Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എന്റെ തങ്കു പൂച്ചേ.. മിട്ടു പൂച്ചേ... എന്ന വിളികളോടെ ടീച്ചർ എത്തിയപ്പോൾ കൗതുകത്തോടെ കുട്ടികൾ; ഓള് കൊള്ളാലോ എന്ന് പറഞ്ഞ് പേരുനോക്കിയ മുതിർന്നവർ കണ്ടത് സായി ശ്വേതയെ; അവതരണവുമായി മുന്നേറിയപ്പോൾ പുഞ്ചിരിയോടെ ക്ലാസിൽ മുഴുകി കുട്ടികൾ; വിക്ടേഴ്‌സ് ചാനലിൽ തരംഗം തീർത്ത് ടീച്ചർമാരും മാഷമ്മാരും; എത്ര രസായിട്ടാണിവര് ക്ലാസെടുക്കുന്നതെന്ന് സോഷ്യൽ മീഡിയ; ട്രോളർമാർക്കും തിരക്ക്

എന്റെ തങ്കു പൂച്ചേ.. മിട്ടു പൂച്ചേ... എന്ന വിളികളോടെ ടീച്ചർ എത്തിയപ്പോൾ കൗതുകത്തോടെ കുട്ടികൾ; ഓള് കൊള്ളാലോ എന്ന് പറഞ്ഞ് പേരുനോക്കിയ മുതിർന്നവർ കണ്ടത് സായി ശ്വേതയെ; അവതരണവുമായി മുന്നേറിയപ്പോൾ പുഞ്ചിരിയോടെ ക്ലാസിൽ മുഴുകി കുട്ടികൾ; വിക്ടേഴ്‌സ് ചാനലിൽ തരംഗം തീർത്ത് ടീച്ചർമാരും മാഷമ്മാരും; എത്ര രസായിട്ടാണിവര് ക്ലാസെടുക്കുന്നതെന്ന് സോഷ്യൽ മീഡിയ; ട്രോളർമാർക്കും തിരക്ക്

കെ വി നിരഞ്ജൻ

കോഴിക്കോട്: ഓൺലൈൻ വഴി പുതിയ അധ്യയന വർഷം തുടങ്ങിയപ്പോൾ ഒന്നാം ക്ലാസ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയുമെല്ലാം കയ്യിലെടുത്ത ഒരു ടീച്ചർ സോഷ്യൽ മീഡിയയിലും താരമായി. എന്റെ തങ്കു പൂച്ചേ.. മിട്ടു പൂച്ചേ എന്ന വിളികളോടെയാണ് സായി ശ്വേത ടീച്ചർ എത്തിയത്. കുറഞ്ഞ സമയം കൊണ്ട് എല്ലാവരുടെയും പ്രിയം പിടിച്ചുപറ്റുകയായിരുന്നു കോഴിക്കോട് വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂർ എൽ പി സ്‌കൂൾ അദ്ധ്യാപികയായ സായി ടീച്ചർ.

നീണ്ട വർഷം അദ്ധ്യാപനത്തിൽ പരിചയമൊന്നും ടീച്ചർക്കില്ല. എന്നാൽ സംസ്ഥാനത്ത് ആദ്യമായി ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഓൺലൈനായി ക്ലാസെടുത്ത് ടീച്ചർ മലയാളികളുടെ അംഗീകാരം പിടിച്ചുപറ്റി. ഒരു വർഷം മാത്രമാണ് ഈ അദ്ധ്യാപികയ്ക്ക് അദ്ധ്യാപനത്തിൽ പരിചയം. സ്‌കൂളിൽ കഴിഞ്ഞ വർഷമാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ വർഷം രണ്ടാം ക്ലാസ് അദ്ധ്യാപികയായിരുന്നു. പരിചയക്കുറവൊന്നും ടീച്ചർക്കൊരു പ്രശ്‌നമേ ആയിരുന്നില്ല. വിദ്യാർത്ഥിനിയായിരുന്നപ്പോൾ മോണോ ആക്ട്, നാടോടി നൃത്തം ഉൾപ്പെടെയുള്ള മത്സരങ്ങളിൽ സമ്മാനം കരസ്ഥമാക്കിയ ടീച്ചർ അതിമനോഹരമായ ക്ലാസിലൂടെ കുട്ടികളുടെ മനസ്സിലേക്കാണ് നടന്നു കയറിയത്. വിദേശത്ത് ജോലിയുള്ള പനയുള്ളതിൽ ദിലീപിന്റെ ഭാര്യയാണ് ടീച്ചർ.

പൂച്ചയുടെ കഥ അവതരിപ്പിച്ചാണ് അദ്ധ്യാപിക പിഞ്ചു കുട്ടികളെ ആകർഷിക്കുകയും പിടിച്ചിരുത്തുകയും ചെയ്തത്. ക്ലാസ് ആരംഭിച്ചതോടെ വീടുകളിലെ മുതിർന്നവരും ടീ വിക്ക് മുമ്പിലെത്തുന്ന കാഴ്ചയായിരുന്നു. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ഒന്നിച്ചിരുന്നാണ് ടീച്ചറുടെ ക്ലാസ് കണ്ടത്. വാവിട്ടു കരയുന്ന ഒന്നാം ക്ലാസുകാരെയല്ല ഇന്നലെ കണ്ടത്. കൊച്ചു കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ ടീച്ചർ അവതരണവുമായി മുന്നേറിയപ്പോൾ പുഞ്ചിരിയോടെ കുട്ടികൾ ക്ലാസിൽ മുഴുകി. സമൂഹ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ഇപ്പോൾ ഈ അദ്ധ്യാപിക. കഴിഞ്ഞ വർഷം കുട്ടികളെ മുന്നിലിരുത്തി ക്ലാസെടുത്ത അദ്ധ്യാപിക ഇന്നലെ കുട്ടികളെ കാണാതെ അഭിനയിക്കുകയായിരുന്നു. ടീച്ചറുടെ മുമ്പിൽ കുട്ടിളുണ്ടോ എന്ന് പരിപാടി കാണുന്നവർ സംശയിച്ചു പോകുവന്ന തരത്തിലുള്ളതായിരുന്നു ക്ലാസ്. ടി ക് ടോക്ക് വീഡിയോകൾ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ക്ലാസെടുക്കാൻ സഹായിച്ചുവെന്ന് ടീച്ചർ പറയുന്നു. തന്നെ ട്രോളിയ ട്രോളർമാർക്ക് നന്ദിയും പറയുകയാണ് ടീച്ചർ. ഇതേ സ്‌കൂളിലെ അദ്ധ്യാപികയായ അഞ്ജു കിരണും മികച്ച പ്രകടനം കാഴ്ച വെച്ചു. ഈ അദ്ധ്യാപികമാരുടെ പ്രകടനം കടത്തനാടിന് തന്നെ അഭിമാനമായി.

എന്താണീ മാഷമ്മാരും ടീച്ചർമാരും! എത്ര ഭംഗിയിൽ എത്ര സ്‌നേഹത്തിൽ എത്ര രസായിട്ടാണിവര് ക്ലാസെടുക്കുന്നത്.. സുജിത് ചന്ദ്രൻ എഴുതിയ കുറിപ്പ് കൂടി വായിക്കാം.

എന്താണീ മാഷമ്മാരും ടീച്ചർമാരും!
എത്ര ഭംഗിയിൽ എത്ര സ്‌നേഹത്തിൽ എത്ര രസായിട്ടാണിവര് ക്ലാസെടുക്കുന്നത്. പ്രൈമറി കുട്ടികൾക്കുള്ള നാലഞ്ച് ക്ലാസുകൾ പുറകെ പുറകെ കണ്ടു.. രാഖി ടീച്ചർ, സായിശ്വേത ടീച്ചർ, നൗഫൽ മാഷ്, സന്ധ്യ ടീച്ചർ... കണ്ടവരെല്ലാം അതിഗംഭീര അദ്ധ്യാപകർ.

എനിക്ക് സ്‌കൂൾ സ്‌കൂളിന്റെയും പുത്തൻ പുസ്തകത്തിന്റേയും മണം കിട്ടി. ഓട്ടിൻപുറത്ത് മീതെ വീഴുന്ന മഴയൊച്ചയും സൺ ഷെയ്ഡിലെ പ്രാവിൻകുറുകലും കേട്ടു. സ്‌കൂൾ മുറ്റത്തെ കോഴിവാലൻ ചെടി ചെറുമഴയിൽ നനയുന്നത് കണ്ടു. വരാന്തയുടെ ഓരത്തെ കമിഴ്‌ത്തോടിൽ നിന്ന് വീഴുന്ന വെള്ളച്ചാട്ടം തീർത്ത പുഴയിൽ ഒരു കടലാസു വള്ളം കുതിക്കുന്നത് കണ്ടു!
പേരില്ലാത്തൊരു സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി..

ബോധനശാസ്ത്രത്തിലെ തീയേറ്റർ ആപ്ലിക്കേഷൻ, സോക്രട്ടിക് പെഡഗോഗി, ബോധേന്ദ്രിയ രീതി എന്നൊക്കെ സിദ്ധാന്തം പറഞ്ഞു നമ്മൾ കേൾക്കാറില്ലേ.. ഒരു ഡിജിറ്റൽ ചതുരത്തിന്റെ പരിമിതികൾക്കകത്ത് എത്രയും ഹൃദ്യമായി ഇവർ വിദൂരത്തിരിക്കുന്ന കുഞ്ഞുങ്ങളെ അരികിൽ ചെന്ന് പഠിപ്പിക്കുന്നു. അകലം അടുപ്പമാക്കുന്നു.. അദ്ധ്യാപനം ഒരേ സമയം ശാസ്ത്രപദ്ധതിയും കലാപ്രവർത്തനവുമാക്കുന്നു!

സ്‌കൂളും പരിസരവും നഷ്ടപ്പെട്ടത് കുട്ടികൾക്ക് തോന്നാതിരിക്കാൻ എത്ര തയ്യാറെടുപ്പും പരിശീലനവും നടത്തിയിട്ടാകും അദ്ധ്യാപകർ ഓൺലൈൻ ക്ലാസുകൾ തയ്യാറാക്കുന്നത്. ആ വീഡിയോകൾ വെട്ടിയൊട്ടിച്ച് ട്രോളുകൾ ഉണ്ടാക്കുന്നവരെ കണ്ടു സായി ടീച്ചറെപ്പറ്റിയൊക്കെ അറുവഷളൻ വളിപ്പുകൾ പോലും.. ഒന്നാം ക്ലാസിലെ പത്ത് കുഞ്ഞുങ്ങളുടെ മുമ്പിൽ ആത്മവിശ്വാസത്തോടെ നിന്ന് രണ്ട് വർത്തമാനം പറയാനുള്ള ശേഷിയുണ്ടോ എന്നീ 'ട്രോളന്മാർ' സ്വയം ആലോചിച്ചെങ്കിൽ. സമൂഹമെന്ന നിലയിൽ നമ്മളെത്ര അധപ്പതിച്ചിരിക്കുന്നു എന്നോർത്ത് ലജ്ജ കൊണ്ട് തല കുനിഞ്ഞു കുനിഞ്ഞുപോകുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP