Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനിതാ ക്യാമ്പും സമ്മേളനവും നടക്കുമ്പോൾ സെക്രട്ടറിയായി വന്നു അവരുടെ അരഞ്ഞാണങ്ങൾ രാത്രി അടിച്ചു കൊണ്ട് പോയാൽ എന്ത് ചെയ്യാൻ കഴിയുമെന്ന ചോദ്യം കേട്ട് വെട്ടിലായത് മുല്ലപ്പള്ളി രാമചന്ദ്രൻ; ഡിസിസി ഭാരവാഹി രഹസ്യസ്ഥലത്തുകൊണ്ടുപോയി കൂമ്പിനിടിച്ച മോഷ്ടാവിനെയാണ് നിങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്നും മുഖത്ത് നോക്കി പറഞ്ഞത് എംപിമാരിൽ പ്രധാനി; ഭാരവാഹി പട്ടികയെ പ്രതിസന്ധിയിലാക്കി കാസർകോട്ടെ പഴയ മോഷണ വിവാദം; കെപിസിസിയിൽ പുകയുന്ന വിവാദം ഇങ്ങനെ

വനിതാ ക്യാമ്പും സമ്മേളനവും നടക്കുമ്പോൾ സെക്രട്ടറിയായി വന്നു അവരുടെ അരഞ്ഞാണങ്ങൾ രാത്രി അടിച്ചു കൊണ്ട് പോയാൽ എന്ത് ചെയ്യാൻ കഴിയുമെന്ന ചോദ്യം കേട്ട് വെട്ടിലായത് മുല്ലപ്പള്ളി രാമചന്ദ്രൻ; ഡിസിസി ഭാരവാഹി രഹസ്യസ്ഥലത്തുകൊണ്ടുപോയി കൂമ്പിനിടിച്ച മോഷ്ടാവിനെയാണ് നിങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്നും മുഖത്ത് നോക്കി പറഞ്ഞത് എംപിമാരിൽ പ്രധാനി; ഭാരവാഹി പട്ടികയെ പ്രതിസന്ധിയിലാക്കി കാസർകോട്ടെ പഴയ മോഷണ വിവാദം; കെപിസിസിയിൽ പുകയുന്ന വിവാദം ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: കാസർകോട്ടെ ഒരു ലക്ഷം രൂപയുടെ മോഷണവിവാദവുമായി ബന്ധപ്പെട്ട് കെപിസിസിയിൽ പൊട്ടിത്തെറി. കഴിഞ്ഞ കെപിസിസി പ്രസിഡന്റ് എം.എം.ഹസന്റെ കേരള ജാഥയുമായി ബന്ധപ്പെട്ട് നടന്ന ഒരു ലക്ഷത്തിന്റെ മോഷണവിവാദമാണ് ഇപ്പോൾ കെപിസിസി ഭാരവാഹി ലിസ്റ്റുമായി ബന്ധപ്പെട്ട് വീണ്ടും ഉയർന്നത്. മോഷണത്തിൽ ആരോപണ വിധേയനായ യൂത്ത് കോൺഗ്രസ് നേതാവ് കെപിസിസി ഭാരവാഹിപ്പട്ടികയിൽ സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടതോടെയാണ് മോഷണ വിവാദം ഉന്നത നേതാക്കൾ തന്നെ കെപിസിസി പ്രസിഡന്റിന്റെ മുന്നിൽ കൊണ്ടുവന്നത്. മുല്ലപ്പള്ളിയും മറ്റും നേതാക്കളും കെപിസിസി ഓഫീസിനു പുറത്ത് നിൽക്കുമ്പോൾ സുരേഷ് ഗോപി സ്‌റ്റൈലിൽ മുല്ലപ്പള്ളിയോട് പൊട്ടിത്തെറിച്ച ഉന്നത നേതാവാണ് പ്രശ്‌നം വീണ്ടും വിവാദമാക്കിയത്.

ഒരു ലക്ഷം രൂപയുടെ മോഷണം കയ്യോടെ പൊക്കിയപ്പോൾ കാസർകോടെ ഡിസിസി ഭാരവാഹി രഹസ്യസ്ഥലത്തുകൊണ്ടുപോയി കൂമ്പിനിടിച്ച നേതാവിനെയാണ് നിങ്ങൾ കെപിസിസി സെക്രട്ടറി ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. വനിതാ ക്യാമ്പും സമ്മേളനവുമൊക്കെ നടക്കുമ്പോൾ കെപിസിസി സെക്രട്ടറിയായി സ്ഥലത്ത് വന്നു അവരുടെ അരഞ്ഞാണങ്ങൾ രാത്രി അടിച്ചു കൊണ്ട് പോയാൽ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്നാണ് സംസ്ഥാനത്തെ പ്രബലനേതാവ് മുല്ലപ്പള്ളിയോട് ചോദിച്ചത്. മുല്ലപ്പള്ളിയോടൊപ്പം ഉന്നത നേതാക്കൾ നിൽക്കുമ്പോഴാണ് ഉന്നതൻ പൊട്ടിത്തെറിച്ചത്. മോഷണവിവാദം പൊട്ടിത്തെറിക്ക് വഴിവെച്ചതോടെ ഭാരവാഹിപ്പട്ടിക ഇനിയും വൈകാനാണ് സാധ്യത.

വളരെ ക്ലേശിച്ച് എ-ഐ ഗ്രൂപ്പ് നേതാക്കളുടെ സഹായത്തോടെ മുല്ലപ്പള്ളി ജനറൽ സെക്രട്ടറിമാർക്കും വൈസ് പ്രസിഡന്റുമാർക്കും ഏകോപന ചുമതല കൈമാറിയത് കഴിഞ്ഞ ദിവസമാണ്. പാർട്ടി ചുമതകൾ ജനറൽ സെക്രട്ടറിമാർക്ക് മാത്രം വീതിച്ച് നൽകുന്ന കീഴ്‌വഴക്കം നിലനിൽക്കുമ്പോൾ ഇക്കുറി വൈസ് പ്രസിഡന്റുമാർക്കും മുല്ലപ്പള്ളി ചുമതലകൾ നൽകിയിട്ടുണ്ട്. എല്ലാം ഗ്രൂപ്പ് പോരുകൾ ശമിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായിരുന്നു. ഇങ്ങനെ ഈ പ്രശ്‌നം പരിഹരിച്ച് ഭാരവാഹി ലിസ്റ്റിനായി ഹൈക്കമാൻഡിൽ കണ്ണും നട്ടിരിക്കെവെയാണ് മോഷണവിവാദം മുല്ലപ്പള്ളിയുടെയും മറ്റു നേതാക്കളുടെയും ഉറക്കം കെടുത്തി പൊട്ടിത്തെറിയുടെ രൂപത്തിൽ വരുന്നത്. സംസ്ഥാനത്തെ പ്രമുഖ ലോക്‌സഭാ അംഗമാണ് കാസർകോട്ടെ വിവാദം ചർച്ചയാക്കുന്നത്.

കാസർകോട് ഹസന്റെ യാത്രയുമായി ബന്ധപ്പെട്ടു നടന്ന സംഭവം പാർട്ടിയിലെ അത്യുന്നതനാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രദ്ധയിൽപ്പെടുത്തി പൊട്ടിത്തെറിച്ചത്. ആശയക്കുഴപ്പത്തിലായ മുല്ലപ്പള്ളി രാമചന്ദ്രൻ ഈ നേതാവിനെ ലിസ്റ്റിൽ നിന്നും വെട്ടാനുള്ള ശ്രമത്തിലാണ്. ആന്റണിയുടെയും കെ.വി.തോമസിന്റെയും പേര് പറഞ്ഞാണ് നേതാവ് പട്ടികയിൽ ഇടംപിടിച്ചതെങ്കിലും തന്റെ പേര് പറഞ്ഞു ഒരു മോഷ്ടാവിനെ കെപിസിസി സെക്രട്ടറി പദവിയിൽ അവരോധിക്കുന്നതിൽ ആന്റണിക്കും പ്രതിഷേധമുണ്ടെന്നാണ് അറിഞ്ഞത്. എന്ത് സംഭവിച്ചാണെങ്കിലും തന്റെ പേര് ലിസ്റ്റിൽ ഇടംപിടിക്കുമെന്നാണ് വിവാദം അറിഞ്ഞപ്പോൾ ഈ നേതാവിന്റെ പ്രതികരണം.

ഇതോടെ മുല്ലപ്പള്ളിയും ആശയക്കുഴപ്പത്തിലാണ്. ഈ നേതാവിനെ അനുകൂലിച്ച നേതാക്കൾ തന്റെ നേരെ തിരിയുമോ എന്നാണ് മുല്ലപ്പള്ളിയുടെ ആശങ്ക. കഴിഞ്ഞ പ്രസിഡന്റിന്റെ കാലത്ത് നടന്ന മോഷണ വിവാദം ഓർക്കാപ്പുറത്ത് കെപിസിസിയിൽ പൊട്ടിത്തെറിക്ക് വഴിവെക്കുമെന്ന് ഒരു നേതാവും കരുതിയതല്ല. കെപിസിസി ഓഫീസിനു മുന്നിൽവെച്ച് മുല്ലപ്പള്ളിയടക്കമുള്ള നേതാക്കളോട് കാസർകോടെ ഉന്നതൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കെപിസിസി ലിസ്റ്റ് വിവാദം കടന്നുവരുകയും മുല്ലപ്പള്ളിയോട് സുരേഷ് ഗോപി സ്‌റ്റൈലിൽ പ്രധാന നേതാവ് പൊട്ടിത്തെറിച്ചത്. ഇതോടെ സംഭവത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് മുല്ലപ്പള്ളിയും ആലോചിച്ച് തുടങ്ങിയിട്ടുണ്ട്. മോഷണവിവാദത്തിൽ തുടങ്ങിയ പൊട്ടിത്തെറി ഇനി മറ്റു നേതാക്കൾ ഏറ്റുപിടിക്കുമോ എന്നാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ഉറ്റുനോക്കുന്നത്. പ്രശ്‌നം പരിഹൃതമായില്ലെങ്കിൽ ജംബോ ലിസ്റ്റ് ഇനിയും വൈകാൻ ഇടയുണ്ട്.

കെപിസിസിയിൽ പുതിയ പൊട്ടിത്തെറിക്ക് വഴിവെച്ച മോഷണവിവാദത്തിന്റെ കഥ ഇങ്ങനെ:

മുൻ കെപിസിസി പ്രസിഡന്റിന്റെ കേരള യാത്ര. നേതാക്കളിൽ പലരും കാസർകോട്. ഉന്നത കോൺഗ്രസ് നേതാവ് അടക്കമുള്ളവർ കാസർകോടെയ്ക്ക് ട്രെയിനിൽ തിരിക്കുന്നു. ഒരു ജില്ല കോൺഗ്രസ് സെക്രട്ടറി കാസർകോടിന് മുൻപ് തന്നെ നേതാക്കളെ വിളിക്കുന്നു. കാസർകോട് അങ്ങനെ നല്ല റൂം കിട്ടില്ല. നിങ്ങൾ കാഞ്ഞങ്ങാട് ട്രെയിൻ ഇറങ്ങൂ. ഞങ്ങൾ റൂം അറേഞ്ച് ചെയ്ത് തരാം എന്ന് പറയുന്നു. നേതാക്കൾ കാഞ്ഞങ്ങാട് ഇറങ്ങുന്നു. ഉന്നത നേതാവിന് കാസർകോടെ ഭാരവാഹി സ്വന്തം വീട് തന്നെ വിട്ടു നൽകുന്നു. എസി റൂമിൽ തന്നെ നേതാവിനെ താമസിപ്പിച്ച ഭാരവാഹി സ്വന്തം കാറും സഞ്ചരിക്കാൻ വിട്ടു നൽകി. ഒപ്പം അകമ്പടി സേവിക്കാൻ ഒരു കോൺഗ്രസ് ഭാരവാഹിയേയും വിട്ടു നൽകി. അപ്പോൾ ഡിസിസി ഭാരവാഹി ഒരു കാര്യം നേതാവിനോട് പറഞ്ഞു.

കാറിന്റെ ബാക്ക് സീറ്റിൽ ഒരു ലക്ഷം രൂപ ഇരിപ്പുണ്ട്. അത് ഒന്ന് സുരക്ഷിതമാക്കി വയ്ക്കാൻ ഡ്രൈവറോടു പറയണം. അല്ലെങ്കിൽ ഒന്ന് എടുത്ത് ഡാഷ് ബോർഡിൽ വെയ്ക്കണം എന്ന് പറഞ്ഞു. ഡ്രൈവർ പറഞ്ഞു. സീറ്റിൽ പണം ഇരിപ്പുണ്ട്. അത് ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു. കാസർകോട് എത്തിയപ്പോൾ ചാനലുകാർ ചർച്ചയ്ക്ക് വിളിച്ചു. സൗകര്യമായി ഇരിക്കാൻ നേതാവ് കാറിനു അകത്തേക്ക് കയറി. അപ്പോൾ ആരോപണ വിധേയനായ നേതാവും മറ്റൊരു നേതാവും ബാക്ക് ഡോർ തുറന്നു അകത്ത് കയറി. സംസാരം തുടങ്ങി. ബാക്ക് സീറ്റിൽ ആളിരിക്കുന്നത് കണ്ട ഡ്രൈവർ ഓടി വന്നു പറഞ്ഞു. സീറ്റിൽ പണമുണ്ട്. അതൊന്നു എടുക്കണമെന്ന് പറഞ്ഞു. നോക്കുമ്പോൾ കവർ മാത്രം. അതിൽ പണമില്ല. ഡ്രൈവർ ഈ കാര്യം പറഞ്ഞപ്പോൾ നേതാവ് പറഞ്ഞു. നീ ഒന്ന് പരിശോധിക്കണം. പണം എന്റെ കയ്യിലുണ്ടോ എന്ന് നോക്കണം എന്ന് പറഞ്ഞു. പക്ഷെ ഡ്രൈവർ അനങ്ങിയില്ല. നേതാവിനെ പരിശോധിക്കാൻ തയ്യാറായതുമില്ല. ഡ്രൈവർക്ക് വേണമെങ്കിൽ അവരെ പരിശോധിക്കാമായിരുന്നു. ഡ്രൈവർ അതിനു തയ്യാറായില്ല. നേതാക്കൾ ബാക്ക് സീറ്റിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

ഡ്രൈവർ ഡിസിസി ഭാരവാഹിയെ വിളിച്ചു. ഡിസിസി ഭാരവാഹി അപ്പോൾ മുൻ കെപിസിസി അധ്യക്ഷന്റെ മുറിയിൽ ഇരിക്കുകയാണ്. ഡ്രൈവർ കാര്യം പറഞ്ഞപ്പോൾ ഭാര്വാഹിക്ക് പരിഭ്രാന്തിയായി. മുൻ കെപിസിസി പ്രസിഡനന്റ് കാര്യം അന്വേഷിച്ചു. കാറിൽ നിന്ന് പണം മോഷണം പോയി എന്ന് പറഞ്ഞു. അപ്പോൾ നേതാവിനെ കൂടാതെ വേറെ ആര് കാറിൽ വന്നു എന്ന് ചോദിച്ചു. രണ്ടു നേതാക്കളുടെ പേര് പറഞ്ഞു. അവിടെ പോയി പരിശോധിക്കാൻ കെപിസിസി ഉന്നതൻ നിർദ്ദേശിച്ചു. ഇതോടെ ഭാരവാഹി കാറുമായി നേരിട്ട് പോയി. യൂത്ത് കോൺഗ്രസ് നേതാക്കളെ പൊക്കി. ആരുമില്ലാത്ത സ്ഥലത്ത് പോയി. ഉടൻ നേതാവ് വിരട്ടൽ തുടങ്ങി. ഉടൻ നേതാവ് എ.കെ.ആന്റണിയെ വിളിക്കാൻ പറഞ്ഞു. കെ.വി.തോമസിനെ വിളിക്കൂ. ശശി തരൂരിനെ വിളിക്കൂ എന്നൊക്കെ പറഞ്ഞു. ലക്ഷങ്ങൾ എന്റെ കയ്യിൽ നിന്ന് ചെലവാക്കിയാണ് ഞാൻ രാഷ്ട്രീയത്തിൽ വന്നത്. ഒരു പണവും എനിക്ക് എടുക്കേണ്ട കാര്യമില്ല. നിങ്ങൾ എന്നെ അപമാനിക്കരുത്. വിവരം അറിയും. നിങ്ങൾക്ക് എത്ര രൂപ വേണം. എന്റെ കയ്യിൽ നാല് കാർഡ് ഉണ്ട്. രണ്ടു ലക്ഷം രൂപ ഞാൻ എടിഎമ്മിൽ നിന്നും എടുത്ത് തരാം എന്ന് പറഞ്ഞു.

ഡിസിസി ഭാരവാഹി യൂത്ത് കോൺഗ്രസ് നേതാവിന്റെ കഴുത്ത് സ്വന്തം കയ്യിലാക്കി. തല താഴ്‌ത്തിപ്പിടിച്ച് മുട്ടുകൈ കൊണ്ട് നാല് കുത്ത് പുറത്തുകൊടുത്തു. പൊലീസ് രീതിയിൽ മുട്ടുകൊണ്ട് മൂന്നു പ്രഹരം അടിവയറിനും നൽകി. കരഞ്ഞുകൊണ്ട് നേതാവ് എല്ലാം സമ്മതിച്ചു. എന്നെ ഒന്നും ചെയ്യരുത് പണം ഞാൻ നൽകാം എന്ന് പറഞ്ഞു. റൂമിൽ കൂട്ടിക്കൊണ്ടു പോയി എടുത്ത ഒരു ലക്ഷവും കട്ടിലിന് അടിയിൽ നിന്നും എടുത്തുകൊണ്ട് കൊടുത്തു. കതക് കുറ്റിയിട്ടു പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ആരും ഇക്കാര്യം അറിയരുത് എന്ന് പറഞ്ഞു സമ്മതിപ്പിച്ചു. വൈകീട്ട് ആദ്യം കാറിൽ കയറിയ ഉന്നതനും ഡിസിസി ഭാരവാഹിയും ചായ കുടിക്കാൻ കയറി. ലേശം സങ്കോചത്തോടെയാണ് നേതാവ് ഡിസിസി ഭാരവാഹിയെ അഭിമുഖീകരിച്ചത്. താൻ കയറിയ കാറിൽ നിന്നാണല്ലോ പണം പോയത്. പണം തിരികെ കിട്ടിയ കാര്യം ഡിസിസി ഉന്നതൻ അറിയിച്ചിരുന്നുമില്ല. ചായകുടിക്കിടെ ഡിസിസി ഉന്നതൻ പണം ലഭിച്ച കാര്യം നേതാവിനോട് പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ് അല്ലെ പണം എടുത്തത് എന്ന് നേതാവ് തിരികെ ചോദിച്ചു. അത് എങ്ങിനെ മനസിലായി എന്ന് ചോദിച്ചപ്പോൾ അത് എനിക്ക് അറിയാം എന്നായിരുന്നു നേതാവിന്റെ മറുപടി. കാലു പിടിച്ച് തന്റെ ഭാവി കളയരുത് എന്ന് പറഞ്ഞതുമുതൽ എല്ലാം ഡിസിസി ഉന്നതൻ നേതാവിനോട് പറഞ്ഞു. കാസർകോടെ മുഴുവൻ നേതാക്കളും കോൺഗ്രസ് നേതാക്കളും കാര്യം അറിഞ്ഞു. ഉന്നത നേതാവ് ഉടൻ തന്നെ ഡിസിസി ഭാരവാഹിയോടു പരാതി പറയാൻ പറഞ്ഞു. ഡിസിസി നേതാവ് വിചിത്ര മറുപടിയാണ് നൽകിയത്. തിരുവനന്തപുരത്തെ ഒരു പ്രബല നേതാവുണ്ട്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കോടികൾ സമ്പാദിച്ച നേതാവ്. അയാൾ അഴിമതിക്കാരനായിട്ടും പാർട്ടിയുടെ തലപ്പത്തുണ്ട്. ഇത്തരം നേതാക്കൾ അഴിമതി കാട്ടുമ്പോൾ അവരുടെ അഴിമതി വിഹിതം കട്ടുകൊണ്ടുപോകാൻ ഇതുപോലുള്ള നേതാവ് പാർട്ടിയിൽ വേണം. എനിക്ക് എന്റെ പണം തിരികെ ലഭിച്ചു. പണം കട്ടവനെ ഒരു രഹസ്യ സ്ഥലത്തുകൊണ്ടുപോയി കൂമ്പിനിടിച്ച് നല്ല വണ്ണം പ്രഹരിച്ചു. കരഞ്ഞുകൊണ്ട് ഇനി അടിക്കരുത് എന്ന് പറഞ്ഞു അയാൾ കാലിൽ വീഴുകയും ചെയ്തു. ഇനി ഇവനെ എന്തിനു പൊലീസിൽ പിടിപ്പിക്കണം എന്നാണ് ഡിഡിസിസി ഭാരവാഹി പറഞ്ഞത്.

സംഭവം വിവാദമായപ്പോൾ നേതാവിന് പിന്തുണയുമായി കണ്ണൂർ നേതാവ് രംഗത്തെത്തി. ഇതോടെ സംഭവം ഉന്നത പറഞ്ഞ നേതാവ് പറഞ്ഞു. ഗുരുവായൂരപ്പൻ മുന്നിൽ വന്നു ഈ നേതാവ് കള്ളനല്ല എന്ന് പറഞ്ഞാൽ ഞാൻ ഗുരുവായൂരപ്പനോട് പറയും ഇനി ഗുരുവായൂരിൽ പോയി ഞാൻ നിങ്ങൾക്ക് മുന്നിൽ തൊഴില്ല എന്ന്. ഇതോടെ കണ്ണൂർ നേതാവും സമ്മതിച്ചു. തനിക്ക് തെറ്റ് പറ്റിയെന്ന്. ഈ സംഭവങ്ങൾ ഓർമ്മിപ്പിച്ചാണ് നേതാവ് മുല്ലപ്പള്ളിക്ക് മുന്നിൽ പൊട്ടിത്തെറിച്ചത്. കള്ളന്മാർക്ക് വരെ പ്രാതിനിധ്യം നൽകിയ ലിസ്റ്റാണ് നിങ്ങൾ ഇറക്കിയത് എന്ന് പറഞ്ഞാണ് ഈ പൊട്ടിത്തെറി തുടർന്നത്. ഇതോടെയാണ് ഭാരവാഹി ലിസ്റ്റ് വീണ്ടും വെള്ളത്തിലാകുന്നതായി സൂചനകൾ വരുന്നത്. മാസങ്ങളായി തുടരുന്ന തർക്കമാണ് കെപിസിസി സെക്രട്ടറി ലിസ്റ്റിനെ ചൊല്ലി സംസ്ഥാനത്ത് നടക്കുന്നത്. ഗ്രൂപ്പ് തർക്കങ്ങൾക്കും വടംവലികൾക്കുമൊടുവിൽ 84 പേരെ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് കെപിസിസി നേതൃത്വം ഹൈക്കമാന്റിന്നൽകിയത്. ജംബോ പട്ടിക വേണ്ടെന്ന് നിലപാടെടുത്ത കെപിസിസി പ്രസിഡന്റിന്റെ തീരുമാനത്തെ വെട്ടിയൊതുക്കിയാണ് എല്ലാവരും ചേർന്ന് ജംബോ പട്ടിക കൈമാറിയത്. ആ പട്ടികയിൽ സംസ്ഥാന സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട നേതാവാണ് കാസർകോടെ മോഷണത്തിന്റെ പേരിൽ വിവാദത്തിൽ തുടരുന്നത്. ഇയാളുടെ പേര് മുല്ലപ്പള്ളി വെട്ടുമ്പോൾ ഇനി ലിസ്റ്റിന്റെ കാര്യത്തിൽ എന്ത് സംഭവിക്കും എന്നാണ് മറ്റു നേതാക്കളുടെ നോട്ടം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP