Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട്ടിലെ പറമ്പിൽ കുഴിച്ചട്ടത് 38 പവൻ; ലോക്കറിലുണ്ടായിരുന്നത് പത്ത് പവൻ; പണയം വച്ചത് ആറും; സ്ത്രീധനമായി കിട്ടയതിൽ പകുതിയും സൂരജ് അടിച്ചു പൊളിക്കാൻ തുലച്ചതിനും തെളിവ്; കൊലപാതകത്തിന് കാരണം വിവാഹ മോചനമുണ്ടായാൽ തിരികെ കൊടുക്കാൻ പണമില്ലെന്ന പ്രതിയുടെ മൊഴി സ്ഥിരീകരിച്ച് സ്വർണം തേടിയുള്ള യാത്ര; രേണുകയേയും സൂര്യയേയും നാളെ വീണ്ടും ചോദ്യം ചെയ്യും; അമ്മയും മകളും അഴിക്കുള്ളിലാകും എന്നും സൂചന; ഉത്രാ കൊലയിൽ തെളിവുകൾ ചികഞ്ഞെടുത്ത് പൊലീസ്

വീട്ടിലെ പറമ്പിൽ കുഴിച്ചട്ടത് 38 പവൻ; ലോക്കറിലുണ്ടായിരുന്നത് പത്ത് പവൻ; പണയം വച്ചത് ആറും; സ്ത്രീധനമായി കിട്ടയതിൽ പകുതിയും സൂരജ് അടിച്ചു പൊളിക്കാൻ തുലച്ചതിനും തെളിവ്; കൊലപാതകത്തിന് കാരണം വിവാഹ മോചനമുണ്ടായാൽ തിരികെ കൊടുക്കാൻ പണമില്ലെന്ന പ്രതിയുടെ മൊഴി സ്ഥിരീകരിച്ച് സ്വർണം തേടിയുള്ള യാത്ര; രേണുകയേയും സൂര്യയേയും നാളെ വീണ്ടും ചോദ്യം ചെയ്യും; അമ്മയും മകളും അഴിക്കുള്ളിലാകും എന്നും സൂചന; ഉത്രാ കൊലയിൽ തെളിവുകൾ ചികഞ്ഞെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

അടൂർ: അഞ്ചൽ ഏറം വെള്ളാശേരിൽ ഉത്രയെ മൂർഖനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് സംഘത്തിന് അടൂർ പാർഥസാരഥി ജങ്ഷനു സമീപത്തെ ഫെഡറൽ ബാങ്ക് ശാഖയിൽ നിന്ന് കിട്ടിയതും നിർണ്ണായക വിവരങ്ങൾ. ഉത്രയുടെ ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം അന്വേഷക സംഘം പരിശോധിച്ചിരുന്നു. ലോക്കറിൽ പത്തു പവനും ഒരു ലക്ഷം രൂപയുടെ കാർഷിക വായ്പയ്ക്ക് ഈടായി നൽകിയ ആറു പവനുമാണ് ബാങ്കിൽ ഉണ്ടായിരുന്നത്. ബാങ്ക് രേഖകളും പരിശോധിച്ചു. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അശോകന്റെ നേതൃത്വത്തിൽ പരിശോധന മൂന്നു മണിക്കൂർ നീണ്ടു.

ഇതോടെ ആരും അറിയാതെ ലോക്കറിൽ നിന്ന് സൂരജ് സ്വർണം എടുത്തതെന്ന് വ്യക്തമായി. വിവാഹസമയത്ത് ഉത്രയ്ക്ക് നൽകിയത് 98 പവൻ ആഭരണമാണ്. ലോക്കറിൽനിന്ന് നേരത്തെ എടുത്ത 38 പവൻ സൂരജിന്റെ പറക്കോട്ടെ വീടിനു സമീപം കുഴിച്ചിട്ടത് അന്വേഷകസംഘം കണ്ടെടുത്തിരുന്നു. ഉത്രയുടെ ആഭരണം ഈടുവച്ച് വാങ്ങിയ ബൈക്ക് സൂരജ് സുഹൃത്തിനെ ഏൽപ്പിച്ചിരുന്നു. ഇത് അന്വേഷകസംഘം പിടിച്ചെടുത്തു. സൂരജ് ആഭരണങ്ങൾ മറ്റു ബാങ്കിൽ സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. പത്ത് ദിവസത്തെ കസ്റ്റഡി കാലാവധിക്കുശേഷം സൂരജിനെയും രണ്ടാംപ്രതി ചാവർകോട് സുരേഷിനെയും വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. ഇനിയും അമ്പത് പവനോളം സ്വർണം കിട്ടാനുണ്ട്.

കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് സംസ്ഥാന വനിതാ കമീഷന് റിപ്പോർട്ട് കൈമാറി. സൂരജിന്റെ കുടുംബാംഗങ്ങൾക്കെതിരെ ഗാർഹികപീഡന നിയമപ്രകാരം കമീഷൻ കേസെടുത്തിരുന്നു. ഈ കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കസ്റ്റഡിയിലുള്ള സൂരജിന്റെ അച്ഛൻ സുരേന്ദ്രപ്പണിക്കരെ അന്വേഷകസംഘം ബുധനാഴ്ചയും ചോദ്യംചെയ്തു. സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെയും വീണ്ടും ചോദ്യം ചെയ്യും. ഇവരെല്ലാം ഗാർഹിക പീഡന കേസിൽ പ്രതിയാകും.

ഉത്രയുടെ ബന്ധുക്കളും സൂരജിന്റെ സുഹൃത്തുക്കളുമായ എട്ടുപേരെ റൂറൽ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മൊഴിയെടുത്തു. പ്രതികളെ കോടതിയിൽ തിരികെ ഹാജരാക്കുന്ന മുറയ്ക്ക് വനംവകുപ്പ് കസ്റ്റഡി അപേക്ഷ നൽകും. വന്യജീവി സംരക്ഷണ നിയമ പ്രകാരം വനംവകുപ്പ് ഇരു പ്രതികൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഈ കേസും തലവേദനയായി മാറും.

മൂർഖന്റെ ശൗര്യം കൂട്ടാനായി പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ട ശേഷമാണ് ഉത്രയെ കടിപ്പിച്ചതെന്ന് ഭർത്താവ് സൂരജ് വെളിപ്പെടുത്തിയിരുന്നു. ഗുളിക ജ്യൂസിൽ ചേർത്തു നൽകി മയക്കിയ ഉത്രയുടെ ഇടതുഭാഗത്ത് മുർഖനെ ജാറിൽനിന്ന് കുടഞ്ഞിടുകയായിരുന്നു. കൃത്യം നടത്തിയത് രാത്രി 12നും 12.30നും ഇടയിൽ അരണ്ട വെളിച്ചത്തിലായിരുന്നു. ഏപ്രിൽ 24 മുതൽ മെയ് ആറുവരെ പ്ലാസ്റ്റിക് ജാറിൽ അടച്ചുസൂക്ഷിച്ച മൂർഖനെ ഉത്രയുടെ ശരീരത്തിൽ കുടഞ്ഞിട്ടപ്പോൾ പാമ്പ് തന്റെ നേരെ ചീറ്റിയെന്നും പിന്നാലെ ഉത്രയെ ആഞ്ഞുകൊത്തുകയുമായിരുന്നുവെന്നാണ് സൂരജിന്റെ മൊഴി. പാമ്പിന്റെ ചീറ്റലിൽ താൻ ഭയന്നു വിറച്ചുപോയെന്നും പ്രതി പറഞ്ഞു.

ഉത്രയെ വകവരുത്താൻ മൂന്നു തവണയാണ് കെണി ഒരുക്കിയെന്ന് അന്വേഷക സംഘത്തോട് സൂരജ് സമ്മതിച്ചു. ഫെബ്രുവരി 29ന് സ്റ്റെയർകേസിൽ അണലിയെ ഇട്ടശേഷം ഉത്രയോട് മുകൾനിലയിൽനിന്ന് ഫോൺ എടുത്തുകൊണ്ടു വരാൻ ആവശ്യപ്പെട്ടതാണ് ആദ്യത്തെ കെണി. അന്നു പക്ഷെ, ഉത്ര നിലവിളിച്ചതോടെ ചേരയായിരുന്നു എന്ന് വിശ്വസിപ്പിച്ച് പാമ്പിനെ ചാക്കിലേക്ക് മാറ്റി. ഇതേ പാമ്പിനെയാണ് മാർച്ച് രണ്ടിന് കടിപ്പിച്ചത്. ചാക്കിലായിരുന്ന അണലിയെ ഞെക്കി നോവിച്ച ശേഷം ഉത്രയുടെ പുറത്തുവച്ച് ചാക്കു തുറന്നാണ് കാലിൽ കടിപ്പിച്ചത്. മൂർഖനെ കൊണ്ട് കടിപ്പിച്ചത് മെയ് ആറിനായിരുന്നു. ഇതാണ് ഉത്രയുടെ കൊലയ്ക്ക് കാരണമായത്.

കേസിൽ സൂരജിന്റെ അമ്മയെയും സഹോദരിയെയും വെള്ളിയാഴ്‌ച്ച വീണ്ടും ചോദ്യം ചെയ്യും. കൊലപാതകത്തിന്റെ ഗൂഢാലോചനയെപ്പറ്റി ഒന്നും അറിയില്ലെന്ന ഇരുവരുടെയും മൊഴി അന്വേഷണ സംഘം പൂർണമായി വിശ്വസിച്ചിട്ടില്ല. കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയ സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ശേഷം അമ്മയേയും മകളേയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. സൂര്യയുടെ ആൺ സുഹൃത്തിനെ പ്രതിചേർക്കുന്നതും പരിഗണനയിലാണ്. ഉഗ്രവിഷമുള്ള പാമ്പിനെ സൂരജ് പലതവണ വീട്ടിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് ഇരുവരും അന്വേഷണസംഘത്തിനു മൊഴി നൽകി. ഉത്രയുടെ സ്വർണാഭരണങ്ങൾ ഒളിപ്പിച്ച സ്ഥലം ഭർത്താവും സൂരജിന്റെ പിതാവുമായ സുരേന്ദ്രൻ കാട്ടി തന്നിരുന്നതായി രേണുക വെളിപ്പെടുത്തി. അറസ്റ്റ് ഉറപ്പായ ഘട്ടത്തിൽ സൂരജിനെ ഒളിവിൽ കഴിയാൻ സഹായിച്ചതായി സഹോദരി സൂര്യയും സമ്മതിച്ചു. എന്നാൽ കൊലപാതകം നടത്താനുള്ള ഗൂഢാലോചനയെപ്പറ്റി ഒന്നും അറിയില്ലെന്നാണ് ഇരുവരുടെയും മൊഴി.

കേസിൽ അറസ്റ്റിലായി കോടതി കസ്റ്റഡിയിൽ വിട്ടുനൽകിയ സുരേന്ദ്രനും ഉത്രയെ കൊല്ലുമെന്ന് അറിയില്ലായിരുന്നുവെന്നാണ് മൊഴി നൽകിയിട്ടുള്ളത്. സൂരജിന്റേയും രേണുകയുടേയും സൂര്യയുടേയും മൊഴികളിൽ വൈരുധ്യമുള്ളതിനാലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത്. ഉത്രയുടെ കൊലപാതകത്തിൽ കേരള വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തതിനെത്തുടർന്ന് പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് വനിതാ കമ്മിഷന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി. സൂരജിന്റെ കുടുംബാംഗങ്ങൾക്കെതിരെ ഗാർഹിക, സ്ത്രീധന പീഡന കേസുകൾ നിലനിൽക്കുമെന്ന് റിപ്പോർട്ടിൽ ഉള്ളതായി വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ പറഞ്ഞു.

റിപ്പോർട്ട് കൊല്ലം ജില്ലാ റൂറൽ എസ്‌പി. എസ്.ഹരിശങ്കറിന് കൈമാറി. കൊലപാതകവും സ്ത്രീധന, ഗാർഹിക പീഡനവും ഒരു അന്വേഷണ ഏജൻസി തന്നെ അന്വേഷിക്കുന്നത് ഗുണകരമാകുമെന്ന് കണ്ടതിനാലാണ് റിപ്പോർട്ട് കൊല്ലം റൂറൽ എസ്‌പിക്ക് കൈമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP