Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് പോരാട്ടത്തിൽ രാജ്യത്തെ നയിക്കുന്ന ഐ.സി.എം.ആർ ആസ്ഥാനവും അടച്ചു; ഡൽഹിയിലെ ആസ്ഥാനം അടച്ചത് മുംബൈയിൽ നിന്നെത്തിയ ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്; അണുനശീകരണം നടത്തിയ ശേഷം കോവിഡുമായി ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കുമെന്ന് അധികൃതർ; കോവിഡ് വ്യാപന നിരക്കിൽ മറ്റു രാജ്യങ്ങളെ പിന്തള്ളി കുതിക്കുന്ന ഇന്ത്യയിൽ കടുത്ത ആശങ്ക

കോവിഡ് പോരാട്ടത്തിൽ രാജ്യത്തെ നയിക്കുന്ന ഐ.സി.എം.ആർ ആസ്ഥാനവും അടച്ചു; ഡൽഹിയിലെ ആസ്ഥാനം അടച്ചത് മുംബൈയിൽ നിന്നെത്തിയ ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്; അണുനശീകരണം നടത്തിയ ശേഷം കോവിഡുമായി ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കുമെന്ന് അധികൃതർ; കോവിഡ് വ്യാപന നിരക്കിൽ മറ്റു രാജ്യങ്ങളെ പിന്തള്ളി കുതിക്കുന്ന ഇന്ത്യയിൽ കടുത്ത ആശങ്ക

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് പോരാട്ടത്തിൽ രാജ്യത്തെ നയിക്കുന്നത് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിലെ (ഐ.സി.എം.ആർ) ആണ്. ഐ.സി.എം.ആർ നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് ഇന്ത്യയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രകാരം ഐ.സി.എം.ആറിന്റെ ഡൽഹി ആസ്ഥാനവും കോവിഡ് ഭീതിയിലാണ് എന്നതാണ്. ഐ.സി.എം.ആർ ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐ.സി.എം.ആർ ആസ്ഥാനം അടച്ചു

മുംബൈയിൽ നിന്നെത്തിയ ശാസ്ത്രജ്ഞൻം ഒരാഴ്ച മുമ്പ് ഡൽഹിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. തുടർന്നാണ് ആസ്ഥാനം അണുനശീകരണം നടത്തുന്നതിനായി താൽക്കാലികമായി അടച്ചത്. എന്നാൽ കൊവിഡുമായി ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കും. അതേസമയം ഉത്തരാഖണ്ഡിലെ ടൂറിസം മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അടക്കം എല്ലാ മന്ത്രിമാരും ഹോം ക്വാറന്റീനിൽ പ്രവേശിച്ചു. ഇദ്ദേഹത്തെ എയിംസിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ അഞ്ച് പേരടങ്ങുന്ന കുടുംബത്തിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളിലെ 17 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ വീടിന് സമീപത്ത് താമസിക്കുന്ന 41 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ക്വാറന്റീനിൽ പ്രവേശിക്കുകയായിരുന്നു. മന്ത്രിമാർ വീട്ടിലിരുന്ന് കാര്യങ്ങൾ ഏകോപിപ്പിക്കാനാണ് തീരുമാനം. അതേസമയം, രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. രാജ്യത്ത് ഇന്നലെ മാത്രം 230 പേർ മരിച്ചു. രാജ്യത്തെ രോഗികളുടെ ആകെ എണ്ണം 1,90,535 ആയി. രാജ്യത്ത് അഞ്ചാംഘട്ട ലോക്ഡൗൺ ഇന്ന് മുതൽ പ്രാബല്യത്തിൽ വരികയാണ്. കണ്ടെയ്ന്മെന്റ് സോണുകളിൽ ഈ മാസം 30 വരെയാണ് ലോക്ഡൗൺ.

അമേരിക്കയും ബ്രസീലും റഷ്യയും സ്പെയിനും യുകെയും ഇറ്റലിയുമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ള കൊറോണ രാജ്യങ്ങൾ. ഇതിൽ ഇറ്റലിയെയേയും ഇന്ത്യ മറികടക്കാൻ സാധ്യതയുണ്ട്. ലോകത്ത് അതിവേഗം രോഗം പടരുന്നത് ഇപ്പോൾ ബ്രസീലിലാണ്. അതുകഴിഞ്ഞാൽ റഷ്യ. മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ കുതിക്കുകയാണ്. അമേരിക്കയിലും കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥയിലാണ്. മഹാരാഷ്ട്രയിലും ഡൽഹിയിലും തമിഴ്‌നാട്ടിലും ഗുജറാത്തിലും കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥയിലാണ്. ലോക് ഡൗണിൽ ഇളവുകളുള്ളതിനാൽ എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ് രാജ്യം. കാര്യങ്ങൾ ഇനിയും കൈവിട്ടു പോകാൻ സാധ്യത ഏറെയാണ്.

മുംബൈയിൽ സ്ഥിതി ആശങ്കാ ജനകമാണ്. കോവിഡ് ബാധിതരെ ചികിത്സിക്കുന്ന ജോഗേശ്വരിയിലെ സർക്കാർ ആശുപത്രിയിൽ ഒന്നര മണിക്കൂറിനിടെ ഏഴുരോഗികൾ മരിച്ചപ്പോൾ രോഗികളും ഡോക്ടർമാരും നടുങ്ങി. തൊട്ടടുത്ത് കിടന്നവർ മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിക്കുന്ന കാഴ്ചകണ്ട് തീവ്രപരിചരണവാർഡിലെ മറ്റുരോഗികളും ആശങ്കയിലായി. ഡോക്ടർമാരുടെ സംഘമെത്തിയാണ് അവരെ ആശ്വസിപ്പിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അവർ പറഞ്ഞു.

മഹാരാഷ്ട്രയിൽ കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും ജോലിക്ക് നിയോഗിക്കാൻ നടപടി ആരംഭിച്ചു. കേരളത്തിൽനിന്ന് ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ഒരു സംഘം മുംബൈയിൽ എത്തിയിരുന്നു. സ്വകാര്യ ആശുപത്രികളിൽ ജോലിചെയ്യുന്ന മലയാളിനഴ്‌സുമാർ കേരളത്തിലേക്ക് മടങ്ങിയതോടെ പല ആശുപത്രികളിലും നഴ്‌സുമാരെ കിട്ടാനില്ലെന്ന് ബൃഹൻ മുംബൈ നഗരസഭ മേയർ കിഷോരി പെഡ്‌നേക്കർ പറഞ്ഞു.

കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും ജോലിക്കെടുക്കാൻ ഓൺലൈനിലൂടെ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി അമിത് ദേശ്മുഖ് അറിയിച്ചു. നഴ്‌സുമാർക്ക് 30,000 രൂപയും ഡോക്ടർമാർക്ക് 80,000 രൂപയുമാണ് പ്രതിമാസ ശമ്പളമായി വാഗ്ദാനം ചെയ്തിട്ടുള്ളത്. അനസ്‌തേഷ്യവിഭാഗം ഡോക്ടർമാർക്ക് രണ്ടുലക്ഷം രൂപയും ശമ്പളം ലഭിക്കും. എം.ബി.ബി.എസ്. പഠനം കഴിഞ്ഞ് ഇന്റേൺഷിപ്പ് പൂർത്തീകരിച്ച 4000 വിദ്യാർത്ഥികളുടെ ബിരുദ സർട്ടിഫിക്കറ്റുകൾ ഉടനെ നൽകാൻ ആരോഗ്യ സർവകലാശാല വൈസ്ചാൻസലർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തമിഴ്‌നാട്ടിൽ ഞായറാഴ്ച 1,149 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസം ആയിരത്തിലേറെ പേർക്കു രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 22,333 ആയി. 13 പേർ കൂടി മരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്ത മരണത്തിന്റെ എണ്ണത്തിലും റെക്കോഡാണിത്. ആകെ മരണം 173 ആയി. ചെന്നൈ ജില്ലയിൽ മാത്രം 804 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 14802 ആയി.

ചെന്നൈയിൽ രോഗവ്യാപനം തീവ്രമായി തുടരുകയാണെങ്കിലും മദ്രാസ് ഹൈക്കോടതിയിലെ എല്ലാ ബെഞ്ചുകളിലും തിങ്കളാഴ്ച മുതൽ കേസുകൾ പരിഗണിക്കാൻ തീരുമാനിച്ചു. വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരിക്കും വാദം കേൾക്കുക. ചെന്നൈ നഗരത്തിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ച റോയപുരം മേഖലയിലാണ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്.

ഗുജറാത്തിൽ ഞായറാഴ്ച 438 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 689 പേർക്ക് ഭേദപ്പെട്ടു. 31 പേരാണ് ഞായറാഴ്ച മരിച്ചത്. ഇതിൽ ഇരുപതും അഹമ്മദാബാദിലാണ്. ഇതോടെ ആകെ മരണം 1038 ആയി. അഹമ്മദാബാദിൽ 299 പേർക്ക് രോഗം കണ്ടെത്തി. തുടർച്ചയായ നാലാംദിവസവും ഡൽഹിയിൽ പുതിയ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു.

ഞായറാഴ്ച പുതുതായി 1,295 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരുദിവസം രേഖപ്പെടുത്തിയ ഏറ്റവുമുയർന്ന നിരക്കാണിത്. ഇതോടെ നഗരത്തിൽ ആകെ വൈറസ് ബാധിതരുടെ എണ്ണം 19,844 ആയി. ഞായറാഴ്ച 13 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 473 ആയി. നിലവിൽ, 10,893 രോഗികൾ ചികിത്സയിലുണ്ട്. 8,478 പേർ രോഗമുക്തി നേടി. 317 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ പശ്ചിമബംഗാളിൽ കോവിഡ് രോഗികളുടെ എണ്ണം 5,130 ആയി. 237 പേരാണ് ഇതുവരെ മരിച്ചത്. രാജസ്ഥാനിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും മുഴുവൻ ജീവനക്കാരുമായി ജൂൺ ഒന്നുമുതൽ പ്രവർത്തിച്ചുതുടങ്ങും. അന്തർസംസ്ഥാന ബസുകളുൾപ്പടെ സ്വകാര്യ ഗതാഗത സംവിധാനങ്ങളും സാധാരണ രീതിയിലാകും.

എന്നാൽ, ആരാധനലയങ്ങളും മാളുകളും ഭക്ഷണശാലകളും ജൂൺ 30 വരെ തുറക്കില്ല. ബിഹാറിൽ 20 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 206 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തിപ്പോൾ 3,565 രോഗബാധിതരാണുള്ളത്. പട്‌നയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നായി തിരിച്ചെത്തിയ മറുനാടൻ തൊഴിലാളികളിൽ 2,433 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP