Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനുഷ്യരുടെ ജീവിതം പോലെ ഉറുമ്പുകളുടെ ജീവിതം പകർത്തിയ ഷോർട്ട് ഫിലിം; സിനിമ ഒരുക്കിയത് മാസങ്ങളോളം ഉറുമ്പുകളെ നിരീക്ഷിച്ച്; മൂന്നു ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം കാഴ്ചക്കാർ: 'ലൈഫ് ഓഫ് ആൻഡ്സ്' ഒരുക്കിയ സംവിധായകൻ രജീഷ് ആർ പൊതാവൂരിന് അഭിനന്ദന പ്രവാഹം

മനുഷ്യരുടെ ജീവിതം പോലെ ഉറുമ്പുകളുടെ ജീവിതം പകർത്തിയ ഷോർട്ട് ഫിലിം; സിനിമ ഒരുക്കിയത് മാസങ്ങളോളം ഉറുമ്പുകളെ നിരീക്ഷിച്ച്; മൂന്നു ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം കാഴ്ചക്കാർ: 'ലൈഫ് ഓഫ്  ആൻഡ്സ്' ഒരുക്കിയ സംവിധായകൻ രജീഷ് ആർ പൊതാവൂരിന് അഭിനന്ദന പ്രവാഹം

കെ വി നിരഞ്ജൻ

കോഴിക്കോട്: ലോക് ഡൗൺ കാലം ഷോർട്ട് ഫിലിമുകളുടെയും കാലമാണ്. സിനിമാ ചിത്രീകരണവും പ്രദർശനവുമെല്ലാം നിലച്ച കാലത്ത് നിരവധി പേരാണ് ഷോർട്ട് ഫിലിമുകൾ ഒരുക്കിയത്. ഈ കാലത്ത് റിലീസ് ചെയ്ത ഒരു ഷോർട്ട് ഫിലിം പക്ഷെ മറ്റുള്ളവയിൽ നിന്ന് ഏറെ വേറിട്ടു നിൽക്കുന്നു. മനുഷ്യരുടെ ജീവിതം പോൽ ഉറുമ്പുകളുടെ ജീവിതം പകർത്തിയ ഒരു ഷോർട്ട് ഫിലിം, അതാണ് കാസർഗോഡ് ചീമേനിക്ക് അടുത്തുള്ള പൊതാവൂർ സ്വദേശി രജീഷ് ആർ പൊതാവൂർ ഒരുക്കിയ ' ലൈഫ് ഓഫ് ആൻഡ്സ്' എന്ന ചെറു സിനിമ.

ഈച്ചയും ഉറുമ്പുമെല്ലാം കഥാപാത്രങ്ങളായ സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. ഇതിൽ പലതും കമ്പ്യൂട്ടർ ഗ്രാഫിക്‌സിന്റെ സഹായത്തോടെ പുറത്തിറക്കിയവയാണ്. എന്നാണ് സാങ്കേതിക വിദ്യകളെ അധികം ആശ്രയിച്ചല്ല രജീഷ് ഈ സിനിമ ഒരുക്കിയത്. മാസങ്ങളോളം ഉറുമ്പുകളുടെ ചലനങ്ങൾ വീക്ഷിച്ച്, തന്റെ കഥ ആവശ്യപ്പെടുന്നത് ചിത്രീകരിക്കുകയായിരുന്നു ഈ യുവാവ്. ചോണനുറുമ്പുകളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ഈ സിനിമ പൂർണ്ണമായും മൊബൈൽ ഫോണിലാണ് ചിത്രീകരിച്ചിട്ടുള്ളത്. മൂന്നു ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം ആളുകളാണ് ഈ സിനിമ കണ്ടിരിക്കുന്നത്.

പത്ത് വർഷത്തോളമായി സിനിമാരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് രജീഷ്. മെയ്‌ക്കപ്പ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന രജീഷ് മൂന്നു മാസത്തോളം സമയമെടുത്താണ് ഈ ചെറു സിനിമ പൂർത്തിയാക്കിയത്. ആസിഫലി നായകനായ കുഞ്ഞെൽദോ എന്ന സിനിമയുടെ ഷൂട്ടിങ് എറണാകുളത്ത് നടക്കുമ്പോൾ മരത്തിൽ കണ്ട രണ്ടുറുമ്പുകളുടെ കാഴ്ചയാണ് സിനിമയിലേക്കുള്ള വഴിയൊരുക്കിയതെന്ന് രജീഷ് പറയുന്നു. ഭക്ഷ്യവസ്തുവുമായി പോകുന്ന ഒരുറുമ്പിനെ മറ്റൊരു ഉറുമ്പ് സഹായിക്കുന്ന കാഴ്ചയായിരുന്നു അത്. തുടർന്ന് മനുഷ്യരുടെ ജീവിതം പോലെ ഉറുമ്പുകളുടെ ജീവിതം സങ്കൽപ്പിച്ച് ഒരു കഥയൊരുക്കി. മനുഷ്യരെപ്പോലെ സംസാരിക്കുകയും വികാരം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഉറുമ്പുകൾ. കുമാരൻ എന്ന അച്ഛനുറുമ്പും മാളു എന്ന മകളുറുമ്പും പിന്നെ ഒരു അമ്മയുറുമ്പുമാണ് കേന്ദ്ര കഥാപാത്രങ്ങൾ.

മകളുടെ വിവാഹം നടത്താനുള്ള അച്ഛനുറുമ്പിന്റെ നെട്ടോട്ടവും അതിനിടെ ഒരു മനുഷ്യന്റെ അശ്രദ്ധയിൽ അച്ഛൻ ചവിട്ടിയരയ്ക്കപ്പെടുന്നതുമാണ് പ്രമേയം. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. അവസാന നിമിഷമാണ് മകളുടെ അദ്ധ്യാപകനെ ക്ഷണിച്ചില്ലെന്ന വിവരം ഓർക്കുന്നത്. അങ്ങിനെ അദ്ദേഹത്തെ ക്ഷണിക്കാൻ പോവുകയാണ് അച്ഛൻ. ഇതിനിടയിലാണ് ഒരു മനുഷ്യൻ അദ്ദേഹത്തെ ചവിട്ടിയരയ്ക്കുന്നത്. മറ്റു ജീവികളെ നിസ്സാരരായി കാണുകയും അവയുടെ ജീവന് വില കൽപ്പിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യരോടുള്ള പ്രതിഷേധമായി അമ്മയുറുമ്പ് ആത്മഹത്യ ചെയ്യുന്നു. കയറിൽ തൂങ്ങിയാടുന്ന അമ്മയുറുമ്പിനെ പിടിച്ച് കരയുന്ന മകളുടെ ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നത്.

ഈ ഭൂമി എല്ലാ ജീവിജാലങ്ങളുടേതുമാണെന്ന സന്ദേശം പകരുന്ന സിനിമയ്ക്കായി മാസങ്ങൾ നീണ്ട പരിശ്രമങ്ങളാണ് വേണ്ടിവന്നത്. കഥയ്ക്കനുസരിച്ച് ഉറുമ്പുകളുടെ ചലനങ്ങൾ കിട്ടാൻ മൊബൈലുമായി കാത്തിരുന്നു. വളരെ പ്രയാസപ്പെട്ടാണ് ഓരോ ചലനവും പകർത്തിയതെന്നും സംവിധായകൻ പറയുന്നു. ചിത്രീകരണ സമയത്ത് ഒരു ഉറുമ്പിനെപ്പോലും ഉപദ്രവിക്കാതിരിക്കാനും അണിയറ പ്രവർത്തകർ ശ്രദ്ധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഉറുമ്പിനെ കാണിക്കാൻ ചത്ത ഉറുമ്പിനെ തന്നെ കണ്ടെത്തിയാണ് ഷൂട്ട് ചെയ്തത്.

ഉറുമ്പുകൾക്ക് സംഭാഷണം നൽകിയത് സിനിമാ ഗ്രാമം കലാ കൂട്ടായ്മയിലെ കലാകാരന്മാർ ആണ്. മികച്ച സംഭാഷണവും ഡബ്ബിംഗിലെ മികവും ചിത്രത്തിന് മികവേറ്റുന്നു. മെയ്‌ക്കപ്പ്മാനും മിമിക്രി കലാകാരനുമെല്ലാമായ രജീഷ് പതിനൊന്നോളം ഷോർട്ട് ഫിലിമുകളും അഞ്ച് ആൽബങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. റോണക്‌സ് എന്ന മെയ്‌ക്കപ്പ്മാന്റെ അസിസ്റ്റന്റായ രജീഷ് ബാബു ആന്റണി, മനോജ് കെ ജയൻ എന്നിവരുടെ പേഴ്‌സണൽ മെയ്‌ക്കപ്പ്മാൻ കൂടിയാണ്. ഓപ്പറേഷൻ ജാവ ചിത്രത്തിലാണ് അവസാനം പ്രവർത്തിച്ചത്. ഏതായാലും ലോക് ഡൗൺ കാലത്ത് ഉറുമ്പുകളുടെ സിനിമയെ കൈ നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളികൾ.

സിനിമാ താരങ്ങളായ മനോജ് കെ ജയൻ, ടിനി ടോം, പ്രിയങ്ക നായർ, അനശ്വര രാജൻ എന്നിവരാണ് ഫേസ്‌ബുക്കിലൂടെ സിനിമ പങ്കുവെച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP