Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലണ്ടനിൽ നിന്നും യു കെയിലെ വിവിധ സ്ഥലങ്ങളിലേക്ക് മയക്കു മരുന്ന് കടത്തിയിരുന്ന വമ്പൻ ഗാംഗിനെ പൂട്ടി ബ്രിട്ടീഷ് പൊലീസ്; തകർത്തെറിഞ്ഞത് 20 കൊലപാതകങ്ങളിൽ പങ്കുള്ള വൻ സംഘത്തെ

ലണ്ടനിൽ നിന്നും യു കെയിലെ വിവിധ സ്ഥലങ്ങളിലേക്ക് മയക്കു മരുന്ന് കടത്തിയിരുന്ന വമ്പൻ ഗാംഗിനെ പൂട്ടി ബ്രിട്ടീഷ് പൊലീസ്; തകർത്തെറിഞ്ഞത് 20 കൊലപാതകങ്ങളിൽ പങ്കുള്ള വൻ സംഘത്തെ

സ്വന്തം ലേഖകൻ

ബ്രിട്ടനിലെ ലഹരി മാഫിയയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നൽകിക്കൊണ്ട്, ലണ്ടനിൽ നിന്നും വിവിധ ബ്രിട്ടീഷ് നഗരങ്ങളിലേക്ക് ലഹരിമരുന്ന് കടത്തിക്കൊണ്ടിരുന്ന വമ്പൻ സംഘത്തെ പൊലീസ് പിടികൂടി. ഏകദേശം 80 ഓളം വിതരണ ശൃംഖലകളാണ് ഇതുകൊണ്ട് ഇല്ലാതെയാക്കാൻ കഴിഞ്ഞതെന്ന് ബ്രിട്ടീഷ് പൊലീസ് അവകാശപ്പെട്ടു. 18 മയക്കുമരുന്ന് വില്പനക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയും ചെയ്തിട്ടുണ്ട്. അത് കൂടാതെ 1300 വിതരണക്കാരെ, 24 കൊലപാതകങ്ങൾ ഉൾപ്പടെയുള്ള അക്രമസംഭവങ്ങൾക്കും ജയിലിലടച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമായിരുന്നു ഈ നടപടികൾ ആരംഭിച്ചത്.

മയക്കുമരുന്നിനെതിരെയുള്ള യുദ്ധത്തിന് 5 മില്ല്യൺ ധനസഹായം ലഭിച്ച മെറ്റ് പൊലീസ് മേധാവികൾ പറയുന്നത് അടുത്ത 12 മാസങ്ങൾക്കുള്ളിൽ 210 വിതരണ ശൃംഖലകൾ കൂടി തകർക്കാനാകുമെന്നാണ്. രാജ്യത്താകെയുള്ള പൊലീസുകാരുടെ ഒത്തൊരുമിച്ചുള്ള ശ്രമഫലമായി കഴിഞ്ഞ ഒരു വർഷം കൊണ്ട് ഈ രംഗത്ത് ഗണ്യമായ നേട്ടം കൈവരിക്കാനായി എന്നും പൊലീസ് മേധാവികൾ അവകാശപ്പെട്ടു.

നാഷണൽ കൗണ്ടി ലൈൻസ് കോ-ഓർഡിനേഷൻ സെന്റർ പുറത്തുവിട്ട വിവരങ്ങൾ കാണിക്കുന്നത് 2019-2020 ൽ തലസ്ഥാന നഗരിയിൽ 2,000 അക്രമസംഭവങ്ങളിൽ ഉൾപ്പെട്ട 1300 പേരെ അറസ്റ്റ് ചെയ്യാനായി എന്നാണ്. ഇതിൽ 24 കൊലപാതകങ്ങൾ, 270 കൊള്ളകൾ, 200 നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കൽ, 23 ദുരുദ്ദേശത്തോടെ തോക്ക് കൈവശം വയ്ക്കൽ, 200 മയക്കുമരുന്ന് കടത്ത് എന്നിവ ഉൾപ്പെടും. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഓപ്പറേഷൻ ഓറോക്കിയുടെ ഭാഗമായി ഇന്ന് ഒരാൾക്ക് കൂടി ജയിൽ ശിക്ഷവാങ്ങിക്കൊടുത്ത പശ്ചാത്തലത്തിലാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്.

മയക്കുമരുന്ന് കടത്ത് കേസിൽ 35 കാരനായ വെയ്ൻ മാൻ എന്നയാൾക്കാണ് നാലു വർഷം രണ്ടുമാസത്തെ തടവിന് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ജനുവരിയിൽ ഇയാളുടെ താമസസ്ഥലം റെയ്ഡ് ചെയ്ത പൊലീസിന് നോർഫോക്കിൽ മയക്ക് മരുന്ന് നൽകുന്ന ടോമി ലൈൻ എന്ന വില്പന ശ്രേണി നിയന്ത്രിക്കുന്നത് ഇയാളാണെന്ന തെളിവ് ലഭിച്ചിരുന്നു. ലണ്ടൻ ആസ്ഥാനമായ ഒരു മൊബൈൽ ഫോണിലൂടെയായിരുന്നു വിവിധ കൗണ്ടികളീൽ നിന്നുള്ള മയക്കുമരുന്ന് ഓർഡറുകൾ ലഭിച്ചിരുന്നത്. അതുകൊണ്ടാണ് ഇതിന് കൗണ്ടി ലൈൻസ് എന്ന പേരുവീണത്.

ഫോൺ കോളിൽ ലഭിക്കുന്ന വിവരം അനുസരിച്ച്, തദ്ദേശീയരായ വില്പനക്കാർക്ക്, ഈ കേന്ദ്രത്തിൽ നിന്നും നിർദ്ദേശം കൈമാറും. സാധാരണയായി കൗമരപ്രായക്കാരായിരിക്കും തദ്ദേശ വിതരണക്കാർ. ടോമി ലൈനിന് നോർവിച്ചിൽ ഏകദേശം 300 ഉപഭോക്താക്കൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഈ ശൃംഖല വളരും തോറും അക്രമസംഭവങ്ങളും വർദ്ധിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു. ഇയാളുടെ വീട് റെയ്ഡ് ചെയ്തപ്പോൾ 12,000 പൗണ്ട് വിലവരുന്ന ഹെറോയിൻ പിടിച്ചെടുത്തിരുന്നു. വിവിധ കുറ്റങ്ങൾക്ക് നേരത്തേ ജയിൽ വാസം അനുഭവിച്ചിട്ടുള്ള വ്യക്തികൂടിയാണ് ഇയാൾ.

കൗണ്ടി ലൈനിന്റെ തലപ്പത്തുള്ള വേറെ 17 വിതരണക്കാരും വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിൽപിടിയിലാവുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മെഡ്വേ ആസ്ഥാനമായ ആൽഫീ ലൈൻ, സ്വാൻസീ ആസ്ഥാനമായ ഫ്രെഡി ലൈൻ എന്നിവയും ഇതിൽ ഉൾപ്പെടും. കുറ്റവാളികളെ പിടികൂടുന്നതിനോടൊപ്പം തന്നെ ലോക്കൽ ഏജൻസികളും , സ്‌കൂളുകളും, രക്ഷകർത്താക്കളോടുമൊക്കെ ചേർന്ന് കുട്ടികളിൽ ലഹരിമരുന്നുകളുടെ ഉപഭോഗം ചെറുക്കുവാനുള്ള നടപടികളും പൊലീസ് സ്വീകരിക്കുന്നുണ്ട്. അതിനായി പ്രത്യേകം തയ്യാറാക്കിയ പദ്ധതിയാണ് കഴിഞ്ഞ വർഷം അവസാനം ആരംഭിച്ച ഓപ്പറേഷൻ ഓറോക്കി.

പിടിയിലകപ്പെട്ടവരിൽ 61% പേരും നേരത്തെ സമാനമായ കേസുകളിൽ ശിക്ഷ അനുഭവിച്ചവരാണെന്ന് പൊലീസ് പറഞ്ഞു. വിവിധ ലൈനുകൾ നിയന്ത്രിക്കുന്നവരിൽ ഒരാൾ ഒരു വനിതയാണെന്നും റിപ്പോർട്ടുകളുണ്ട്. ഒരു ലൈൻ നടത്തിക്കൊണ്ടുപോകുവാൻ വ്യാജപേരിൽ രജിസ്റ്റർ ചെയ്ത ഒരു ഫോൺ മാത്രമേ ഉപയോഗിക്കുകയുള്ളു. മറ്റ് ഫോണുകളെല്ലാം പേ- ആസ്- യൂ-ഗോ ബർണർ ഉപകരണങ്ങളായിരുന്നു. റെജിസ്റ്റർ ചെയ്ത ഫോണിൽ നിന്നും കൂട്ടത്തോടെ എസ് എം എസ് അയച്ചാണ് മയക്കുമരുന്നിന്റെ കാര്യം പരസ്യം ചെയ്തിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP