Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്കരിക്കാൻ തിരുമാനിച്ചത് പള്ളിയുടെ അധീനതയിൽ മലമുകളിലുള്ള സെമിത്തേരിയിൽ; ചടങ്ങുകൾ നടത്താൻ അധികൃതർ എത്തിയതോടെ പ്രതിഷേധവുമായി പ്രദേശവാസികൾ; മൃതദേഹം സംസ്‌കരിക്കുന്നത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണെന്ന ന​ഗരസഭയുടെ ഉറപ്പിനും ഫലമുണ്ടായില്ല; തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്കാരം നടത്തുന്നതിൽ അനിശ്ചിതത്വം

കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്കരിക്കാൻ തിരുമാനിച്ചത് പള്ളിയുടെ അധീനതയിൽ മലമുകളിലുള്ള സെമിത്തേരിയിൽ; ചടങ്ങുകൾ നടത്താൻ അധികൃതർ എത്തിയതോടെ പ്രതിഷേധവുമായി പ്രദേശവാസികൾ; മൃതദേഹം സംസ്‌കരിക്കുന്നത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണെന്ന ന​ഗരസഭയുടെ ഉറപ്പിനും ഫലമുണ്ടായില്ല; തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്കാരം നടത്തുന്നതിൽ അനിശ്ചിതത്വം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് തിരുവനന്തപുരത്ത് മരിച്ച വൈദികന്റെ മൃതദേഹം സംസ്‌കരിക്കുന്നത് നാട്ടുകാർ തടഞ്ഞു. നാലാഞ്ചിറയിലെ ഒരുപള്ളിയുടെ അധീനതയിൽ മലമുകളിലുള്ള സെമിത്തേരിയിൽ സംസ്കാരം നടത്താനായിരുന്നു തീരുമാനം. എന്നാൽ, ഇതിനായി അധികൃതർ എത്തിയതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി എത്തി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നതെന്ന് നഗരസഭ വ്യക്തമാക്കിയെങ്കിലും നാട്ടുകാർ ചെവികൊണ്ടില്ല. ഇതോടെ സംസ്‌കാര നടപടികൾ നിർത്തിവെച്ച് നഗരസഭാ അധികൃതർ തിരികെ പോയി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഇന്നലെയാണ് ഗുരുതര ശ്വാസകോശ രോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന വൈദികൻ ഫാ. കെ ജി വർഗീസ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സംസ്‌കരിക്കാൻ നഗരസഭയും ആരോഗ്യവിഭാഗവും തീരുമാനിക്കുകയായിരുന്നു. ആദ്യം നാലാഞ്ചിറയിലുള്ള പള്ളി സെമിത്തേരിയിൽ സംസ്‌കാര ചടങ്ങുകൾ നടത്താനാണ് ആലോചിച്ചത്. എന്നാൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ കഴിയില്ല എന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ മലമുകളിലെ പള്ളി സെമിത്തേരിയിൽ ചടങ്ങ് നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഇതനുസരിച്ച് കുഴിയെടുക്കുന്നത് അടക്കമുള്ള നടപടികൾ മുന്നോട്ടുപോകുന്നതിനിടെയാണ് നാട്ടുകാർ എതിർപ്പുമായി രംഗത്തുവന്നത്. വൈദികന്റെ ഇടവകയിലോ മറ്റ് സ്ഥലങ്ങളിലോ സംസ്‌കാരം നടത്താതെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശം തെരഞ്ഞെടുത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം. കോവിഡ് ഒഴിച്ചുള്ള മറ്റു കാരണങ്ങളാൽ മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിൽ ഒരു വിരോധവുമില്ല. എന്നാൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് കോവിഡ് ബാധിച്ച് മരിച്ച ആളിന്റെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

അതിനിടെ, മരിച്ച വൈദികൻ കെ.ജി. വർഗ്ഗീസിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വൈദികന്റെ അടുത്ത കിടക്കയിൽ ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച മരിച്ച മറ്റൊരാളുടെ മരണത്തിലും സംശയം. മെയ് 30ന് മരിച്ച ഇയാൾക്കും കോവിഡ് ഉണ്ടായിരുന്നോ എന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്.  കഴിഞ്ഞ മാസം 20 മുതൽ 10 ദിവസം വൈദികൻ പേരൂർക്കട ജില്ലാ ആശുത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലും പേരൂർക്കട ജില്ലാ ആശുപത്രിയിലുമായി ഒന്നര മാസത്തോളം ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട്. പേരൂർക്കട ജില്ലാ ആശുപത്രിയിൽ വൈദികന്റെ തൊട്ടടുത്ത ബെഡിൽ ചികിത്സയിൽ കഴിഞ്ഞയാളുടെ മരണത്തിലാണ് ഇപ്പോൾ ആശങ്ക.  ചൊവ്വാഴ്ചയാണ് ഈ രോഗി മരിച്ചത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് ഇയാൾ  ചികിത്സയിലായിരുന്നത്. അന്നു കോവിഡ് ലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ തന്നെ സ്രവ പരിശോധന നടത്തിയിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ ഇയാളുടെ ബന്ധുക്കളുടെ സ്രവങ്ങൾ ശേഖരിച്ച് കോവിഡ് പരിശോധനയ്ക്കായി അയക്കും. വൈദികനും മെഡിക്കൽ കോളജിൽ നിന്നാണോ എന്ന സംശയവും ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്ന് വരുന്നുണ്ട്. 

വൈദികന് ആരിൽ നിന്നാണ് എവിടെ നിന്നാണ് രോഗം പകർന്നത് എന്ന് കണ്ടെത്താനാകാത്തതിൽ ആശങ്കയുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, വൈദികന് ആശുപത്രിയിൽ നിന്നാവാം കോവിഡ് ബാധ ഉണ്ടായതെന്നും പുറത്ത് നിന്ന് രോഗം പകരാൻ സാധ്യതയില്ലെന്നും ബന്ധുക്കൾ പറയുന്നു. വൈദികനെ ചികിത്സിച്ച മെഡിക്കൽ കോളേജിലേയും പേരൂർക്കട ജില്ലാ ആശുപത്രിയിലേയും ഇരുപതോളം ഡോക്ടർമാരെ നിരീക്ഷണത്തിലാക്കി. പേരൂർക്കട ജില്ലാ ആശുപത്രിയിലെ അമ്പതോളം ആരോഗ്യപ്രവർത്തകരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പേരൂർക്കട ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയാ, മെഡിക്കൽ വാർഡുകൾ അണുനശീകരണത്തിനായി അടച്ചിടും. മെഡിക്കൽ കോളേജിലെ ന്യൂറോ, ഇ.എൻ.ടി., സി.ടി. സ്‌കാൻ എന്നീ വിഭാഗങ്ങളിലായി പത്തോളം ഡോക്ടർമാരേയും മുപ്പതോളം ജീവനക്കാരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ പരിശോധനാഫലം അറിഞ്ഞ ശേഷം നിരീക്ഷണം എത്ര ദിവസം തുടരണമെന്ന് തീരുമാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP