Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്എപി ക്യാമ്പിലെ പൊലീസുകാർക്ക് ഫാമിലി ഫ്‌ളാറ്റ് അനുവദിക്കുമ്പോൾ സീനിയോറിറ്റി അണുവിട മാറരുതെന്ന് ചട്ടം കെട്ടിയത് ഡിജിപി ബെഹ്‌റ; മുറ തെറ്റാതെ ഫ്‌ളാറ്റ് കിട്ടുമെന്ന് കരുതിയവരെ കബളിപ്പിച്ച് ആരും അറിയാതെ ഫ്‌ളാറ്റ് അനുവദിച്ചത് ഉന്നതരുടെ അടുപ്പക്കാരായ അഞ്ച് പേർക്ക്; ക്ലാർക്ക് ആയ വനിത മറികടന്നത് മുൻപിലുള്ള 17 പേരെ; എസ്എപിയിൽ ജോലി ചെയ്തിട്ടില്ലാത്ത പൊലീസുകാരനും കിട്ടി ഒരു ഫ്‌ളാറ്റ്; മറിമായം കണ്ട് ഞെട്ടി പൊലീസുകാർ

എസ്എപി ക്യാമ്പിലെ പൊലീസുകാർക്ക് ഫാമിലി ഫ്‌ളാറ്റ് അനുവദിക്കുമ്പോൾ സീനിയോറിറ്റി അണുവിട മാറരുതെന്ന് ചട്ടം കെട്ടിയത് ഡിജിപി ബെഹ്‌റ; മുറ തെറ്റാതെ ഫ്‌ളാറ്റ് കിട്ടുമെന്ന് കരുതിയവരെ കബളിപ്പിച്ച് ആരും അറിയാതെ ഫ്‌ളാറ്റ് അനുവദിച്ചത് ഉന്നതരുടെ അടുപ്പക്കാരായ അഞ്ച് പേർക്ക്;  ക്ലാർക്ക് ആയ വനിത മറികടന്നത് മുൻപിലുള്ള 17 പേരെ; എസ്എപിയിൽ ജോലി ചെയ്തിട്ടില്ലാത്ത പൊലീസുകാരനും കിട്ടി ഒരു ഫ്‌ളാറ്റ്; മറിമായം കണ്ട് ഞെട്ടി പൊലീസുകാർ

എം മനോജ് കുമാർ

 തിരുവനന്തപുരം: ഡിജിപിയുടെ മാർഗ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി എസ്എപി ക്യാമ്പിൽ പൊലീസുകാർക്ക് ഫ്‌ളാറ്റ് അനുവദിച്ചത് വിവാദമാകുന്നു. സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെട്ട നിരവധി പൊലീസുകാർ ഫ്‌ളാറ്റുകൾ അന്വേഷിച്ച് കാത്തിരിക്കെയാണ് അഞ്ചു പേർക്ക് അനധികൃതമായി ഫ്‌ളാറ്റ് നൽകിയത്. അഞ്ച് പേർ ഫ്‌ളാറ്റ് ഒഴിയുമ്പോൾ സീനിയോറിറ്റി ലിസ്റ്റിലുള്ളവർക്കാണ് അനുമതി നൽകുക പതിവ്. ഇതിനു വേണ്ടിയാണ് സീനിയോരിറ്റി ലിസ്റ്റ് എസ്എപി ക്യാമ്പിൽ നിന്നും തയ്യാറാക്കുന്നത്. ഈ ലിസ്റ്റിനെ നോക്കുകുത്തിയാക്കിയാണ് പുറമേ നിന്നുള്ളവർക്ക് ഫ്‌ളാറ്റുകൾ അനുവദിച്ചത്.

കഴിഞ്ഞ മെയ്‌ 31നു സ്ഥാനമൊഴിഞ്ഞ പേരൂർക്കട എസ്എപി കമാൻഡന്റ് ആണ് തിടുക്കപ്പെട്ടു പുറത്ത് നിന്നുള്ളവർക്ക് ഫ്‌ളാറ്റ് അനുവദിച്ചത്. മുകളിൽ നിന്നും യൂണിയൻ തലത്തിൽ നിന്നും വന്ന സമ്മർദ്ദം കാരണമാണ് എസ്എപി കമാൻഡന്റ്‌റ് വഴിവിട്ട നടപടികൾക്ക് തയ്യാറായത് എന്നാണ് ലഭിക്കുന്ന സൂചന. എസ്എപി കമാൻഡന്റ് ആണ് ഫ്‌ളാറ്റ് അനുവദിച്ചത്. അതിനാൽ പ്രതിഷേധവുമായി പൊലീസുകാർ തന്നെ കമാൻഡന്റിനെ കണ്ടതായി സൂചനയുണ്ട്. പക്ഷെ ഫ്‌ളാറ്റ് അനുവദിച്ചതിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. സംഭവത്തിൽ ആംഡ് പൊലീസിൽ രോഷം പുകയുകയാണ്. പലരും ക്വാർട്ടേഴ്സ് കിട്ടാതെ വലിയ വാടക നൽകി പുറത്ത് താമസിക്കുന്ന അവസ്ഥയുള്ളപ്പോഴാണ് ഈ രീതിയിലുള്ള ഫ്‌ളാറ്റ് അനുവദിക്കൽ.

രണ്ടു തരത്തിലാണ് ക്വാർട്ടേഴ്‌സ് ഉള്ളത്. ഒരു റൂമും അടുക്കളയും ചെറിയ ഹാളും ഉള്ളതാണ് ഒരു രീതിയിലുള്ള ക്വാർട്ടേഴ്‌സ്. ഈ ക്വാർട്ടെഴ്‌സ് ആണ് അപേക്ഷിക്കുന്നവർക്ക് ആദ്യം നൽകുക. ഇത് കഴിഞ്ഞിട്ടാണ് ഫ്‌ളാറ്റ് അലോട്ട് ചെയ്യുന്നത്. വിശാലമായ ഹാളും രണ്ടു ബെഡ് റൂമും മറ്റു സൗകര്യമുള്ളതുമാണ് ഫ്‌ളാറ്റുകൾ. എന്നാൽ ഇതും മറികടന്നു ഫ്‌ളാറ്റുകൾ നേരിട്ട് അനുവദിക്കുകയായിരുന്നു. ഡിജിപിയുടെ ഓർഡർ മറികടന്നാണ് ഫ്‌ളാറ്റുകൾ നൽകിയിരിക്കുന്നത്. അടിസ്ഥാന പൊലീസ് വിഭാഗത്തിനായി 80 ക്വാർട്ടേഴ്‌സുകൾ മാത്രമാണ് ഉള്ളത്. അതിൽ കൂടുതലും ഓഫിസർമാരാണ് താമസിക്കുന്നത്. വിരമിക്കുമ്പോൾ ക്വാർട്ടേഴ്‌സ് ഒഴിയുന്ന മുറയ്ക്കാണ് പൊലീസ് വിഭാഗത്തിന് കോർട്ടേഴ്സ് അനുവദിക്കുന്നത്. എന്നാൽ ഇത്തവണ ക്വാർട്ടേഴ്‌സുകൾ ഒഴിയുന്നതിന് മുൻപ് തന്നെ പലർക്കും അനുവദിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം.

ഫ്ളാറ്റ് കൊടുക്കുമ്പോൾ സീനിയോറിറ്റി കൃത്യമായി പാലിക്കണം എന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശം ഉള്ളതാണ്. എന്നാൽ ഇതൊന്നും പാലിക്കാതെ ഉന്നത ഉദ്യോഗസ്ഥരുടെ അടുപ്പക്കാർക്കും മറ്റു ചിലർക്കും ചട്ടങ്ങൾ മറികടന്ന് ഫ്‌ളാറ്റുകൾ നൽകുകയാണ് ഉണ്ടായത്. ആംഡ് പൊലീസ് ബറ്റാലിയനിൽ ക്ലർക്ക് ആയി ജോലി ചെയ്യുന്ന വനിതയ്ക്ക് അവരെക്കാൾ സീനിയോറിറ്റിയുള്ള 17 പേരെ മറികടന്നാണ് ഫ്ളാറ്റ് അനുവദിച്ചത്. എസ്എപി യിൽ ഒരിക്കൽ പോലും ജോലി നോക്കിയിട്ടില്ലാത്ത കോട്ടയത്തുള്ള അസോസിയേഷന്റെ അടുപ്പക്കാരന് ക്വാർട്ടേഴ്സ് നൽകിയതും വിവാദമായിരിക്കുകയാണ്. നിലവിൽ വികാസ് ഭവനിൽ ഫ്ളാറ്റ് ക്വാട്ടേഴ്‌സിൽ താമസിക്കുന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന പൊലീസുകാരന് യാതൊരു മാനദണ്ഡവും ഇല്ലാതെ എസ്എപിയിൽ ഫ്ളാറ്റ് അനുവദിച്ചു.

അതാത് യൂണിറ്റുകളിൽ അനുവദിക്കപ്പെട്ടിട്ടുള്ള ക്വാട്ടേഴ്സുകൾ യൂണിറ്റുകളിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് മാത്രമേ അനുവദിക്കാവൂ എന്ന ഫാമിലി ക്വാട്ടേഴ്സ് അലോട്ട്‌മെന്റ് റൂൾ മറികടന്നാണ് ഇത്തരത്തിൽ നൽകിയിരിക്കുന്നത്. എസ്എപിയിൽ ക്വാർട്ടേഴ്‌സ് അനുവദിക്കുന്നത് സീനിയോറിറ്റി മറികടന്നാണ് എന്ന് നേരത്തെയും പരാതികൾ ഉയർന്നിരുന്നു. അവസരം നഷ്ടമായവർ ഡിജിപിക്ക് പരാതി നൽകുന്ന കാര്യം ആലോചിക്കുകയാണ്. ഇതിനുള്ളിൽ പരാതിക്കാരെ തണുപ്പിക്കാനുള്ള ശ്രമവുമായി അസോസിയേഷൻ നേതാക്കളും സജീവമായിട്ടുണ്ട്. സീനിയോറിറ്റി ലിസ്റ്റ് മറികടന്നു ഫ്‌ളാറ്റ് നൽകിയതിൽ ആംഡ് പൊലീസ് വിഭാഗത്തിൽ അമർഷം ശക്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP