Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപമാനിച്ചത് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചു കൊണ്ടു വരാൻ 3 തവണ വിമാനത്തിൽ പോകാൻ തയാറായ ഉദ്യോഗസ്ഥയെ; ക്വാറന്റീൻ ചട്ടം ലംഘിച്ചുവെന്ന മട്ടിലുള്ള പ്രതികരണങ്ങളുടെ വേദനയിൽ ചികിൽസയിൽ; എയർ ഇന്ത്യാ എക്സ്‌പ്രസിലെ 5 ക്രൂ അംഗങ്ങളുടെയും വ്യക്തിഗത വിവരങ്ങൾ പുറത്തായതു ഗുരുതര വീഴ്‌ച്ച; വനിതാ ഉദ്യോഗസ്ഥയ്ക്ക് ഫോണിൽ കിട്ടിയത് അസഭ്യ വർഷങ്ങൾ; കാട്ടാക്കടയ്ക്ക് പിന്നാലെ കൊച്ചിയിലും പ്രതി പൊലീസോ? അന്വേഷണം ഒതുക്കുമ്പോൾ

അപമാനിച്ചത് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചു കൊണ്ടു വരാൻ 3 തവണ വിമാനത്തിൽ പോകാൻ തയാറായ ഉദ്യോഗസ്ഥയെ; ക്വാറന്റീൻ ചട്ടം ലംഘിച്ചുവെന്ന മട്ടിലുള്ള പ്രതികരണങ്ങളുടെ വേദനയിൽ ചികിൽസയിൽ; എയർ ഇന്ത്യാ എക്സ്‌പ്രസിലെ 5 ക്രൂ അംഗങ്ങളുടെയും വ്യക്തിഗത വിവരങ്ങൾ പുറത്തായതു ഗുരുതര വീഴ്‌ച്ച; വനിതാ ഉദ്യോഗസ്ഥയ്ക്ക് ഫോണിൽ കിട്ടിയത് അസഭ്യ വർഷങ്ങൾ; കാട്ടാക്കടയ്ക്ക് പിന്നാലെ കൊച്ചിയിലും പ്രതി പൊലീസോ? അന്വേഷണം ഒതുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാട്ടാക്കടയിൽ കോവിഡ് രോഗിയുടെ വിവരം ചോർന്നത് പൊലീസ് സ്‌റ്റേഷനിൽ നിന്നെന്നാണ് വെളിപ്പെടുത്തൽ. ഇക്കാര്യത്തിൽ അന്വേഷണം എങ്ങും എത്തുന്നില്ല. ഇതിനിടെ പുതിയ വിവാദം. എയർ ഇന്ത്യ എക്സ്‌പ്രസ് ഉദ്യോഗസ്ഥ, കോവിഡ് സ്ഥിരീകരിക്കുന്നതിനു മുൻപ് സന്ദർശിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് അവരുടെ പേരും വിലാസവും ഫോൺ നമ്പറും സഹിതം പുറത്തായതാണ് സർക്കാരിന് തലവേദനയാകുന്നത്. ഇവരുടെയും സഹപ്രവർത്തകരായ 5 ക്രൂ അംഗങ്ങളുടെയും വ്യക്തിഗത വിവരങ്ങൾ പുറത്തായതു ഗുരുതര വീഴ്ചയാണെന്നു വ്യക്തമാക്കി എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ കലക്ടർക്കു പരാതി നൽകി. ഇതോടെ വിവാദത്തിന് പുതിയ തലം നൽകുകയാണ്.

ഉദ്യോഗസ്ഥ ക്വാറന്റൈൻ ലംഘിച്ചിട്ടില്ലെന്ന് എയർഇന്ത്യ എക്സ്‌പ്രസ് അധികൃതരും പൊലീസും വിശദീകരിച്ചു. സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ (എസ്ഒപി) പ്രകാരം വിമാന ജീവനക്കാർക്ക് നിശ്ചിത ദിവസത്തെ ക്വാറന്റൈൻ ആവശ്യമില്ല. വിമാനം പറക്കുന്നതിനു മുൻപും ശേഷവും അവർ സ്രവ സാംപിൾ പരിശോധനയ്ക്കു വിധേയരായി കോവിഡ് രോഗബാധിതരല്ലെന്ന് ഉറപ്പാക്കണമെന്നാണ് ചട്ടം. വിദേശത്തു നിന്ന് 26നു എത്തിയ ഈ ഉദ്യോഗസ്ഥ വിമാനത്താവളത്തിൽ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സ്രവ സാംപിൾ നൽകി. തുടർന്ന് വിമാന ജീവനക്കാർ താമസിക്കുന്ന ഹോട്ടലിലേക്കു പോയി. 28നു വൈകിട്ട് 6.30നു പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പരിരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ വിമാന ജീവനക്കാർക്കു ക്വാറന്റീനില്ലാതെ വീട്ടിലേക്കു പോകാമെന്നാണ് ചട്ടം. അതനുസരിച്ച് വീട്ടിലെത്തിയ ശേഷമാണ് സമീപത്തുള്ള കടകളിൽ പോയത്. അവർ ക്വാറന്റൈൻ ലംഘിച്ചിട്ടില്ല.

അടുത്ത വിമാനയാത്രയ്ക്കു മുൻപായി പരിശോധന നടത്താൻ 30നു രാവിലെ 8 നു വീണ്ടും മെഡിക്കൽ കോളജിലെത്തി സ്രവ സാംപിൾ നൽകി. ഈ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്. തുടർന്നു 31നു രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതാണ് യഥാർത്ഥ വസ്തുത. ഇതിൽ വിമാനത്തിലെ ഉദ്യോഗസ്ഥയെ കുറ്റപ്പെടുത്താനാകില്ല. ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ 3 തവണ വിമാനത്തിൽ പോകാൻ തയാറായ ഉദ്യോഗസ്ഥയെയാണ് അപമാനിക്കുന്ന തരത്തിൽ പ്രചരണം നടത്തിയത്. ക്വാറന്റൈൻ ചട്ടം ലംഘിച്ചുവെന്ന മട്ടിലുള്ള പ്രതികരണങ്ങൾ അവരേയും വേദനിപ്പിച്ചു.

ഇവരുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ പുറത്തായതും സാമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നതും ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശങ്കയിലാക്കി. ഇങ്ങനെ ഫോൺ നമ്പർ ലഭിച്ച ചില സാമൂഹികവിരുദ്ധർ അതിൽ വിളിച്ച് മോശമായി സംസാരിക്കുകയും ചെയ്തു. അതിനിടെ എയർ ഇന്ത്യ എക്സ്‌പ്രസ് ഉദ്യോഗസ്ഥയുടെ പേരും മേൽവിലാസവുമടങ്ങിയ റൂട്ട് മാപ്പ് ചോർന്നതിനെപ്പറ്റി സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. റൂട്ട് മാപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് വിവാദമായതിനെത്തുടർന്നാണ് അന്വേഷണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു.

സിറ്റി പൊലീസ് തയാറാക്കിയ റൂട്ട് മാപ്പ് ചൊവ്വാഴ്ച വൈകിട്ടു തന്നെ വാട്‌സാപ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. കോവിഡ് രോഗികളുടെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിക്കുന്നതു കുറ്റകരമാണെന്നും കമ്മീഷണർ പറയുന്നു. ഇതിന് സമാനമായിരുന്നു കാട്ടക്കടിയലെ കേസും. എന്നാൽ ഇതിൽ കൃത്യമായ അന്വേഷണം നടത്തിയില്ല. ആരാണ് വിവരങ്ങൾ ചോർത്തിയതെന്ന വിവരങ്ങൾ വ്യക്തമായിട്ടും പൊലീസ് കണ്ടില്ലെന്ന് നടിച്ചു. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ കൂടാനുള്ള കാരണമെന്നാണ് ഉയരുന്ന വാദം. കൊച്ചിയിലും കാട്ടാക്കടയിലും പൊലീസാണ് പ്രതിക്കൂട്ടിൽ. കാട്ടാക്കടയിൽ പൊലീസിൽ നിന്നാണ് വിവരങ്ങൾ കിട്ടിയതെന്ന് അത് പുറത്തു വിട്ട ആകാഷ് മറുനാടനോട് തുറന്ന് സമ്മതിക്കുകയും ചെയ്തു.

കാട്ടക്കടയിൽ പ്രതി പൊലീസ്

കൊറോണ രോഗികളുടെ വ്യക്തിവിവരങ്ങൾ ക്ഷേത്രം വാട്‌സ് അപ്പ് ഗ്രൂപ്പിൽ പരസ്യപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. പൊലീസുകാരിൽ ചിലർ തന്നെ രോഗിയുടെ വിവരങ്ങൾ ചോർത്തി നൽകിയതിൽ ദുരൂഹതയേറുന്നു. ഒറ്റശേഖരമംഗലത്തെ കുന്നനാട് ദേവി ക്ഷേത്ര ഗ്രൂപ്പിൽ വന്ന സന്ദേശത്തിൽ കോവിഡ് ബാധിതരുടെ പേരു വിവരം ഉള്ളതായാണ് പരാതി. കുന്നനാടുള്ള ആകാഷിനെതിരെ കൊറോണ ബാധിതകുടുംബം ആരോഗ്യ വകുപ്പിന് പരാതി നൽകി. ഇത് പൊലീസിന് കൈമാറും. കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ നിന്നാണ് തനിക്ക് വിവരങ്ങൾ കിട്ടിയതെന്ന് മാധ്യമ പ്രവർത്തകനോടു സമ്മതിക്കുന്ന ഓഡിയോ ക്ലിപ്പും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. ഇത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. സാമ്പത്തിക ഇടപാട് നടന്നതായി സംശയമുണ്ട്.

തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പരസ്യമാക്കിയത് ദോഷം ചെയ്തുവെന്നാണ് ആരോഗ്യവകുപ്പിന് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. കൊറോണ ബാധിതരുടെ വിവരങ്ങൾ ക്ഷേത്രം വാട്‌സ്അപ്പ് ഗ്രൂപ്പിൽ പരസ്യം ചെയ്തതു മുതൽ ആകാഷിനെ സ്‌പെഷ്യൽബ്രാഞ്ച് നിരീക്ഷിച്ചിരുന്നു. അസമിൽ നിന്ന് സ്‌പെഷ്യൽ ട്രെയിനിൽ എത്തിയ ഞങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കപ്പെട്ടതിൽ വിഷമമുണ്ട്. വ്യക്തിപരമായി ആക്രമിക്കപ്പെടുന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ കുടുംബത്തെക്കുറിച്ച് പരാമർശങ്ങൾ വന്നത്. കൊറോണ ബാധിച്ചിട്ടും തങ്ങൾ പുറത്ത് കറങ്ങി നടക്കുന്നു എന്ന പ്രചാരണം വരെ ചില വാട്‌സ് അപ്പ് ഗ്രൂപ്പിൽ വന്നു. കാട്ടാക്കട പൊലീസാണ് തനിക്ക് വിവരങ്ങൾ നൽകിയത് എന്നാണ് ആകാഷ് പറയുന്നത്. കൊറോണ ബാധിതരായ ഞങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർന്നതിൽ ഞങ്ങൾക്ക് വേദനയുണ്ട്-ആരോഗ്യ വകുപ്പിന് ലഭിച്ച പരാതിയിൽ പറയുന്നു.

കൊറോണ രോഗികളുടെ വ്യക്തിവിവരങ്ങൾ പുറത്ത് നൽകാൻ പാടില്ലെന്ന് നിർദ്ദേശം നിലനിൽക്കുമ്പോൾ തന്നെയാണ് സോഷ്യൽ മീഡിയ വഴി വിവരങ്ങൾ പുറത്ത് പറയുന്നത്. കൊറോണ ബാധിതരുടെ വ്യക്തിവിവരങ്ങൾ പുറത്ത് നൽകരുത് എന്ന സർക്കാരിന്റെ ആവർത്തിച്ചുള്ള നിർദ്ദേശമാണ് കുന്നനാടും ലംഘിക്കപ്പെട്ടിരിക്കുന്നത്. ഒട്ടനവധി പേർ അംഗങ്ങളായുള്ള കുന്നനാട് ദേവീ ക്ഷേത്രത്തിന്റെ പേരിലുള്ള വാട്സ് അപ്പ് ഗ്രൂപ്പിലാണ് ആകാഷ് വിവരങ്ങൾ പരസ്യമാക്കിയത്. ഇതോടെ ഈ കുടുംബത്തിനെതിരെ മറ്റ് ചില ഗ്രൂപ്പുകളിലും കാമ്പയിൻ നടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP