Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വന്ദേ ഭാരത് മിഷനിലെ കൊച്ചിയിലേക്കുള്ള രണ്ടാം വിമാനവും എത്തുന്നു; ഈ വിമാനവും മറ്റിടങ്ങളിലേക്ക് തട്ടിയെടുക്കുമോ എന്ന ഭീതിയിൽ മലയാളികൾ; കൊച്ചിക്കു പുറമെ മറ്റൊരു ലക്ഷ്യ സ്ഥാനം കൂടി ഉണ്ടെങ്കിൽ രണ്ടാം വിമാനത്തിലും ഇടം കിട്ടുന്ന മലയാളികളുടെ എണ്ണം കുറയും; ഹൈകമ്മീഷണർ വിരമിച്ച എംബസിയിൽ ഉദ്യോഗസ്ഥർ തോന്ന്യവാസം കാട്ടുമെന്ന ആശങ്ക ശക്തമായി

വന്ദേ ഭാരത് മിഷനിലെ കൊച്ചിയിലേക്കുള്ള രണ്ടാം വിമാനവും എത്തുന്നു; ഈ വിമാനവും മറ്റിടങ്ങളിലേക്ക് തട്ടിയെടുക്കുമോ എന്ന ഭീതിയിൽ മലയാളികൾ; കൊച്ചിക്കു പുറമെ മറ്റൊരു ലക്ഷ്യ സ്ഥാനം കൂടി ഉണ്ടെങ്കിൽ രണ്ടാം വിമാനത്തിലും ഇടം കിട്ടുന്ന മലയാളികളുടെ എണ്ണം കുറയും; ഹൈകമ്മീഷണർ വിരമിച്ച എംബസിയിൽ ഉദ്യോഗസ്ഥർ തോന്ന്യവാസം കാട്ടുമെന്ന ആശങ്ക ശക്തമായി

മറുനാടൻ മലയാളി ബ്യൂറോ

കവൻട്രി: മെയ് 19നു ലണ്ടനിൽ നിന്നും കൊച്ചിയിലേക്കു മുംബൈ വഴി പറക്കുന്ന വിമാനം ആന്ധ്രായിലെ വിജയവാഡ കൂടി ലക്ഷ്യമിട്ടാണ് എത്തുന്നത് എന്ന് അവസാന നിമിഷമാണ് മലയാളികൾ തിരിച്ചറിയുന്നത്. വിമാനം എത്തുന്നതിനു ഒരാഴ്ച മുൻപ് മാത്രമാണ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം എത്തിയതും. എന്നാൽ 330 യാത്രക്കാരുമായി പറന്ന ഈ വിമാനത്തിൽ വെറും 180 മലയാളി യാത്രക്കാർക്കാണ് ഇടം ലഭിച്ചത്. ബാക്കി സീറ്റുകൾ കൊച്ചിയിൽ നിന്നും വിജയവാഡയിലേക്കുള്ള യാത്രക്കാർ സ്വന്തമാക്കി.

ഗർഭിണികളും നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളും സീറ്റുകൾ ലഭിക്കാൻ നെട്ടോട്ടം ഓടുമ്പോഴാണ് വിമാനം പലവഴി തിരിച്ചതോടെ അത്യാവശ്യക്കാർക്കു നാട്ടിൽ എത്താൻ ആകാതെ പോയത് എന്ന് ബ്രിട്ടീഷ് മലയാളി വിമാനം കൊച്ചിയിൽ എത്തും മുൻപ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിവരം മലയാളി കൂടിയായ കേന്ദ്ര മന്ത്രി വി മുരളീധരന്റെ അടക്കം ശ്രദ്ധയിൽ പെടുത്താൻ കഴിഞ്ഞതോടെ രണ്ടാം വിമാനം കൊച്ചി ലക്ഷ്യമാക്കി എത്തുന്നത്. ഇത്തവണ വിമാനം മറ്റൊരിടത്തേക്കും പറക്കില്ല എന്ന ഉറപ്പാണ് മന്ത്രാലയം നൽകുന്നത്. രണ്ടാം വിമാനം ഈ മാസം 22 നു തിങ്കളാഴ്ച ആയിരിക്കും ലണ്ടനിൽ നിന്നും യാത്ര തിരിക്കുക.

എന്നാൽ വിമാനം എത്തുന്ന വിവരം അറിഞ്ഞ് ഇതിനകം എംബസിയിൽ ബന്ധപ്പെട്ട യുകെയിലെ മലയാളി വിദ്യാർത്ഥികളോട് ഇത് സംബന്ധിച്ച ഒരു അറിയിപ്പും ലഭ്യമല്ല എന്നാണ് എംബസി അധികൃതർ പറയുന്നത്. എന്നാൽ വിമാനത്തിന്റെ വരവും റൂട്ടും കൃത്യമായി പറയുന്ന രേഖകൾ ഇതിനകം മാധ്യമങ്ങൾക്കു ലഭിച്ചിട്ടുണ്ട്. ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലെ മലയാളി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു ഇക്കാര്യത്തിൽ ബ്രിട്ടീഷ് മലയാളിയും സ്ഥിരീകരണം നേടിയിട്ടുണ്ട്.

എന്നിട്ടും എംബസി ഉദ്യോഗസ്ഥർക്ക് വിവരം ഇല്ല എന്ന് പറയുന്നത് വിമാനത്തിന്റെ യാത്ര പഥം വീണ്ടും അട്ടിമറിക്കാൻ ഉള്ള ശ്രമം ആണോ എന്ന സംശയവും ബലപ്പെടുകയാണ്. ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്താൻ ഇതുവരെ കേരള സർക്കാരിന്റെ ഭാഗത്തു നിന്നും നീക്കം ഒന്നും ഉണ്ടായിട്ടില്ല. കേരളത്തിൽ ഉള്ളവർ കരുതുന്ന പോലെ ബ്രിട്ടൻ ഹോട് സ്പോട് ഇടങ്ങളിൽ ഒന്നായതിനാൽ പരമാവധി മലയാളികൾ എത്താതിരിക്കട്ടെ എന്ന മനോഭാവം മൂലമാകാം യുകെ മലയാളികളെ സഹായിക്കാൻ കേരളം ശ്രമിക്കാത്തതെന്ന് ഒഐസിസി യുകെ പോലെയുള്ള സംഘടനകൾ കുറ്റപ്പെടുത്തുന്നു.

ആദ്യ വിമാനം വരുന്നതിൽ നിർണായക പങ്കു വഹിക്കാൻ സാധിച്ച യുക്മ നേതൃത്വവും വിമാനം തിരിച്ചു വിടപ്പെട്ട സംഭവത്തിൽ എംബസി അധികൃതരെയോ കേന്ദ്ര സർക്കാരിനെയോ ബന്ധപ്പെട്ടതായി ഇതുവരെ വിശദീകരണം എത്തിയിട്ടില്ല. ഇതിനിടയിൽ ചാർട്ടേർഡ് ഫ്‌ളൈറ്റ് എന്ന ആശയവുമായി അടുത്തിടെ രൂപീകരിക്കപ്പെട്ട ഒരു സംഘടനാ രംഗത്തു വന്നെങ്കിലും ഇവരെ ബന്ധപ്പെട്ടവർക്ക് ഇതുവരെ വിമാനം എന്നത്തേക്ക് പറക്കാൻ സാധിക്കും എന്നത് സംബന്ധിച്ച കൃത്യമായ വിവരം ഒന്നും ലഭിച്ചിട്ടില്ല എന്നറിയുന്നു.

ഈ വിമാനം കൊച്ചിയിൽ എത്തി മടങ്ങുമ്പോൾ ഇപ്പോൾ കേരളത്തിൽ അകപ്പെട്ടു പോയ യുകെയിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് മടങ്ങി എത്താൻ കഴിയുമോ എന്ന ചോദ്യവുമായി ഏതാനും പേർ ബ്രിട്ടീഷ് മലയാളിക്ക് കത്ത് എഴുതിയിരുന്നു . ഇവരെ സംഘടിപ്പിക്കാൻ ബിർമിങ്ഹാം സ്വദേശിയായ വെക്തി കേരളത്തിൽ നിന്നും ശ്രമം തുടങ്ങിയതായി വിവരമുണ്ട് . എന്നാൽ ചാർട്ടേർഡ് വിമാനം ഇതുവരെ ബുക്ക് ചെയ്തതായി ഈ സംഘടനാ അവകാശപ്പെടുന്നുമില്ല .

ഇതിനിടയിലാണ് വന്ദേ ഭാരത് മിഷനിലെ രണ്ടാം വിമാനത്തിന്റെ വരവ്. കൂടുതൽ യാത്രക്കാർ എംബസിയിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ കൂടുതൽ വിമാനം അയക്കാൻ തടസം ഇല്ലെന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ തുടർച്ചയായി പറയുന്നത്. രണ്ടാം വിമാനത്തിന്റെ കാര്യത്തിൽ ആദ്യ ഘട്ടത്തിൽ തന്നെ സൂചന നൽകിയിരുന്നെങ്കിലും വിമാനം എന്നാണ് എത്തുക എന്നത് സംബന്ധിച്ച് കൃത്യമായ വിവരം നൽകിയിരുന്നില്ല. എത്രയും പെട്ടെന്ന് നാട്ടിൽ എത്താൻ ആഗ്രഹിച്ചെങ്കിലും അതിനിടയിൽ കോവിഡ് പിടിപെട്ടു മരണത്തിനു കീഴടങ്ങിയ നോർത്താംപ്ടണിലെ സണ്ണിയെ പോലെയുള്ള നിർഭാഗ്യവാന്മാർ ഇനിയും ഉണ്ടാകാതിരിക്കാൻ രണ്ടാം വിമാനം പൂർണമായും മലയാളികൾക്കായി പ്രയോജനപ്പെടുത്താൻ കഴിയണം എന്ന ആവശ്യം ശക്തമാണ്.

അതിനിടെ വിമാനം കൊച്ചിക്കു പുറമെ മറ്റൊരു ലക്ഷ്യം കൂടി പ്ലാൻ ചെയ്താണ് എത്തുന്നതെങ്കിൽ എംബസിയിൽ ഉദ്യോഗസ്ഥരിൽ നിന്നും നീതി ലഭിക്കുക പ്രയാസം ആയിരിക്കും എന്ന ആശങ്ക ശക്തമാകുകയാണ്. കർക്കശക്കാരിയായ ഹൈ കമ്മീഷണർ എന്ന് പേരെടുത്ത രുചി ഘനശ്യാം കഴിഞ്ഞ മാസം 19നു വിരമിച്ച ഒഴിവിൽ പകരക്കാരി എത്തിയിട്ടില്ല. ബെൽജിയത്തിലെ ഇന്ത്യൻ അംബാസിഡർ ഗായത്രി ഈസർ കുമാറാണ് പകരം എത്തുന്നത്. ഇവർ എത്താൻ വൈകിയാൽ എംബസിയിലെ മറ്റു ഉയർന്ന ജീവനക്കാർ കൊച്ചി വിമാനത്തിലും ഇഷ്ടക്കാരെ തിരുകി കയറ്റുമോ എന്ന ആശങ്കയാണ് യുകെ മലയാളികൾ പങ്കിടുന്നത്. പ്രത്യേകിച്ചും കേരളവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് ക്വാറന്റീൻ കാലം കഴിഞ്ഞാൽ കൊച്ചി വിമാനം ആയാൽ പോലും എങ്ങനെയെങ്കിലും നാട്ടിൽ എത്താൻ കഴിയും എന്ന സാഹചര്യത്തിൽ മലയാളികളെ കൂടാതെ മറ്റു സംസ്ഥാനക്കാരും ഇടം പിടിക്കാൻ സാധ്യത ഏറെയാണ്.

എന്നാൽ വിമാനം കൊച്ചിയിൽ യാത്ര അവസാനിപ്പിക്കുക ആണെങ്കിൽ ഭൂരിഭാഗം സീറ്റിലും മലയാളികൾക്ക് തന്നെ യാത്ര ചെയ്യാനാകും എന്നതാണ് പ്രതീക്ഷ. ആദ്യ വിമാനം എത്തിയപ്പോൾ അവസാന നിമിഷം വരെ ടിക്കറ്റ് നൽകാതെ എംബസി ഉദ്യോഗസ്ഥർ മലയാളികളെ കബളിപ്പിക്കുക ആയിരുന്നു. തുടർന്ന് ന്യൂകാസിൽ, ലിവർപൂൾ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ നിന്നൊക്കെ അനേകം പേർ വിമാനത്താവളത്തിൽ എത്തിയാൽ ടിക്കറ്റ് ലഭിക്കും എന്ന പ്രതീക്ഷയിൽ ഹീത്രൂവിൽ എത്തിയെങ്കിലും നിരാശയോടെ മടങ്ങുക ആയിരുന്നു. അവസാനം ഒഴിവു വന്ന ഏതാനും സീറ്റിൽ ഗർഭിണി അടക്കമുള്ള മലയാളി സ്ത്രീകൾക്ക് സീറ്റു ലഭിച്ചതാണ് അന്ന് ചെറിയൊരു ആശ്വാസമായത്. വിമാനത്തിലെ ആകെ യാത്രക്കാരിൽ 131 പേരും അന്ന് വിജയവാഡയിലേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തു യാത്ര നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP