Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാമ്പു കടിക്ക് ശേഷം സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച ഉത്രയുടെ ശരീരത്തിൽ നിന്ന് 12 പവന്റെ ആഭരണങ്ങളും സൂരജ് ഊരിയെടുത്തു; ഭാര്യയുടെ സ്വർണത്തിന്റെ ഏറെ ഭാഗവും കൈവശപ്പെടുത്തിയ സൂരജ് ഒരു ഭാഗം സ്വന്തം വീട്ടുകാർക്കും നൽകി; തന്റെ പേരിലുള്ള വസ്തുവകകൾ തന്റെ കൂടി അനുമതിയില്ലാതെ അറ്റാച്ച് ചെയ്യാൻ പാടില്ലെന്നു കാണിച്ച് കെവിയറ്റ് ഹർജി നൽകിയത് അച്ഛനെ കുടുക്കി; അമ്മയേയും സഹോദരിയേയും അറസ്റ്റ് ചെയ്യാനും തീരുമാനം; ഉത്രാ കേസ് നിർണ്ണായക വഴിത്തിരിവിൽ

പാമ്പു കടിക്ക് ശേഷം സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച ഉത്രയുടെ ശരീരത്തിൽ നിന്ന് 12 പവന്റെ ആഭരണങ്ങളും സൂരജ് ഊരിയെടുത്തു; ഭാര്യയുടെ സ്വർണത്തിന്റെ ഏറെ ഭാഗവും കൈവശപ്പെടുത്തിയ സൂരജ് ഒരു ഭാഗം സ്വന്തം വീട്ടുകാർക്കും നൽകി; തന്റെ പേരിലുള്ള വസ്തുവകകൾ തന്റെ കൂടി അനുമതിയില്ലാതെ അറ്റാച്ച് ചെയ്യാൻ പാടില്ലെന്നു കാണിച്ച് കെവിയറ്റ് ഹർജി നൽകിയത് അച്ഛനെ കുടുക്കി; അമ്മയേയും സഹോദരിയേയും അറസ്റ്റ് ചെയ്യാനും തീരുമാനം; ഉത്രാ കേസ് നിർണ്ണായക വഴിത്തിരിവിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ സ്വർണാഭരണങ്ങൾ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയതിന് പിന്നാലെ സൂരജിന്റെ അച്ഛനും അറസ്റ്റിൽ. സൂരജിന്റെ വീട്ടിൽ രാത്രിയിൽ ക്രൈം ബ്രാഞ്ച് നടത്തിയ തെളിവെടുപ്പിനിടയിലാണ് സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. പ്രതി സൂരജിന്റെ പിതാവ് സുരേന്ദ്രനാണ് സ്വർണം കാണിച്ചുകൊടുത്തത്. ഇതിന് ശേഷമാണ് കേസിൽ സുരേന്ദ്രനെയും ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. വിശദമായി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉത്രയുടെ കൊലപാതകത്തെ കുറിച്ച് സുരേന്ദ്രന് നേരത്തെ അറിയാമായിരുന്നുവെന്നാണ് സൂചന. ഇനി സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും ചോദ്യം ചെയ്യും. അവരേയും അറസ്റ്റ് ചെയ്യാനാണ് സാധ്യത.

ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി എന്ന കേസിൽ ഭർത്താവ് സൂരജിന്റെ അച്ഛൻ സുരേന്ദ്രപ്പണിക്കർ അറസ്റ്റിലായതോടെ അന്വേഷണം വഴിത്തിരിവിൽ. കൊലപാതകത്തിലെ ഗൂഢാലോചനയിലും സ്വർണം ഒളിപ്പിക്കുന്നതിലും ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിലും സൂരജിന്റെ വീട്ടുകാരും കൂട്ടുനിന്നുവെന്ന പരാതി ശരിവയ്ക്കുന്നതിലേക്കാണ് അന്വേഷണം നീളുന്നത്. സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും ചൊവ്വാഴ്ച അറസ്റ്റിലായേക്കും. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ക്രൈം ബ്രാഞ്ച് സംഘം സൂരജിന്റെ വീട്ടിൽ എത്തിച്ചേർന്നത്. സമീപപ്രദേശങ്ങളിലടക്കം തിരച്ചിൽ നടത്തിയിരുന്നു.

ഒടുവിൽ വീടിന് സമീപത്തെ റബർ തോട്ടത്തിൽ രണ്ടിടങ്ങളിലായി മണ്ണിൽ കുഴിച്ചിട്ട സ്വർണാഭരണങ്ങൾ സുരേന്ദ്രൻ കാട്ടിക്കൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ കൊര്യങ്ങൾ പിതാവിനും അറിയാം എന്ന രീതിയിൽ സൂരജ് മൊഴിനൽകിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ ക്രൈംബ്രാഞ്ച് സംഘം സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തെ കൊട്ടാരക്കരയിൽ കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് രാത്രി വൈകി വീട്ടിൽ എത്തിച്ചേർന്നത്.

സൂരജ് പാമ്പിനെ വിലയ്ക്കുവാങ്ങിയത് അറിയാമെന്ന ബന്ധുവിന്റെ മൊഴിയും നിർണായകമാണ്. കൊല്ലം റൂറൽ കൈംബ്രാഞ്ച് ഡിവൈഎസ്‌പി എ അശോകന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ ചോദ്യംചെയ്താണ് അച്ഛനെ അറസ്റ്റ് ചെയ്തത്. സൂരജിന്റെ പറക്കോട്ടെ വീട്ടിൽ വിരലടയാളം- ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടെയുള്ള അന്വേഷകസംഘം വിശദമായ പരിശോധന നടത്തി. ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റ മുറിയും
പരിശോധിച്ചു. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം മാർച്ച് രണ്ടിനാണ് സൂരജ് എടുത്തത്. അന്നു രാത്രിയിലാണ് ഭർതൃഗൃഹത്തി ഉത്രയെ ആദ്യമായി പാമ്പുകടിച്ചതും. തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച ഉത്രയുടെ ശരീരത്തിൽനിന്ന് 12 പവന്റെ ആഭരണങ്ങളും സൂരജ് ഊരിയെടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അഞ്ചൽ ഏറം വെള്ളശ്ശേരിൽ വീട്ടിൽ ഉത്രയെ മെയ് ഏഴിനു രാവിലെയാണ് ഏറത്തെ വീടിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ചനിലയിൽ കണ്ടത്. ഉത്ര മരിച്ച ദിവസം ഏറത്തെ വീട്ടിലെത്തിയ സൂരജിന്റെ ബന്ധു സുരേഷിൽനിന്നു വാങ്ങിയ പാമ്പ് എവിടെയെന്ന് തിരക്കിയതായി അറിയുന്നു. ഉത്രയുടെ അച്ഛനമ്മമാരിൽനിന്ന് മൊഴിയെടുത്തു ഭർത്താവ് സൂരജും കുടുംബാംഗങ്ങളും ഉത്രയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന പരാതിയിൽ സംസ്ഥാന വനിതാകമ്മിഷൻ സ്വമേധയാ കേസെടുത്തതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഉത്രയുടെ അച്ഛനമ്മമാരിൽനിന്ന് മൊഴിയെടുത്തു. പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ഏറത്തെ വീട്ടിൽ എത്തിയായിരുന്നു വിവരങ്ങൾ തേടിയത്.

കണ്ടെത്തിയത് മുപ്പത്തി ഏഴര പവൻ

ഉത്രയുടെ മുപ്പത്തി ഏഴര പവനാണ് സൂരജിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. വീടിന്റ സമീപത്തെ രണ്ട് സ്ഥലങ്ങളിലായാണ് സ്വർണം കുഴിച്ചിട്ടിരുന്നത്. കേസിൽ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഫോറൻസിക്, റവന്യു സംഘങ്ങളും ക്രൈംബ്രാഞ്ചിനൊപ്പം ഉണ്ട്.

സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയർകെയ്‌സ്, ടെറസ്സ്, പാമ്പിനെ സൂക്ഷിച്ച വീടിന്റെ പുറക് വശം എന്നിവിടങ്ങളില്ലെല്ലാം സംഘം പരിശോധന നടത്തി. സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരിൽ നിന്നും വിശദാംശങ്ങൾ തേടിയിരുന്നു. അടൂരിലെ സ്വർണം സൂക്ഷിച്ചിരുന്ന ദേശസാത്കൃത ബാങ്ക് ലോക്കറും നേരത്തെ തുറന്ന് പരിശോധിച്ചിരുന്നു. സൂരജിന്റെ അച്ഛന്റെ സാന്നിധ്യത്തിലായിരുന്നു ഈ പരിശോധനയും. ഇതിന് പിന്നാലെ വീണ്ടും വീട്ടിലെത്തി തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുകയായിരുന്നു. ഒടുവിലാണ് സ്വർണം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മൂന്ന് മാസം മുൻപാണ് ഇയാൾ ഗൂഢാലോചന തുടങ്ങിയത്. സുഹൃത്തായ സുരേഷിൽ നിന്നും പാമ്പിനെ പതിനായിരം രൂപ നൽകി വാങ്ങിയാണ് കൊലപാതകം നടത്തിയത്. ഭർത്താവ് സൂരജും പാമ്പുപിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.

ചില മാനസിക പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്പുപിടിത്തക്കാരനായ സുരേഷിൽ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാർച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടർന്നാണ് കരിമൂർഖനെ വാങ്ങിയത്. വലിയ ബാഗിലാക്കിയാണ് കരിമൂർഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ കൊണ്ട് ഇയാൾ ഉത്രയെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലിൽ ഇരുന്ന് നേരം വെളുപ്പിച്ചു. എഴുന്നേൽക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടർന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP