Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കോൺഗ്രസിൽ ഏറെ ബഹുമാനമുള്ള നേതാക്കന്മാരിൽ ഒരാളാണ് ഉമ്മൻ ചാണ്ടി സാർ; ഈ കല്ലു വച്ച നുണയ്ക്ക് അദ്ദേഹം കൂട്ടു നിൽക്കുമെന്ന് തോന്നുന്നില്ല; 'ഓരോ തവണയും ഓരോ കള്ളങ്ങൾ പ്രചരിപ്പിച്ച് അപഹാസ്യരാകുന്നത് എന്തിനാണ് ?അന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനായിരുന്നു ഉദ്ഘാടനം ചെയ്തത്; വിക്ടേഴ്‌സ് അവകാശവാദത്തിൽ യു.ഡി.എഫിന്റെ പൊള്ളവാദത്തിനെതിരെ എം.എ നിഷാദ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനൽ തങ്ങൾ ആരംഭിച്ചതാണെന്ന യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളുടെ അവകാശവാദങ്ങളും തർക്കങ്ങളും കൊടുമ്പിരി കൊണ്ടിരിക്കെ വെളിപ്പെടുത്തലുമായി സംവിധായകൻ എം.എ നിഷാദ്. വിക്ടേഴ്‌സ് ചാനൽ വിദ്യാഭ്യാസ ചാനൽ ആയത് 2006 ഓഗസ്റ്റിലായിരുന്നെന്നും അന്ന് വി എസ് അച്യുതാന്ദൻ ആയിരുന്നു മുഖ്യമന്ത്രിയെന്നും നിഷാദ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. തനിക്ക് ഏറെ ബഹുമാനമുള്ള കോൺഗ്രസ് നേതാക്കളിൽ ഒരാളായ ഉമ്മൻ ചാണ്ടി അന്നു പ്രതിപക്ഷത്തായിരുന്നുവെന്നും വിഡിയോയിൽ നിഷാദ് പറയുന്നു.

'കോൺഗ്രസിൽ എനിക്ക് ഏറെ ബഹുമാനമുള്ള നേതാക്കന്മാരിൽ ഒരാളാണ് ഉമ്മൻ ചാണ്ടി സാർ. ഈ കല്ലു വച്ച നുണയ്ക്ക് അദ്ദേഹം കൂട്ടു നിൽക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ചില വസ്തുതകൾ നാം മനസ്സിലാക്കണം. 2005ലാണ് ബഹുമാന്യനായ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം സാർ ഐഎസ്ആർഒയുമായി കൈ കോർത്ത് വിക്ടേഴ്‌സ് ചാനലിന്റെ ആശയത്തിന് രൂപം കൊടുക്കുന്നത്. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലേക്ക് അത് വ്യാപിപ്പിക്കുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് ഈ ചാനൽ.' നിഷാദ് പറയുന്നു.

'ഇതൊരു വിദ്യാഭ്യാസ ചാനലാകുന്നത് 2006 ഓഗസ്റ്റിലാണ്. അന്ന് കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി എം.എ ബേബി ആയിരുന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും. ഉമ്മൻ ചാണ്ടി സാർ ഉൾപ്പടെയുള്ളവർ പ്രതിപക്ഷത്തായിരുന്നു. 2015ൽ ചില അഴിമതികളൊക്കെയായി ബന്ധപ്പെട്ട് ഈ ചാനലിന്റെ പ്രവർത്തനം നിലച്ചു. അതിനു ശേഷം 2018ലാണ് ഇതൊരു 24 മണിക്കൂർ വിദ്യാഭ്യാസ ചാനലാക്കി മാറ്റിയത്. ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് സാറാണ് അതിനു മുൻകൈ എടുത്തത്. ഇപ്പോൾ 2020ൽ പൂർണമായും നമ്മുടെ ക്ലാസ് മുറികളിൽ ഒരു അദ്ധ്യാപകന്റെ റോളിൽ വിക്ടേഴ്‌സ് ചാനൽ എത്തുകയാണ്.' നിഷാദ് പറഞ്ഞു.

'ഓരോ തവണയും ഓരോ കള്ളങ്ങൾ പ്രചരിപ്പിച്ച് അപഹാസ്യരാകുന്നത് എന്തിനാണ് ? ഇതിനൊക്കെ പ്രതികരിക്കാൻ താനാരാടോ എന്നൊക്കെ ചിലർ ചോദിക്കുന്നുണ്ട്. ഒരു ചലച്ചിത്ര സംവിധായകൻ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കണം. ചില കാര്യങ്ങൾ കണ്ടാൽ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. ഇതൊരു വലിയ നുണയാണ്. അതുറപ്പിച്ചു പറയാം.' അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP