Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൾഫിൽ നിന്നുള്ള നിർമ്മാതാക്കൾ ഇല്ലാതാവുന്നതോടെ ലോ ബഡ്ജറ്റ് പടങ്ങൾ ഇല്ലാതാവും; ചാനലുകളും പ്രതിസന്ധിയിൽ ആയതോടെ സാറ്റലൈറ്റ് റൈറ്റും കുത്തനെ ഇടിയും; ഓവർസീസ് റിലീസിലൂടെയുള്ള വരുമാനവും നിലയ്ക്കുന്ന അവസ്ഥ; ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് കടന്നാൽ പോലും വിറ്റുപോകുക ചുരുക്കം സിനിമകൾ മാത്രം; മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർതാരങ്ങളും പ്രതിഫലം കുറച്ച് അഭിനയിക്കേണ്ടി വരും; കോവിഡ് കാലം 'കോമ സ്‌റ്റേജിൽ' ആക്കിയ മലയാളസിനിമാ ലോകം നേരിടാൻ പോകുന്നത് വമ്പൻ പ്രതിസന്ധി

ഗൾഫിൽ നിന്നുള്ള നിർമ്മാതാക്കൾ ഇല്ലാതാവുന്നതോടെ ലോ ബഡ്ജറ്റ് പടങ്ങൾ ഇല്ലാതാവും; ചാനലുകളും പ്രതിസന്ധിയിൽ ആയതോടെ സാറ്റലൈറ്റ് റൈറ്റും കുത്തനെ ഇടിയും; ഓവർസീസ് റിലീസിലൂടെയുള്ള വരുമാനവും നിലയ്ക്കുന്ന അവസ്ഥ; ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് കടന്നാൽ പോലും വിറ്റുപോകുക ചുരുക്കം സിനിമകൾ മാത്രം; മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർതാരങ്ങളും പ്രതിഫലം കുറച്ച് അഭിനയിക്കേണ്ടി വരും; കോവിഡ് കാലം 'കോമ സ്‌റ്റേജിൽ' ആക്കിയ മലയാളസിനിമാ ലോകം നേരിടാൻ പോകുന്നത് വമ്പൻ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണയിലെ വിലക്കുകൾ നീങ്ങിയാലും സിനിമാ ലോകം നേരിടാൻ പോകുന്നത് വമ്പൻ പ്രതിസന്ധി. സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങളെ പോലും ബാധിക്കുന്ന തരത്തിലേക്ക് ആഗോള തലത്തിൽ കോവിഡുണ്ടാക്കിയ പ്രത്യാഘാതങ്ങൾ മാറുമ്പോൾ അത് മലയാള സിനിമയേയും വല്ലാത്ത അവസ്ഥയിലാക്കും. മലയാള സിനിമകൾ പലതും നിർമ്മിക്കുന്നത് ഗൾഫ് പണത്തിന്റെ കരുത്തിലാണ്. എന്നാൽ കൊറോണ ഏറ്റവും മോശമായി ബാധിച്ചത് ഗൾഫ് മേഖലയിലാണ്. അതുകൊണ്ടു തന്നെ ഗൾഫിൽ നിന്ന് ആരും കുറച്ചു കാലത്തേക്ക് പണം മുടക്കാൻ എത്തില്ല. ഇതോടെ ഒന്നോ രണ്ടോ വമ്പൻ ബ്രാൻഡുകൾക്കൊഴികെ ആർക്കും സിനിമ നിർമ്മിക്കാനുള്ള സാമ്പത്തിക കരുത്തും ഇല്ലാതെയാകും. തിയേറ്ററുകളിൽ ആളെത്തുമോ എന്നതടക്കമുള്ള പ്രശ്‌നങ്ങൾ ഇപ്പോഴുമുണ്ട്. ചെറിയ സിനിമാ സംവിധായകർ തീർത്തും പ്രതിസന്ധിയിലാക്കുന്നതാണ് കൊറോണാനന്തര പ്രതിസന്ധി.

കോവിഡ് 19 ന്റെ വ്യാപനം തടയാൻ സർക്കാർ നിർദ്ദേശമനുസരിച്ച് ഷൂട്ടിങ്ങ് നിർത്തി വെച്ച സിനിമകളുടേയും വലിയ സെറ്റ് വർക്കുകൾ പൂർത്തിയാക്കി ആരംഭിക്കാനിരുന്ന സിനിമകളുടേയും ഷൂട്ടിങ്ങ് തുടങ്ങുവാൻ സർക്കാർ അനുഭാവം കാണിച്ച പശ്ചാത്തലത്തിൽ ഫെഫ്കയുടെ നിർദ്ദേശ പ്രകാരം ഡയറക്ടേഴ്‌സ് യൂണിയൻ തയ്യാറാക്കിയ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച കരട് പ്രോട്ടോക്കോൾ നിർദ്ദേശങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ ഷൂട്ടിങ് നടക്കുന്ന സിനിമകൾ മുമ്പോട്ട് പോയാലും പുതിയ ചിത്രങ്ങൾക്ക് കുറച്ചു കാലം നിർമ്മാതാക്കളെ കിട്ടില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. തിയേറ്ററുകളിലേക്ക് കോവിഡ് വ്യാപനം കുറഞ്ഞാൽ മാത്രമേ ആളെത്തുകയുള്ളൂ. ഇതിന് എത്രകാലം എടുക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ഇതാണ് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നത്. വൈറസിനെതിരെ വലിയ മുൻകരുതലെടുക്കുന്ന മലയാളികൾ കോവിഡു കാലത്ത് തിയേറ്ററിനുള്ളിലെ സിനിമ കാണൽ പ്രോത്സാഹിപ്പിക്കില്ലെന്നാണ് നിർമ്മാതാക്കളിൽ വലിയൊരു വിഭാഗവും വിലയിരുത്തുന്നത്.

തിയേറ്ററിൽ മിക്ക സിനിമകളുടെ ലാഭത്തിൽ ആകാറില്ല. സാറ്റലൈറ്റ് റൈറ്റ് വിൽപ്പനയിലൂടെയാണ് ഇതിലെ നഷ്ടം കുറയ്ക്കുന്നത്. കോവിഡുകാലത്ത് ചാനലുകളും പ്രതിസന്ധിയിലാണ്. പരസ്യ വരുമാനം കുറയാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സാറ്റലൈറ്റ് റൈറ്റിൽ വലിയ ഉയർച്ച ഇനി കിട്ടില്ല. ഇതും സിനിമയിലെ മുടക്ക് മുതൽ തിരിച്ചു പിടിക്കാൻ പ്രയാസമാണ്. ഓൺലൈൻ റിലീസിംഗും അത്ര എളുപ്പമല്ല. ആമസോൺ മാത്രമാണ് നിലവിൽ ഓൺലൈൻ റിലീസിന് മലയാള സിനിമകളെ എടുക്കുന്നത്. എന്നാൽ വർഷത്തിൽ 12ൽ കൂടുതൽ സിനിമകൾ വൻ തുക നൽകി വാങ്ങാൻ ആമസോണും തയ്യാറാകില്ല. അതുകൊണ്ട് തന്നെ വമ്പൻ ബ്രാൻഡുകൾക്ക് മാത്രമേ ഈ പരീക്ഷണവും ഗുണകരമാകൂ. ഓഡിയോ റൈറ്റ് വിൽപ്പന മാത്രമാകും ഏക ആശ്വാസം. എന്നാൽ അതും ചെറുകിടക്കാർക്ക് ഗുണമുണ്ടാകില്ല. അങ്ങനെ 120 സിനിമയോളം വർഷത്തിൽ ഇറങ്ങിക്കൊണ്ടിരുന്ന മലയാള സിനിമാ വ്യവസായം വലിയ പ്രതിസന്ധിയെയാണ് നേരിടാൻ പോകുന്നത്.

ഓവർസീസ് റിലീസിലൂടെയും വലിയ വരുമാനം മലയാള സിനിമ ഉണ്ടാക്കിയിരുന്നു. കോവിഡുകാലത്തോടെ ഈ വരുമാനം നിലയ്ക്കും. കോവിഡ് പിടിച്ചുലയ്ക്കുന്ന മലയാള സിനിമയുടെ വിപണി കേന്ദ്രങ്ങളിൽ തിയേറ്ററിൽ എത്തി ചിത്രങ്ങൾ കാണാൻ പ്രേക്ഷകരുണ്ടാകില്ല. ഇതും സിനിമാ വ്യവസായത്തിന് വലിയ തിരിച്ചടിയാകും. 100 കോടിക്ക് മുകളിൽ മുടക്കു മുതലുള്ള സിനിമകളെ ഇത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ ബിഗ് ബജറ്റ് സിനിമകൾക്ക് കുറച്ചു കാലത്തേക്ക് മാന്ദ്യകാലമാകും. നടി നടന്മാർക്കും മറ്റും പ്രതിഫലം നൽകാൻ പോലും കഴിയാത്ത സാഹചര്യത്തിലേക്ക് എല്ലാം എത്തും. മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള നടീ നടന്മാർ പ്രതിഫലം കുറച്ച് അഭിനയിച്ചാൽ മാത്രമേ പ്രതിസന്ധിയെ മറികടക്കാൻ കഴിയൂ.

പ്രതിസന്ധിയിൽ നിരവധി പേർക്ക് തൊഴിൽ നഷ്ടവും ഉണ്ടാകും. ബിഗ് ബജറ്റ് സിനിമകൾക്ക് കോവിഡുകാലത്തെ ഷൂട്ടിങ് പോലും പ്രതിസന്ധിയിലാകും. ഇംഗ്ലണ്ടിലും മറ്റും ഷൂട്ട് ചെയ്യേണ്ട സിനിമകൾ പലതും മുടങ്ങിയ അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ കഴിയുന്നത്ര സിനിമകൾ മുമ്പോട്ട് കൊണ്ടു പോകണമെന്നതാണ് സിനിമാ സംഘടനകളുടെ നിലപാട്. 50 പേരെ വച്ച് സിനിമാ ഷൂട്ടിങ് അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഇതിന് വേണ്ടിയുള്ള സ്‌ക്രിപ്റ്റ് തിരുത്തൽ പോലും പല സിനിമകൾക്കും വേണ്ടി വരും. നിർമ്മാതാവും സംവിധായക ഡിപ്പാർട്ട്‌മെന്റും പ്രൊഡക്ഷൻ കൺട്രോളറും ഷൂട്ടിങ്ങിൽ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം പരമാവധി കുറച്ച് ലിസ്റ്റിടുക. സർക്കാർ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന 50 ആളുകളിലേക്ക് പരിമിതിപ്പെടുത്തുക എന്ന നിർദ്ദേശം സിനിമാ സംഘടനകളും അംഗീകരിക്കും.

ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യവിവരങ്ങൾ പരിചയ സമ്പന്നനായ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ടീം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുക. രോഗ സാധ്യതയുള്ളവരെയും പ്രതിരോധ ശേഷി കുറഞ്ഞവരേയും അവരുടെ സുരക്ഷക്ക് പ്രാധാന്യം നൽകി മാറ്റി നിർത്തുക . ഷൂട്ടിങ്ങിലുടനീളം ഈ മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമായിരിക്കണം . ഇവർ നൽകുന്ന റിപ്പോർട്ടും ഡാറ്റയും പ്രൊഡക്ഷൻ ടീമിന്റെ ഉത്തരവാദിത്തത്തിലാണ് സൂക്ഷിക്കേണ്ടത് .ഡോക്ടറുടെ അനുവാദത്തോടെ ആളുകൾ നിലവിൽ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളുടെ ആവശ്യകതയും ലഭ്യതയും ഉറപ്പ് വരുത്തുക .

പ്രതിരോധ ശേഷി വർദ്ധിക്കാനുള്ള ഹോമിയോപതി/ ആയുർവ്വേദ മരുന്നുകൾ എല്ലാ യൂണിറ്റ് അംഗങ്ങൾക്കും ലഭ്യമാക്കുക. 65 വയസ്സിന് മുകളിലുള്ളവരെ ഡോക്ടറുടെ പ്രത്യേക അനുവാദത്തോടെ മാത്രം പങ്കെടുപ്പിക്കുക. സെറ്റിൽ വരുന്ന ഓരോ ആളിനേയും തെർമൽ & ഒപ്റ്റിക്കൽ ഇമേജിങ്ങ് ക്യാമറ ഗേറ്റിലൂടെ കടത്തിവിട്ട് രോഗ സാധ്യത പരിശോധിക്കുക-ഇങ്ങനെ പോകുന്നു സിനിമാക്കാരുടെ മാർഗ്ഗ നിർദ്ദേശങ്ങൾ. സെറ്റിൽ സന്ദർശകരെ കർശനമായും ഒഴിവാക്കുകയും ചെയ്യും.

മെയ്ക്കപ്പ് ആർട്ടിസ്റ്റുകൾ ജോലി തുടങ്ങുന്നതിന് മുമ്പ് ആർട്ടിസ്റ്റുകളുടെ മുമ്പിൽ വെച്ച് തന്നെ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമായി അവർക്ക് ആത്മവിശ്വാസം പകരാൻ ശ്രദ്ധിക്കണമെന്നത് ഉൾപ്പെടെയുള്ള മാർഗ്ഗ നിർദ്ദേശമാണ് ഫെഫ്ക മുമ്പോട്ട് വയ്ക്കുന്നത്. ഷൂട്ടിങ്ങ് ലൊക്കേഷൻ , വാഹനങ്ങൾ , ഹോട്ടൽ മുറികൾ എന്നിവിടങ്ങളിൽ ആളുകളുടെ കൃത്യമായ എണ്ണം കണക്കാക്കി സാമൂഹിക അകലം പാലിക്കാൻ ആവശ്യമായ മുറികളുടേയും വാഹനങ്ങളുടെയും എണ്ണവും സൗകര്യവും നടപ്പിലാക്കുക എന്നതാണ് മറ്റൊരു നിർദ്ദേശം. ഒരൊറ്റ ആളിന് പിഴവ് സംഭവിച്ചാൽ മതി ഷൂട്ടിങ്ങ് നിർത്തിവെച്ച് മുഴുവൻ ക്രൂവും കൊറന്റൈനിൽ പോകേണ്ടിവരും. ആയതിനാൽ കോവിഡ് 19 നെതിരെ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും സിനിമാ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP