Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൃ​ഗങ്ങൾക്കെതിരായ അക്രമങ്ങൾ ക്രിമിനൽ കുറ്റം തന്നെ; സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവം പുതിയ വിദ്വേഷമുണ്ടാക്കാൻ ഉപയോഗിക്കുന്നവരെ കുറിച്ചോർത്ത് ലജ്ജ തോന്നുന്നു എന്നും പാർവതി തിരുവോത്ത്; പ്രശ്നം മുസ്ലിം സമുദായത്തെ ലക്ഷ്യമിടാനുള്ള അവസരമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും താരം; മനേകാ ​ഗാന്ധിയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം ഉയരുന്നു

മൃ​ഗങ്ങൾക്കെതിരായ അക്രമങ്ങൾ ക്രിമിനൽ കുറ്റം തന്നെ; സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവം പുതിയ വിദ്വേഷമുണ്ടാക്കാൻ ഉപയോഗിക്കുന്നവരെ കുറിച്ചോർത്ത് ലജ്ജ തോന്നുന്നു എന്നും പാർവതി തിരുവോത്ത്; പ്രശ്നം മുസ്ലിം സമുദായത്തെ ലക്ഷ്യമിടാനുള്ള അവസരമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും താരം; മനേകാ ​ഗാന്ധിയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം ഉയരുന്നു

മറുനാടൻ മലയാളി ബ്യൂറോ

സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിൽ മനേകാ ​ഗാന്ധി മലപ്പുറം ജില്ലയെ മോശമായി ചിത്രീകരിച്ച് നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധം ഉയരുന്നു. സംഭവത്തിൽ മനേക ​ഗാന്ധിയുടെ പരാമർശത്തിനെതിരെ നടി പാർവ്വതി തിരുവോത്ത് രം​ഗത്തെത്തി. മൃഗങ്ങൾക്കെതിരേയുള്ള ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. അത് ക്രിമിനൽ കുറ്റം തന്നെയാണ്. സംഭവത്തിൽ ഒരു ജില്ലയെ ലക്ഷ്യം വച്ച് പുതിയ വിദ്വേഷമുണ്ടാക്കാൻ ഉപയോഗിക്കുന്നവരെ കുറിച്ചോർത്ത് ലജ്ജ തോന്നുന്നു. ഈ പ്രശ്നം മുസ്ലിം സമുദായത്തെ ലക്ഷ്യമിടാനുള്ള അവസരമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും യഥാർത്ഥ പ്രശ്നത്തിലേക്ക് വരൂവെന്നും പാർവതി ട്വീറ്റ് ചെയ്തു.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനിൽ സ്‌ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ മലപ്പുറത്തെ കുറ്റം പറഞ്ഞ് മനേക ​ഗാന്ധി. സംഭവം മലപ്പുറം ജില്ലയിലാണെന്നും മലപ്പുറം ജില്ല മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്ക് കുപ്രസിദ്ധമാണെന്നുമാണ് മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി പ്രതികരിച്ചത്. ട്വിറ്ററിലൂടെയും വാർത്താ ഏജൻസിയോടുമായിരുന്നു മനേക ഗാന്ധിയുടെ പ്രതികരണം. മൃഗങ്ങളോടുള്ള ക്രൂരതകൾ തുടരുമ്പോഴും ഇതുവരെ ഒരു നടപടിയും ഇതിനെതിരെ സ്വീകരിച്ചിട്ടില്ലെന്ന് മനേക പറയുന്നു.

ഒറ്റത്തവണ വിഷം കൊടുത്ത് നാനൂറോളം പക്ഷികളെയും നായ്ക്കളെയും കൂട്ടക്കൊല ചെയ്തവരാണ് മലപ്പുറത്തുള്ളവരെന്നും മനേക പറഞ്ഞിരുന്നു. നടപടിയെടുക്കാൻ കേരള സർക്കാർ തയ്യാറാകാത്തത് ഭയം കൊണ്ടാകും. മൂന്നു ദിവസത്തിലൊരിക്കൽ എന്ന കണക്കിന് കേരളത്തിൽ ആനകൾ കൊല്ലപ്പെടുന്നുണ്ട്. ഇന്ത്യയിലാകെ 20,000ൽ താഴെ ആനകൾ മാത്രമേ ഉള്ളൂവെന്നും മനേക പറഞ്ഞിരുന്നു. സംഭവത്തിൽ നംവകുപ്പ് സെക്രട്ടറിയെ മാറ്റണമെന്നും ഉത്തരവാദിത്തമേറ്റെടുത്ത് വനസംരക്ഷണ വകുപ്പ് മന്ത്രി രാജി വെക്കണമെന്നും പറഞ്ഞ മനേക, രാഹുൽ ​ഗാന്ധി ആ പ്രദേശത്തുനിന്നൊക്കെയുള്ള എംപിയല്ലേ എന്നും എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകാത്തതെന്നും ചോദിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സെക്രട്ടിയെ നീക്കണം, ഏതെങ്കിലും തരത്തിലുള്ള ധാർമികത ഉണ്ടെങ്കിൽ വനംവകുപ്പ് മന്ത്രി രാജിവെയ്ക്കണം. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നതെന്നും എന്തുകൊണ്ട് അദ്ദേഹം നടപടിയെടുക്കാൻ തയ്യാറാവുന്നില്ലെന്നും മനേക ഗാന്ധി എഎൻഐയോട് പ്രതികരിച്ചു. നടപടി ആവശ്യപ്പെട്ട് എല്ലാവരും മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും ഇമെയിൽ ചെയ്യുകയും ഫോൺ വിളിക്കുകയും ചെയ്യണമെന്ന് അവർ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും അവരുടെ ഫോൺ നമ്പറുകളും ഇമെയിൽ വിലാസങ്ങളും ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇതുവരെ 600 ഓളം ആനകൾ കേരളത്തിൽ വിവിധ അമ്പലങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. ഉടമസ്ഥരുടെ മർദനമേറ്റും പട്ടിണികിടന്നും അല്ലെങ്കിൽ ബോധപൂർവം കൊലപ്പെടുത്തിയതുമായി ഈ കേസുകൾ നിരവധി തവണ താൻ കേരളത്തിലെ വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയും തന്നെ വകുപ്പുമായി സംസാരിക്കുമെങ്കിലും ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല. ഇപ്പോൾ തന്നെ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഒരു ആന നിരന്തരം മർദനത്തിനിരയായിക്കൊണ്ടിരിക്കുന്നു. ഉടൻ അത് ചരിയും. ഇതിനെ കുറിച്ച് ഞാൻ വകുപ്പിൽ പരാതി നൽകിയിട്ട് ഒരു മാസമാവുന്നു. എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും അവർ ആരോപിച്ചു.

തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറിൽ മെയ്‌ 27നാണ് 15 വയസ്സു പ്രായം വരുന്ന പിടിയാന ചരിഞ്ഞത്. 25ന് പുലർച്ചെയോടെയാണ് ആന നാട്ടിലെത്തിയത്. ചൊവ്വാഴ്ചയാണ് വെള്ളത്തിൽ നിൽക്കുന്ന നിലയിൽ ആനയെ കണ്ടെത്തിയത്. തുടർന്ന് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി രണ്ട് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. എന്നാൽ രക്ഷപ്പെടുത്തുന്നതിനു മുൻപ് ആന ചരിഞ്ഞു. 1997ൽ പാലക്കയം ഇഞ്ചിക്കുന്ന് വനമേഖലയിലും സമാനരീതിയിൽ കാട്ടാന ചരിഞ്ഞിരുന്നു. ആന ഒരു മാസം ഗർഭിണിയായിരുന്നുവെന്ന് ഫോറസ്റ്റ് സർജൻ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു. സൈലന്റ് വാലി വനമേഖലയിൽനിന്നാണ് ആന നാട്ടിലെത്തിയതെന്നാണു വിവരം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. വനമേഖലയോടു ചേർന്നുള്ള കൃഷിയിടങ്ങൾ, സ്വകാര്യ തോട്ടങ്ങൾ കേന്ദ്രീകരിച്ച് വന്യമൃഗങ്ങളെ വേട്ടയാടുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

പ്രധാനമായും കാട്ടുപന്നിയുടെ ശല്യം ഒഴിവാക്കാൻ കർഷകർ കെണിയൊരുക്കാറുണ്ട്. ഇത്തരത്തിൽ വച്ച പന്നിപ്പടക്കമാണ് ആനയുടെ ജീവൻ അപകടത്തിലാക്കിയതെന്നാണ് വിവരം. അല്ലെങ്കിൽ പുഴയിൽ മീൻ പിടിക്കാനായി വച്ച തോട്ട പൊട്ടി ആനയുടെ വായിൽ മുറിവേറ്റതാകാം. വെള്ളിയാർ പുഴയിലാണ് ചരിഞ്ഞത്. കാട്ടാനയുടെ ദാരുണാന്ത്യം സമൂഹമാധ്യമങ്ങളിലും ചർച്ചയാണ്. പക്ഷേ എന്നാണ് എവിടെ വച്ചാണ് ആനയ്ക്ക് പരുക്കേറ്റതെന്ന് കണ്ടെത്താനായിട്ടില്ല. കാട്ടാന ശല്യം ഒഴിവാക്കാൻ ആനയെ മാത്രം ലക്ഷ്യം വച്ച് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതാണോയെന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. കാട്ടാനയ്ക്ക് പൈനാപ്പിളിലോ മറ്റേതെങ്കിലും പഴത്തിലോ സ്ഫോടകവസ്തു നിറച്ചു നൽകിയതാകാമെന്നാണു വിലയിരുത്തൽ. ശക്തമായ സ്ഫോടനത്തിൽ ആനയുടെ മേൽത്താടിയും കീഴ്‌ത്താടിയും തകർന്നിരുന്നു. മുഖത്തെ മുറിവിൽ ഈച്ചയോ മറ്റു പ്രാണികളോ വരാതിരിക്കാൻ വെള്ളത്തിൽ തലതാഴ്‌ത്തി നിൽക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ആന ചരിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP