Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെക്ക് മടങ്ങിയാൽ ഉടൻ കളക്ഷൻ എക്‌സിക്യൂട്ടീവുകളുടെ ഭീഷണി വരും; കോളുകൾ പൊലീസുകാരനെന്നും അഭിഭാഷകനെന്നുമുള്ള വ്യാജേന; ലോൺ തിരിച്ചടവിൽ 1250 രൂപ മാസതവണക്കാരന് പിഴ 3250 രൂപയോളം; ബാങ്ക് അക്കൗണ്ടിൽ കാശുള്ളപ്പോൾ ചെക്ക് പ്രസന്റ് ചെയ്യില്ല; പണമില്ലാത്തപ്പോൾ ചെക്ക് പ്രസന്റ് ചെയ്ത് ഉപഭോക്താക്കളെ ദ്രോഹിക്കും; ലോക്ക് ഡൗണിനിടെ ബജാജ് ഫിൻസെർവ് കൊള്ള നടത്തുന്നുവെന്ന് പ്രധാനമന്ത്രി അടക്കമുള്ളവർക്ക് കൂട്ടപ്പരാതി

ചെക്ക് മടങ്ങിയാൽ ഉടൻ കളക്ഷൻ എക്‌സിക്യൂട്ടീവുകളുടെ ഭീഷണി വരും; കോളുകൾ പൊലീസുകാരനെന്നും അഭിഭാഷകനെന്നുമുള്ള വ്യാജേന; ലോൺ തിരിച്ചടവിൽ 1250 രൂപ മാസതവണക്കാരന് പിഴ 3250 രൂപയോളം; ബാങ്ക് അക്കൗണ്ടിൽ കാശുള്ളപ്പോൾ ചെക്ക് പ്രസന്റ് ചെയ്യില്ല; പണമില്ലാത്തപ്പോൾ ചെക്ക് പ്രസന്റ് ചെയ്ത് ഉപഭോക്താക്കളെ ദ്രോഹിക്കും; ലോക്ക് ഡൗണിനിടെ ബജാജ് ഫിൻസെർവ് കൊള്ള നടത്തുന്നുവെന്ന് പ്രധാനമന്ത്രി അടക്കമുള്ളവർക്ക് കൂട്ടപ്പരാതി

ആർ പീയൂഷ്

കൊച്ചി: ലോക്ക് ഡൗണിനിടെ സ്വകാര്യ ധനകാര്യ സ്ഥാപനമായ ബജാജ് ഫിൻസെർവ് ഉപഭോക്താക്കളെ ചൂഷണം ചെയ്ത് പണം തട്ടുന്നതായി ആരോപണം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ലോണെടുത്ത ഉപഭോക്താക്കളുടെ പക്കൽ നിന്നും ചെക്ക് മടങ്ങി എന്ന കാരണം കാട്ടി ആയിരക്കണക്കിന് രൂപ പിഴ ഈടാക്കിയാണ് ചൂഷണം നടത്തുന്നത്. ഇതിനെതിരെ പരാതിയുമായി ഉപഭോക്താക്കളെത്തിയാൽ കൃത്യമായ മറുപടി നൽകാതെ ഒളിച്ചു കളിക്കുകയാണ് ബജാജ് ഫിൻസെർവ് ജീവനക്കാർ. ഇന്ന് കൊച്ചിയിലെ ബജാജ് ഫിൻസെർവിന്റെ കലൂരിലെ ബ്രാഞ്ചിൽ ആയിരക്കണക്കിന് പേരാണ് പരാതിയുമായെത്തിയത്. എന്നാൽ ഇവർ കൃത്യമായ ഒരു മറുപടിയും നൽകാതെ ഉപഭോക്താക്കളെ മടക്കി അയക്കുകയാണ് ചെയ്തത്. ഉപഭോക്താക്കൾ ഉന്നയിക്കുന്ന ആരോപണത്തിന്റെ നിജസ്ഥിതി അറിയാനായി മറുനാടൻ മലയാളിയുടെ സംഘം ഇവിടെ എത്തിയെങ്കിലും കസ്റ്റമർ സർവ്വീസ് വിഭാഗം സംസാരിക്കാൻ കൂട്ടാക്കിയില്ല.

ലോക്ക് ഡൗണിനെ തുടർന്ന് ലോണെടുത്ത പലരും തിരിച്ചടക്കാൻ മാർഗ്ഗമില്ലാതെ വലഞ്ഞപ്പോൾ ഇവർ ബാങ്കുകളിൽ തിച്ചടവിനായുള്ള ചെക്ക് പ്രസന്റ് ചെയ്തു. എന്നാൽ പണമില്ലാത്തതിനാൽ ഒട്ടുമിക്കപേരുടെയും ചെക്കുകൾ മടങ്ങി. ചെക്ക് മടങ്ങുമ്പോൾ ബാങ്ക് 250 രൂപയാണ് ഈടാക്കുന്നത്. ബജാജ് പിഴയായി 590 രൂപയും ഈടാക്കും. ഒരു ദിവസം തന്നെ നാലു തവണയോളം ചെക്ക് ബജാജ് ഉപഭോക്താക്കളുടെ ബാങ്കിൽ പ്രസന്റ് ചെയ്യുകയും ഇതുവഴി 3360 രൂപ വരെ പിഴ ഇനത്തിൽ ഉപഭോക്താക്കൾ നൽകേണ്ടതായി വന്നിട്ടുണ്ട്. അതു പോലെ തന്നെ പണം അടയ്ക്കുന്ന ദിവസം വരെ ചെക്ക് ബാങ്കിൽ പ്രസന്റ് ചെയ്ത് ആയിരക്കണക്കിന് രൂപ പിഴ ഇനത്തിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ്.

ചെക്ക് മടങ്ങിക്കഴിഞ്ഞാൽ പിന്നെ ബജാജിന്റെ കളക്ഷൻ എക്സിക്യൂട്ടീവുകളുടെ ഭീഷണിയാണ്. പണം അടയ്ക്കാനായി പൊലീസുകാരൻ മുതൽ ഹൈക്കോടതി അഭിഭാഷകനാണ് എന്നുള്ള വ്യാജേന ഭീഷണി തുടരും. 1250 രൂപ മാസ തവണയുള്ള ഒരു ഉപഭോക്താവിന് ഒരുമാസം പണം അടയ്ക്കാൻ വൈകിയപ്പോൾ 3250 രൂപയോളം പിഴയിനത്തിൽ അടയ്ക്കേണ്ടി വന്നുവെന്നും മറുനാടൻ മലയാളിയോട് വ്യക്തമാക്കി. മൊറട്ടോറിയത്തിന് അപേക്ഷ നൽകി, മൊറട്ടോറിയം ലഭ്യമായിട്ടും പണം അടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശവും എക്സിക്യൂട്ടീവിന്റെ വിളിയും വന്നവർ ഏറെയാണ്. മൊറട്ടോറിയം ലഭിച്ച ഉപഭോക്താവിനോട് എല്ലാവർക്കും ഞങ്ങൾ മൊറട്ടോറിയം നൽകുന്നില്ല എന്നായിരുന്നു ഇവരുടെ ടെലി കോളറുടെ മറുപടി.

ഇത് മാത്രമല്ല ബാങ്കിൽ പണമുള്ളപ്പോൾ ചെക്ക് പ്രസന്റ് ചെയ്യാതിരുന്നതിന് ശേഷം പണം ഇല്ലാത്ത സമയത്ത് ചെക്ക് പ്രസന്റ് ചെയ്ത് ഉപഭോക്താക്കളെ ദ്രോഹിക്കുന്ന നടപടിയും ബജാജിന്റെ ഭാഗത്ത് നിന്നും ഉണ്ടായതായും ചിലർ പറയുന്നു. പരാതി പറയാനായി ഇവരുടെ നമ്പരുകളിൽ വിളിക്കുമ്പോൾ സാധാരണക്കാർക്ക് മനസ്സിലാവാത്ത രീതിയിലാണ് സംസാരിക്കുന്നത്. ബ്രാഞ്ചുകളിലെത്തുമ്പോൾ പരാതി ഈ മെയിലായി അയക്കൂ എന്നും അപ്പോൾ പ്രശ്നത്തിന് പരിഹാരം കാണുമെന്നുമാണ് പറയുന്നത്. പൂണെയിലെ ഇവരുടെ ഹെഡ് ഓഫീസിലേക്ക് മെയിലയക്കാൻ പോയിട്ട് നേരെ ചൊവ്വെ ഫോൺ വിളിച്ച് സംസാരിക്കാൻ പോലും അറിയാത്തവരാണ് ഏറെ പേരും. ഇതിനാൽ പലരും നിസ്സഹായരാണ്. ലോൺ അടച്ചു തീർത്തില്ലെങ്കിൽ സിബിൽ സ്‌കോർ കുറയുമെന്നതിനാൽ ഒന്നും മിണ്ടാതെ എല്ലാവരും പണം അടക്കുകയാണ് പതിവ്.

ബജാജ് മാത്രമല്ല ഇത്തരത്തിൽ ചൂഷണം ചെയ്യുന്നത്. എച്ച്.ഡി.എഫ്.സിയും അതു പോലെ മറ്റ് പേഴ്സണൽ ലോൺ അനുവദിക്കുന്ന സ്വകാര്യ ധനസ്ഥാപനങ്ങളും ഇതേ രീതിയാണ് പിൻതുടരുന്നത്. ഇത്തരത്തിലുള്ള ബാങ്കിങ് കൊള്ളയ്ക്കെതിരെ യുവ അഭിഭാഷകൻ ജിയാസ് ജമാൽ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. ഇത്തരത്തിൽ തട്ടിപ്പിനിരയായ നിരവധി ഉപഭോക്താക്കളെ ഒരുമിപ്പിച്ച് മാസ് പെറ്റീഷൻ ഫയൽ ചെയ്തിരിക്കുകയാണ്. പ്രധാനമന്ത്രി, ആർ.ബി.ഐ ഗവർണ്ണർ, സംസ്ഥാന മുഖ്യമന്ത്രി എന്നിവർക്കാണ് പരാതി നൽകിയിരിക്കുന്നത്. ചൂഷണത്തിനിരയായവർ ജിയായുമായി ബന്ധപ്പെട്ടാൽ സൗജന്യ നിയമ സഹായം ലഭ്യമാക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ 9142118118

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP