Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗൾഫിൽ പോയി വന്നപ്പോഴേക്കും അഷ്ടമുടികായൽ തീരത്ത് പട്ടയമുള്ള സ്വന്തം സ്ഥലത്ത് കാണുന്നത് വലിയ ചീനവല; പണവും സ്വാധീനവുമുള്ള കയ്യേറ്റക്കാരനെ ചോദ്യം ചെയ്തപ്പോൾ ഗൂണ്ടകളെ പറഞ്ഞുവിട്ട് കോസ്റ്റൽ എസ്‌ഐയുടെ ഭീഷണി; ശോഭനന്റെ പരാതി വന്നപ്പോൾ ലൊക്കേഷൻ സ്‌കെച്ച് നൽകാതെ വില്ലേജ് -ഫിഷറീസ് മേലാളന്മാരുടെ കള്ളക്കളി; ദളവാപുരം പാലത്തിന് വേണ്ടിയുള്ള കായൽ കൊള്ളയിൽ അഷ്ടിക്ക് വക മുട്ടി ശോഭനനെ പോലുള്ള മത്സ്യത്തൊഴിലാളികൾ

ഗൾഫിൽ പോയി വന്നപ്പോഴേക്കും അഷ്ടമുടികായൽ തീരത്ത് പട്ടയമുള്ള സ്വന്തം സ്ഥലത്ത് കാണുന്നത് വലിയ ചീനവല; പണവും സ്വാധീനവുമുള്ള കയ്യേറ്റക്കാരനെ ചോദ്യം ചെയ്തപ്പോൾ ഗൂണ്ടകളെ പറഞ്ഞുവിട്ട് കോസ്റ്റൽ എസ്‌ഐയുടെ ഭീഷണി; ശോഭനന്റെ പരാതി വന്നപ്പോൾ ലൊക്കേഷൻ സ്‌കെച്ച് നൽകാതെ വില്ലേജ് -ഫിഷറീസ് മേലാളന്മാരുടെ കള്ളക്കളി; ദളവാപുരം പാലത്തിന് വേണ്ടിയുള്ള കായൽ കൊള്ളയിൽ അഷ്ടിക്ക് വക മുട്ടി ശോഭനനെ പോലുള്ള മത്സ്യത്തൊഴിലാളികൾ

എം മനോജ് കുമാർ

കൊല്ലം: പട്ടയമുള്ള ചീനവലയിരിക്കുന്ന സ്ഥലം അന്യാധീനപ്പെട്ടതിനെതുടർന്ന് നെഞ്ചുരുകി പോരാട്ടം നടത്തിയിട്ടും മത്സ്യത്തൊഴിലാളിക്ക് നീതിയില്ല. അഞ്ചു വർഷമായി സ്വന്തം സ്ഥലത്തിനും ചീനവലയ്ക്കും വേണ്ടി ദളവാപുരം ശോഭനൻ നടത്തുന്ന പോരാട്ടത്തിനു അഞ്ചാണ്ട് കഴിഞ്ഞിരിക്കുന്നു. സർക്കാർ ഓഫീസുകൾ കയറിയിറങ്ങി നടത്തുന്ന നിരന്തരനിയമപോരാട്ടത്തിന്നൊടുവിൽ ശോഭനൻ രോഗിയായും മാറിയിരിക്കുന്നു. ദളവാപുരം തെക്കുംഭാഗം പാലത്തിനടുത്തുള്ള ശോഭനന്റെ ചീനവലയിരിക്കുന്ന സ്ഥലമാണ് തൊട്ടടുത്തുള്ള വ്യക്തിയുടെ കയ്യേറ്റം കാരണം ശോഭനനു നഷ്ടമായിരിക്കുന്നത്. പട്ടയമുള്ള നഷ്ടമായ സ്ഥലം തിരികെ പിടിക്കാനോ ചീനവല സ്ഥാപിക്കാനോ കഴിയാത്തതിനെ തുടർന്ന് കഴിഞ്ഞ അഞ്ചു വർഷമായി ശോഭനനും കുടുംബവും പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ് നാളുകൾ തള്ളി നീക്കുന്നത്.

ദളവാപുരം പാലം വന്നപ്പോൾ പാലം നിർമ്മാണത്തിലെ മണ്ണ് അശാസ്ത്രീയമായ രീതിയിൽ കായലിൽ തന്നെ തള്ളി. ബീമുകൾ ഇടിഞ്ഞു വീണപ്പോൾ ഇതും കിടക്കുന്നത് കായലിൽ. പത്ത് പന്ത്രണ്ടു ആൾ താഴ്ചയിലുള്ള പുഴ മണ്ണ് വീണു നികന്നു. ചീനവല ഉപയോഗശൂന്യമായി. ആഴമില്ലാത്ത ഭാഗത്ത് വല താഴില്ല. ഇതിനിടയിൽ വല പൊട്ടിവീഴുകയും ചെയ്തു. മത്സ്യം ലഭിക്കാത്തതോടെ കൊല്ലം ജില്ലാ കളക്ടറുടെ അനുമതി തേടി ശോഭനൻ വല പൊളിച്ച് തത്ക്കാലത്തേക്ക് വീട്ടിലേക്ക് മാറ്റി. ഗൾഫിൽ പോയി. ചീനവല ഇരുന്ന സ്ഥലത്ത് പട്ടയം ഉള്ളതിനാലാണ് ഇത് വീട്ടിലേക്ക് മാറ്റി ശോഭനൻ ഗൾഫിലേക്ക് പോയത്. അവിടെ നിൽക്കാൻ കഴിയാതെ ശോഭനൻ തിരികെ നാട്ടിൽ വന്നു. അപ്പോഴേക്കും അവിടെ സ്ഥലമുള്ള സ്വകാര്യ വ്യക്തി സ്ഥലം കയ്യേറി അവരുടെ ചീനവല അവിടെ സ്ഥാപിച്ചിരുന്നു. തനിക്ക് പട്ടയമുള്ള സ്ഥലത്താണ് ഈ ചീനവല എന്ന് ഇവരോട് ശോഭനൻ പറഞ്ഞെങ്കിലും സ്വാധീന ശക്തിയുള്ള കുടുംബം അത് മാറ്റാൻ തയ്യാറായില്ല.

വല മാറ്റാൻ പറഞ്ഞപ്പോൾ വല സ്ഥാപിച്ച കുടുംബത്തിലെ കോസ്റ്റൽ എസ്‌ഐയായ ഭുവനദാസ് ഗുണ്ടകളെ വെച്ച് തനിക്ക് നേരെ ഭീഷണിപ്പെടുത്തിയതായാണ് കൊല്ലം പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്ക് ശോഭനൻ നൽകിയ പരാതിയിൽ പറയുന്നത്. അതുകൊണ്ട് തന്നെ വല തന്റെ സ്ഥലത്ത് നിന്നും മാറ്റാനും ശോഭനനു കഴിഞ്ഞില്ല. ചീനവല ഏകാശ്രയമായതിനാൽ ചീനവലയ്ക്ക് വേണ്ടിയുള്ള നിയമപോരാട്ടം ശോഭനനു തുടരേണ്ടി വന്നു. ഫിഷറീസ് ഡെപ്യുട്ടി ഡയരക്ടർ, റവന്യൂ സെക്രട്ടറി, വകുപ്പ് മന്ത്രി, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പ്രശ്‌നത്തിൽ ശോഭനൻ പരാതി നൽകി. പരാതിയും പരിഭവവുമായി കയറി ഓഫീസുകൾ കയറിയിറങ്ങുക എന്നല്ലാതെ ശോഭനനു ഇതുവരെ തനിക്ക് അവകാശപ്പെട്ട ചീനവലയുള്ള സ്ഥലം തിരികെ ലഭിച്ചില്ല.

ഈ കുടുംബത്തിന്റെ എകാശ്രയമായിരുന്നു ഈ ചീനവല. അഷ്ടമുടി കായലിന്റെ കൈവഴിയായുള്ള ഈ കായലിൽ നിന്നുള്ള മത്സ്യ സമ്പത്തായിരുന്നു ശോഭനന്റെയും കുടുംബത്തിന്റെയും വരുമാനമാർഗം. ചീനവല വഴി ധാരാളം മത്സ്യങ്ങൾ ശോഭനനും കുടുംബത്തിനും ലഭ്യമായിരുന്നു. അഷ്ടമുടിക്കായലിനു കുറുകെ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ദളവാപുരം തെക്കുംഭാഗം പാലം വന്നതോടെയാണ് ശോഭനന്റെയും അഷ്ടമുടികായലിന്റെ ഓരങ്ങളിൽ നിരന്നു നിൽക്കുന്ന ചീനവലകൾ ഉപജീവനമാർഗമായ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിയത്. തീർത്തും അശാസ്ത്രീയമായ ദളവാപുരം പാലം അഷ്ടമുടിയെ ആശ്രയിക്കുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കി. പാലം നിർമ്മിക്കുമ്പോൾ പരിസ്ഥിതി നിയമങ്ങൾ അനുസരിച്ച് പുഴയ്ക്ക് കേടുപാട് വരുത്തില്ല. മണ്ണിട്ട് പുഴ നികത്തുകയുമില്ല. ദളവാപുരത്ത് പാലം വന്നപ്പോൾ ഇതും രണ്ടും സംഭവിച്ചു. മണ്ണ് വീണു പുഴ നികന്നു. പരിസ്ഥിതിയും നശിച്ചു. ദളവാപുരം പാലം വന്നപ്പോൾ മത്സ്യത്തൊഴിലാളികൾ അഭിമുഖീകരിച്ച പ്രശ്‌നം ഇതുവരെയും തീർന്നിട്ടില്ല. ദളവാപുരം പാലം വന്നപ്പോൾ ഡ്രഡ്ജിങ് നടത്തണമെന്ന അവശ്യത്തിനു ഇതുവരെ പരിഹാരമായില്ല. 2007-ൽ പാലം വന്നപ്പോൾ തുടങ്ങിയ പ്രശ്‌നം ഇപ്പോഴും തുടരുന്നു. ശോഭനനു എകാശ്രയമായ ചീനവലയിരിക്കുന്ന സ്ഥലം തന്നെ നഷ്ടമായപ്പോൾ നൂറുകണക്കിനു മത്സ്യത്തൊഴിലാളികളാണ് ഈ പാലം വന്നപ്പോൾ മുതൽ പ്രതിസന്ധിയിലായത്.

അഷ്ടമുടി കായലിന്റെ ഈ ശാഖ പാലം വന്നപ്പോൾ മണ്ണിട്ട് നികന്ന അവസ്ഥയിലായി. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും ചീനവലകളും ഇവിടെയുള്ളതിനാൽ അവർ യുഡിഎഫ് സർക്കാരിനു പരാതി നൽകി. അന്ന് എൻ.കെ.പ്രേമചന്ദ്രനായിരുന്നു വകുപ്പ് മന്ത്രി. പരാതി നൽകിയ സ്ഥലത്ത് ഡ്രഡ്ജ് ചെയ്യുന്നതിന് പകരം വേറെ ഭാഗത്ത് ഡ്രഡ്ജ് ചെയ്തു. ഇത് ശോഭനൻ അടക്കമുള്ളവർ അറിഞ്ഞില്ല. ഷിബു ബേബി ജോൺ മന്ത്രിയായിരുന്ന സമയത്ത് പരാതി പോയി. ഒരു കോടി 75 ലക്ഷം രൂപയ്ക്ക് ഡ്രഡ്ജ് ചെയ്യാൻ തീരുമാനമായി. തുക അനുവദിച്ചതല്ലാതെ ഡ്രഡ്ജിങ് നടന്നില്ല. പത്ത് ശതമാനം പണി പോലും അന്ന് നടന്നിരുന്നില്ല. പുഴ മണ്ണ് വീണു നികന്നപ്പോൾ ശോഭനൻ അടക്കമുള്ള ഈ ഭാഗത്തെ മത്സ്യത്തൊഴിലാളികൾ മുഴുവൻ പ്രശ്‌നത്തിലായി. ശോഭനന്റെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായി. ഈ സമയത്ത് കായലിൽ വല താഴ്‌ത്തി മത്സ്യബന്ധനത്തിനു ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഇതിന്നിടയിൽ വലയ്ക്ക് കേടുപാട് സംഭവിച്ചു. അന്നത്തെ കളക്ടർ ആയ ഷൈന മോളെ കണ്ടു ശോഭനൻ ആവലാതി ബോധിപ്പിച്ച് പരാതി നൽകി.

ചീന വല അഴിച്ച് സ്വന്തം വീട്ടിലേക്ക് മാറ്റാനുള്ള അപേക്ഷയാണ് നൽകിയത്. അപേക്ഷ അനുവദിച്ചതായും ചീനവല മാറ്റിക്കോള്ളാനും കലക്ടർ തനിക്ക് അനുമതി നൽകി എന്നാണ് ശോഭനൻ മറുനാടനോട് പറഞ്ഞത്. ഇത് പ്രകാരം ചീന വല വീട്ടിലേക്ക് മാറ്റി ശോഭനൻ ഗൾഫിൽ പോയി. അവിടെ നിൽക്കാൻ കഴിയാതെ നാട്ടിലേക്ക് വന്നു. പുഴ നികന്ന സ്ഥലം നോക്കി ഒട്ടുവളരെ അനധികൃത കയ്യേറ്റങ്ങൾ അഷ്ടമുടി തീരത്ത് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ശോഭനൻ വീട്ടിലെത്തി ചീന വല സ്ഥാപിക്കാൻ തനിക്ക് അവകാശപ്പെട്ട സ്ഥലത്ത് പോയപ്പോൾ ചീനവല ഇരുന്ന സ്ഥലം തൊട്ടടുത്തുള്ള വ്യക്തി കയ്യേറിയിരുന്നു. ഈ സ്ഥലം കയ്യേറി അവർ സ്വന്തം ചീനവല സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തിരുന്നു. വീട്ടുകാർക്ക് സ്വാധീന ശക്തിയുള്ളതിനാൽ ഈ മത്സ്യത്തൊഴിലാളിക്ക് പരാതിയുമായി കയറിയിറങ്ങുകയല്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായി.

ഇതോടെ അഞ്ചു വർഷം മുൻപ് നിയമപോരാട്ടത്തിനു ശോഭനൻ തുടക്കം കുറിച്ചു. നിരവധി പരാതികൾ പ്രശ്‌നത്തിൽ നൽകി. ശോഭനന്റെ സ്ഥലം കയ്യേറിയ വ്യക്തികളുടെ സ്വാധീനം കാരണം പരാതികൾ എല്ലാം അവിടെ തന്നെ നിന്നു. വിവരാവകാശപ്രകാരം നൽകിയ അപേക്ഷയിൽ ചീനവലയിരിക്കുന്ന സ്ഥലം ശോഭനനു തന്നെ അവകാശപ്പെട്ടതായി വ്യക്തമാക്കുന്നുണ്ട്. പക്ഷെ സ്ഥലത്തുള്ളത് വേറെ വ്യക്തിയുടെ ചീനവലയാണ്. വില്ലേജ് ഓഫീസ് കയറിയിറങ്ങി, താലൂക്ക് ഓഫീസിൽ പോയി രേഖകൾ ശരിയാക്കാൻ ശ്രമം നിരന്തരം നടത്തിയിരുന്നെങ്കിലും ഫിഷറീസ് അധികൃതർ പറഞ്ഞ ലൊക്കേഷൻ സ്‌കെച്ച് ഇതുവരെ ശോഭനനു ഹാജരാക്കാൻ കഴിഞ്ഞില്ല. ലൊക്കേഷൻ സ്‌കെച്ച് മനഃപൂർവം പല കാരണങ്ങൾ ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസ് അധികൃതർ നിഷേധിക്കുകയാണെന്നാണ് ശോഭനൻ മറുനാടനോട് പറഞ്ഞത്. പ്രശ്‌നങ്ങളെക്കുറിച്ച് ശോഭനൻ മറുനാടനോട് വിശദമാക്കുന്നത് ഇങ്ങനെ:

പരമ്പരാഗതമായി മീൻപിടുത്തമാണ് ഞങ്ങളുടെ ഉപജീവനമാർഗം. അഷ്ടമുടി കനിഞ്ഞനുഗ്രഹിച്ച് നല്ല മത്സ്യം നൽകിയിരുന്നു. ചീനവല വഴി വന്ന മത്സ്യം വിറ്റ് ആണ് ഉപജീവനം നടത്തിയത്. 2007ലാണ് അശാസ്ത്രീയമായ രീതിയിൽ ദളവാപുരം തെക്കുംഭാഗം പാലം വന്നത്. പാലം വരുമ്പോൾ പുഴയെ നശിപ്പിക്കുമോ? പ്രകൃതിയെ നശിപ്പിക്കുമോ? രണ്ടും കേരളത്തിൽ സംഭവിക്കും എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് കൊല്ലം ദളവാപുരം തെക്കുംഭാഗം പാലം. പാലത്തിനു ഒട്ടുവളരെ ഫില്ലറുകൾ പണിതു. വളരെ ആഴത്തിൽ ഫില്ലറുകൾ പണിതപ്പോൾ വന്ന മണ്ണ് മുഴുവൻ പുഴയിൽ തന്നെ നിക്ഷേപിച്ചു. പുഴ മണ്ണ് വീണു നികന്നു. പത്ത് പന്ത്രണ്ടോളം താഴ്ചയുള്ള സ്ഥലത്ത് ഇപ്പോൾ കൊക്കിരിക്കുകയാണ്. അത്രമാത്രം പുഴ മണ്ണ് വീണു നികന്നു കഴിഞ്ഞു. നീണ്ടകര മുതൽ ദളവാപുരം വരെ രണ്ടു കിലോമീറ്ററോളം മണ്ണ് വീണു നികന്നു കിടക്കുകയാണ്.

മത്സ്യത്തൊഴിലാളികളുടെ കൊഞ്ചിരിക്കുന്ന ഒരുപാട് ഷെഡുകൾ ഉണ്ടായിരുന്നു. പത്ത് പന്ത്രണ്ടോളം താഴ്ചയുള്ള സ്ഥലത്ത് ഇപ്പോൾ കൊക്കുകൾ ആണ് ഇപ്പോൾ ഇരിക്കുന്നത്. അത്രമാത്രം പുഴ മണ്ണ് വീണു നികന്നു കഴിഞ്ഞു. അഷ്ടമുടി കായലിന്റെ ഒരു ശാഖ തന്നെ നികന്നു പോയി. അത് ഡ്രഡ്ജ് ചെയ്ത് മണ്ണ് മാറ്റേണ്ടിയിരുന്നു. പക്ഷെ ചീനവലയുള്ള സ്ഥലത്ത് ഡ്രഡ്ജ് ചെയ്തില്ല. ചീന വലയുള്ളതിനാൽ ഡ്രഡ്ജ് ചെയ്യാൻ മത്സ്യത്തൊഴിലാളികൾ പരാതി നൽകി. അന്ന് എൻ,കെ.പ്രേമച്ചന്ദ്രനായിരുന്നു മന്ത്രി. പരാതി നൽകിയ സ്ഥലത്ത് ഡ്രഡ്ജ് ചെയ്യുന്നതിന് പകരം വേറെ ഭാഗത്ത് ഡ്രഡ്ജ് ചെയ്തു. ഇത് ഞങ്ങൾ അറിഞ്ഞില്ല. ഷിബു ബേബി ജോൺ മന്ത്രിയായിരുന്ന സമയത്തും പരാതി നൽകി . ഒരു കോടി 75 ലക്ഷം രൂപയ്ക്ക് ഡ്രഡ്ജ് ചെയ്യാൻ തീരുമാനമായി. തുക അനുവദിച്ചതല്ലാതെ ഡ്രഡ്ജിങ് നടന്നില്ല. പത്ത് ശതമാനം പണി പോലും അന്ന് നടന്നിരുന്നില്ല. പുഴ മണ്ണ് വീണു നികന്നപ്പോൾ എല്ലാം പ്രശ്‌നത്തിലായി. ഈ പ്രശ്‌നം രൂക്ഷമായപ്പോൾ ചീനവല വഴി മീൻ ലഭിക്കാതായി. ചീന വല വെള്ളത്തിൽ താണ്പോകില്ല. അതിനുള്ള ആഴമില്ല, വലയ്ക്ക് കേടുപാട്പറ്റി ഞാൻ ജില്ലാ കളക്ടർ ഷൈന മോളെ കണ്ടു ഈ ചീനവല വീട്ടിലേക്ക് മാറ്റാൻ അനുമതി തേടി. അത് ലഭിച്ചു.

വരുമാനം നിലച്ചപ്പോൾ ഞാൻ സാമ്പത്തിക ബുദ്ധിമുട്ടിലായി. ഞാൻ ഗൾഫിൽ പോയി. ഈ സമയത്ത് പുഴയുടെ ഭാഗത്ത് വൻ കയ്യേറ്റങ്ങൾ നടന്നു. സ്വകാര്യ വ്യക്തികളാണ് കയ്യേറ്റം നടത്തിയത്. പുഴയുടെ ഭാഗങ്ങൾ കയ്യേറി മണ്ണിട്ട് നികത്തുകയാണ് ചെയ്തത്. ഞങ്ങൾ ആറു വീട്ടുകാർ ഈ കാര്യത്തിൽ പരാതി നൽകിയിരുന്നു. എന്റെ ചീനവല ഇരിക്കുന്നിടം വരെ അന്ന് കായൽ ആയിരുന്നു. ഞാൻ ചീനവല പൊളിച്ചു കൊണ്ടുപോയ സമയത്ത് എന്റെ സ്ഥലത്ത് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തി ചീനവല ഇട്ടു. കായൽ സ്ഥലം കയ്യേറിയാണ് ഇവർ അവിടം സ്വന്തമാക്കിയത്. ചീനവല എനിക്ക് അവിടെ വയ്ക്കാൻ സർക്കാർ അനുമതി നൽകിയതാണ്. സർക്കാർ പതിച്ച് നൽകുകയാണ് ചെയ്തത്. എന്റെ പേരിൽ പോക്ക് വരവ് നടത്തിയ സ്ഥലമാണ്. പട്ടയവുമുണ്ട്. അവർക്ക് അവിടെ ചീനവല വയ്ക്കാൻ കഴിയില്ല. പക്ഷെ അവർ എന്റെ ചീനവല ഇരിക്കുന്നിടത്ത് തന്നെ വല സ്ഥാപിച്ചു. എനിക്ക് പതിച്ച് നല്കിയ സ്ഥലമാണത്. അവിടെ വേറെ ആർക്കും വല വെയ്ക്കാൻ അനുവാദമില്ല. ഞാൻ കരം അടച്ച സ്ഥലമാണ്. കളക്ടറുടെ അടുത്തു നിവേദനം നൽകി അനുമതി വാങ്ങിയാണ് വല താത്ക്കാലത്തേക്ക് മാറ്റിയത്.

അവിടെ പുഴ നികന്നിരുന്നു. ഡ്രഡ്ജിങ് നടക്കുന്നില്ല. വീട് പട്ടിണിയായപ്പോഴാണ് പൊട്ടിവീണ വല വീട്ടിലേക്ക് മാറ്റി ഞാൻ ഗൾഫിൽ പോയത്. തിരികെ വരുമ്പോൾ കയ്യേറ്റം പൂർണമായിരുന്നു. ഉദ്യോഗസ്ഥ തലത്തിലുള്ള ഒത്തുകളി കൊണ്ടാണ് എനിക്ക് അവിടെ വല വയ്ക്കാൻ കഴിയാത്തത്. ഞാൻ ഗൾഫിൽ പോയി വന്നതിനെ തുടർന്ന് ഞാൻ പരാതി നൽകി. അപ്പോൾ ലൊക്കേഷൻ സ്‌കെച്ച് ചെയ്യണം എന്ന് പറഞ്ഞു. രണ്ടു ചീനവല എന്റെ ചീനവല കിടന്ന സ്ഥലത്ത് ഇട്ടിട്ടുണ്ട്. അവർക്ക് വടക്കാണ് ചീന വലയ്ക്ക് അനുമതിയുള്ളത്. അവർ എന്റെ ഭാഗത്താണ് ചീന വലയിട്ടത്. അവർ അത് ട്രാൻസ്ഫർ ചെയ്തത എന്നാണ് പറഞ്ഞത്. ചീനവല ട്രാൻസ്ഫർ ചെയ്യാൻ ഒരുപാട് നിയമനടപടികളുണ്ട്. അതൊന്നും പൂർത്തീകരിച്ചിട്ടില്ല.

പിന്നെ ട്രാൻസ്ഫർ നടക്കുകയുമില്ല. ആസ്ഥലം സർക്കാർ എനിക്ക് പതിച്ച് നൽകിയതാണ്. എന്റെ ചീനവല അവിടെയാണ് നിന്നിരുന്നത് എന്നത് മനസിലാക്കി വില്ലേജ് അധികൃതർ എനിക്ക് രസീത് തന്നു. പ്രശ്‌നത്തിൽ ഞാൻ വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്. ഫിഷറീസ് ഇൻസ്‌പെക്ടർ ഓഫീസിലാണ് കരം അടയ്‌ക്കേണ്ടത്. എനിക്ക് ഇപ്പോൾ കരം അടയ്ക്കാൻ കഴിയുന്നില്ല. വേറെ ചീനവല വന്നിട്ടുണ്ട് എന്നാണ് പറയുന്നത്. ചീനവലയിരിക്കുന്ന സ്ഥലം എന്റെ കയ്യിലാണ് എന്നുള്ളതിന് എല്ലാ തെളിവുകളും ഉണ്ട്. വിവരാവകാശ പ്രകാരം ആ സ്ഥലത്ത് എന്റെ ചീനവലയുണ്ട് എന്ന് അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എനിക്ക് ഇപ്പോൾ കരം അടയ്ക്കാൻ കഴിയാത്തതിനു കാരണം രേഖകളിൽ കൃത്രിമം നടത്തിയത് കാരണം എന്നാണ് ഞാൻ സംശയിക്കുന്നത്. എനിക്ക് ലൊക്കേഷൻ സ്‌കെച്ച് വില്ലേജ് അധികൃതർ നൽകുന്നുമില്ല. ഇപ്പോൾ നിരന്തര പോരാട്ടം കാരണം ഞാൻ രോഗിയായി മാറിയിരിക്കുന്നു. ഇനിയെങ്കിലും എനിക്ക് നീതി വേണം-ശോഭനൻ പറയുന്നു.

കൊല്ലം ഫിഷറീസ് അധികൃതർ നൽകുന്ന വിശദീകരണം:

ശോഭനന്റെ പ്രശ്‌നം അറിയാം. പല തവണ പരാതിയായി ഞങ്ങളെ കണ്ടിട്ടുണ്ട്. ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് പട്ടയം നൽകിയ ചീനവലയാണ് ശോഭനന്റെ കൈവശമുള്ളത്-കൊല്ലം ഫിഷറീസ് അധികൃതർ മറുനാടനോട് പറഞ്ഞു. ഫിഷറീസ് ഒരു സ്ഥാനം നിർണ്ണയിച്ച് നൽകിയിട്ടുണ്ട്. ആ സ്ഥലത്ത് ശോഭനൻ തന്നെ ചീനവല പൊളിച്ച് മാറ്റിയിട്ടുണ്ട്. അതിനു കലക്ടറുടെ അനുമതി തേടി എന്നാണ് ശോഭനൻ പറഞ്ഞത്. പക്ഷെ രേഖാമൂലം ശോഭനനു അനുമതി നൽകിയിട്ടില്ല. ആ അനുമതി അദ്ദേഹം വാങ്ങിക്കേണ്ടിയിരുന്നു. അത് വാങ്ങിച്ചിട്ടില്ല. അത് ഒരു പ്രശ്‌നം. ചീന വല എവിടെ വയ്ക്കാനാണ് അനുമതി നൽകിയത് എന്ന് ഞങ്ങൾക്ക് അറിയില്ല. ഞങ്ങൾക്ക് ലൊക്കേഷൻ സ്‌കെച്ച് വേണം. അത് വില്ലേജ് ഓഫീസിൽ നിന്നാണ് നൽകേണ്ടത്. ആ ലൊക്കേഷൻ സ്‌കെച്ച് നൽകിയിട്ടില്ല. അത് നോക്കി വേണം ഞങ്ങൾക്ക് സ്ഥല നിർണ്ണയം നടത്താൻ. അത് പൊളിച്ച് നീക്കിയ അവസ്ഥയായത് കാരണമാണ് ഈ പ്രശ്‌നം ഉദയം ചെയ്യുന്നത്. അദ്ദേഹം പറയുന്ന പ്രകാരം അനുമതി നൽകാൻ കഴിയില്ല. സ്‌കെച്ച് വാങ്ങി വന്നാൽ പട്ടയം ഉള്ളതിനാൽ അവർക്ക് അനുമതി നൽകാവുന്നതേയുള്ളൂ. അത് ശോഭനൻ നൽകണം. അത് നൽകിയാൽ തന്നെ അതിനു ഒട്ടനവധി നടപടിക്രമങ്ങൾ ബാക്കിയുമുണ്ട്. എല്ലാം നോക്കി വേണം അനുമതി നൽകാൻ- ഫിഷറീസ് അധികൃതർ പറയുന്നു.

എന്നാൽ നാലഞ്ചു വർഷമായി താൻ കയറിയിറങ്ങാത്ത സ്ഥലമില്ല. മനഃപൂർവം എനിക്ക് ലൊക്കേഷൻ സ്‌കെച്ച് നല്കാതിരിക്കാനാണ് വില്ലേജ് ഓഫീസ് ശ്രമിക്കുന്നത്. ഫിഷറീസ് അധികൃതരും എന്നോടു കനിയുന്ന സമീപനം പ്രകടിപ്പിച്ചിട്ടില്ലെന്നും ശോഭനൻ പറയുന്നു. എന്തായാല് നീതിക്ക് വേണ്ടിയുള്ള ശോഭനന്റെ പോരാട്ടം തുടരുകയാണ്. ശോഭനനു പട്ടയം ഉള്ള വ്യക്തിയാണ് എന്നാണ് ഫിഷറീസ് അധികൃതരും വ്യക്തമാക്കുന്നത്. എന്നിട്ടും തന്റെ ചീനവലയിരിക്കുന്ന സ്ഥലം അന്യാധീനമായത് ശോഭനനു നോക്കിയിരിക്കേണ്ട അവസ്ഥവരുന്നു. പാവപ്പെട്ട മത്സ്യത്തൊഴിലാളിക്ക് നേരെയുള്ള നീതി നിഷേധമാണ് ശോഭനൻ അനുഭവിക്കുന്നത്. ചീന വലയ്ക്ക് പട്ടയമുള്ള വ്യക്തിയാണ് ശോഭനൻ എന്ന് ഫിഷറീസ് അധികൃതർ തന്നെ വ്യക്തമാക്കിയിരിക്കെ ശോഭനനു നീതി ലഭിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP