Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വന്തമെന്ന് പറയാൻ ഒരു പിടി മണ്ണ്.. കയറിക്കിടക്കാനൊരു വീട്... മക്കൾക്ക് നല്ല വിദ്യാഭ്യാസം; സിമി സൗദിയിലേക്ക് വിമാനം കയറിയത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്‌നങ്ങളും ചുമലിലേന്തി; സ്വീപ്പർ ജോലി ചെയ്‌തെങ്കിലും കുടുംബം തളിർക്കുമെന്ന പ്രതീക്ഷകൾ വെറുതേയായി; സ്വപ്നങ്ങളൊന്നും പൂവണിയും മുമ്പ് കൊറോണ ജീവനും തട്ടിയെടുത്തു; അമ്മയ്ക്ക് അന്ത്യചുംബനം പോലും നൽകാൻ സാധിക്കാത്തതിന്റെ വേദനയിൽ മക്കളായ സനികയും റിച്ചവും; സിമി ജോർജ്ജിന്റെ വിയോഗത്തിൽ തേങ്ങി നാട്

സ്വന്തമെന്ന് പറയാൻ ഒരു പിടി മണ്ണ്.. കയറിക്കിടക്കാനൊരു വീട്... മക്കൾക്ക് നല്ല വിദ്യാഭ്യാസം; സിമി സൗദിയിലേക്ക് വിമാനം കയറിയത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്‌നങ്ങളും ചുമലിലേന്തി; സ്വീപ്പർ ജോലി ചെയ്‌തെങ്കിലും കുടുംബം തളിർക്കുമെന്ന പ്രതീക്ഷകൾ വെറുതേയായി; സ്വപ്നങ്ങളൊന്നും പൂവണിയും മുമ്പ് കൊറോണ ജീവനും തട്ടിയെടുത്തു; അമ്മയ്ക്ക് അന്ത്യചുംബനം പോലും നൽകാൻ സാധിക്കാത്തതിന്റെ വേദനയിൽ മക്കളായ സനികയും റിച്ചവും; സിമി ജോർജ്ജിന്റെ വിയോഗത്തിൽ തേങ്ങി നാട്

എസ് രാജീവ്

തിരുവല്ല: സ്വന്തമെന്ന് പറയാൻ ഒരു പിടി മണ്ണ്.. കയറിക്കിടക്കാനൊരു വീട്... മൂന്നാം വർഷ ബി എസ് സി വിദ്യാർത്ഥിനിയായ മകളുടെ ഉപരിപഠനം... അതിന് ശേഷമുള്ള മകളുടെ വിവാഹം... പ്ലസ് വൺ വിദ്യാർത്ഥിയായ മകന്റെ എൻജിനീയറിങ് പഠനമെന്ന സ്വപ്നം.... ഇങ്ങനെ ഒരു കുടുംബത്തിന്റെ നൂറായിരം സ്വപ്നങ്ങൾ പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സിമി ജോർജ്ജെന്ന നാൽപ്പത്തഞ്ചുകാരി മൂന്ന് വർഷം മുമ്പ് നെടുമ്പാശ്ശേരിയിൽ നിന്നും സൗദിയിലെ ജിദ്ദയിലേക്ക് വിമാനം കയറിയത്. പക്ഷേ ആ മോഹങ്ങളെല്ലാം കൊറോണയെന്ന ഭീകരൻ ഞൊടിയിട കൊണ്ട് തട്ടിയെടുത്തപ്പോൾ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ തന്നെ മൊത്തം പ്രതീക്ഷകളാണ്.

സിമി വിട പറയുന്നത് നാട്ടിലേക്കുള്ള അടുത്ത വരവിന് മുമ്പായി രണ്ട് സെന്റ് ഭൂമിയെങ്കിലും സ്വന്തമാക്കി കയറിക്കിടക്കാൻ ചെറിയൊരു കൂരയെങ്കിലും നിർമ്മിക്കണമെന്നതടക്കമുള്ള ആഗ്രഹങ്ങൾ ബാക്കിയാക്കി... കോവിഡ് ബാധിച്ച് ജിദ്ദയിലെ കിങ്ങ് അബ്ദുൾ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങിയ തിരുവല്ല കോട്ടത്തോട് പരിയാരത്ത് വീട്ടിൽ സുരേഷ് ആനന്ദിന്റെ ഭാര്യ സിമി ജോർജ്ജിന്റെ (45) അപ്രതീക്ഷിത മരണമാണ് ഒരു കുടുംബത്തിന്റെയും നാടിന്റെ മുഴുവനുമായ വേദനയായി മാറുന്നത്.

കുടുംബ സുഹൃത്ത് വഴിയാണ് മൂന്ന് വർഷം മുമ്പ് ജിദ്ദയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സ്വീപ്പർ തസ്‌കയിലേക്ക് സിമിക്ക് ജോലി ലഭിച്ചത്. ജിദ്ദയിലേക്ക് പോകും വരെ തിരുവല്ല നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഫോട്ടോസ്റ്റാറ്റ് കോപ്പി എടുത്തു നൽകുന്ന ജോലിയായിരുന്നു സിമിക്ക്. കൂലിപ്പണിക്കാരനായ ഭർത്താവ് സുരേഷിന്റെയും ഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തിൽ നിന്നും തനിക്ക് ലഭിക്കുന്ന തുശ്ചമായ ശമ്പളവും കൊണ്ടു മാത്രം വീടിന്റെ വാടകയും പഠനത്തിൽ മിടുമിടുക്കരായ മക്കളുടെ ഭാവി സ്വപ്നങ്ങളും സ്വന്തമായൊരു വീടെന്ന മോഹവും പൂർത്തിയാക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് സിമിയെ തേടിയെത്തിയ ജോലിക്ക് ജിദ്ദയിലേക്ക് പോകാൻ ഭർത്താവും മക്കളായ സനികയും റിച്ചുവും പാതി മനസോടെ സമ്മതം മൂളിയത്.

സിമി ജിദ്ദയിലേക്ക് പോയതോടെ മക്കളായ സനികയെയും റിച്ചുവിനെയും കറുകച്ചാലിൽ താമസിക്കുന്ന സിമിയുടെ സഹോദരി ഗീത കറുകച്ചാലിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ജിദ്ദയിലെത്തി അടുത്ത മാസം മുതൽ തന്നെ ലഭിച്ചിരുന്ന ശമ്പളത്തിൽ നിന്നും സ്വന്തം ചെലവിലേക്കുള്ള ചെറിയ തുക കഴിഞ്ഞ് ബാക്കി പണം ഭർത്താവിന്റെയും തന്റെയും പേരിലുള്ള അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്തു വരികയായിരുന്നു. ജിദ്ദയിലേക്ക് പോയ ശേഷം ആദ്യമായി അവധിക്ക് നാട്ടിൽ  വന്ന സിമി 2019 മാർച്ച് 12 നാണ് തിരികെ പോയത്. അടുത്ത വരവിന് മുമ്പെങ്കിലും സ്വന്തമായി രണ്ട് സെന്റ് ഭൂമിയെങ്കിലും സ്വന്തമായി വാങ്ങി അതിലൊരു ചെറിയ വീട് വെയ്ക്കാമെന്ന ആഗ്രഹം പങ്കു വച്ചാണ് സിമി മടങ്ങിയതെന്ന് ബന്ധുക്കൾ വിതുമ്പലോടെ ഓർക്കുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ ഒരാഴ്ച മുമ്പാണ് സിമിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

നാല് ദിവസം മുമ്പ് കിഡ്നി അടക്കമുള്ള ആന്തരാവയവങ്ങളിലേക്ക് അണുബാധ പടർന്നു. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ സിമി തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ചങ്ങനാശേരി കുറിച്ചി പുത്തൻ പറമ്പിൽ ജോർജ് - മേരി ദമ്പതികളുടെ മകളാണ് സിമി. മക്കളായ സനിക എസ് ആനന്ദ് കോട്ടയം സി എം എസ് കോളേജിലെ മൂന്നാം വർഷ ബി എസ് സി വിദ്യാർത്ഥിനിയും മകൻ റിച്ചു എസ് അനന്ദ്'കോട്ടയം സി എം എസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമാണ്. സിമിയുടെ സംസ്‌കാരം ജിദ്ദയിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP