Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് രോഗലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ മൃതദേഹം, പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും തൊണ്ട് കൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് കത്തിച്ചു; മൃതദേഹത്തെ അപമാനിച്ചെന്ന് കാണിച്ചു മുഖ്യമന്ത്രിക്ക് പരാതി നൽകി ആർഎസ്‌പി നേതാവ്; പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ചത് കേട്ടു കേൾവിയില്ലാത്ത നടപടി; മൃതദേഹം സംസ്‌ക്കരിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരെ ക്വാറന്റൈൻ ചെയ്യാത്തത് ദൂരൂഹതയെന്നും അജോ കുറ്റിക്കൻ

കോവിഡ് രോഗലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ മൃതദേഹം, പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും തൊണ്ട് കൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് കത്തിച്ചു; മൃതദേഹത്തെ അപമാനിച്ചെന്ന് കാണിച്ചു മുഖ്യമന്ത്രിക്ക് പരാതി നൽകി ആർഎസ്‌പി നേതാവ്; പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ചത് കേട്ടു കേൾവിയില്ലാത്ത നടപടി; മൃതദേഹം സംസ്‌ക്കരിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരെ ക്വാറന്റൈൻ ചെയ്യാത്തത് ദൂരൂഹതയെന്നും അജോ കുറ്റിക്കൻ

ആർ പീയൂഷ്

കട്ടപ്പന: കോവിഡ് രോഗലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ മൃതദേഹം, പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും തൊണ്ട് കൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് കത്തിച്ചെന്ന് വെളിപ്പെടുത്തൽ. ഇതേപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് ആർഎസ്‌പി ജില്ലാ കമ്മറ്റിയംഗവും പൊതുപ്രവർത്തകനുമായ അജോ കുറ്റിക്കൻ മുഖ്യമന്ത്രിക്കും ഹൈക്കോടതി രജിസ്ട്രാർ അടക്കമുള്ളവർക്കും പരാതി നൽകി. മൃതദേഹത്തെ അപമാനിച്ച ആരോഗ്യ പ്രവർത്തകർക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് പരാതി.

ഛർദിയും വയറിളക്കവും മൂലം ശാരീരിക അവശതയിൽ ചികിത്സയിലായിരുന്ന വണ്ടന്മേട് കീഴ്മാലി അൻപഴകന്റെ മകൻ കുമാറി(23)ന്റെ മൃതദേഹമാണ് കത്തിച്ചത്. കഴിഞ്ഞ 27 ന് കുഴഞ്ഞു വീണാണ് കുമാർ മരിച്ചത്.കുമാറിന് കോവിഡ് 19 ലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പ്രചരിപ്പിച്ചുവെന്നും പോസ്റ്റ്മോർട്ടം നടപടികൾ വൈകിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

മൃതദേഹം ചിരട്ടകൾ അടുക്കി വച്ച് അതിൽ കിടത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് അജോ കുറ്റിക്കൻ ഉന്നയിക്കുന്നത്. 29 ന് രാത്രി അടുത്ത ബന്ധുക്കളെപ്പോലും പങ്കെടുപ്പിക്കാതെ വണ്ടന്മേട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ചില ജീവനക്കാർ ചേർന്നാണ് മൃതദേഹം കത്തിച്ചത്. കുമാറിന്റെ സ്രവ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് അറിഞ്ഞതിന് ശേഷമായിരുന്നു ഈ ക്രൂരത. കോവിഡുമായി ബന്ധപ്പെട്ട് മാലി പ്രദേശത്തിന്റെ ചുമതല വഹിച്ചിരുന്ന ആരോഗ്യ പ്രവർത്തകർക്ക് പോലും ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ കഴിയുന്നില്ല. പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ചത് കേട്ടു കേൾവിയില്ലാത്ത നടപടിയാണ്.

മൃതദേഹത്തോട് അനാദരവ് കാണിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് ക്രിമിനൽ കുറ്റമാണെന്നും കുറ്റിക്കൻ പരാതിയിൽ പറയുന്നു. കോവിഡുണ്ടെന്ന സംശയത്തിലാണ് മൃതദേഹം കത്തിച്ചതെന്ന് പറയുമ്പോഴും അത് വഹിച്ചു കൊണ്ട് പോയി സംസ്‌കരിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരെ ആരെയും തന്നെ ക്വാറന്റൈൻ ചെയ്യാത്തത് ദൂരൂഹതയുണർത്തുന്നു. ഈ ഉദ്യോഗസ്ഥർ പൊതുജനവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നത് ഭീതിയും ആശങ്കയും പടർത്തുന്നു. മൃതദേഹം വഹിക്കുകയോ നേരിട്ട് സമ്പർക്കം ഉണ്ടാവുകയോ ചെയ്തിട്ടില്ലാത്ത കോവിഡിന്റെ ചുമതലയുള്ള ഡ്യൂട്ടി ഡോക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരെ മെഡിക്കൽ ഓഫീസർ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. കുമാർ ന്യൂമോണിയ ബാധിച്ചു മരിച്ചുവെന്ന വിവരമാണ് ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ലഭിക്കുന്നത്.

ഹോട്ട് സ്പോട്ടായ വണ്ടന്മേട്ടിൽ അതീവ ഗൗരവ സാഹചര്യം നിലനിൽക്കേ കോവിഡ് ചുമതലയുള്ള ഡോക്ടർ ഒരാഴ്ചത്തെ അവധിയിൽ കോട്ടയത്തെ വസതിയിലാണെന്നും അജോ കുറ്റിക്കൻ ആരോപിക്കുന്നു. രോഗിയുമായി ബന്ധപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടർ ക്വാറന്റൈനിലിരിക്കേ പുറത്ത് ഇറങ്ങുകയും ആശുപത്രി ഓപി യിൽ രോഗികൾ വരുന്നിടത്തും പുറ്റടി ജങ്ഷനിലും പ്രദേശത്തെ ചില വീടുകളിലും രോഗവ്യാപന ഭീഷണി പടർത്തി ചുറ്റിത്തിരിയുകയുമാണെന്ന് പരാതിയിലുണ്ട്. ഒരു മാസത്തിനിടെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ 500 മീറ്റർ ചുറ്റളവിൽ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ ക്വാറന്റൈൻ ചെയ്യുന്നതിലടക്കം അന്ന് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറും ഡോക്ടർമാരും അപകടകരമായ വീഴ്ച വരുത്തിയിരുന്നു. ഇതു സംബന്ധിച്ചും ഇദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി അയച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP