Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാരാഷ്ട്രാ-ഗുജറാത്ത് തീരം ലക്ഷ്യമാക്കി കുതിക്കുന്ന നിസർഗ്ഗ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; കോവിഡിനോട് പൊരുതി തളർന്നിരിക്കുന്ന മുംബൈ-താനെ നഗരങ്ങളെ കാറ്റ് കശക്കിയെറിയും; കണ്ണൂർ,കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ പെരുമഴ തീർക്കും; കൊങ്കൺ പാതവഴിയുള്ള ട്രെയിനുകൾ തിരിച്ചു വിട്ടു: ഉുംപുന്നിന് പിന്നാലെ നിസർഗയെ കാത്ത് ഇന്ത്യ

മഹാരാഷ്ട്രാ-ഗുജറാത്ത് തീരം ലക്ഷ്യമാക്കി കുതിക്കുന്ന നിസർഗ്ഗ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; കോവിഡിനോട് പൊരുതി തളർന്നിരിക്കുന്ന മുംബൈ-താനെ നഗരങ്ങളെ കാറ്റ് കശക്കിയെറിയും; കണ്ണൂർ,കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ പെരുമഴ തീർക്കും; കൊങ്കൺ പാതവഴിയുള്ള ട്രെയിനുകൾ തിരിച്ചു വിട്ടു: ഉുംപുന്നിന് പിന്നാലെ നിസർഗയെ കാത്ത് ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഹാരാഷ്ട്രാ-ഗുജറാത്ത് തീരം ലക്ഷ്യമാക്കി കുതിക്കുന്ന നിസർഗ്ഗ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. ബുധനാഴ്ച അതിതീവ്രമായി മാറുന്ന ചുഴലിക്കാറ്റ് മണിക്കൂറിൽ 120 കിലോമീറ്റർവരെ വേഗത്തിൽ ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഉച്ചയോടെ മഹാരാഷ്ട്രയിലെ റായിഗഢ് ജില്ലയിലെ അലിബാഗിനുസമീപമാണ് കാറ്റ് കരയിൽത്തൊടുന്നത്. കോവിഡിനോട് പൊരുതി തളർന്നിരിക്കുന്ന മുംബൈ-താനെ നഗരങ്ങളെ കാറ്റ് കശക്കിയെറിയും. കൊറോണയ്ക്കിടയിലും കാറ്റിനെ നേരിടാൻ വൻ സന്നാഹം തന്നെ മുംബൈയിൽ ഒരുക്കിയിട്ടുണ്ട്.

കാറ്റ് അതി തീവ്രമാകുന്നതോടെ ചുഴലി മുംബൈ നഗരത്തിലുൾപ്പെടെ അതിതീവ്ര മഴയ്ക്കു കാരണമാവുകയും റായ്ഗഢ്, പാൽഘർ, താനെ, മുംബൈ ജില്ലകളിൽ കനത്തനാശം വിതയ്ക്കും. മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും ദേശീയദുരന്തനിവാരണ സേനയെ (എൻ.ഡി.ആർ.എഫ്.) അയച്ചതായി എൻ.ഡി.ആർ.എഫ്. ഡയറക്ടർ ജനറൽ എസ്.എൻ. പ്രധാൻ പറഞ്ഞു. 33 സംഘങ്ങളെയാണ് ഇരുസംസ്ഥാനങ്ങളിലുമായി വിന്യസിച്ചത്. ആവശ്യമെങ്കിൽ അക്കാൻ കൂടുതൽ സംഘങ്ങളെ തയ്യാറാക്കിനിർത്തിയിട്ടുണ്ട്.

അതേസമയം നിസർഗ കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ശക്തമായ മഴയും കാറ്റും തുടരും. മുംബൈയിലെ നിസർഗ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ പെരുമഴ തീർക്കുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. കാലവർഷം ശക്തിപ്രാപിക്കുന്നതിനാൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 11.5 സെന്റീമീറ്റർ വരെയുള്ള ശക്തമോ, 20.4 സെന്റീമീറ്റർവരെ അതിശക്തമോ ആയ മഴപെയ്യും. ശനിയാഴ്ചവരെ കനത്തമഴ തുടരും. കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശും. മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും മുന്നറിയിപ്പ് നൽകി.

നിസർഗ എന്നാൽ പ്രകൃതി
അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്രന്യൂനമർദം കാരണം രൂപംകൊണ്ട ചുഴലിക്കാറ്റിന് നിസർഗ എന്നു പേരിട്ടത് ബംഗ്ലാദേശ്. പ്രകൃതി എന്നർഥം. 2019-ൽ ഒഡിഷയിൽ വീശിയടിച്ച ചുഴലിക്കാറ്റിന് ഫാനി എന്നുപേരു നൽകിയതും ബംഗ്ലാദേശാണ്.

കൊങ്കൺപാതയിലൂടെയുള്ള ട്രെയിനുകൾ റദ്ദാക്കി
നിസർഗ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കൊങ്കൺ പാതയിലൂടെയുള്ള സ്‌പെഷൽ ട്രെയിനുകൾ വഴി തിരിച്ചുവിട്ടതായി റെയിൽവേ അറിയിച്ചു.

വഴിതിരിച്ചുവിട്ട ട്രെയിനുകൾ
എറണാകുളത്തു നിന്നു ഡൽഹി നിസാമുദീനിലേക്കു ചൊവ്വാഴ്ച (02062020) പുറപ്പെട്ട മംഗള എക്സ്‌പ്രസ് (02617) മഡ്ഗാവ്, ലോണ്ട, മീറജ്, പുണെ, മന്മാഡ് വഴി തിരിച്ചുവിട്ടു.
തിരുവനന്തപുരത്തു നിന്നു കുർള എൽടിടിയിലേക്കു ചൊവ്വാഴ്ച പുറപ്പെട്ട നേത്രാവതി എക്സ്‌പ്രസ് (06346) മഡ്ഗാവ്, ലോണ്ട, മീറജ്, പുണെ, കല്യാൺ വഴി തിരിച്ചുവിട്ടു.
ന്യൂഡൽഹിയിൽ നിന്നു തിരുവനന്തപുരത്തേക്കു ചൊവ്വാഴ്ച പുറപ്പെട്ട സ്‌പെഷൽ ട്രെയിൻ (02432) സൂറത്ത്, വസായ് റോഡ്, കല്യാൺ, മീറജ്, ലോണ്ട, മഡ്ഗാവ് വഴി തിരിച്ചുവിട്ടു.
കുർള എൽടിടിയിൽ നിന്ന് ബുധനാഴ്ച (03062020) രാവിലെ 11.40നു പുറപ്പെടേണ്ട നേത്രാവതി എക്സ്‌പ്രസ് (06345) വൈകിട്ട് ആറിലേക്കു മാറ്റി.

ജനങ്ങൾ രണ്ട് ദിവസം വീട്ടിൽ തുടരണം: ഉദ്ദവ് താക്കറെ
നിസർഗ ചുഴലിക്കാറ്റ് സംസ്ഥാനത്ത് കനത്ത നാശമുണ്ടാക്കുമെന്നും മണ്ണിടിച്ചിലുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിനാൽ ജനങ്ങളോട് വീടിനകത്ത് തന്നെ തുടരണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അഭ്യർത്ഥിച്ചു. നഗരത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വൈദ്യുതി മുടക്കം നേരിടാൻ മുംബൈ നിവാസികളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഉപകരണങ്ങൽ ചാർജ് ചെയ്യാനും എമർജൻസി ലൈറ്റുകൾ സൂക്ഷിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്ത 12 മണിക്കൂറിനുള്ളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതലാകാനും നിസർഗ ചുഴലിക്കാറ്റ് തീവ്ര കൊടുങ്കാറ്റായി മാറാനും ഒപ്പം കനത്ത മഴ പെയ്യാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൂഴലിക്കാറ്റിനെ തുടർന്ന് കൊറോണ വൈറസ് രോഗികൾ ഉൾപ്പെടെ പതിനായിരത്തിലധികം പേരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. കാറ്റിനെ തുടർന്ന് മുംബൈ, താനെ, പൽഘർ, റൈഗഡ്, രത്‌നഗിരി, സിന്ധുദുർഗ് എന്നീ മേഖലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP