Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മധ്യകേരളത്തിൽ ആറുകളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി; മലബാറിലെ മലയോരത്ത് പേമാരി അതിശക്തം; കോഴിക്കോട് കടൽക്ഷോഭം; തിരുവനന്തപുരത്ത് നെയ്യാറും അരുവിക്കരയും തുറന്നതോടെ വെള്ളപ്പൊക്കം; മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കിനീങ്ങുന്ന നിസർഗ ചുഴലിക്കാറ്റ് അതി തീവ്രമാമ്പോൾ കേരളത്തിലും മഴക്കെടുതി രൂക്ഷമാകും; പ്രളയത്തെ നേരിടാൻ കൊച്ചിയിലും ആലുവയിലും മുൻകരുതലുകൾ; ഇടുക്കിയിൽ പരീക്ഷണ സൈറൺ; മഴ തിമിർത്ത് പെയ്യുമ്പോൾ

മധ്യകേരളത്തിൽ ആറുകളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി; മലബാറിലെ മലയോരത്ത് പേമാരി അതിശക്തം; കോഴിക്കോട് കടൽക്ഷോഭം; തിരുവനന്തപുരത്ത് നെയ്യാറും അരുവിക്കരയും തുറന്നതോടെ വെള്ളപ്പൊക്കം; മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കിനീങ്ങുന്ന നിസർഗ ചുഴലിക്കാറ്റ് അതി തീവ്രമാമ്പോൾ കേരളത്തിലും മഴക്കെടുതി രൂക്ഷമാകും; പ്രളയത്തെ നേരിടാൻ കൊച്ചിയിലും ആലുവയിലും മുൻകരുതലുകൾ; ഇടുക്കിയിൽ പരീക്ഷണ സൈറൺ; മഴ തിമിർത്ത് പെയ്യുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിസർഗ എന്നാൽ പ്രകൃതി എന്നാണ് അർത്ഥം. എന്നാൽ ഇന്ന് ചർച്ച ചെയ്യുന്ന നിസർഗ എന്ന ചൂഴലിക്കാറ്റ് ഭീകരരൂപിണിയാണ്. അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്രന്യൂനമർദം കാരണം രൂപംകൊണ്ട ചുഴലിക്കാറ്റിന് നിസർഗ എന്നു പേരിട്ടത് ബംഗ്ലാദേശ്. പ്രകൃതി എന്നർഥം. 2019-ൽ ഒഡിഷയിൽ വീശിയടിച്ച ചുഴലിക്കാറ്റിന് ഫാനി എന്നുപേരു നൽകിയതും ബംഗ്ലാദേശാണ്. ഈ ചുഴലി രാജ്യത്ത് നാശ നഷ്ടങ്ങൾ ഏറെ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തെ ഇത് നേരിട്ട് ബാധിക്കില്ല. എന്നാൽ അതിതീവ്ര മഴയെ കേരലഥ്തിൽ എത്തിക്കും. ഇത് പ്രളയത്തിന് സാധ്യതയൊരുക്കുമെന്ന ആശങ്കയും ശക്തമാണ്.

മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കിനീങ്ങുന്ന നിസർഗ ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ അതിതീവ്രമാകുമെന്ന് കാലാവസ്ഥാവിഭാഗം. മണിക്കൂറിൽ 120 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശും. ഉച്ചയോടെ മഹാരാഷ്ട്രയിലെ റായിഗഢ് ജില്ലയിലെ അലിബാഗിനുസമീപം കരയിൽത്തൊടുന്ന ചുഴലി മുംബൈ നഗരത്തിലുൾപ്പെടെ അതിതീവ്ര മഴയ്ക്കു കാരണമാവും. റായ്ഗഢ്, പാൽഘർ, താനെ, മുംബൈ ജില്ലകളിൽ കനത്തനാശം വിതയ്ക്കും.

കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്തമഴയും കാറ്റും തുടരും. കാലവർഷം ശക്തിപ്രാപിക്കുന്നതിനാൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 11.5 സെന്റീമീറ്റർ വരെയുള്ള ശക്തമോ, 20.4 സെന്റീമീറ്റർവരെ അതിശക്തമോ ആയ മഴപെയ്യും. ശനിയാഴ്ചവരെ കനത്തമഴ തുടരും. കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശും. മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും ജാഗ്രതയിലാണ്.

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം

മഴ കനത്തതോടെ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറി. മാലിന്യ നീക്കം പാളിയതും കാരണമായി.നെയ്യാർ ഡാമിന്റെയും അരുവിക്കര ഡാമിന്റെയും ഷട്ടറുകൾ ഉയർത്തിയതോടെ നഗരം വെള്ളപ്പൊക്ക ഭീഷണിയിലുമായി . വട്ടിയൂർക്കാവ് വാർഡിലെ കരിമൺകുളം, ഏലാ റോഡ്, മഞ്ചാടിമൂട്, പുളിമൂട് ലൈൻ, പാങ്ങോട് വാർഡിലെ മൂലേത്തോട്ടം, ശ്രീചിത്രാ ലൈൻ, കിള്ളിയാർ ലൈൻ, പിടിപി നഗർ വാർഡിലെ പടയണി ഗാർഡൻസ് ഭാഗം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. കരമന വാർഡിലെ ശാസ്ത്രിനഗർ സൗത്തിൽ കഴിഞ്ഞയാഴ്ച ബണ്ട് തകർന്നതിനെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണിയിലാണ്. അട്ടക്കുളങ്ങര -കിള്ളിപാലം ബൈപാസ് റോഡിൽ വെള്ളം ഉയർന്നു

ശക്തമായ മഴയിലും കാറ്റിലും ഗാന്ധി പുരം പൗഡിക്കോണം ചാവടിമുക്ക് എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിൽ വീടുകൾക്ക് നാശം. ഗാന്ധിപുരം ബദനി ലൈനിൽ മുഹമ്മദ് റാഫിയുടെ വീട്ടിനു മുകളിലൂടെ സമീപത്ത് നിന്ന മാവും തെങ്ങും കടപുഴകി വീണു. പൗഡിക്കോണം മലപ്പരിക്കോണം കുളത്തിൻകര വീട്ടിൽ വിജയപ്പൻനായരുടെ ഇരു നില വീട്ടിലേക്ക് 30 അടിയോളം പൊക്കത്തിലുള്ള കോൺക്രീറ്റ് മതിൽ വീണു. എൻജിനീയറിങ് കോളജ് ഇന്ദിരാഗാന്ധി നഗറിൽ മണിവസന്തത്തിൽ വസന്തകുമാരിയുടെ വീട്ടിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് അടുക്കള ഭാഗം പൂർണമായി തകർന്നു. ശ്രീകാര്യത്തിനു സമീപം ചാവടിമുക്കിൽ ശക്തമായ കാറ്റിൽ രണ്ട് വീടുകളുടെ ഷീറ്റ് കാറ്റിൽ പറന്നു.

നഗരത്തിൽ വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങൾ കലക്ടർ നവജ്യോത് സിങ് ഖോസ സന്ദർശിച്ചു. ജഗതി, അട്ടക്കുളങ്ങര, കരമന, തിരുവല്ലം, കരിക്കകം, ചാല, കരിമഠം കോളനി എന്നിവിടങ്ങളാണ് കലക്ടർ സന്ദർശിച്ചത്. കോർപറേഷൻ മേയർ കെ. ശ്രീകുമാറും ഒപ്പമുണ്ടായിരുന്നു. ചാല ഭാഗത്ത് വീടുളിൽ വെള്ളം കറിയവരെ മാറ്റിപ്പാർപ്പിക്കാൻ മേയർ നിർദ്ദേശം നൽകി.

മധ്യ കേരളവും ആശങ്കയിൽ

മധ്യകേരളത്തിൽ ആറുകളിൽ ജലനിരപ്പ് ഉയർന്നുതുടങ്ങി. മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ 60 സെന്റിമീറ്റർ ഉയർത്തി. ഇന്നലെ രാത്രി മുതൽ മധ്യകേരളത്തിലെ ജില്ലകളിൽ ഇടവിട്ട് മഴ പെയ്യുകയാണ്. മലങ്കര അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. അണക്കെട്ടിന്റെ 3 ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം ഉയർത്തി. ഭൂതത്താൻകെട്ട് ബാരേജിലെ 5 ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ഷോളയാർ അണക്കെട്ടിലും ജലനിരപ്പ് ഉയർന്നു. കോട്ടയത്തും ആലപ്പുഴയിലും ഇന്നലെ അർധരാത്രിമുതൽ ഇടവിട്ട് മഴയാണ്. എറണാകുളത്തും മഴ തുടരുന്നു.

കോടതി നിർദേശപ്രകാരം സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപം വെള്ളക്കെട്ട് ഒഴിവാക്കാനുള്ള കാന നിർമ്മാണം കെഎംആർഎൽ തുടങ്ങി. മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി ഈ കാന മൂടിയതിനെ തുടർന്നായിരുന്നു കഴിഞ്ഞ മഴയിൽ കലൂർ കെഎസ്ഇബി സബ് സ്റ്റേഷൻ മുങ്ങിയത്.

മലബാറിലും മഴ തുടരുന്നു

മഴ കനത്തില്ലെങ്കിലും കാറ്റിലും മിന്നലിലും വ്യാപകനാശനഷ്ടമാണ് മലബാറിലുണ്ടായത്. കോഴിക്കോട് കടലാക്രമണം രൂക്ഷമാണ്. ഇരിക്കൂറിലെ എ.വി. രമേശന്റെ വീടിന് മിന്നലേറ്റു്. ചുമരുകൾക്ക് വിള്ളൽ വീണു. തൊട്ടടുത്ത വീട്ടിലെ പശുവും ഇടിമിന്നലേറ്റ് ചത്തു. വ്യാപക കൃഷിനാശമാണ് മേഖലയിലുണ്ടായത്. മഴയിൽ തളിപ്പറമ്പിലെ നിരവധി വീടുകളുടെ മതിൽ ഇടിഞ്ഞുവീണു.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട് തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടി വരും. മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. മലപ്പുറത്ത് മഴ ശക്തമാണെങ്കിലും എവിടെയും നാശനഷ്ടങ്ങളില്ല. കാസർകോട് മിക്കയിടത്തും നല്ല മഴ ലഭിച്ചു. ചാറ്റൽ മഴയേ വയനാട്ടിൽ ഉള്ളൂ. പാലക്കാട് കാര്യമായി മഴ പെയ്തിട്ടില്ല. എന്നാൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്.

ഇടുക്കിയിൽ സൈറൺ പരീക്ഷണം

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് സംബന്ധിച്ച മുന്നറിയിപ്പ് സൈറൺ പരീക്ഷണമാരംഭിച്ചു. ഇന്നലെ രാവിലെ 11.20-നായിരുന്നു ആദ്യ സൈറൺ. മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ പരിസരവാസികൾക്ക് ആശങ്കയുണ്ടായില്ല. സൈറൺ പരീക്ഷണം ഇന്നും തുടരും. അഞ്ച് കിലോമീറ്റർ ദൂരപരിധിയുള്ള സൈറണാണ് ഉപയോഗിച്ചതെങ്കിലും ശബ്ദം അത്രയും ദൂരമെത്തിയില്ല. അതിനാൽ എട്ട് കി.മീ. ശേഷിയുള്ള പുതിയ സൈറൺ ഉപയോഗിച്ച് അണക്കെട്ടിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷണം തുടരുന്നു. അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായാൽ പരിസരവാസികൾക്കു ജാഗ്രതാനിർദ്ദേശം നൽകാനാണു ഡാം ടോപ്പിൽ സൈറൺ മുഴക്കുന്നത്.

നിലവിൽ ജലനിരപ്പിനെക്കുറിച്ച് ആശങ്ക വേണ്ടെന്നു ജില്ലാ കലക്ടർ എച്ച്. ദിനേശൻ അറിയിച്ചു. ഇന്നലെ 2338 അടിയായിരുന്നു സംഭരണിയിലെ ജലനിരപ്പ്. 2373 അടിയാണു ഷട്ടർ നിരപ്പ്. ഷട്ടർ നിരപ്പിൽനിന്ന് എട്ടടി താഴ്ചയിൽ ജലനിരപ്പെത്തുമ്പോൾ ബ്ലൂ അലെർട്ടും 2371 അടിയിലെത്തുമ്പോൾ ഓറഞ്ച് അലെർട്ടും 2372 അടിയിലെത്തുമ്പോൾ റെഡ് അലെർട്ടും പ്രഖ്യാപിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP