Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനക്ക് പടക്കം നിറച്ച പൈനാപ്പിൾ നൽകിയവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000രൂപ പാരിതോഷികം! ഗർഭിണിയായ ആനയെ ക്രൂരമായി കൊലപ്പെടുത്തിയവരെ കണ്ടെത്താൻ ഹ്യൂമൺ സൊസൈറ്റി ഇന്റർനാഷണൽ; കുറ്റവാളികളെ കണ്ടെത്താൻ സഹായം തേടി സോഷ്യൽ മീഡിയയും; കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യന്ത്രിയുടെ ഉറപ്പും

ആനക്ക് പടക്കം നിറച്ച പൈനാപ്പിൾ നൽകിയവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000രൂപ പാരിതോഷികം! ഗർഭിണിയായ ആനയെ ക്രൂരമായി കൊലപ്പെടുത്തിയവരെ കണ്ടെത്താൻ ഹ്യൂമൺ സൊസൈറ്റി ഇന്റർനാഷണൽ; കുറ്റവാളികളെ കണ്ടെത്താൻ സഹായം തേടി സോഷ്യൽ മീഡിയയും; കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യന്ത്രിയുടെ ഉറപ്പും

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: ഗർഭിണിയായ ആനയെ പൈനാപ്പിളിൽ പടക്കം വെച്ച് നൽകി ഉപദ്രവിച്ച് കൊന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം. ഹ്യൂമൺ സൊസൈറ്റി ഇന്റർനാഷണൽ എന്ന സംഘടനയാണ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. ഇവരെ കുറിച്ച് വിവരങ്ങൾ 7674922044 എന്ന നമ്പരിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ആണ് അറിയിക്കേണ്ടത്. നടി അനു സിത്താര ഉൾപ്പെടെ നിരവധി പേരാണ് ഇതുസംബന്ധിച്ചുള്ള പോസ്റ്റ് ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യന്ത്രി അറിയിച്ചു.

തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറിൽ മെയ്‌ 27നാണ് 15 വയസ്സു പ്രായം വരുന്ന പിടിയാന ചരിഞ്ഞത്. 25ന് പുലർച്ചെയോടെയാണ് ആന നാട്ടിലെത്തിയത്. ചൊവ്വാഴ്ചയാണ് വെള്ളത്തിൽ നിൽക്കുന്ന നിലയിൽ ആനയെ കണ്ടെത്തിയത്. തുടർന്ന് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി രണ്ട് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. എന്നാൽ രക്ഷപ്പെടുത്തുന്നതിനു മുൻപ് ആന ചരിഞ്ഞു. 1997ൽ പാലക്കയം ഇഞ്ചിക്കുന്ന് വനമേഖലയിലും സമാനരീതിയിൽ കാട്ടാന ചരിഞ്ഞിരുന്നു. ആന ഒരു മാസം ഗർഭിണിയായിരുന്നുവെന്ന് ഫോറസ്റ്റ് സർജൻ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു. സൈലന്റ് വാലി വനമേഖലയിൽനിന്നാണ് ആന നാട്ടിലെത്തിയതെന്നാണു വിവരം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. വനമേഖലയോടു ചേർന്നുള്ള കൃഷിയിടങ്ങൾ, സ്വകാര്യ തോട്ടങ്ങൾ കേന്ദ്രീകരിച്ച് വന്യമൃഗങ്ങളെ വേട്ടയാടുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

പ്രധാനമായും കാട്ടുപന്നിയുടെ ശല്യം ഒഴിവാക്കാൻ കർഷകർ കെണിയൊരുക്കാറുണ്ട്. ഇത്തരത്തിൽ വച്ച പന്നിപ്പടക്കമാണ് ആനയുടെ ജീവൻ അപകടത്തിലാക്കിയതെന്നാണ് വിവരം. അല്ലെങ്കിൽ പുഴയിൽ മീൻ പിടിക്കാനായി വച്ച തോട്ട പൊട്ടി ആനയുടെ വായിൽ മുറിവേറ്റതാകാം. വെള്ളിയാർ പുഴയിലാണ് ചരിഞ്ഞത്. കാട്ടാനയുടെ ദാരുണാന്ത്യം സമൂഹമാധ്യമങ്ങളിലും ചർച്ചയാണ്. പക്ഷേ എന്നാണ് എവിടെ വച്ചാണ് ആനയ്ക്ക് പരുക്കേറ്റതെന്ന് കണ്ടെത്താനായിട്ടില്ല. കാട്ടാന ശല്യം ഒഴിവാക്കാൻ ആനയെ മാത്രം ലക്ഷ്യം വച്ച് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതാണോയെന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. കാട്ടാനയ്ക്ക് പൈനാപ്പിളിലോ മറ്റേതെങ്കിലും പഴത്തിലോ സ്ഫോടകവസ്തു നിറച്ചു നൽകിയതാകാമെന്നാണു വിലയിരുത്തൽ. ശക്തമായ സ്ഫോടനത്തിൽ ആനയുടെ മേൽത്താടിയും കീഴ്‌ത്താടിയും തകർന്നിരുന്നു. മുഖത്തെ മുറിവിൽ ഈച്ചയോ മറ്റു പ്രാണികളോ വരാതിരിക്കാൻ വെള്ളത്തിൽ തലതാഴ്‌ത്തി നിൽക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ആന ചരിഞ്ഞത്. ദാരുണമായ ഈ സംഭവത്തെ കുറിച്ച് ഫോറസ്റ്റ് ഓഫീസർ മോഹൻ കൃഷ്ണന്റെ കുറിപ്പും വൈറലായിരുന്നു.

മോഹൻ കൃഷ്ണന്റെ കുറിപ്പ് ഇങ്ങനെ.

മാപ്പ്... സഹോദരീ .. മാപ്പ് ...

അവൾ ആ കാടിന്റെ പൊന്നോമനയായിരുന്നിരിക്കണം. അതിലുപരി അവൾ അതിസുന്ദരിയും സൽസ്വഭാവിയും നന്മയുള്ളവളും ആയിരിക്കണം. അതുകൊണ്ടാണല്ലോ ചെറുപ്രായത്തിൽ തന്നെ അവിടത്തെ ആണാനകളുടെ സ്‌നേഹ പരിലാളനകൾക്ക് അവൾ പാത്രമായത് .തന്റെ അകകാമ്പിലെവിടെയോ അനുഭവപ്പെട്ട തലമുറ മാറ്റത്തിന്റെ ചെറിയ അനക്കങ്ങളും ശാരീരികപൂർണ്ണതയിലെ മാറ്റങ്ങളും അവൾക്ക് ആരോഗ്യവതിയായിരിക്കേണ്ടതിന്റെ സൂചനകൾ നൽകിയിരിക്കണം. അതാണ് അവൾ ഭക്ഷണം തേടി കാടായി കിടക്കുന്ന നാട്ടിലേക്കിറങ്ങി വന്നത്. പക്ഷെ അവിടെ സ്വാർത്ഥനായ മനുഷ്യൻ എന്തിനും തയ്യാറായി നിൽക്കുന്നത് അവൾ അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞാൽ തന്നെ ഇരട്ട ജീവനുമായി നടക്കുന്ന തന്നെ ഒഴിവാക്കും എന്ന് അവൾ കരുതി കാണും. അവൾ എല്ലാരെയും വിശ്വസിച്ചു. ഭക്ഷണമായി കഴിച്ച പൈനാപ്പിളോ മറ്റേതോ പഴമോ പടക്കത്തിന്റെ രൂപത്തിൽ പൊട്ടിതെറിച്ചപ്പോൾ അവൾ ഞെട്ടിയത് തന്നേ കുറിച്ചോർത്തായിരിക്കില്ല. പതിനെട്ടോ ഇരുപതോ മാസങ്ങൾക്കു ശേഷമുണ്ടാകാൻ പോകുന്ന പുതു പിറവിയെ കുറിച്ചോർ ത്തായിരിക്കും.

പടക്കത്തിന്റെ ഗാംഭീര്യത്തിൽ വായും നാവും തകർന്ന അവൾ ഭക്ഷണം കഴിക്കാനാകാതെ വിശന്ന് അവിടമാകെ ഓടി നടന്നു. തന്റെ വിശപ്പിനെക്കാളധികം അവളെ വേവലാതിപ്പെടുത്തിയത് അകകാമ്പിലെ ഇളക്കത്തിന്റെ ആരോഗ്യമായിരിക്കും. ഭക്ഷണം തേടി ആ ഗ്രാമത്തിലെ വീടുകൾക്കിടയിലൂടെ പ്രാണവേദനയോടെ ഓടിയപ്പോഴും ഒരു മനുഷ്യ ജീവിയെപ്പോലും അവൾ ഉപദ്രവിച്ചില്ല. ഒരു വിടു പോലും അവൾ തകർത്തില്ല. അതാ തുടക്കത്തിൽ അവൾ നന്മയുള്ളവളാണ് എന്ന് ഞാൻ പറഞ്ഞത്. സൂരജും ജോളിയും ശരണ്യയും ഒക്കെ ഉള്ളത് നമുക്കിടയിലാണല്ലോ.

ഞാൻ അവളെ കാണുമ്പോൾ അവൾ വെള്ളിയാർ പുഴയിൽ മുഖവും തുമ്പിയും താഴ്‌ത്തി നിൽക്കുകയാണ്. വയറൊട്ടി, മെലിഞ്ഞ് പരിക്ഷീണയായി ... മുഖത്തെ മുറിവിൽ ഈച്ചകളും മറ്റു പ്രാണികളും വരാതിരിക്കാനാകണം അവൾ വെള്ളത്തിൽ തല താഴ്‌ത്തി നിന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്ന നിലക്ക് അവളെ കരക്ക് കയറ്റി ചികിൽസ നൽകേണ്ടത് ഞങ്ങളുടെ കടമയാണ്. കഴിവും തന്റേടവുമുള്ള ഞങ്ങളുടെ മേലുദ്യോഗസ്ഥന്റെ ശ്രമഫലമായി ഒരു രാത്രി കൊണ്ട് അവളെ കരക്ക് കയറ്റാൻ പദ്ധതി തയ്യാറായി. പുഴയിൽ നിന്ന് അവളെ ആനയിക്കാൻ കുങ്കികൾ എന്നറിയപ്പെടുന്ന അവളുടെ വർഗ്ഗക്കാരായ സുരേന്ദ്രനും നീലകണ്ഠനുമെത്തി..RRT ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്ന നിലക്ക് പുഴയിൽ നിന്ന് അവളെ കയറ്റുന്ന പ്രവൃത്തിയുടെ ചുമതലക്കാരൻ ഞാനായി . എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പക്ഷെ അവൾക്കെന്തോ ആറാം ഇന്ദ്രിയം ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

ഞങ്ങളെ ഒന്നിന്നും സമ്മതിക്കാതെ 27/5 ന് വൈകിട്ട് 4 മണിക്ക് ആ പുഴയിൽ നിന്ന നിൽപിൽ അവൾ ജലസമാധിയായി. എല്ലാവരും ഞെട്ടിപ്പോയി. കുങ്കികൾ ക്ക് എത്ര പെട്ടന്നാണ് കാര്യം മനസ്സിലായത് എന്ന് ഞാൻ ആലോചിച്ചു. അവരതാ കണ്ണീർ വാർക്കുന്നു.കണ്ണീർ വീണ് പുഴതിളക്കുന്നതായി എനിക്ക് തോന്നി. മനുഷ്യന്റെ സ്വാർത്ഥതക്ക് മുമ്പിൽ പുഴയുടെ പ്രതിഷേധം.ഇനി അവൾക്ക് അർഹിക്കുന്ന യാത്രയയപ്പ് നൽകണം. അതിനായി അവളെ ലോറിയിൽ കയറ്റി വനത്തിനുള്ളിൽ എത്തിച്ചു. ബാല്യ കൗമാരങ്ങളിൽ ഓടികളിച്ച മണ്ണിൽ വിറങ്ങലിച്ച് അവൾ കിടന്നു.

ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ കൂടെ നിന്ന എന്നോട് ഒരു ഗദ്ഗദം പോലെ പറഞ്ഞു അവൾ ഒറ്റക്കായിരുന്നില്ല എന്ന്. മാസ്‌ക്ക് ധരിച്ചതു കൊണ്ട് ഡോകടറുടെ മുഖഭാവം എനിക്ക് മനസ്സിലായില്ലെങ്കിലും അതിലെ സങ്കടം എനിക്ക് പിടികിട്ടി.
ഞാൻ നിർത്തുകയാണ്. അവിടെ തന്നെ ചിതയൊരുക്കി അവളെ ഞങ്ങൾ സംസ്‌കരിച്ചു. അഗ്‌നി എറ്റുവാങ്ങുമ്പോഴും അവളുടെ അമ്മ മനസ്സിനെ ഞാൻ മനസ്സാ നമിച്ചു. സൂക്ഷ്മാണു വായ കൊറോണയുടെ മുമ്പിൽ പോലും പകച്ചു നിൽക്കേണ്ടി വരുന്ന മനുഷ്യ വർഗ്ഗത്തിൽപ്പെട്ട ഒരാളെന്ന നിലക്ക് എനിക്കൊന്നേ എല്ലാവർക്കുമായി അവളോട് പറയാനുള്ളൂ .... സഹോദരീ ..... മാപ്പ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP