Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് 19: ടെസ്റ്റിങ് കിറ്റുകളുടെ ഉത്പാദനത്തിനായി ടാറ്റ സൺസ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടുമായി പങ്കാളികളാകുന്നു; പരിശോധനയ്ക്കുള്ള ആർടി-ലാംപ് സാങ്കേതികവിദ്യയുടെ വാണിജ്യവത്കരണം അതിവേഗത്തിലാകും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയു (എസ്സിടിഐഎംഎസ്ടി) മായി ചേർന്ന് കോവിഡ് 19 പരിശോധനാ കിറ്റുകളുടെ ഉത്പാദനം ആരംഭിക്കുന്നു. കോവിഡ് 19 കണ്ടെത്തുന്നതിനായി റിവേഴ്‌സ് ട്രാൻസ്‌ക്രിപ്‌റ്റേയ്‌സ് ലൂപ് മീഡിയേറ്റഡ് ആംപ്ലിഫിക്കേഷൻ (ആർടി-ലാംപ്) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കിറ്റുകൾ ഉപയോഗിക്കുന്നതോടെ ഇന്ത്യയെങ്ങുമുള്ള ലാബുകളിൽ കുറഞ്ഞ സമയത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കാൻ സാധിക്കും. ഉടൻതന്നെ ഈ പരിശോധനകൾക്ക് അംഗീകാരം ലഭിക്കുമെന്നും തുടർന്ന് ഉത്പാദനവും ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

സിഎസ്‌ഐആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ടാറ്റ സൺസിന്റെ സഹകരണത്തിനു പിന്നാലെയാണ് സിആർഐഎസ്‌പിആർ അടിസ്ഥാനമാക്കിയുള്ള കോവിഡ് ടെസ്റ്റ് കിറ്റിനായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടുമായി പങ്കാളികളാകുന്നത്.

ചികിത്സാകേന്ദ്രത്തിൽ തന്നെ ഉപയോഗിക്കാൻ സാധിക്കുന്നതാണ് ആർടി-ലാംപ് സാങ്കേതികവിദ്യ. നിലവിലുള്ള റിയൽടൈം പിസിആർ സാങ്കേതികവിദ്യയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ തോതിൽ സങ്കീർണതകൾ ഒഴിവാക്കുന്നതാണ് ചിത്ര ജീൻ ലാംപ് എൻ ടെസ്റ്റ്. വൈറൽ ഡിഎൻഎയുടെ ഐസോതെർമൽ പകർപ്പുകൾ സൃഷ്ടിച്ചാണ് പരിശോധന നടത്തുന്നത്. കൂടാതെ ഈ പരിശോധന മാഗ്‌നറ്റിക് നാനോപാർട്ടിക്കിളുകളെ അടിസ്ഥാനമാക്കിയുള്ള ആർഎൻഎ വേർതിരിക്കൽ നടത്തുന്നതിനാൽ ഉയർന്ന ശുദ്ധിയും സാന്ദ്രതയുമുള്ള ആർഎൻഎകളെ സ്വാബ് സാംപിളിൽനിന്ന് കണ്ടെത്താനാവും.

ആഗോളതലത്തിലെ പകർച്ചവ്യാധിക്കെതിരേ പോരാടുന്നതിന് ടാറ്റ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് ടാറ്റ സൺസ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേയ്‌സ് പ്രസിഡന്റ് ബെന്മാലി അഗ്രവാല പറഞ്ഞു. കോവിഡ് 19-നെതിരേയുള്ള പോരാട്ടത്തിൽ നേരത്തെ രോഗം കണ്ടെത്തുന്നതും ചികിത്സ നടത്തുന്നതും വളരെ പ്രധാനമാണ്. കൂടുതൽ പരിശോധനകൾ നടത്തുന്നതിന് അനുസരിച്ച് കൂടുതൽ ടെസ്റ്റ് കിറ്റുകൾ ആവശ്യമായി വരും. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള സഹകരണത്തിലൂടെ തദ്ദേശീയമായ രണ്ടാം തലമുറ ടെസ്റ്റിങ് കിറ്റുകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും പരിശോധനയുടെ വേഗം വർദ്ധിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നതിനും സഹായിക്കും.

ടാറ്റ ഗ്രൂപ്പിന്റെ പിന്തുണയോടെ ആർടി-ലാംബ് അടിസ്ഥാനമാക്കിയുള്ള കോവിഡ് 19 ടെസ്റ്റിങ് കിറ്റുകൾ വലിയ തോതിൽ ഉത്പാദിപ്പിക്കുന്നത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാര്യത്തിൽ നാഴികക്കല്ലാണെന്ന് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി പ്രസിഡന്റും നീതി ആയോഗ് അംഗവുമായ ഡോ. വി.കെ. സരസ്വത് പറഞ്ഞു. ഈ അടിയന്തര ഘട്ടത്തിൽ രാജ്യത്തിന് സേവനം ചെയ്യുന്നതിനായി പങ്കാളികളായ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണവികസന ടീമുകളേയും ടാറ്റ ഗ്രൂപ്പിനേയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സവിശേഷമായതും ചെലവു കുറഞ്ഞതും വളരെ എളുപ്പമുള്ളതുമായ കോവിഡ് 19 പരിശോധന ശ്രീചിത്ര വികസിപ്പിച്ചെടുത്തത് റിക്കോഡ് സമയപരിധിയിലാണെന്ന് സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പ് സെക്രട്ടറി പ്രഫ. അശുതോഷ് ശർമ്മ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP