Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിക്ക് മൂന്ന് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാർ; ലോക്ക്ഡൗണിനിടയിലും രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കി മോദിയും കൂട്ടരും

ബിജെപിക്ക് മൂന്ന് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാർ; ലോക്ക്ഡൗണിനിടയിലും രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കി മോദിയും കൂട്ടരും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബിജെപി മൂന്ന് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ നിയമിച്ചു. ഡൽഹി, ഛത്തീസ്‌ഗഡ്, മണിപ്പൂർ എന്നിവിടങ്ങളിലാണ് ബിജെപിക്ക് പുതിയ അധ്യക്ഷന്മാരെ നിയമിച്ചത്. ഡൽഹി ബിജെപി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മനോജ് തിവാരി എംപിയെ ഒഴിവാക്കി ആദേശ് കുമാർ ഗുപ്തയെ നിയമിച്ചു. നോർത്ത് ഡൽഹി മുൻ മേയറാണ് ഗുപ്ത. ഗായകനും നടനുമായ മനോജ് തിവാരിക്കെതിരെ പാർട്ടിയിൽ അപസ്വരങ്ങളുണ്ടായിരുന്നു.

ഛത്തീസ്‌ഗഡിൽ പ്രസിഡന്റായി ദലിത് നേതാവ് വിഷ്ണുദേവ് സായിയെ നിയമിച്ചു. വിക്രം ഉസെൻഡിക്കു പകരമാണ്, ഒന്നാം മോദി മന്ത്രിസഭയിൽ ഉരുക്കു സഹമന്ത്രിയായിരുന്ന വിഷ്ണുദേവിന്റെ നിയമനം. മണിപ്പുരിൽ പ്രസിഡന്റായി എസ്. ടികേന്ദ്ര സിങ്ങിനെ നിയമിച്ചു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന്റെ പൗത്രൻ ചന്ദ്രകുമാർ ബോസിനെ ബംഗാൾ ബിജെപി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നൊഴിവാക്കി. പാർട്ടിയെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകൾ നിരന്തരം പുറപ്പെടുവിച്ചിരുന്ന ബോസിനെ ഒഴിവാക്കി സംസ്ഥാന ഘടകം പുനഃസംഘടിപ്പിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണു പുതിയ നേതൃനിരയെന്നു സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.

നേതാജിയുടെ സഹോദരൻ ശരത്ചന്ദ്ര ബോസിന്റെ മകൻ അമിയനാഥിന്റെ മകനാണ് ചന്ദ്രകുമാർ ബോസ്. പൗരത്വ ഭേദഗതി നിയമം പാസാക്കിയതു മുതൽ ബോസ് ബിജെപിക്കു തലവേദനയുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തിയിരുന്നു. നേതാജിയുടെ പാതയിലാണു മുന്നോട്ടുപോകുന്നതെന്നും അതിനെതിരായ നിലപാടുകൾ കണ്ടാൽ പ്രതികരിക്കുമെന്നും ചന്ദ്രകുമാർ ബോസ് പറഞ്ഞു.

തിരഞ്ഞെടുപ്പു നടക്കാനുള്ള ബിഹാറിലും ബംഗാളിലും വെർച്വൽ റാലികൾ പാർട്ടി അടുത്തയാഴ്ച സംഘടിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ 8ന് ബംഗാളിലെയും 9ന് ബിഹാറിലെയും പ്രവർത്തകരെ അഭിസംബോധന ചെയ്യും. ബിഹാറിലെ റാലി ഫേസ്‌ബുക് ലൈവിലൂടെയും വിഡിയോ കോൺഫറൻസിങ്ങിലൂടെയും ഒരു ലക്ഷം പേരെങ്കിലും കാണത്തക്ക വിധത്തിലാണ് തയ്യാറെടുപ്പുകൾ. ഈ മാസം 6നും 23നും ഇടയ്ക്കു ബിഹാറിലെ 243 അസംബ്ലി മണ്ഡലങ്ങളിലും ഓരോ റാലി വീതം സംഘടിപ്പിക്കാനാണു ശ്രമം.

തൃണമൂൽ കോൺഗ്രസ് വിട്ടെത്തിയ അർജുൻസിങ്, സിപിഎം വിട്ടെത്തിയ മഫൂസ ഖാത്തൂൻ തുടങ്ങിയവരെ വൈസ് പ്രസിഡന്റുമാരാക്കി. സിപി എമ്മിൽനിന്നു രാജിവച്ചെത്തി എംപിയായ ഖഗേൻ മുർമുവാണ് എസ്ടി മോർച്ച പ്രസിഡന്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP