Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാക്കിയത് കുടിയേറ്റത്തൊഴിലാളികളുടെയും പാവങ്ങളുടെയും അവസ്ഥ കണക്കിലെടുക്കാതെയുള്ള ലോക്ഡൗൺ പ്രഖ്യാപനത്തോടെ; ലോക് ഡൗൺ കാലത്ത് സ്വന്തം വീടുകളിലേക്ക് മടങ്ങവെ പിടഞ്ഞ് മരിച്ചത് 251 കുടിയേറ്റ തൊഴിലാളികൾ

കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാക്കിയത് കുടിയേറ്റത്തൊഴിലാളികളുടെയും പാവങ്ങളുടെയും അവസ്ഥ കണക്കിലെടുക്കാതെയുള്ള ലോക്ഡൗൺ പ്രഖ്യാപനത്തോടെ; ലോക് ഡൗൺ കാലത്ത് സ്വന്തം വീടുകളിലേക്ക് മടങ്ങവെ പിടഞ്ഞ് മരിച്ചത് 251 കുടിയേറ്റ തൊഴിലാളികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക് ഡൗൺ കാലത്ത് സ്വന്തം വീടുകളിലേക്കുള്ള യാത്രക്കിടെ മരിച്ച് വീണത് 251 പേർ. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധ ഇടങ്ങളിൽ കുടുങ്ങിപ്പോയ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ സ്വന്തം വീടണയാനുള്ള പരിശ്രമത്തിനിടെയാണ് മരിച്ച് വീണതെന്ന് റൈറ്റ്സ് ആൻഡ് റിസ്ക്സ് അനാലിസിസ് എന്ന മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ട്. 170 തൊഴിലാളികൾ അപകടങ്ങളിലും 81 പേർ ശ്രമിക് ട്രെയിനുകളിലുമാണ് മരിച്ചത്. കുടിയേറ്റത്തൊഴിലാളികളുടെയും പാവങ്ങളുടെയും അവസ്ഥ കണക്കിലെടുക്കാതെയുള്ള ലോക്ഡൗൺ പ്രഖ്യാപനം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാക്കിയതായും റൈറ്റ്സ് ആൻഡ് റിസ്ക്സ് അനാലിസിസ് ഗ്രൂപ്പിന്റെ പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ചേരികളിലും അതിഥിത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലും രോഗം പടർന്ന ശേഷമാണ് അവരെ മടങ്ങാൻ അനുവദിച്ചത്. രോഗവാഹകരായാണു പലരും നാട്ടിൽ തിരിച്ചെത്തിയത്. ബിഹാറിൽ എത്തിയ 2433 പേർ രോഗബാധിതരായിരുന്നു. മാർച്ച് 24ന് ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയിൽ 546 രോഗബാധിതരും 10 മരണവുമായിരുന്നു. മെയ്‌ 31ന് അത് 1,82,142 രോഗബാധിതരും 5164 മരണവുമായി. ലോക്ഡൗൺ പിൻവലിക്കുന്നതു സാമ്പത്തിക കാരണങ്ങളാലാണെന്നും രോഗം നിയന്ത്രണ വിധേയമായതു കൊണ്ടല്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു.

കോവിഡ് മുക്തിനിരക്ക് ഉയരുന്നതായും മരണനിരക്ക് കുറയുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുമ്പോഴും രാജ്യത്തെ കോവിഡ് ബാധിതകരുടെ എണ്ണം രണ്ട് ലക്ഷത്തോടടുക്കുന്നു. 1,98,370 പേർക്കാണ് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്. രോഗമുക്തി നിരക്ക് നിലവിൽ 48.19 ശതമാനമാണ്. മരണനിരക്ക് 2.83 ശതമാനമായി കുറഞ്ഞു. മരണസംഖ്യ 5,608 ആണ്. പോസിറ്റീവ് കേസുകൾ 1,90,535 ഉം. 24 മണിക്കൂറിനിടെ 4835 പേർ രോഗമുക്തി നേടി. കേസുകളുടെ എണ്ണത്തിൽ യുഎസിനും, ബ്രിസീലിനും, റഷ്യയ്ക്കും, യുകെയ്ക്കും, സ്‌പെയിനിനും, ഇറ്റലിക്കും പിന്നിലായി ഏഴാം സ്ഥാനത്താണ് ഇന്ത്യ.

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 70,000 കടന്നു

സംസ്ഥാനത്ത് തിങ്കളാഴ്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 2,361 പുതിയ കേസുകളാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 70,013 ആയി ഉയർന്നു. 76 പേരാണ് അസുഖബാധിതരായി മരിച്ചത്. ആകെ മരണസംഖ്യ 2,362 ആണ്. കോവിഡ് 19 ഏററവും തീവ്രമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇന്ന് മുംബൈയിൽ 1413 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈ നഗരത്തിൽ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 40000 കടന്നു. 40877 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 40 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചതെന്ന് മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.

ഹരിയാനയിലും കോവിഡ് കേസുകൾ ഉയരുകയാണ്. ഇന്ന് മാത്രം പുതുതായി 265 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 2356 പേർക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്.പഞ്ചാബിൽ 38 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 2301 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. 257 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 2000 പേർ കോവിഡ് ഭേദമായി ആശുപത്രി വിട്ടതായും പഞ്ചാബ് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.

ഡൽഹിയിൽ അതിർത്തികൾ ഒരാഴ്ച കൂടി അടച്ചിടും

കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ അതിർത്തികൾ ഒരാഴ്ച കൂടി അടച്ചിടാൻ തീരുമാനിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. അതിർത്തികൾ അടച്ചിടുന്നത് താത്കാലികം മാത്രമാണ്. കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്നത് ആശങ്കാജനകമാണെങ്കിലും ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും കേജ്രിവാൾ പറഞ്ഞു.

അവശ്യ സർവീസുകൾക്കു മാത്രമായിരിക്കും അനുമതി. ഒരാഴ്ചയ്ക്കു ശേഷം ജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞതിനു ശേഷമാകും ഈ കാര്യത്തിൽ കൂടുതൽ തീരുമാനമെടുക്കുക. ബാർബർ ഷോപ്പുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകും. രാത്രി 9 മുതൽ പുലർച്ചെ 5 വരെ യാത്രകൾക്ക് നിയന്ത്രണമുണ്ടാകും. സ്‌കൂളുകൾ, സിനിമാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ അടഞ്ഞു തന്നെ കിടക്കും. ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 20,000 ആയി ഉയർന്നിരുന്നു. 470 പേരാണ് ഇത് വരെ മരിച്ചത്.

തമിഴ്‌നാട്ടിൽ ഇന്ന് 1162 കോവിഡ് കേസുകൾ

തമിഴ്‌നാട്ടിൽ തിങ്കളാഴ്ച 11 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 23,495 ആയി ഉയർന്നു. 184 പേരാണ് മരിച്ചത്. രാജ്യത്ത് കോവിഡ് 19 തീവ്രമായി ബാധിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് തമിഴ്‌നാടിന്. സ്രവപരിശോധന നടത്തുന്നതിനായി 72 പരിശോധനാകേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. അതിൽ 29 ഉം സ്വകാര്യ ലാബുകളാണ്. കോവിഡ് കേസുകൾ പതിനായിരം കടന്ന മറ്റൊരു സംസ്ഥാനം ഗുജറാത്താണ്. 16,779 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP