Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സാമൂഹിക വിരുദ്ധർ വെഞ്ഞാറംമൂട്ടിൽ വീടു കയറി ആക്രമിക്കുന്നു എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾക്ക് പിന്നിൽ കഞ്ചാവ് മാഫിയ സംഘങ്ങളുടെ കുടിപ്പക; വീഡിയോയിൽ ഉള്ളത് കഞ്ചാവ് മാഫിയാ സംഘം വെട്ടി പരിക്കേൽപ്പിച്ച യുവാവിന്റെ ബന്ധുക്കൾ സംഘത്തെ സംരക്ഷിക്കുന്ന യുവതിയുടെ വീട്ടിൽ പ്രതിഷേധവുമായി എത്തിയപ്പോൾ ഉണ്ടായ സംഭവങ്ങൾ; കഞ്ചാവ് സംഘത്തിന് ഒത്താശ ചെയ്യുന്നവരിൽ സ്ത്രീകളും

സാമൂഹിക വിരുദ്ധർ വെഞ്ഞാറംമൂട്ടിൽ വീടു കയറി ആക്രമിക്കുന്നു എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾക്ക് പിന്നിൽ കഞ്ചാവ് മാഫിയ സംഘങ്ങളുടെ കുടിപ്പക; വീഡിയോയിൽ ഉള്ളത് കഞ്ചാവ് മാഫിയാ സംഘം വെട്ടി പരിക്കേൽപ്പിച്ച യുവാവിന്റെ ബന്ധുക്കൾ സംഘത്തെ സംരക്ഷിക്കുന്ന യുവതിയുടെ വീട്ടിൽ പ്രതിഷേധവുമായി എത്തിയപ്പോൾ ഉണ്ടായ സംഭവങ്ങൾ; കഞ്ചാവ് സംഘത്തിന് ഒത്താശ ചെയ്യുന്നവരിൽ സ്ത്രീകളും

ആർ പീയൂഷ്

തിരുവനന്തപുരം: സാമൂഹിക വിരുദ്ധർ വെഞ്ഞാറമൂട്ടിൽ വീടു കയറി ആക്രമിക്കുന്നു എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾക്ക് പിന്നിൽ കഞ്ചാവ് മാഫിയ സംഘങ്ങളുടെ കുടിപ്പക. കഞ്ചാവ് മാഫിയ സംഘങ്ങളെ സംരക്ഷിക്കുന്ന വെഞ്ഞാറമൂട് നെല്ലനാട് പഞ്ചായത്തിലെ വെട്ടുവിള കോളനിയിലെ ഒരു വീടിന് മുന്നിൽ നടക്കുന്ന സംഘർഷത്തിന്റെ ദൃശ്യങ്ങളാണ് രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കഞ്ചാവ് മാഫിയാ സംഘം വെട്ടി പരിക്കേൽപ്പിച്ച സുരേഷ് എന്ന യുവാവിന്റെ ബന്ധുക്കൾ സംഘത്തെ സംരക്ഷിക്കുന്ന യുവതിയുടെ വീട്ടിൽ പ്രതിഷേധവുമായി എത്തിയപ്പോൾ ഉണ്ടായ സംഭവങ്ങളാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്.

കഴിഞ്ഞ ബുധനാഴ്ച കോളനിയിൽ കഞ്ചാവ് വിൽപ്പനയ്ക്കെത്തിയ സംഘത്തെ മാരിയത് വീട്ടിൽ സുരേഷ്(30) ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതിരുന്ന സംഘം സുരേഷിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു. കഞ്ചാവ് സംഘത്തെ സംരക്ഷിക്കുന്ന മുപ്പത് കാരിയായ യുവതിയുടെ വീട്ടിൽ ശനിയാഴ്ച പ്രതിഷേധവുമായി സുരേഷിന്റെ ബന്ധുക്കൾ എത്തിയപ്പോൾ ഇവിടെയുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ഇവരെ നേരിടുകയായിരുന്നു. കഞ്ചാവ് നിൽപ്പനയ്ക്ക് വഴിവിട്ട് സഹായം ചെയ്യുന്ന മുപ്പതു കാരിയാണ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഏറെ നേരം നടന്ന സംഘർഷങ്ങൾക്ക് ശേഷം ആദ്യം കഞ്ചാവ് വിൽപ്പന എതിർത്ത് സംസാരിച്ച വെട്ടുവിള വീട്ടിൽ ലീല(44)യെ കുളിക്കടവിൽ വച്ച് സംഘം വെട്ടി വീഴ്‌ത്തി. തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സംഘം കടന്നു.

പിന്നീട് രാത്രി മങ്ങാട്ട് മൂലയിൽ നിന്നെത്തിയ ഇരുപതോളം പേരും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് വെഞ്ഞാറമൂട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. രാത്രിയിൽ നടന്ന ആക്രമണത്തിലാണ് മൂന്ന് പേർക്ക് കൂടി വെട്ടേറ്റത്. സ്ത്രീകളെയും കുട്ടികളെയും കൈയേറ്റം ചെയ്തും വീട്ടിലെ വസ്തുക്കൾ അടിച്ചു തകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം മടങ്ങിയതെന്നു കോളനി നിവാസികൾ പറഞ്ഞു. മനീഷ് (32), വെട്ടുവിള മൂക്കംപാല വിള വീട്ടിൽ ശരത്ചന്ദ്രൻ (35), മാരിയത്തു വീട്ടിൽ സുനിൽ (38) എന്നിവർക്കാണ് വെട്ടേറ്റത്. ശരത് ചന്ദ്രന്റെ തല വെട്ടേറ്റ് പിളർന്നു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഏതാനും നാളുകൾക്ക് മുൻപാണ് ഈ സംഘം വെഞ്ഞാറമൂട് മത്സ്യ മാർക്കറ്റിലെ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയിയത്. രാവിലെ നടന്ന ആക്രമണത്തിൽ വെഞ്ഞാറമൂട് പൊലീസിന് പരാതി നൽകിയെങ്കിലും പൊലീസ് ഇടപെട്ടില്ല. റിമാൻഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലീസുകാർ നിരീക്ഷണത്തിലായ സാഹചര്യത്തിൽ ഇവിടെ ആവശ്യത്തിന് ജീവനക്കാരില്ല. ഇക്കാരണത്താലാണ് വേണ്ട വിധത്തിൽ അന്വേഷണം നടത്താനാവാത്തതെന്നും വിവരമുണ്ട്.

പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സ്ഥലത്ത് കുറച്ചുനാളായി കഞ്ചാവ് മാഫിയ സജീവമാണെന്ന് സമീപവാസികൾ പറയുന്നു. പുറത്തുനിന്നുള്ള കഞ്ചാവുസംഘങ്ങളും ഇവിടെയെത്തുന്നുണ്ട്. കഞ്ചാവ് സംഘങ്ങളുമായുള്ള തർക്കങ്ങൾ പലപ്പോഴും സംഘർഷങ്ങളിലാണ് അവസാനിക്കുന്നത്. കഞ്ചാവ് സംഘത്തെ സംരക്ഷിക്കുന്ന ഒരു കൂട്ടരും കോളനിയിലുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷവും കഞ്ചാവു മാഫിയയുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേ സമയം വാമനപുരം എക്സൈസിന്റെ പരിധിയിലുള്ള പ്രദേശത്ത് കഞ്ചാവ് വിൽപ്പനയും വ്യാജ മദ്യവും തകൃതിയായി നടക്കുന്നുണ്ട്. പേരിന് ചില റെയ്ഡുകൾ നടത്തി തൊണ്ടി മുതലുകൾ പിടിക്കുന്നു എന്നല്ലാതെ പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെ ഏറ്റവും വലിയ കോട ശേഖരം കണ്ടെത്തിയിട്ട് അതിലെ പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. നിലവിൽ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുൾപ്പെടെയുള്ള പൊലീസുകാർ ക്വാറന്റൈനിലായതിനാൽ സ്റ്റേഷനിൽ വേണ്ടത്ര പൊലീസ് ഉദ്യോഗസ്ഥരില്ല. ഈ സാഹചര്യത്തിൽ പൊലീസിന് അന്വേഷണം നടത്താൻ പരിമിതികളുണ്ട്. എക്സൈസ് നിഷ്‌ക്രിയത്വം കാണിക്കുന്നതിനാൽ മാഫിയാ സംഘങ്ങൾ കൂസലന്യേന വിലസുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP