Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിൽ കൊല്ലപ്പെട്ട കറുത്ത വർഗ്ഗക്കാരന് വേണ്ടി ആയിരങ്ങൾ ലണ്ടൻ തെരുവിൽ ഇറങ്ങി അക്രമങ്ങൾ തുടങ്ങി; പൊലീസുമായി ഏറ്റുമുട്ടാൻ അർദ്ധനഗ്‌നരായ യുവതികളും; മുട്ടു മടക്കി ജോർജ്ജ് ഫ്ളോയിഡിന് പിന്തുണ അർപ്പിച്ച് പൊലീസ് കാട്ടിയ സംയമനം വെറുതെയായപ്പോൾ അക്രമകാരികളിൽ പലരും അറസ്റ്റിൽ

അമേരിക്കയിൽ കൊല്ലപ്പെട്ട കറുത്ത വർഗ്ഗക്കാരന് വേണ്ടി ആയിരങ്ങൾ ലണ്ടൻ തെരുവിൽ ഇറങ്ങി അക്രമങ്ങൾ തുടങ്ങി; പൊലീസുമായി ഏറ്റുമുട്ടാൻ അർദ്ധനഗ്‌നരായ യുവതികളും; മുട്ടു മടക്കി ജോർജ്ജ് ഫ്ളോയിഡിന് പിന്തുണ അർപ്പിച്ച് പൊലീസ് കാട്ടിയ സംയമനം വെറുതെയായപ്പോൾ അക്രമകാരികളിൽ പലരും അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അമേരിക്കയിലെ മിന്നീപോളീസിൽ ജോർജ്ജ് ഫ്ളോയ്ഡ് എന്ന കറുത്തവർഗ്ഗക്കാരൻ അതിക്രൂരമായി കൊലചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് ആയിരങ്ങൾ ലണ്ടൻ തെരുവുകളിൽ ഇറങ്ങി. നടൻ ജോൺ ബൊയേഗ, ഗായകൻ ലിയം പേയ്നെ തുടങ്ങിയ പ്രമുഖരുൾപ്പടെ 15,000 പേരോളമാണ് കറുത്ത വർഗ്ഗക്കാരന്റെ ജീവനും വിലയുണ്ട് എന്ന മുദ്രാവാക്യം ഉയർത്തി തെരുവിൽ പ്രതിഷേധിച്ചത്. തികച്ചും സമാധാനപരമായ ഈ പ്രതിഷേധം കഴിഞ്ഞ ഉടനെ ഒരു കൂട്ടം ആളൂകൾ ഒരു പൊലീസ് വാഹനത്തിന് നേരെ അക്രമം അഴിച്ചുവിട്ടു. ഇതിനെ തുടർന്ന് റയട്ട് പൊലീസിനെ രംഗത്തെത്തിക്കുകയുണ്ടായി.

പ്രതിഷേധം വൈകിട്ടത്തോടെ സമാധാനപരമായി അവസാനിച്ചതിനു ശേഷവും മാസ്‌ക് ധാരികളായ 200 ഓളം പേർ ഡൗണിങ് സ്ട്രീറ്റ് പരിസരത്തുതന്നെ തുടരുകയായിരുന്നു. രാത്രി ഏകദേശം ഒമ്പതരയോടെ അവിടെ വാഹനത്തിലെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് അക്രമത്തിനിരയായത്. വാഹനം നശിപ്പിക്കുവാനും ശ്രമം നടന്നു. തുടർന്ന് കൂടുതൽ പൊലീസെത്തുകയും അക്രമികളെ കൈകാര്യം ചെയ്യുകയുമായിരുന്നു. 13 പേർ അറസ്റ്റിലായിട്ടുണ്ട് എന്നാണ് സൂചന.

ഡൗണീംഗ് സ്ട്രീറ്റിന് പുറത്ത് കെട്ടിയ താത്ക്കാലിക ബാറിയർ തകർക്കാനും ചിലർ ശ്രമിച്ചു. നമ്പർ 10 ന്റെ ഗെയിറ്റിനു നേരെ പ്ലാസ്റ്റിക് കുപ്പികളും മറ്റും എറിയുകയും ചെയ്തു. വെസ്റ്റ്മിനിസ്റ്ററിലും അക്രമാസക്തരായ ജനക്കൂട്ടം പൊലീസിന് നേരെ തിരിഞ്ഞു. കുപ്പികളും മറ്റും പൊലീസിന് നേരെ എറിയുന്ന ദൃശ്യങ്ങൾ കാണാമായിരുന്നു. ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസിന് വെളിയിലും സമാനമായ സംഭവം അരങ്ങേറി.

ഡൗണിങ് സ്ട്രീറ്റിന് സമീപം ഒരു എമർജൻസി വർക്കറെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് സ്‌കോട്ട്ലാൻഡ് യാർഡ് വ്യക്തമാക്കി. നേരത്തെ ഡൗണിങ് സ്ട്രീറ്റിന് വെളിയിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ അണിനിരന്നപ്പോൾ ഒരു വരി മെട്രോപോളിറ്റൻ പൊലീസ് ഉദ്യോഗസ്ഥർ മുട്ടുകുത്തിനിന്ന് ജോർജ്ജ് ഫ്ളോയ്ഡിനോടുള്ള ആദരവ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ പ്രതിഷേധക്കാരിൽ അവിടെയവിടെയായി ചില അക്രമകാരികൾ ബോറിസിനും ട്രംപിനും എതിരായി മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. പൊലീസുകാർക്ക് നേരെ കുപ്പിയും മറ്റും എറിയുകയും ചെയ്തിരുന്നു.

ഹൈഡ് പാർക്കിലും ഉച്ചയോടെ ധാരാളം പ്രതിഷേധക്കാർ ഒത്തുകൂടി. വംശീയാധിപത്യത്തിനെതിരെ മുദ്ര്യാവാക്യം മുഴക്കിയും ജോർജ്ജ് ഫ്ളോയ്ഡിന്റെ അവസാന വാക്കുകൾ ഏറ്റുപറഞ്ഞും അവർ പ്രതിഷേധിച്ചു. അതിനു ശേഷം പാർക്ക് വിട്ട പ്രതിഷേധക്കാർ പാർക്ക് ലൈനിൽ കൂടി വിക്ടോറിയയിലേക്ക് മാർച്ച് ചെയ്തു. അതിനുശേഷം വെസ്റ്റ്മിനിസ്റ്ററിന്റെ ഹൃദയഭാഗത്തുള്ള പാർലമെന്റ് സ്‌ക്വയറിൽ എത്തിയ പ്രതിഷേധക്കാരിൽ ചിലർ വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമക്ക് മുകളിൽ വലിഞ്ഞുകയറുകയും ചെയ്തു.

അതിനിടയിൽ അമേരിക്കയിൽ ജോർജ്ജ് ഫ്ളോയ്ഡ് എന്ന കറുത്തവർഗ്ഗക്കാരൻ അതിക്രൂരമായി കൊലചെയ്യപ്പെട്ടതിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ശക്തിയായി അപലപിച്ചു. എന്നാൽ ഡോണാൾഡ് ട്രംപ് ഇക്കാര്യത്തിൽ പ്രതികരിച്ച രീതിയെ വിമർശിക്കാൻ അദ്ദേഹം മുതിർന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP