Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അദ്ധ്യാപകരെ ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് ഓൺലൈൻ ചാനൽ എന്ന ആക്ഷേപവുമായെത്തിയവർ; ഇത് യുഡിഎഫ് പൂർത്തിയാക്കിയ കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും എൽഡിഎഫിന്റേത് ആക്കിയതിന്റെ മറ്റൊരു പകർപ്പ്; അബ്ദുൾ കലാമിന്റെ ക്ലാസെടുക്കലും ഇന്ററാക്ഷനും വിക്ടേഴ്‌സിൽ വിജയിയാക്കുന്നത് ഉമ്മൻ ചാണ്ടിയെ; കേരളത്തിൽ വിദ്യാഭ്യാസ ചാനൽ തുടങ്ങിയത് യുഡിഎഫ് കാലത്തു തന്നെ; വിഎസിന്റെ പോസ്റ്റിലെ രാഷ്ട്രീയം സിപിഎമ്മിനെ തിരിഞ്ഞു കുത്തുമ്പോൾ

അദ്ധ്യാപകരെ ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് ഓൺലൈൻ ചാനൽ എന്ന ആക്ഷേപവുമായെത്തിയവർ; ഇത് യുഡിഎഫ് പൂർത്തിയാക്കിയ കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും എൽഡിഎഫിന്റേത് ആക്കിയതിന്റെ മറ്റൊരു പകർപ്പ്; അബ്ദുൾ കലാമിന്റെ ക്ലാസെടുക്കലും ഇന്ററാക്ഷനും വിക്ടേഴ്‌സിൽ വിജയിയാക്കുന്നത് ഉമ്മൻ ചാണ്ടിയെ; കേരളത്തിൽ വിദ്യാഭ്യാസ ചാനൽ തുടങ്ങിയത് യുഡിഎഫ് കാലത്തു തന്നെ; വിഎസിന്റെ പോസ്റ്റിലെ രാഷ്ട്രീയം സിപിഎമ്മിനെ തിരിഞ്ഞു കുത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ : വിക്ടേഴ്സ് ചാനലിന്റെ പിതൃത്വത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ വിവാദത്തിൽ ശരി ഉമ്മൻ ചാണ്ടിയുടെ പക്ഷത്തെന്ന് സൂചന. യുഡിഎഫിനും കോൺഗ്രസിനും തുണയാകുന്നത് മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കാലാമിന്റെ സാന്നിധ്യമാണ്. സ്വപ്‌നങ്ങളുടെ ചിറകിൽ പറക്കാൻ ആഹ്വാനം ചെയ്ത കലാമിന്റെ സ്വപ്‌നങ്ങളായിരുന്നു വിക്ടേഴ്‌സിൽ നിറഞ്ഞത്. ഇത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണെന്നതും വ്യക്തം. അതുകൊണ്ട് തന്നെ വിക്ടേഴ്‌സിൽ വിഎസിന്റെ അവകാശവാദം തീർത്തും തെറ്റും. ചാനൽ ആരാണു കൊണ്ടുവന്നതെന്നതു സംബന്ധിച്ചു സാമൂഹിക മാധ്യമങ്ങളിൽ പൊട്ടിപ്പടരുന്ന വിവാദം ഇടതുവലതുപക്ഷങ്ങൾ ഏറ്റുപിടിച്ചു. താഴേത്തട്ടിൽ അണികളും ഈ വിഷയം ചർച്ചയാക്കി. പക്ഷേ ചാനൽ തുടങ്ങിയത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ തന്നെയായിരുന്നു.

'തൊഴിൽ തിന്നുന്ന ബകൻ' എന്ന പേരിൽ മുമ്പ് ചിന്ത വാരിക ഇറക്കിയ കമ്പ്യൂട്ടർവിരുദ്ധ പുസ്തകത്തിന്റെ കവർചട്ട എടുത്തിട്ടാണ് ഉമ്മൻ ചാണ്ടിയുടെ പരിഹാസം. കമ്പ്യൂട്ടർ വരുമ്പോഴുള്ള തൊഴിൽ നഷ്ടത്തിലൂന്നിയാണ് ഇടതുപക്ഷം എതിർപ്പിന്റെ കുന്തമുന കൂർപ്പിച്ചിരുന്നതെന്ന് ഉമ്മൻ ചാണ്ടി ഓർമിപ്പിക്കുന്നു. ചാനൽ ഉദ്ഘാടനം ചെയ്തതു തന്റെ കാലത്താണെന്ന വി.എസിന്റെ പോസ്റ്റിനെതിരേയും വിമർശനം വന്നു. 2006 ഓഗസ്റ്റ് മൂന്നിന് ചാനലിന്റെ രണ്ടാംഘട്ടമാണ് വി എസ്. ഉദ്ഘാടനം ചെയ്തത്. 2005 ജൂലൈ 28-ന് അന്നത്തെ രാഷ്ട്രപതി അബ്ദുൾ കലാം തിരുവനന്തപുരത്താണ് ചാനൽ ഉദ്ഘാടനം ചെയ്തതെന്നും ഉമ്മൻ ചാണ്ടി പറയുമ്പോൾ അതാണ് സത്യമെന്ന് കലാമിന്റെ ഉദ്ഘാടനവും വ്യക്തമാക്കുന്നു.

അന്ന് കലാം അദ്ധ്യാപകനായി കുട്ടികൾക്ക് ഓൺലൈൻ ക്ലാസെടുത്തു. വിവിധ ജില്ലകളിലെ എഡ്യൂസാറ്റ് ഇന്റർ ആക്ടീവ് ടെർമിനലുകളിലെ വിദ്യാർത്ഥികളുമായി ഓൺലൈനിൽ സംവദിക്കുകയും ചെയ്തു. ഇതോടെയാണ് തന്റെ കാലത്താണ് ചാനൽ തുടങ്ങിയതെന്ന വി.എസിന്റെ സാമൂഹിക മാധ്യമ പോസ്റ്റ് വെറും അവകാശ വാദമായി തുടരുന്നത്. വിഎസിനെ ആരോ തെറ്റിധരിപ്പിച്ച് പോസ്റ്റിട്ടതാണെന്നും വ്യക്തമാക്കുന്നു. ആരും എട്ടുകാലി മമ്മൂഞ്ഞു ചമയേണ്ടെന്ന അദ്ദേഹത്തിന്റെ നിലപാടും ചർച്ചയാകുന്നു. രണ്ടാംഘട്ടത്തിലാണ് വിക്ടേഴ്സ് ചാനൽ എന്ന നിലയിൽ പദ്ധതി പൂർണമായി നടപ്പാക്കിയതെന്ന വിഎസിന്റെ വിശദീകരണത്തേയും ഉമ്മൻ ചാണ്ടി പരിഹസിക്കുന്നു.

14 വർഷത്തിനുശേഷം കോവിഡ് ഉണ്ടായതോടെയാണ് ഇടതുമുന്നണിക്ക് സാങ്കേതികവിദ്യയുടെ വൻ പ്രാധാന്യം മനസിലായതെന്നു പറഞ്ഞാണ് ഉമ്മൻ ചാണ്ടിയുടെ വിശദീകരണം. 2005-ൽ ഇടതുപക്ഷ എതിർപ്പിനെ മറികടന്നു യു.ഡി.എഫ് സർക്കാരാണ് വിക്ടേഴ്സ് ചാനൽ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. 40 ലക്ഷം വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ചാനൽ വഴിയുള്ള വിദ്യാഭ്യാസം തുടങ്ങിയത്. 2004-ൽ ആണ് ഐ.എസ്.ആർ.ഒ. വിദ്യാഭ്യാസത്തിനായി എഡ്യുസാറ്റ് സാറ്റലൈറ്റ് നിക്ഷേപിച്ചത്. അത് സംസ്ഥാനം പ്രയോജനപ്പെടുത്തി. അടുത്തവർഷം വിക്ടേഴ്സ് ചാനലിനു രൂപംനൽകി.

എസ്.എസ്.എൽ.സി.ക്ക് 13 -ാം വിഷയമായി ഐ.ടി. ഉൾപ്പെടുത്തിയപ്പോൾ ഇടതുപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നു. ഐ.ടി. പരീക്ഷ ബഹിഷ്‌കരിക്കുമെന്നും മൈക്രോസോഫ്ടിന്റെ പ്ലാറ്റ്ഫോമിൽ ഐ.ടി. പരീക്ഷാ സോഫ്റ്റ്‌വേർ നിർമ്മിച്ചതു തെറ്റായ നടപടിയാണെന്നും പറഞ്ഞായിരുന്നു ഇടതിന്റെ എതിർപ്പ്. അദ്ധ്യാപകരെ ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് ഓൺലൈൻ ചാനൽ എന്ന ആക്ഷേപവുമുണ്ടായി.
എന്നാൽ, യു.ഡി.എഫ്. സർക്കാർ മൈക്രോസോഫ്റ്റിനു വേണ്ടി പാഠപുസ്തകങ്ങൾ അടക്കം തയാറാക്കിയപ്പോഴാണ് എതിർത്തതും സ്വതന്ത്ര സോഫ്റ്റ്‌വേർ വേണമെന്നു പറഞ്ഞതുമെന്നും വി എസ്. പോസ്റ്റിൽ ചൂണ്ടിക്കാട്ടി. ഐടി അറ്റ് സ്‌കൂളിന്റെ ഭാഗമായി പ്രഫ.യു.ആർ. റാവു അധ്യക്ഷനായ സമിതിയാണ് ചാനൽ രൂപീകരിക്കാൻ നിർദേശിച്ചത്. സമിതിയെ നിയോഗിച്ചത് നായനാർ സർക്കാരാണെന്നും അദ്ദേഹം പറയുന്നു.

ഇതാണ് ഉമ്മൻ ചാണ്ടി തന്റെ പോസ്റ്റിലൂടെ പൊളിച്ചടുക്കുന്നത്. വിക്ടേഴ്സ് ചാനൽ ഉദ്ഘാടനം ചെയ്തത് 2005 ജൂലൈ 28ന് രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുൽ കലാം ആണെന്ന് ഐടി സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നടത്തിപ്പുകാരായ കൈറ്റ് വ്യക്തമാക്കുന്നുണ്ട്. താനും അതാണു ചൂണ്ടിക്കാട്ടിയത്. ചാനലിനു രണ്ടു ഭാഗങ്ങളുണ്ടന്നും ആദ്യത്തേതു രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത ഇന്റർ ആക്ടീവ് മോഡും രണ്ടാമത്തേതു വി എസ് മുഖ്യമന്ത്രിയായി രണ്ടര മാസം കഴിഞ്ഞ് ഉദ്ഘാടനം ചെയ്ത നോൺ ഇന്റർ ആക്ടീവ് മോഡുമാണെന്നു കൈറ്റ് പറയുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ വിക്ടേഴ്‌സിന്റെ അടുത്ത ഘട്ടമാണു വി എസ് 2006 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്തത്.

ഐടി വിദ്യാഭ്യാസത്തിനെതിരെ ഉറഞ്ഞു തുള്ളിയശേഷം വിക്ടേഴ്സ് ചാനൽ വെട്ടിനിരത്തിയില്ല എന്നതിൽ തീർച്ചയായും എൽഡിഎഫ് സർക്കാരിന് അഭിമാനിക്കാം. 'യുഡിഎഫ് പൂർത്തിയാക്കിയ കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും ഉദ്ഘാടനം ചെയ്ത് എൽഡിഎഫിന്റേത് ആക്കിയതിന്റെ മറ്റൊരു പകർപ്പായി മാത്രമേ വിക്ടേഴ്സ് ചാനൽ സംബന്ധിച്ച വിഎസിന്റെ നിലപാടിനെയും കാണുന്നുള്ളൂവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽനിന്ന്:

വിക്ടേഴ്സ് ചാനലുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദൻ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാനിടയായി. വിക്ടേഴ്സ് ചാനൽ ആരു തുടങ്ങി എന്നതു സംബന്ധിച്ചാണല്ലോ തർക്കം. ഇതു സംബന്ധിച്ച ഏറ്റവും ആധികാരികമായി പറയാൻ കഴിയുന്നത് വിക്ടേഴ്സ് ചാനൽ ഉൾപ്പെടെയുള്ള ഐടി സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നടത്തിപ്പുകാരായ Kerala Infrasructure and Technology for Education (KITE) ന് ആണല്ലോ.

അവർ വ്യക്തമായി പറയുന്നു, വിക്ടേഴ്സ് ഉദ്ഘാടനം ചെയ്തത് 2005 ജൂലൈ 28ന് രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ആണെന്ന്. അതാണു ഞാനും നേരത്തെ ചൂണ്ടിക്കാട്ടിയത്. അന്ന് എല്ലാ മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ ഇനി തർക്കമില്ല. Kite ൽ പറയുന്ന മറ്റൊരു കാര്യം വിക്ടേഴ്സ് ചാനലിന് രണ്ടു ഭാഗങ്ങളുണ്ട് എന്നാണ്. ആദ്യത്തേത് രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത ഇന്റർ ആക്ടീവ് മോഡും രണ്ടാമത്തേത് വി എസ് മുഖ്യമന്ത്രിയായി രണ്ടര മാസം കഴിഞ്ഞ് ഉദ്ഘാടനം ചെയ്ത നോൺ ഇന്റർ ആക്ടീവ് മോഡും.

ഇന്റർ ആക്ടീവ് മോദിൽ പരിമിതമായ തോതിലാണ് വിക്ടേഴ്സ പ്രവർത്തിച്ചിരുന്നത് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ അതിനെ നോൺ ഇന്റർ ആക്ടീവ് മോദിലാക്കി 1000 സ്‌കൂളുകളിൽ എത്തിക്കാനുള്ള നടപടി യുഡിഎഫാണ് സ്വീകരിച്ചത്. കേന്ദ്രാനുമതി ലഭ്യമാക്കുക, ബാൻഡ് വിഡ്ത്ത് കൂട്ടുക, ആന്റിനകളും സെറ്റ് ടോപ് ബോക്സുകളും ലഭ്യമാക്കുക തുടങ്ങിയ സന്നാഹങ്ങൾ പൂർത്തിയായപ്പോൾ 2006 മാർച്ച് ഒന്നിന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു.

എല്ലാ നടപടിക്രമങ്ങളും യുഡിഎഫ് പൂർത്തിയാക്കി ഉദ്ഘാടനത്തിനു കാത്തിരുന്ന വിക്ടേഴ്സിന്റെ അടുത്ത ഘട്ടമാണ് വി എസ് ഉദ്ഘാടനം ചെയ്തത്. 2006 മെയ്‌ 18ന് ഇടതു സർക്കാർ അധികാരത്തിലേറുകയും 2006 ഓഗസ്റ്റ് 3ന് വിക്ടേഴ്സ് ചാനലിന്റെ നോൺ ഇന്റർ ആക്ടീവ് മോഡ് വി എസ് ഉദ്ഘാടനം ചെയ്യുകയുമാണ് ഉണ്ടായത്. വെറും രണ്ടര മാസത്തിനുള്ളിൽ വിക്ടേഴ്സ് ചാനലിനെ വലിയ സന്നാഹമുള്ള നോൺ ഇന്റർ ആക്ടീവ് മോദിലാക്കാനുള്ള എന്തു മാന്ത്രികവടിയാണ് വിഎസിന്റെ കയ്യിൽ ഉണ്ടായിരുന്നതെന്നു വെളിപ്പെടുത്താമോ?

ഐടി അധിഷ്ഠിത സാങ്കേതികവിദ്യയ്ക്കെതിരേ ഉറഞ്ഞുതുള്ളിയശേഷം വിക്ടേഴ്സ് ചാനലിനെ വെട്ടിനിരത്തിയില്ല എന്നതിൽ തീർച്ചയായും എൽഡിഎഫ് സർക്കാരിന് അഭിമാനിക്കാം. 'തൊഴിൽ തിന്നുന്ന ബകൻ' എന്ന പേരിൽ കംപ്യൂട്ടർവത്കരണത്തിനെതിരെ ചിന്ത വാരിക പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോഴും ഇടതുപക്ഷക്കാരുടെ കയ്യിൽ കാണുമല്ലോ. യുഡിഎഫ് പൂർത്തിയാക്കിയ കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും മറ്റും ഉദ്ഘാടനം ചെയ്ത് എൽഡിഎഫ് തനിക്കാക്കിയതിന്റെ മറ്റൊരു പകർപ്പായി മാത്രമേ വിക്ടേഴ്സ് ചാനൽ സംബന്ധിച്ച് വിഎസിന്റെ നിലപാടിനെയും കാണുന്നുള്ളു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP