Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന ചരിഞ്ഞ സംഭവത്തിലെ വിദ്വേഷ ട്വീറ്റ് തിരുത്താതെ ജാവ്‌ദേക്കറും മനേക ഗാന്ധിയും; മലപ്പുറത്തിന് എതിരായ വ്യാജ പ്രചാരണങ്ങളിൽ ഉറച്ച് കേന്ദ്രസർക്കാർ പ്രതിനിധികൾ; മലപ്പുറം തീവ്രമായ ക്രിമിനൽ പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് മൃഗങ്ങളുമായി ബന്ധപ്പെട്ടവയ്ക്ക് പേര് കേട്ടതെന്ന മനേകയുടെ ട്വീറ്റ് നീക്കിയില്ല; മലപ്പുറം ജില്ലയ്‌ക്കെതിരെ വിദ്വേഷ പ്രസ്താവന ഇറക്കിയ മേനക ഗാന്ധിക്ക് മലപ്പുറത്തിന്റെ ഭൂപടവും ചരിത്രവും പാഴ്‌സലയച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

ആന ചരിഞ്ഞ സംഭവത്തിലെ വിദ്വേഷ ട്വീറ്റ് തിരുത്താതെ ജാവ്‌ദേക്കറും മനേക ഗാന്ധിയും; മലപ്പുറത്തിന് എതിരായ വ്യാജ പ്രചാരണങ്ങളിൽ ഉറച്ച് കേന്ദ്രസർക്കാർ പ്രതിനിധികൾ; മലപ്പുറം തീവ്രമായ ക്രിമിനൽ പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് മൃഗങ്ങളുമായി ബന്ധപ്പെട്ടവയ്ക്ക് പേര് കേട്ടതെന്ന മനേകയുടെ ട്വീറ്റ് നീക്കിയില്ല; മലപ്പുറം ജില്ലയ്‌ക്കെതിരെ വിദ്വേഷ പ്രസ്താവന ഇറക്കിയ മേനക ഗാന്ധിക്ക് മലപ്പുറത്തിന്റെ ഭൂപടവും ചരിത്രവും പാഴ്‌സലയച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആന സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിൾ ഭക്ഷിച്ച് ചരിഞ്ഞ സംഭവത്തിൽ മലപ്പുറത്തിനെതിരായ വ്യാജ പ്രചാരണങ്ങളിൽ ഉറച്ചു നിന്നു കേന്ദ്രസർക്കാർ പ്രതിനിധികൾ. ആന ചരിഞ്ഞ സംഭവത്തിൽ ബിജെപി എംപിയും മൃഗാവകാശ പ്രവർത്തകയുമായ മനേക ഗാന്ധി തുടങ്ങിവെച്ച വിദ്വേഷ പ്രചാരണം കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കറും ഏറ്റെടുക്കുകയുണ്ടായി. വാർത്ത ആദ്യം പ്രസിദ്ധീകരിച്ച ദേശീയ മാധ്യമങ്ങളിൽ ഒന്നായ എൻഡിടിവിയുടെ റിപ്പോർട്ടർ സംഭവം നടന്നത് മലപ്പുറത്തല്ല, പാലക്കാട് ആണെന്ന് തിരുത്തിയിട്ടും തെറ്റ് പറ്റിയതിൽ സോഷ്യൽ മീഡിയയിൽ മാപ്പ് പറഞ്ഞിട്ടും തിരുത്താൻ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ബിജെപി നേതാക്കൾ തയ്യാറായിട്ടില്ല. ഇവർ ഇത് കൂടുതൽ വിദ്വേഷം വിതയ്ക്കുന്ന വിധത്തിലേക്ക് നയിക്കുകയാണ്.

മലപ്പുറത്ത് ആനയെ കൊന്നത് കേന്ദ്രസർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന പ്രകാശ് ജാവ്‌ദേക്കറുടെ ട്വീറ്റ് ഇപ്പോഴും അവിടെയുണ്ട്. കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ പിടികൂടും. പടക്കം തീറ്റിച്ച് കൊല്ലുന്നത് ഇന്ത്യൻ സംസ്‌കാരമല്ലെന്നും പ്രകാശ് ജാവ്‌ദേക്കറുടെ ട്വീറ്റിൽ പറയുന്നു. ആന ചരിഞ്ഞ പശ്ചാത്തലത്തിൽ മനേക ഗാന്ധി മലപ്പുറത്തിനെതിരെ നടത്തിയ പരാമർശവും ഇതുവരെ തിരുത്തിയിട്ടില്ല. മലപ്പുറം തീവ്രമായ കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലമാണെന്നാണ് മനേക ട്വീറ്റ് ചെയ്തത്- 'മലപ്പുറം അതിന്റെ തീവ്രമായ ക്രിമിനൽ പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് മൃഗങ്ങളുമായി ബന്ധപ്പെട്ടവയ്ക്ക് പേര് കേട്ടതാണ്. ഒരു വേട്ടക്കാരനെതിരെയും വന്യജീവി കൊലപാതകിക്കെതിരെയും ഇതുവരെയായി ഒരു നടപടിയും എടുത്തിട്ടില്ല. അതുകൊണ്ടാണ് അവർ ഇത് ചെയ്തുകൊണ്ടേയിരിക്കുന്നത്. നടപടി ആവശ്യപ്പെട്ട് മെയിൽ ചെയ്യുകയോ വിളിക്കുകയോ ചെയ്യുക എന്നത് മാത്രമാണ് എനിക്ക് നിർദേശിക്കാനുള്ളത്'- മന്ത്രി കെ രാജു, വനംവകുപ്പ് സെക്രട്ടറി ആശ തോമസ് തുടങ്ങിയവരുടെ ഫോൺ നമ്പറുകളും ഇ മെയിൽ ഐഡികളും ട്വീറ്റിനൊപ്പം ചേർക്കുകയും ചെയ്തു.

പടക്കം തീറ്റിച്ച് ആനയെ കൊന്നുവെന്നും സംഭവം നടന്നത് മലപ്പുറത്താണെന്നുമുള്ള എൻ.ഡി.ടി.വി വാർത്തയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. വാർത്തയിൽ ജില്ലയുടെ പേര് തെറ്റികൊടുത്തതിൽ ഖേദിക്കുന്നുവെന്നും ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ തിരുത്തിയെന്നും റിപ്പോർട്ടർ ശൈലജ വർമ ട്വീറ്റ് ചെയ്തു. പക്ഷേ എന്നിട്ടും സംഘപരിവാർ അനുകൂലികൾ വിദ്വേഷ പ്രചാരണം തുടരുകയാണ്. ആനയുടെ പേര് ഉമാദേവി എന്നാണ്, ഹിന്ദു ദൈവമായ ഗണപതിയെയാണ് കൊന്നുകളഞ്ഞത് എന്നിങ്ങനെയുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

അതേസമയം മലപ്പുറം ജില്ലയ്‌ക്കെതിരെ വിദ്വേഷ പ്രസ്താവന ഇറക്കിയ മേനക ഗാന്ധിക്ക് മലപ്പുറത്തിന്റെ ഭൂപടവും ചരിത്രവും പാഴ്‌സലയച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. വിഷം തുപ്പാൻ കോളാമ്പിയും സംഘടന പോസ്റ്റലായി അയച്ചിട്ടുണ്ട്. അടിസ്ഥാന രഹിതമായ ആരോപണമാണ് മേനകഗാന്ധി ദേശീയവാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലും ട്വിറ്ററിലും ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

വർഗീയവും നിന്ദ്യവുമായ വാക്കുകളാണ് എംപിയിൽ നിന്നും ഉണ്ടായിരിക്കുന്നതെന്നും വിദ്വേഷ പ്രചരണത്തിന്റെ അവർക്കെതിരെ കേസെടുക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയിൽ ആന ചെരിഞ്ഞ സംഭവത്തിൽ മലപ്പുറത്തെ അവഹേളിച്ച നടപടിക്കെതിരെ കേരള ലോയേഴ്സ് ഫോറം മലപ്പുറം യൂണിറ്റ് കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി.

മലപ്പുറത്തിന്റെ സംസ്‌കാരവും പൈതൃകവും മനസ്സിലാക്കാതെ പ്രസ്താവന നടത്തിയ ബിജെപി നേതാവ് മേനകാ ഗാന്ധി മാപ്പ് പറയണമെന്ന് ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് ആവശ്യപ്പെട്ടു. സൗഹാർദത്തോടെ ജനങ്ങൾ ജീവിക്കുന്ന ജില്ലയിൽ ബോധപൂർവം വിഭാഗീയത ഉണ്ടാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തെങ്ങും ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP