Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്തെ വീട്ടിൽ നിന്നും കാണാതായ 14 കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; കണ്ടെത്തിയത് ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത്; തീ കൊളുത്താൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന മണ്ണെണ്ണ പാത്രം കണ്ടെടുത്തു; കോവിഡ് പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ

മലപ്പുറത്തെ വീട്ടിൽ നിന്നും കാണാതായ 14 കാരിയുടെ മൃതദേഹം  കത്തിക്കരിഞ്ഞ നിലയിൽ; കണ്ടെത്തിയത് ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത്;   തീ കൊളുത്താൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന മണ്ണെണ്ണ പാത്രം കണ്ടെടുത്തു; കോവിഡ് പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്തെ വീട്ടിൽനിന്നും കാണാതായ 14കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ. തീ കൊളുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്ണെണ്ണ പാത്രം കണ്ടെടുത്തു. മലപ്പുറം വളാഞ്ചേരിക്കടുത്ത ഇരിമ്പിളിയം തിരുനിലം പുളിയാപ്പറ്റക്കുഴിയിൽ വിദ്യാർത്ഥിനിയെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണൻ - ഷീബ ദമ്പതികളുടെ മകൾ ദേവിക (14 ) യെയാണ് ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 5 .30 ഓടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.

വൈകിട്ട് നാല് മണിയോടെ കുട്ടിയെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടയിലാണ് വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. തീ കൊളുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്ണെണ്ണ പാത്രവും പൊലീസ് വീടിന്റെ പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീം, തിരൂർ ഡി.വൈ. എസ്. പി. കെ.എ. സുരേഷ് ബാബു എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ മൃതദേഹം കോവിഡ് പരിശോധനകൾ നടത്തിയതിനു ശേഷം മേൽനടപടികൾ സ്വീകരിക്കും. ഇരിമ്പിളിയം ഗവ: ഹയർസെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദേവിക. ദേവനന്ദ, ദീക്ഷിത്, ഏഴു മാസം പ്രായമുള്ള ആൺകുട്ടി എന്നിവർ സഹോദരങ്ങളാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP