സ്ത്രീപീഡന കേസുകളിൽ നിന്നും രക്ഷിക്കാൻ വേണ്ടി പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനുകളും ഉണ്ടായിട്ടുണ്ട്. അത്തരമൊരു അന്വേഷണ കമ്മീഷനാണ് ഷൊർണൂർ എംഎൽഎ പി കെ ശശിയുടേത് തീവ്രത കുറഞ്ഞ പീഡനമാണ് എന്ന് വിധിയെഴുതിയത്. ഇതോടെ അദ്ദേഹത്തിനെതിരെ കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. ഇപ്പോൾ പാലക്കാട് സിപിഎമ്മിലെ അതികായനായി വിലസുകയാണ് ശശി.

ഇതിനിടെ പാർട്ടി കോടതിയും പൊലീസുമെല്ലാം യാഥാർത്ഥ്യമാണെന്ന വിവാദ പ്രസ്താവനയുമായി വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ രംഗത്തെത്തി. സിപിഎം എന്നാൽ കോടതിയും പൊലീസുമെന്ന് ജോസഫൈൻ പ്രതികരിച്ചു. സ്ത്രീ പീഡന പരാതികളിൽ ഏറ്റവും കർശന നടപടിയെടുക്കുന്നത് സിപിഎമ്മാണ്. അതിൽ അഭിമാനിക്കുന്നുവെന്നും എം.സി.ജോസഫൈൻ പറഞ്ഞു. നേതാക്കന്മാർ പ്രതികളാകുന്ന കേസിൽ കമ്മിഷന്റെ ഇടപെടലിനെക്കുറിച്ചായിരുന്നു അധ്യക്ഷയുടെ പ്രതികരണം

പി കെ ശശിക്കെതിരെ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാർട്ടി അന്വേഷണം മതിയെന്നു പറഞ്ഞു. അതുകൊണ്ടാണ് വനിതാ കമ്മീഷൻ കൂടുതൽ നടപടികളിലേക്ക് കടക്കാതിരുന്നതെന്നും അവർ വ്യക്തമാക്കി. എസ് രാജേന്ദ്രനും സി.കെ ഹരീന്ദ്രനുമെതിരെ കേസ് എടുത്തിരുന്നുവെന്നും എ വിജയരാഘവന്റെ പരാമർശത്തിനെതിരെ താൻ പരസ്യ പ്രതികരണം നടത്തിയെന്നും എം.സി. ജോസഫൈൻ പറഞ്ഞു.

നേരത്തെ കണിയാപുരത്ത് മദ്യം നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷൻ കേസെടുത്തത്. ഭാർത്താവും സുഹൃത്തുക്കളുമാണ് മദ്യം കുടിപ്പിച്ച് യുവതിയെ പീഡിപ്പിച്ചത്. ഭർത്താവടക്കം നാലുപേർ കസ്റ്റഡിയിലാണ്. പീഡിപ്പിക്കപ്പെട്ട യുവതിയെ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ സന്ദർശിക്കാനും ഇരിക്കയാണ്. ഇതിനിടെയാണ് തിരുവനന്തപുരത്ത് വെച്ച് മാധ്യമപ്രവർത്തകർ സിപിഎം നേതാക്കൾ പ്രതിസ്ഥാനത്താണെങ്കിൽ ഇടപെടൽ നടത്തുന്നില്ലെന്നോ എന്ന ചോദ്യം ഉന്നയിച്ചത്.

ഷൊർണൂർ എംഎൽഎ പി കെ ശശിയെ പരാതിയെ തുടർന്ന് സസ്‌പെന്റ് ചെയ്യുകയാണ് ഉണ്ടായത്. കേസിൽ ഡിവൈഎഫ്‌ഐ വനിതാ നേതാവായിരുന്നു പരാതി ഉന്നയിച്ചത്. തുടർന്ന് ആറു മാസത്തേക്കാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ശശിയെ സസ്‌പെന്റ് ചെയ്‌തെങ്കിലും അത് കണ്ണിൽ പൊടിയിടൽ മാത്രമായിരുന്നു. നവംബർ 26നാണ് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്‌പെന്റ് ചെയ്തത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നൽകിയ പരാതി അന്വേഷിച്ച കമ്മീഷൻ അംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

സംസ്ഥാന- ജില്ലാ നേതാക്കൾക്കു പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് പാർട്ടി ജനറൽ സെക്രട്ടറിക്ക് യുവതി പരാതി നൽകുകയായിരുന്നു. തുടർന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ഇവരുടെ റിപ്പോർട്ടിന്മേൽ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റും ചർച്ചചെയ്താണു നടപടി സ്വീകരിച്ചത്. പുറത്താക്കലിനു തൊട്ടുതാഴെയുള്ള ശിക്ഷയാണ് സസ്‌പെൻഷൻ. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നുമായിരുന്നു കമ്മീഷൻ ശുപാർശ. സസ്‌പെൻഷൻ കാലാവധി കഴിഞ്ഞതിനാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വം ലഭിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP