Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോർജ്ജിനെ കൊല്ലാൻ കൂട്ടുനിന്ന മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിൽ; ഭരണഘടനയെ നോക്കുകുത്തിയാക്കിയ നാസി നേതാവാണ് ട്രംപെന്ന് മുൻ പെന്റഗൺ മേധാവി; തന്റെ ജീവിതത്തിൽ ഇങ്ങനെയൊന്നും കാണെണ്ടി വരുമെന്ന് കരുതിയില്ലെന്ന് ഒബാമ; കറുത്ത വർഗ്ഗക്കാരന്റെ കൊലപാതത്തിൽ അമേരിക്ക ഇളകി മറിഞ്ഞപ്പോൾ പട്ടാളത്തെ ഇറക്കാനുള്ള തീരുമാനം തിരുത്തി ട്രംപ്; അഭിപ്രായ സർവ്വേയിൽ മൂക്കും കുത്തി വീണ് ട്രംപ്

ജോർജ്ജിനെ കൊല്ലാൻ കൂട്ടുനിന്ന മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിൽ; ഭരണഘടനയെ നോക്കുകുത്തിയാക്കിയ നാസി നേതാവാണ് ട്രംപെന്ന് മുൻ പെന്റഗൺ മേധാവി; തന്റെ ജീവിതത്തിൽ ഇങ്ങനെയൊന്നും കാണെണ്ടി വരുമെന്ന് കരുതിയില്ലെന്ന് ഒബാമ; കറുത്ത വർഗ്ഗക്കാരന്റെ കൊലപാതത്തിൽ അമേരിക്ക ഇളകി മറിഞ്ഞപ്പോൾ പട്ടാളത്തെ ഇറക്കാനുള്ള തീരുമാനം തിരുത്തി ട്രംപ്; അഭിപ്രായ സർവ്വേയിൽ മൂക്കും കുത്തി വീണ് ട്രംപ്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ജോർജ്ജ് ഫ്ളോയ്ഡിനെ പൊലീസുകാരൻ കഴുത്തു ഞെരിച്ച് കൊന്ന സംഭവത്തിൽ ഇന്നലെ മൂന്ന് പൊലീസുകാരെക്കൂടി മിന്നീപോളിസ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം ഡിഗ്രി കൊലപാതകത്തിന് സഹായിച്ച കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോൾ ഒന്നാം പ്രതി ഡെറക് ഷോവിനോപ്പം ഉണ്ടായിരുന്നവരാണിവർ. തോമസ് ലേയ്ൻ, ജ്. എ. കുവേങ്ങ്, ടാവു താവോ എന്നീ പൊലീസ് ഉദ്യോഗസ്ഥരേയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതിൽ ലേയ്ൻ, താവോ എന്നിവരെ വൈകിട്ട് 5 മണിയോടെ ഹെന്നെപിൻ കൗണ്ടി ജയിലിലെത്തിച്ചു. കുവെങ്ങ് നേരത്തെ ഇവിടെ എത്തിച്ചേർന്നിരുന്നു.

കേസ് തെളിഞ്ഞാൽ 40 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇവരുടെ മേൽ ചാർത്തിയിട്ടുള്ളത്. അതേ സമയം നേരത്തേ മൂന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയ ഒന്നാം പ്രതി ഷോവിന്റെ മേൽ രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റവും അധികമായി ചുമത്തിയിട്ടുണ്ട്. ഇതും 40 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സമീപകാലത്ത് അമേരിക്ക സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ജനരോഷത്തിന് ശേഷമാണ് ഈ നടപടിയുണ്ടായത്.

തെളിവുകൾ ശേഖരിക്കേണ്ടതിനാലാണ് ഈ കേസിൽ നടപടി വൈകിയതെന്ന് മിസ്സെസോട്ട അറ്റോർനി ജനറൽ കീത്ത് എല്ലിസൺ പറഞ്ഞു. ജോർജ്ജിന് നീതി ലഭിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നതുകൊണ്ടാണ് ശക്തമായ തെളിവുകൾ ശേഖരിക്കുന്നത് വരെ കാത്തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2006 -ലെ വെയ്ൻ രീസ് കൊലപാതകത്തിലും മറ്റ് ആറ് പൊലീസുകാർക്കൊപ്പം ഡെറെക് ഷോവിൻ പ്രതിയായിരുന്നു. അതിനുശേഷം 2008-ൽ ഒരു ഗാർഹിക പീഡനകേസുമായി ബന്ധപ്പെട്ട് ലാട്രെൽ ടോൾസിനെ വെടിവച്ച സംഭവത്തിലും ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

ഭരണഘടനയെ നോക്കുകുത്തിയാക്കിയ നാസി ഭീകരനാണ് ട്രംപ്

ഇതിനിടയിൽ നീണ്ട മൗനത്തിന് അറുതിവരുത്തി മുൻ ഡിഫൻസ് സെക്രട്ടറി രംഗത്തുവന്നു. ഡോണാൾഡ് ട്രംപിന്റെ നേതൃത്വത്തെ വിമർശിച്ചെഴുതിയ തുറന്ന കത്തിൽ അദ്ദേഹം പ്രതിഷേധക്കാരുടെ ലക്ഷ്യത്തെ അഭിനന്ദിച്ചു.ജനങ്ങളുടെ പ്രതിഷേധം നേരിടാൻ സൈന്യത്തെ വിളിക്കുന്നത് തുല്യനീതിക്കുള്ള അവകാശത്തിന് എതിരാണെന്ന് ജെയിംസ് മാറ്റിസ് തന്റെ കത്തിൽ പറയുന്നു. രാജ്യത്തിന് സംഭവിച്ച മുറിവുണക്കാൻ ട്രംപിന് കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അമേരിക്കൻ ജനതയെ ഐക്യത്തോടെ വർത്തിക്കാൻ അനുവദിക്കാത്ത ഏക അമേരിക്കൻ പ്രസിഡണ്ട് എന്നാണ് ട്രംപിനെ അദ്ദേഹം വിശേഷിപ്പിച്ചത്. അമേരിക്കക്കാരെ വിഭജിച്ച് ഭരിക്കുകയാണ് ട്രംപ്. നാസികളുടേ നയവുമായാണ് ട്രംപിന്റെ ഈ നയത്തെ അദ്ദേഹം താരതമ്യം ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി പക്വതയാർജ്ജിച്ച ഒരു നേതൃത്വം ഇല്ലാത്തതിന്റെ ദോഷം രാജ്യം അനുഭവിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ട്രംപിനെ ഒഴിവാക്കി അമേരിക്കക്കാർക്ക് ഒരുമിക്കാനാവുമെന്നും പറഞ്ഞു. ട്രംപ് സേനയെ രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് മുൻ സൈനിക മേധാവി അഡ്‌മിറൽ മൈക്ക് മുള്ളൻ രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ഈ കത്തും പുറത്തുവന്നിരിക്കുന്നത്.

ഇന്നുവരെ ജീവിതത്തിൽ കാണാത്തതൊക്കെയാണ് അമേരിക്കയിൽ സംഭവിക്കുന്നത്: ഒബാമ

അമേരിക്കയിൽ വംശീയ വിദ്വേഷത്തിനെതിരായ പോരാട്ടത്തിൽ സ്വമനസ്സാലെ പങ്കെടുത്ത യുവ തലമുറയെ മുൻ പ്രസിഡണ്ട് ബാരക്ക് ഒബാമ അഭിനന്ദിച്ചു. പ്രതിഷേധക്കാർക്ക് നേരെ ബലം പ്രയോഗിക്കുന്ന നടപടി പുനരവലോകനം ചെയ്യണമെന്ന് അദ്ദേഹം മേയർമാരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കറുത്ത വർഗ്ഗക്കാരനെ മൃഗീയമായി കൊന്നതിൽ പ്രതിഷേധിച്ച് രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുമ്പോൾ, ഒബാമ ഫൗണ്ടേഷൻ സംഘടിപിച്ച ഒരു വെർച്ച്വൽ ടൗൺ ഹാളിലാണ് ഒബാമ ഇത് പറഞ്ഞത്.

തുടരുന്ന പൊലീസ് അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് നയത്തിൽ വരുത്തേണ്ട പരിഷ്‌കാരങ്ങളെ കുറിച്ചുള്ള പാനൽ ഡിസ്‌കഷനായിരുന്നു നടന്നത്. അഹമ്മദ് ആർബറി, ബ്രിയന ടെയ്ലർ, ഫ്ളോയ്ഡ് തുടങ്ങിയ കറുത്തവർഗ്ഗക്കാർ നേരിട്ട ദുരന്തങ്ങൾ അമേരിക്കയുടെ ഘടനാപരമായ പ്രതിസന്ധിയെ അതിന്റെ ഔന്നത്യത്തിൽ എത്തിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. താൻ ഇന്നുവരെ തന്റെ ജീവിതത്തിൽ കാണാത്ത കാര്യങ്ങളാണ് കഴിഞ്ഞ കുറേ നാളുകളായി അമേരിക്കയിൽ കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കലാപം അടിച്ചൊതുക്കാൻ സൈന്യത്തെ ഇറക്കാതെ ട്രംപ്

ജോർജ്ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിലാകെ ഉയർന്ന ജനരോഷം പലയിടങ്ങളിലും സംഘടിത കലാപങ്ങളായി മാറിയപ്പോൾ അത് അടിച്ചൊതുക്കാൻ സൈന്യത്തെ ഇറക്കുമെന്നായിരുന്നു പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്പറഞ്ഞത്. ഇതിന്റെ തുടർന്ന് പ്രതിഷേധത്തിന്റെ ശക്തി വർദ്ധിക്കുകയായിരുന്നു. അതീവ സുരക്ഷാ സംവിധാങ്ങളുള്ള വൈറ്റ്ഹൗസിൽ വരെ പ്രതിഷേധക്കാർ എത്തിയത് ഭരണകൂടത്തെ ഞെട്ടിച്ചിരുന്നു. പ്രതിഷേധത്തിന് ശക്തി വർദ്ധിക്കുമ്പോൾ തന്റെ തീരുമാനത്തിൽ നിന്നും പിന്തിരിയുകയാണ് ട്രംപ്. പ്രതിഷേധക്കാർക്ക് നേരെ സൈന്യത്തെ ഉപയോഗിക്കില്ലെന്ന് ഡിഫൻസ് സെക്രട്ടറി മാർക്ക് എസ്പർ വ്യക്തമാക്കി.

സൈന്യത്തിന്റെ 82 എയർബോൺ ഡിവിഷനിലെ 200 സൈനികർ വാഷിങ്ടണിലേക്ക് പുറപ്പെട്ടെങ്കിലും തീരുമാനം പിൻവലിച്ചതിനെ തുടർന്ന് അവർക്ക് ഒന്നും ചെയ്യുവാനുണ്ടായിരുന്നില്ല. നഗരങ്ങളുടെ നിയന്ത്രണം സൈന്യത്തിന് കൈവരുന്ന 1807-ലെ ഇൻസറക്ഷൻ ആക്ട് പ്രയോഗിക്കുന്നതിൽ തനിക്ക് യോജിപ്പില്ലെന്നാണ് എസ്പർ ഇതിനെ കുറിച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

കുത്തനെ ഇടിഞ്ഞ ഗ്രാഫുമായി ട്രംപ്

കറുത്ത വർഗ്ഗക്കാരനായ ജോർജ്ജ് ഫ്ളോയിഡിന്റെ കൊലപാതകവും തുടർന്നുള്ള പ്രതിഷേധവുമെല്ലാം ഡോണാൾഡ് ട്രംപിന്റെ രണ്ടാമൂഴത്തിന് വിഘ്നം സൃഷ്ടിക്കുമെന്നാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷാവസാനം പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കൊറോണയെ കൈകാര്യം ചെയ്ത രീതിക്ക് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ട്രംപിന്, കൂനിന്മേൽ കുരു എന്ന് പറഞ്ഞതുപോലെയായി ജോർജ്ജിന്റെ മരണവും തുടര്ന്നുള്ള പ്രതിഷേധങ്ങളും.

ഏറ്റവും പുതിയ ദേശീയ സർവ്വേയിൽ ജോ ബിഡൻ ട്രംപിനേക്കാൾ 11 പോയിന്റ് കൂടുതൽ നേടിവൈറ്റ്ഹൗസിലേക്കുള്ള കുതിപ്പിൽ മേൽക്കൈ നേടിയിരിക്കുകയാണ്. വിസ്‌കോൺസിൻ, അരിസോണ, ടെക്സാസ് എന്നിവിടങ്ങളിലാണ് ട്രംപിന് ഏറെ എതിർപ്പുകൾ നേരിടേണ്ടി വന്നിരിക്കുന്നത്. സർവ്വേയിൽ പങ്കെടുത്ത 52 ശതമാനം പേർ ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണച്ചപ്പോൾ 42% മാത്രമാണ് റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണച്ചത്. ഇക്കഴിഞ്ഞ മാർച്ച് മാസം മുതൽ തന്നെ ബിഡൻ സാവധാനം മേൽക്കൈ നേടിവരികയായിരുന്നു. കഴിഞ്ഞ 40 വർഷമായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്ക് മാത്രം വോട്ടുചെയ്തിട്ടുള്ള ടെക്സാസിൽ പോലും ട്രംപിന് ബിഡനേക്കാൾ ഒരു പോയിന്റ് മുന്നിലെത്താനെ കഴിഞ്ഞുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP