Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പീഡനപരാതി വന്നപ്പോൾ സസ്പെൻഡ് ചെയ്യപ്പെട്ട ലോക്കൽ സെക്രട്ടറി സിപിഎം ഏരിയാ കമ്മറ്റിയംഗമായി തുടരുന്നു; പ്രതിഷേധവുമായി 20 അംഗ ഇരവിപേരൂർ ഏരിയാ കമ്മറ്റിയിൽ കൂട്ടരാജി; രാജി വച്ചവരിൽ നാലു ലോക്കൽ സെക്രട്ടറിമാരും

പീഡനപരാതി വന്നപ്പോൾ സസ്പെൻഡ് ചെയ്യപ്പെട്ട ലോക്കൽ സെക്രട്ടറി സിപിഎം ഏരിയാ കമ്മറ്റിയംഗമായി തുടരുന്നു; പ്രതിഷേധവുമായി 20 അംഗ ഇരവിപേരൂർ ഏരിയാ കമ്മറ്റിയിൽ കൂട്ടരാജി; രാജി വച്ചവരിൽ നാലു ലോക്കൽ സെക്രട്ടറിമാരും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സ്ത്രീപീഡന കേസിൽ ആരോപണ വിധേയനായ ലോക്കൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തെങ്കിലും ഏരിയാ കമ്മറ്റിയിൽ നിലനിർത്തിയ നടപടിയിൽ പ്രതിഷേധിച്ച് സിപിഎമ്മിൽ കൂട്ടരാജി. 20 അംഗ ഏരിയാ കമ്മറ്റിയിൽ നാലു ലോക്കൽ സെക്രട്ടറിമാർ അടക്കം 10 പേരാണ് രാജി വച്ചത്. ഏരിയാ കമ്മിറ്റിയിൽ കെഎസ്എഫ്ഇ ചെയർമാൻ ഫിലിപ്പോസ് തോമസ് ഉൾപ്പെടെയുള്ളവർ അംഗമാണ്. കൂടാതെ സംസ്ഥാന സമിതിയംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ കെ. അനന്ത ഗോപന്റെ സ്വന്തം തട്ടകമാണ് ഇരവിപേരൂർ.

ഇരവിപേരൂർ ഏരിയക്ക് കീഴിലുള്ള പുറമറ്റം ലോക്കൽ സെക്രട്ടറിക്കെതിരെ ഉയർന്ന സ്ത്രീ വിഷയം ഉൾപ്പെടെയുള്ള ആരോപണങ്ങളോട് ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള ആളുകൾ സ്വീകരിച്ച മൃദു സമീപനത്തിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി. പുറമറ്റം ലോക്കൽ സെക്രട്ടറിക്കെതിരെ ബിരുദ വിദ്യാർത്ഥിനി നൽകിയ പരാതി പൊലീസ് മുക്കിയതായി നേരത്തേ ആരോപണമുണ്ടായിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ സ്‌കൂൾ സർട്ടിഫിക്കറ്റുകളും മറ്റും കവർന്നെടുക്കുകയും ഭീഷണിപ്പെടുത്തി ചൊൽപ്പടിക്ക് നിർത്താൻ ശ്രമം നടത്തുന്നതായും പൊലീസിന് പരാതി ലഭിച്ചെങ്കിലും ഇക്കാര്യത്തിൽ പൊലീസ് നടപടി ഇഴയുകയാണ്. മെയ് ഏഴിനാണ് പരാതിക്കാരി വീട്ടിൽ നിന്നിറങ്ങി രക്ഷപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

ഇതിനിടെയാണ് ഏരിയ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷൻ ഉൾപ്പെടെയുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പുറമറ്റം ലോക്കൽ സെക്രട്ടറി ഷിജു കുരുവിളയെ സ്ഥാനത്ത് നിന്ന് നീക്കിയത്. ഷിജുവിനെ ഏരിയ കമ്മിറ്റി അംഗമായി നിലനിർത്തിക്കൊണ്ട് ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നത് യുക്തി സഹമല്ലെന്ന് ഏരിയ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാൽ സെക്രട്ടറിയേറ്റ് തീരുമാനം റിപ്പോർട്ട് ചെയ്യാനെത്തിയ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ആവശ്യം നിരാകരിച്ചു. ഇതേ തുടർന്ന് ഏരിയ കമ്മിറ്റി അംഗങ്ങളായ പത്ത് പേർ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ രാജിവച്ചു.

പ്രധാനമന്ത്രിയുടെ പൊതുഭരണ അവാർഡ് നേടിയ മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ വൈസ് പ്രസിഡന്റും ജില്ലാ പ്ലാനിങ്ങ് കമ്മിറ്റി അംഗവുമായ എൻ രാജീവ്, സിപിഎം മുൻ ജില്ലാ സെക്രട്ടറി കെ അനന്തഗോപന്റെ മകൻ അഭിലാഷ് ഗോപൻ, കവിയൂർ ലോക്കൽ സെക്രട്ടറി കെ സോമൻ, ഇരവിപേരൂർ ലോക്കൽ സെക്രട്ടറി കെ എൻ രാജപ്പൻ, ഓതറ ലോക്കൽ സെക്രട്ടറി കെ അനിൽകുമാർ, വെണ്ണിക്കുളം ലോക്കൽ സെക്രട്ടറി അലക്സ് തോമസ് എന്നിവരുൾപ്പെടെ 10 പേരാണ് രാജിവച്ചത്. രണ്ട് അംഗങ്ങൾ നടപടിയിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിച്ചു. ഇതോടെ 20 അംഗ ഏരിയ കമ്മിറ്റി ന്യൂനപക്ഷമായി യോഗം ചേർന്നു.

ഏരിയ കമ്മറ്റി പിരിച്ചുവിടുമെന്ന ഭീഷണി ജില്ലാ സെക്രട്ടറി ഉയർത്തിയതോടെ മൂന്ന് അംഗങ്ങൾ ഒഴികെ ബാക്കിയുള്ളവരും ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ടു. ഇതോടെ ഉച്ചയോടെ യോഗം അലസിപ്പിരിഞ്ഞു. തിരുവല്ലയിൽ നടന്ന കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ ഒരു പ്രത്യേകതരം വിഭാഗീയത നിലനിൽക്കുന്ന സ്ഥലമാണ് പത്തനംതിട്ട എന്ന് കോടിയേരി പറഞ്ഞിരുന്നു. ഇത് ശരി വയ്ക്കുന്നതരത്തിൽ സാമുദായിക ഇടപെടൽ വീണ്ടും പാർട്ടിയിൽ തലപൊക്കുകയും വിഭാഗീയതക്കിടയാക്കിയിരിക്കുകയുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP